സിക്കിമിലെ നാംചി ജില്ലയിൽ നിർമാണത്തിലിരുന്ന ടണലിൽ മീഥേൻ വാതക
സ്ഫോടനത്തെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ ഏഴ് തൊഴിലാളികൾ
മരിക്കുകയും 27-ലധികം തൊഴിലാളികൾ കുടുങ്ങുകയും ചെയ്‌തു.
അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കാൻ ദേശീയ ദുരന്തനിവാരണ സേന (NDRF), സംസ്ഥാന ദുരന്തനിവാരണ സേന (SDRF), പൊലീസ്, അഗ്‌നിരക്ഷാസേന എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
എൻഎച്ച്പിസിയുടെ (NHPC) തീസ്ത സ്റ്റേജ്-6 ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പട്ടേൽ എൻജിനീയറിങ് നിർമിച്ചുകൊണ്ടിരിക്കുന്ന അഡിറ്റ് (ADIT) ടണലിലാണ് അപകടമുണ്ടായത്. ടണലിനുള്ളിൽ ഏകദേശം 1.5 കിലോമീറ്റർ അകലെയായി മീഥേൻ വാതകം അടിഞ്ഞുകൂടിയിരുന്നു. ഇത് പുറത്തുവിടാനുള്ള ശ്രമത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനത്തെ തുടർന്ന് ടണലിന്റെ പ്രവേശനഭാഗത്ത് മണ്ണിടിച്ചിലുണ്ടാകുകയും നിരവധി തൊഴിലാളികൾ അകപ്പെടുകയും ചെയ്തു. ചിലർ ഉടൻ പുറത്തുകടക്കാൻ കഴിഞ്ഞെങ്കിലും മറ്റുള്ളവർ ടണലിനുള്ളിൽ കുടുങ്ങുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ടണലിനുള്ളിലെ മീഥേൻ വാതക സാന്നിധ്യം, ഓക്‌സിജൻ ക്ഷാമം, കാഴ്ചക്കുറവ്, ഇടുങ്ങിയ പാത എന്നിവ. ആദ്യഘട്ട രക്ഷാപ്രവർത്തനത്തിനിറങ്ങിയ അഗ്‌നിരക്ഷാസേനാംഗങ്ങൾ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മടങ്ങേണ്ടിവന്നു. തുടർന്ന് എൻഡിആർഎഫിന്റെ ശ്രമവും പ്രതികൂല സാഹചര്യങ്ങൾ കാരണം വിജയിച്ചില്ല.
ഇതോടെ പ്രത്യേക ഗ്യാസ്-പ്രൊട്ടക്ഷൻ ഉപകരണങ്ങളുമായി പശ്ചിമ ബംഗാളിൽ നിന്ന് വിദഗ്‌ധ സംഘത്തെ എത്തിച്ചിട്ടുണ്ട്. ആംബുലൻസുകൾ അപകടസ്ഥലത്ത് സജ്ജമാക്കിയിരിക്കുകയാണ്. ജില്ലാഭരണകൂടവും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരികയാണ്.
ഭൂഗർഭ ശിലാപാളികളിലെ മാറ്റങ്ങളെത്തുടർന്നാകാം മീഥേൻ വാതകം സ്വാഭാവികമായി അടിഞ്ഞുകൂടിയതെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൻറെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ