‘കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ ഒപ്പം പോയി’; അന്ത്യയാത്രയിലും ഒരുമിച്ച് അബ്ദുൽ മജീദും റുഖിയയും.

 


കേരളത്തെ നടുക്കിയ വാല്‍പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതുപേര്‍ക്ക് വിട ചൊല്ലാനൊരുങ്ങി നാട്. അപകടത്തിൽ പൊലിഞ്ഞ ഓരോ ജീവന് പിന്നിലും ഓരോ കഥ തന്നെയുണ്ട്. വാഹനാപകടത്തിൽ പാങ്ങ് ജിഎൽപി സ്കൂളിലെ അധ്യാപകൻ അബ്ദുൽ മജീദും ഭാര്യ റുഖിയയും മരിച്ചതോടെ ആ വീടും കണ്ണീർക്കാഴ്ചയായി.

വിനോദയാത്രയ്ക്കായി റുഖിയ കൂടെപ്പോയത് കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാനായിരുന്നു. എന്നാൽ അത് അവരുടെ അവസാനത്തെ യാത്ര ആകുമെന്ന് ആരും കരുതിയിരുന്നില്ല. മരണത്തിലേക്കും ഇരുവരും ഒന്നിച്ചാണ് കൈ പിടിച്ച് നടന്നത്.

ഇരുകണ്ണുകൾക്കും കാഴ്ചശക്തിയില്ലാത്ത മജീദ് മാഷ്, കുട്ടികൾക്കും കൂട്ടുകാർക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തിന്റെ അകക്കണ്ണിന്റെ വെളിച്ചം ആണ് അദ്ദേഹം കുട്ടികളിലേക്കും പക‌ർന്ന് നൽകിയിരുന്നത്. കാഴ്ചയില്ലാഞ്ഞിട്ടും സഹപ്രവർത്തകരോടൊപ്പം വിനോദയാത്രയ്ക്കു പുറപ്പെട്ടതും ആ സൗഹൃദത്തിന്റെ പിൻബലത്തിലായിരുന്നു.

മീനാർകുഴി ജിഎൽപി സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടർന്നു വിവിധ സ്കൂളുകളിൽ സേവനം അനുഷ്ഠിച്ച്, അവസാനം പാങ്ങ് ജിഎൽപി സ്കൂളിൽ അധ്യാപകനായി എത്തുകയായിരുന്നു.പുതിയ വീട്ടിൽ താമസം ആരംഭിച്ച് റമസാനും പെരുന്നാളും ആഘോഷിച്ച ആ കുടുംബത്തിന്റെ സന്തോഷമാകെ ഒറ്റ നാൾ കൊണ്ടു പൊലിഞ്ഞുപോയതിന്റെ നടുക്കത്തിലാണ് നാട്.

അതേസമയം പൊള്ളാച്ചി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ രാവിലെ ഒന്‍പതുമണിയോടെ പൊതുദര്‍ശനത്തിനായി മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനായി എത്തിയത്.