ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ സ്വകാര്യതയെ സംബന്ധിച്ച് ആശങ്കയുണര്‍ത്തുന്ന നിര്‍ണ്ണായക നീക്കവുമായി മെറ്റ രംഗത്തെത്തി.
ഇന്‍സ്റ്റഗ്രാമിലെ സുരക്ഷാ കവചമായിരുന്ന എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ സേവനം മെയ് എട്ടിന് നിര്‍ത്തലാക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ അതീവ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ഈ ഫീച്ചര്‍ ഇല്ലാതാകുന്നതോടെ ചാറ്റുകളുടെ സ്വകാര്യത സംബന്ധിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്.
സന്ദേശങ്ങള്‍ അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രം വായിക്കാന്‍ കഴിയുന്ന രീതിയില്‍ കോഡുകളായി മാറ്റുന്ന സാങ്കേതിക വിദ്യയാണിത്. മെയ് എട്ടിന് ശേഷം ഈ സംവിധാനം ഒഴിവാകുന്നതോടെ, സന്ദേശങ്ങള്‍ മൂന്നാമതൊരാള്‍ ചോര്‍ത്താനോ കമ്പനിക്ക് തന്നെ പരിശോധിക്കാനോ സാധിക്കുമെന്നാണ് സാങ്കേതിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. 2023 ഡിസംബറില്‍ മാത്രം അവതരിപ്പിച്ച ഈ സുരക്ഷാ സംവിധാനം ഇത്ര വേഗത്തില്‍ പിന്‍വലിക്കാനുള്ള തീരുമാനം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വാട്സാപ്പില്‍ ഈ സേവനം തുടരുമെങ്കിലും ഇന്‍സ്റ്റഗ്രാമിലെ മാറ്റം സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നവരെ ബാധിക്കും. സന്ദേശങ്ങളുടെ സുരക്ഷിതത്വം ആഗ്രഹിക്കുന്നവര്‍ ഇനി മുതല്‍ വാട്സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കില്‍ സിഗ്നല്‍ തുടങ്ങിയ മറ്റ് പ്ലാറ്റ്ഫോമുകളെ ആശ്രയിക്കേണ്ടി വരും. സ്വകാര്യ ചാറ്റുകള്‍ സുരക്ഷിതമാക്കാന്‍ ആവശ്യമായ നടപടികള്‍ മെയ് എട്ടിന് മുന്‍പായി സ്വീകരിക്കണമെന്ന് ഇന്‍സ്റ്റഗ്രാം തന്നെ ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ