നിതിനോട് പ്രിന്‍സിപ്പല്‍ കയര്‍ക്കുന്നതായി തെളിയിച്ച് ദൃശ്യങ്ങള്‍; നിതിന്‍ മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പുള്ള സിസിടിവി വിഡിയോ പുറത്ത്. ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍.




കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി നിതിന്‍ രാജിനോട് ഡോ. വിനോദ് മണി പ്രിന്‍സിപ്പല്‍ തന്റെ മുറിയില്‍ വച്ച് കയര്‍ത്തതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രിന്‍സിപ്പല്‍ റൂമിനകത്തെ സംഭാഷണങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വിഡിയോയാണ് പുറത്തുവന്നത്.

പ്രിന്‍സിപ്പല്‍ ഫോണിലെ വിവരങ്ങള്‍ തേടുന്നതും ലോണ്‍ ആപ്പിനെക്കുറിച്ച് ചോദ്യം ചെയ്യുന്നതുമായ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഈ സമയത്ത് പ്രിന്‍സിപ്പല്‍ നിതിനോട് ശബ്ദമുയര്‍ത്തി സംസാരിക്കുന്നതായും കയര്‍ക്കുന്നതായും വിഡിയോയില്‍ കാണാം. അധ്യാപികയുടെ ഫോണിലേക്ക് ലോണ്‍ ആപ്പില്‍ നിന്ന് കോള്‍ വന്നതിനെക്കുറിച്ച് ഉള്‍പ്പെടെ ചോദ്യമുണ്ടായി. പിന്നീട് ഈ അധ്യാപികയുള്‍പ്പെടെ പ്രിന്‍സിപ്പല്‍ മുറിയിലിരിക്കുന്നതും സംസാരിക്കുന്നതും വിഡിയോയില്‍ കാണാം. നിതിന്റെ മരണത്തിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പുള്ള നിര്‍ണായക ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ പ്രിന്‍സിപ്പലും നിതിനും കൂടാതെ മറ്റ് മൂന്ന് അധ്യാപകര്‍ കൂടിയുള്ളതായും ദൃശ്യങ്ങളില്‍ കാണാം.

ഇന്‍സ്റ്റ പേ ലോണ്‍ ആപ്പില്‍ നിന്നും നിരന്തരമായി ഭീഷണി സന്ദേശങ്ങള്‍ വരുന്നതുമായി ബന്ധപ്പെട്ട് ലത ടീച്ചര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുന്നുണ്ട്. ആ സമയത്തും ടീച്ചര്‍ക് കാള്‍ വരുന്നു. പ്രിന്‍സിപ്പല്‍ ലോണ്‍ ആപ്പുകാരോട് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിധിന്‍രാജ് പ്രിന്‍സിപ്പലിന് വിവരിച്ചു നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്. ടീച്ചറുടെ നമ്പര്‍ റെഫെറന്‍സ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതിന് ആവശ്യപെടുമ്പോഴും, ലോണ്‍ ആപ്പുകാര്‍ ഭീഷണി പെടുത്തുന്നു. പേയ്‌മെന്റ് പൂര്‍ത്തി ആകാതെ ആരുടേയും നമ്പര്‍ ഒഴിവാക്കില്ല എന്ന് പറയുന്നതായും വ്യക്തമാകുന്നുണ്ട്.

അതേസമയം, ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസാണ് ഉത്തര്‍പ്രദേശ് നോയിഡയില്‍ നിന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.  

വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ച ഓര്‍ത്തോഡോന്റിക്‌സ് വകുപ്പ് മേധാവി ഡോ. ഹാഷിം അലി രാജി വച്ചു. ആരോപണ വിധേയരായ കൂടുതല്‍ അധ്യാപകരും സ്റ്റാഫുകളും രാജിക്കൊരുങ്ങുകയാണ്. 

സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകര്‍ ഡോ. റാമും, ഡോ. സംഗീത നമ്പ്യാരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ആത്മഹത്യയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയാകാം നിതിന്‍ രാജിന്റെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ അധ്യാപകരുടെ വാദം.