2026 ഏപ്രില്‍ 23, വ്യാഴം
1201 മേടം 10, പുണര്‍തം
1447 ദുൽഖഅ്ദ 05
◾ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കേ, രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. ലഭിച്ച 10 മൃതദേഹങ്ങളില്‍ ഒമ്പതെണ്ണം തിരിച്ചറിഞ്ഞു. നൂറ്റമ്പതോളം ശരീരഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തും. വെടിക്കെട്ടുപുരകളില്‍ 34 പേരാണുണ്ടായിരുന്നത്. ഇന്നലെ പട്ടാമ്പി കോടിക്കുന്നുപറമ്പില്‍ പ്രവീണ്‍ (45) ആണ് മരിച്ചത്. മരിച്ച മറ്റുള്ളവര്‍: പഴയന്നൂര്‍ സുദര്‍ശനന്‍ (54), പാലക്കാട് കല്ലൂര്‍ വാസുദേവന്‍ (54), കുണ്ടന്നൂര്‍ സുവിന്‍ (39), ആലംകോട് മണികണ്ഠന്‍ (60), പെരിന്തല്‍മണ്ണ സുബ്രഹ്‌മണ്യന്‍ (50), തൃശൂര്‍ കോട്ടപ്പുറം മണികണ്ഠന്‍ (33), തവന്നൂര്‍ വിജയന്‍ (60), പെരിന്തല്‍മണ്ണ സുബ്രഹ്‌മണ്യന്‍ (60).
◾ അമേരിക്ക ഉപരോധം നീക്കാത്തതിനു തിരിച്ചടിയായി ഹോര്‍മൂസ് പ്രദേശത്തെ കപ്പലുകളെ ആക്രമിച്ച് ഇറാന്‍. ഒമാന്‍, ഇറാന്‍ തീരങ്ങളോടു ചേര്‍ന്ന് രണ്ടു കപ്പലുകളെ ആക്രമിച്ചു. അമേരിക്കന്‍ - ഇസ്രയേല്‍ ബന്ധമുള്ള എം എസ് സി ഫ്രാന്‍സിസ്‌ക, എപാമിനോഡസ് എന്നീ കപ്പലുകളാണ് പിടിച്ചെടുത്തതെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഇറാന്‍ ആക്രമിച്ചതില്‍ ഒരു കപ്പല്‍ ദുബായില്‍നിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്നു. ഇറാന്റെ കപ്പല്‍ അമേരിക്ക പിടിച്ചെടുത്ത സംഭവത്തില്‍ ഇടപെടണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾ തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്നു വോട്ടെടുപ്പ്. ബംഗാളില്‍ ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പാണ്. തമിഴ്നാട്ടില്‍ വോട്ടിന് പണമൊഴുക്കുന്നതിനെ ചൊല്ലി വ്യാപകമായ പരാതികള്‍ ഉയര്‍ന്നു.
◾ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ ദുരിതാശ്വാസവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. അപകടത്തില്‍ മരിച്ച 14 പേരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ ചികിത്സയ്ക്കും മറ്റുമായി അരലക്ഷം രൂപ വീതവും സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് എംഡി ടി.എസ് കല്യാണരാമന്‍ അറിയിച്ചു.
◾ വെടിക്കെട്ടുപുരയില്‍ ജോലിക്കു പോയ ആള്‍ ഇതുവരെ മടങ്ങിയെത്തിയില്ലെന്ന് കാണാതായ അഭിജിത്തിന്റെ സഹോദരന്‍ അഞ്ചല്‍. ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിട്ടുണ്ട്. തന്റെ ഡി എന്‍ എ സാമ്പിളുകളും നല്‍കിയെന്ന് അഞ്ചല്‍ പറഞ്ഞു. അഭിജിത്തിന്റെ അച്ഛനും വെടിക്കെട്ട് നിര്‍മ്മാണ തൊഴിലാളിയായിരുന്നു.
◾ വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്തണമെന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. ദുഃഖാചാരണം ഇന്നത്തോടെ അവസാനിപ്പിച്ച് നാളെ മുതല്‍ എഴുന്നള്ളിപ്പും മേളങ്ങളും പതിവ് പോലെ നടത്തണമെന്ന് ഇന്നു രാവിലെ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ ആവശ്യപ്പെടുമെന്ന് ദേവസ്വങ്ങള്‍ അറിയിച്ചു.
◾ മതാചാരങ്ങളിലെ സര്‍ക്കാര്‍ ഇടപെടലിന് പൊതു മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീം കോടതി. ശബരിമല യുവതി പ്രവേശനവിധി പുനഃപരിശോധന കേസിലെ വാദം കേള്‍ക്കലിനിടെയാണ് ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം. സാമൂഹിക പരിഷ്‌കരണത്തിന്റെ പേരില്‍ ആചാരങ്ങളില്‍ സര്‍ക്കാരിന് എപ്പോള്‍ ഇടപെടാമെന്നതില്‍ മുന്‍കൂട്ടി കോടതികള്‍ നിര്‍ദ്ദേശങ്ങളുണ്ടാക്കുന്നത് പ്രായോഗികമല്ലെന്നു ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
◾ അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തതു തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്നും നടപടി ആവശ്യപ്പെട്ടും കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ സുപ്രീം കോടതിയെ സമീപിച്ചു.
◾ സ്ട്രോംഗ് റൂമുകള്‍ സീല്‍ ചെയ്തതിനാല്‍ ഇനി പോസ്റ്റല്‍ ബാലറ്റ് അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിച്ചില്ലെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഹര്‍ജിക്കുള്ള മറുപടിയിലാണ് ഈ നിലപാട്. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയവരില്‍ രണ്ടുപേര്‍ കൃത്യമായ ഫോമുകള്‍ നല്‍കിയിട്ടില്ലെന്നും ഒരാള്‍ പോസ്റ്റല്‍ ബാലറ്റ് കൈപ്പറ്റിയിട്ടില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞു.
◾ കോഴിക്കോട് ഇരിങ്ങാടന്‍പള്ളിയില്‍ എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ മൂന്നു പേര്‍ പിടിയില്‍. ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ബേപ്പൂര്‍ സ്വദേശി അമല്‍ കുമാര്‍, പയ്യാനക്കല്‍ സ്വദേശി ഷാഹുല്‍ ഹമീദ്, പേരാമ്പ്ര പന്തിരിക്കര സ്വദേശി കാമ്യക റീജു എന്നിവര്‍ പിടിയിലായത്. 108 ഗ്രാം എംഡിഎംഎയാണ് കസ്റ്റഡിയിലെടുത്തത്.
◾ വിമാനയാത്രയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കിഞ്ചരപു രാംമോഹന്‍ നായിഡുവിന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു.
◾ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേരളത്തിന്റെ നാശം തുടങ്ങുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. കോണ്‍ഗ്രസിന്റെ ഒരു കൈ ആര്‍ എസ് എസിന്റെ ചുമലിലും മറുകൈ ജമാഅത്തെ ഇസ്ലാമിയുടെ ചുമലിലുമാണെന്നും എം സ്വരാജ് ആരോപിച്ചു.
◾ അച്ചടക്കം ലംഘിച്ചതിന്റെ പേരില്‍ ഒന്‍പത് നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമികംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വടകര ബി.ജെ.പിയിലെ വിമതര്‍ ശക്തി പ്രകടനം നടത്തി. ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്റ കോലം കത്തിച്ചു. അടക്കാതെരുവിലെ ബിജെപി നോര്‍ത്ത് ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇരുവിഭാഗവും തമ്മില്‍ കൂട്ടത്തല്ലും നടന്നു.
◾ ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങള്‍ നിരോധിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്ഫോടനം നടന്ന് 15 പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് ഐഎംഎ ആവശ്യം ഉന്നയിച്ചത്.
◾ വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ മുഹമ്മദ് ഫായിസിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. വൈകിട്ടോടെയാണ് ആശുപത്രിയില്‍ എത്തുക. കോയമ്പത്തൂരിലുള്ള ആശുപത്രിയിലായിരുന്നു ഫായിസിനെ ചികിത്സിച്ചിരുന്നത്. നിലവില്‍ ഫായിസിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതി ഉണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
◾ ഇസ്ലാമിലേക്ക് മതം മാറിയാല്‍ പ്രശസ്ത നടിക്ക് 100 കോടി രൂപ നല്‍കാമെന്ന് ഓഫര്‍ ഉണ്ടായിരുന്നെന്ന് ആരോപിച്ച സംവിധായകനും വിഎച്ച്പി നേതാവുമായ വിജി തമ്പി നടിയുടെ പേരു വെളിപെടുത്തണമെന്നു സംവിധായകന്‍ എം എ നിഷാദ് ആവശ്യപ്പെട്ടു.
◾ വീട്ടില്‍ ലഹരി കച്ചവടം നടക്കുന്ന വിവരം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതിന്റെ വൈരാഗ്യത്തില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് 22കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച 28 കാരന്‍ പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശി അന്‍സര്‍ (28)നെയാണ് പൊലീസ് പിടികൂടിയത്. ആനാട് സ്വദേശിയായ സഞ്ജയ് എന്ന 22കാനെയാണ് അന്‍സര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
◾ തൃശ്ശൂര്‍ കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ് ഒരാള്‍ മരിച്ച സംഭവത്തില്‍ വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തല്ലിക്കൊന്നു. അതേസമയം അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ട്യൂബുകള്‍ മാറ്റിയെന്നും ഡോക്ടര്‍ അറിയിച്ചു.
◾ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. കുട്ടികളുടെ പ്രായത്തിനനുസരിച്ച് സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്താനും സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ശുപാര്‍ശയുണ്ട്.
◾ മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയില്‍ തീപിടുത്തം. മൈലാടി വെള്ളൂര്‍ റോഡില്‍ പ്ലാസ്റ്റിക് കമ്പനിക്കാണ് തീപിടിച്ചത്. മാലിന്യ സംസ്‌കരണ യൂണിറ്റിലെ പുറത്ത് കൂട്ടിയിട്ട മാലിന്യത്തിലാണ് തീപിടിച്ചത്. ഇലക്ട്രിക് ലൈന്‍ ഷോട്ടായി തെങ്ങിന്റെ ഓല കത്തിയാണ് തീപിടുത്തം ഉണ്ടായത്.
◾ പത്തനംതിട്ടയില്‍ ഉഷ്ണ തരംഗ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ അവധിക്കാല ക്ലാസുകള്‍ നിരോധിച്ച് ഉത്തരവ് ഇറങ്ങി. ജില്ലാ കളക്ടര്‍ ആണ് ഉത്തരവ് ഇറക്കിയത്. എല്ലാ സ്‌കൂളുകളിലെയും ട്യൂഷന്‍ സെന്ററുകളിലെയും വേനല്‍ക്കാല അവധിക്കാല ക്ലാസുകളും നിരോധിച്ചിട്ടുണ്ട്.
◾ വാഹനത്തില്‍ ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ അനധികൃതമായി പ്രദര്‍ശിപ്പിച്ച് വിരമിച്ച മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരി. ഒരു കേസില്‍ കോടതി പരിസരത്ത് പോലീസുകാരുടെ സാന്നിധ്യത്തില്‍ മാധ്യമങ്ങള്‍ ഈ നിയമലംഘനം ചൂണ്ടിക്കാണിച്ചതോടെ ടോമിന്‍ തച്ചങ്കരി ധൃതിയില്‍ ബോര്‍ഡ് മാറ്റാന്‍ ശ്രമിച്ചു.
◾ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കോഴഞ്ചേരി കിഴക്കേവലിയ വീട്ടില്‍ നൈനാന്‍ വര്‍ഗീസ് (60), വാഹനം ഓടിച്ചിരുന്ന മകന്‍ റോബിന്‍ നൈനാന്‍ (33) എന്നിവരാണ് മരിച്ചത്.
◾ കുംഭമേള വൈറല്‍ താരത്തിന്റെ വിവാദ വിവാഹത്തില്‍ ഫര്‍മാനെതിരെ പോക്സോ പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് പരാതിക്കാരന്‍ പ്രഥം ദുബൈ. മധ്യപ്രദേശ് പൊലീസിനാണ് നിര്‍ദേശം നല്‍കിയതെന്നും പെണ്‍കുട്ടിയുടെ അച്ഛനായ പ്രഥം ദുബൈ പറഞ്ഞു. രേഖകള്‍ ലഭിച്ചാല്‍ കേസെടുക്കാമെന്ന് കേരള പൊലീസും നിലപാട് അറിയിച്ചെന്ന് പരാതിക്കാരന്‍.
◾ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഭീകരവാദി' എന്നു വിശേഷിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയിരുന്നു.
◾ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ബംഗാളിലേക്ക് വോട്ടര്‍മാരെ എത്തിക്കാന്‍ ബിജെപി സൗജന്യ ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി.
◾ മുഖ്യമന്ത്രി അന്വേഷണത്തില്‍ കൈകടത്തി ജനാധിപത്യത്തെ അപകടത്തിലാക്കുന്നതു ശരിയല്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ സുപ്രീം കോടതി. പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാകില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ ഇടപെട്ടതിനെചൊല്ലിയാണ് മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ചത്.
◾ സൗത്ത് ഡല്‍ഹിയിലെ അമര്‍ കോളനിയില്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്റെ 22-കാരിയായ മകളെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒരു മാസം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട 19-കാരനായ മുന്‍ വീട്ടുജോലിക്കാരനാണ് പ്രധാന പ്രതിയെന്ന് സംശയിക്കുന്നു. ദില്ലി പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
◾ ബെംഗളൂരുവില്‍ ഐടി കമ്പനി ജീവനക്കാരന്‍ കോര്‍പ്പറേറ്റ് ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്തു. പണം തിരികെ ചോദിച്ചപ്പോള്‍, മാനേജര്‍ക്ക് അശ്ലീല സന്ദേശമയച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
◾ ഇറാന്റെ താത്പര്യങ്ങളും അവകാശങ്ങളും അംഗീകരിച്ചാല്‍ മാത്രമേ അമേരിക്കയുമായി സമാധാന ചര്‍ച്ചയ്ക്കുള്ളൂവെന്ന് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാതെ ഹോര്‍മൂസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾ ഇറാനില്‍ ആഭ്യന്തര പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റിലായ എട്ട് വനിതകളുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്നും ഇറാന്‍ പിന്മാറിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ എട്ട് സ്ത്രീകള്‍ക്ക് വധശിക്ഷ വിധിച്ചുവെന്ന വാര്‍ത്തകള്‍ ഇറേനിയന്‍ ജുഡീഷ്യറി തള്ളി.
◾ ഇസ്രായേലിന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദിന് അതീവ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയയാളെ ഇറാന്‍ വധിച്ചു. സിവില്‍ ഡിഫന്‍സ് യൂണിറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന 'മെഹ്ദി ഫരീദ്' എന്നയാളെയാണ് വധിച്ചത്.
◾ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്താന്‍ ഡൊണള്‍ഡ് ട്രംപിനെ സഹായിച്ചതില്‍ വേദനയുണ്ടെന്ന് യുഎസ് ഇന്‍ഫളുവന്‍സറും ട്രംപിന്റെ അടുത്ത അനുയായിയുമായ ടക്കര്‍ കാള്‍സണ്‍. ജനങ്ങളോടു ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
◾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച സംഭവത്തില്‍ ദക്ഷിണ കൊറിയയ്ക്ക് നഷ്ടമായത് കോടികള്‍ വില വരുന്ന യുദ്ധ വിമാനങ്ങള്‍ . യൂണിറ്റിലെ അവസാന നിരീക്ഷണ പറക്കല്‍ മൊബൈലില്‍ പകര്‍ത്താനുള്ള ശ്രമത്തിനിടയില്‍ രണ്ട് യുദ്ധ വിമാനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. 2021ല്‍ ദക്ഷിണ കൊറിയയില്‍ രണ്ട് യുദ്ധവിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ച സംഭവത്തിന് കാരണം പൈലറ്റുമാര്‍ വിമാനത്തിലിരുന്ന് ഫോട്ടോകളും വീഡിയോകളും എടുത്തതാണെന്ന കണ്ടെത്തലുമായി അധികൃതര്‍.
◾ റോമിലെ ഇന്ത്യന്‍ എംബസിക്കു മുന്നില്‍ തര്‍ക്കം. കാലാവസ്ഥാ ബോധവല്‍ക്കരണത്തിനായി മാള്‍ട്ടയില്‍ നിന്ന് ഇന്ത്യയിലേക്ക് കാല്‍നടയാത്ര നടത്തുന്ന ജയ്ദീപ് ലഖാങ്കിയ എന്ന ഇന്ത്യന്‍ പൗരനും ഉദ്യോഗസ്ഥരും തമ്മിലാണ് തര്‍ക്കം. എംബസിക്ക് പുറത്ത് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് അദ്ദേഹം ആരോപിച്ചു.
◾ തായ്വാനില്‍ നടന്ന രാജ്യാന്തര ഓപ്പണ്‍ റോളര്‍ സ്‌കേറ്റിങ്ങില്‍ കേരളത്തില്‍നിന്നുള്ള സഹോദരിമാര്‍ക്കു സര്‍ണ മെഡല്‍. പത്തനംതിട്ട കുഴിക്കാല കല്ലട ഭവനില്‍ തോമസ് പോളിന്റെയും എലിസബത്തിന്റെയും മക്കളായ ജുവിന ലിസ് തോമസും സഹോദരി ജുലൈന ലിസ് തോമസുമാണ് സ്വര്‍ണമെഡല്‍ നേടിയത്.
◾ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് തുടര്‍ തോല്‍വികള്‍ക്കു ശേഷം രാജസ്ഥാന്‍ റോയല്‍സിനു വിജയം. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 40 റണ്‍സ് ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ 160 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്. 29 പന്തില്‍ 43 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും 25 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചില്ല. മറുപടി ബാറ്റിംഗില്‍ ലക്‌നൗ 18 ഓവറില്‍ 119ന് എല്ലാവരും പുറത്താകുകയായിരുന്നു.
◾ 2025-26 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയില്‍ കുതിപ്പ്. 2.1 ശതമാനം വളര്‍ച്ചയോടെ 3.16 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ഈ മേഖല നേടിത്തന്നത്. തൊട്ടുമുന്‍ വര്‍ഷം 3,09,859.3 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. ഡൊണള്‍ഡ് ട്രംപിന്റെ ഇരട്ട തീരുവയില്‍ യുഎസിലേക്കുള്ള കയറ്റുമതിയില്‍ പ്രതിസന്ധിയുണ്ടായിട്ടും ഇന്ത്യന്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് ആഗോളതലത്തിലുള്ള ഡിമാന്‍ഡ് കുറഞ്ഞില്ലെന്ന് കണക്കുകള്‍ അടിവരയിടുന്നു. ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയുടെ പ്രധാന സംഭാവന റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് വിഭാഗത്തിനാണ്. 1,35,427.6 ലക്ഷം കോടിയില്‍ നിന്ന് 1,39,349.6 ലക്ഷം കോടിയിലേക്കാണ് ഈ രംഗത്തെ വരുമാനം ഉയര്‍ന്നത്. ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍ 120 രാജ്യങ്ങളിലേക്കാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കയറ്റുമതി ചെയ്തത്. യുഎഇ (22.3 ശതമാനം), യുകെ (7.8), ജര്‍മനി (9.9), സ്‌പെയ്ന്‍ (15.5), ജപ്പാന്‍ (20.6), ഈജിപ്ത് (38.3) തുടങ്ങി വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിച്ചു.
◾ കോര്‍പ്പറേറ്റ് ലോകത്ത് കോഡെക്സ് എഐ ടൂളിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളുമായി സാം ഓള്‍ട്ട്മാന്‍ നയിക്കുന്ന ഓപ്പണ്‍എഐ. ഇതിന്റെ ഭാഗമായി ആഗോള കണ്‍സള്‍ട്ടിങ് - ഐടി സേവന കമ്പനികളുമായുള്ള പങ്കാളിത്തം വിപുലീകരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. അക്‌സഞ്ചര്‍, കാപ്‌ജെമിനി, സിജിഐ, കോഗ്‌നിസന്റ്, ഇന്‍ഫോസിസ്, പിഡബ്ല്യുസി, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന സിസ്റ്റംസ് ഇന്റഗ്രേറ്ററുകളുമായി കമ്പനി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കോഡ് എഴുതുക, അവലോകനം ചെയ്യുക, യുക്തിസഹമായി വിശകലനം ചെയ്യുക എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള എഐ ടൂളാണ് കോഡെക്സ്. ആന്ത്രോപിക് പോലുള്ള കമ്പനികളില്‍ നിന്നുള്ള മത്സരത്തെ ഓപ്പണ്‍എഐ അഭിമുഖീകരിക്കുന്നതിന് ഇടയിലാണ് ഇത്തരം നീക്കങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. ആന്ത്രോപിക്കിന്റെ ക്ലോഡ് മോഡലുകള്‍ കോഡിങ്, മറ്റുജോലികള്‍ എന്നിവയ്ക്കായി സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
◾ സിജു വിത്സണ്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അരുണ്‍ കുര്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബൂം ബാങിന്റെ ചിത്രീകരണം തുടങ്ങി. ദേവിക സതീഷ് ആണ് ചിത്രത്തിലെ നായിക. ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ വെച്ച് നടന്നു. സിബി മലയില്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആദ്യ ക്ലാപ്പടിച്ചു. നിഷാന്ത് സാഗര്‍, ജിബിന്‍ ഗോപിനാഥ്, സജിന്‍ ചെറുകയില്‍, ഗോകുലന്‍, സുബിന്‍ ടാര്‍സണ്‍, നിഹാദ് തൊപ്പി, മിഥുട്ടി(കുട്ടി), ഷാരിഖ് മുഹമ്മദ്, വിക്കി തഗ്, ശ്രീനാഥ് കെ ജനാര്‍ദനന്‍, ഷമീര്‍ ഖാന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ബ്രിട്ടീഷ് സിനിമാസിന്റെ ബാനറില്‍ ഹാരിസ് മൊയ്തുട്ടി, ജിഷ്ണു ശങ്കര്‍,ശ്രീധര്‍ ചേനി, ജോജി ജിതേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ ഒരുക്കിയിരിക്കുന്നത് ജിന്‍ഷാദ് ഗുരുവായൂര്‍ ആണ്.
◾ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മേയ് ഒന്നിന് മലയാളം സീ5-ല്‍ പ്രീമിയര്‍ ചെയ്യുന്നു. മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജയസൂര്യയെ കൂടാതെ, വിനായകന്‍, ഇന്ദ്രന്‍സ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയ് ബാബു, നോബി, നിര്‍മല്‍ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണന്‍, ഭഗത് മാനുവല്‍, സണ്ണി വെയ്ന്‍, സുധി കോപ്പ, ബിജുക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചത്. ചിരിയും ഫാന്റസിയും നിറഞ്ഞ ഫണ്‍ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.
◾ 61.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് ഒരു പുതിയ ലോങ് വീല്‍ബേസ് വേരിയന്റ് അവതരിപ്പിച്ചുകൊണ്ട് ടെസ്ല ഇന്ത്യയില്‍ മോഡല്‍ വൈ ലൈനപ്പ് വിപുലീകരിച്ചിരിക്കുകയാണ്. ഈ കൂട്ടിച്ചേര്‍ക്കലോടെ, ഇന്ത്യയില്‍ മോഡല്‍ വൈ ശ്രേണി ഇപ്പോള്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. അവയുടെ വില 59.89 ലക്ഷം രൂപയില്‍ ആരംഭിച്ച് 67.89 ലക്ഷം രൂപ വരെ ഉയരുന്നു. ഈ പുതിയ പതിപ്പിന്റെ പ്രത്യേകത എന്നത് സാധാരണ മോഡലിനേക്കാള്‍ 150 എംഎം കൂടുതലുമായി 3,040 എംഎം-ന്റെ എക്സ്റ്റെന്റഡ് വീല്‍ബേസാണ്. 2+2+2 ലേയൗട്ടില്‍ വരുന്ന ആറ് സീറ്റര്‍ മോഡലാണിത് എന്നതാണ് അടുത്ത പ്രത്യേകത. സവിശേഷതകളുടെ കാര്യത്തില്‍, ഈ വേരിയന്റില്‍ ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണമുള്ള 88 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. 681 കിലോമീറ്റര്‍ ഡഹ്ളിയുഎല്‍ടിപി റേഞ്ച് വാഗ്ദാനം ചെയ്യുന്ന മോഡലിന് 5.0 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും.
◾ മരിച്ചവരെ കുഴിമാടങ്ങളില്‍നിന്ന് കുഴിച്ചെടുത്ത് രണ്ടായി വെട്ടിമുറിച്ച് തലയിലേറ്റി പുതുവര്‍ഷമാഘോഷിക്കുന്ന സോനാപൊളാശി എന്ന ബംഗാളി ഗ്രാമത്തില്‍നിന്ന് ആരംഭിക്കുന്ന ഒരു യാത്ര! പകുതി ഹിന്ദുവും പകുതി മുസ്ലിമുമായി ജീവിക്കുന്ന ഹുസൈനി ബ്രാഹ്‌മണരുടെ ജീവിതത്തിലൂടെ, ആസ്സാമിലെ അഹോം രാജവംശം നിര്‍മ്മിച്ച പിരമിഡുകളുടെ ഉള്ളറകളിലൂടെ, തവളക്കല്യാണത്തിന് സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുന്ന സമാജത്തിലൂടെ, ആര്‍ത്തവരക്തം ഒപ്പിയ തുണിക്കഷണം പ്രസാദമായി നല്‍കുന്ന അംബുബച്ചി മേളയിലൂടെ, ജിന്നുകളെക്കൊണ്ട് ഭ്രാന്ത് മാറ്റുന്ന ദര്‍ഗകളിലൂടെ, അള്‍ത്താരകളിലൂടെ, അമ്പലങ്ങളിലൂടെ നടത്തുന്ന ഒരു പാന്‍ ഇന്ത്യന്‍ (അന്ധ)വിശ്വാസ യാത്ര. 'നരമുണ്ടോ ഖേല'. നിസാര്‍ ഇല്‍ത്തുമിഷ്. ഡിസി ബുക്സ്. വില 153 രൂപ.
◾ വേനല്‍ക്കാലത്ത് മിക്കയാളുകളെയും നേരിടുന്ന ഒരു പ്രധാന ചര്‍മപ്രശ്നമാണ് ചൂടുകുരു അഥവാ മിലിയാരിയ. ശരീരത്തിലെ വിയര്‍പ്പ് ഗ്രന്ഥികളുടെ നാളികള്‍ അടഞ്ഞുപോകുകയും, വിയര്‍പ്പ് പുറത്തേക്ക് വരാന്‍ കഴിയാതെ ചര്‍മത്തിനടിയില്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നതാണ് ചൂടുകുരുവായി പൊങ്ങുന്നത്. ഇത് ചര്‍മത്തില്‍ ചെറിയ ചുവന്ന കുരുക്കള്‍ ഉണ്ടാകുന്നതിനും കഠിനമായ ചൊറിച്ചിലിനും 'പ്രിക്കിളി ഹീറ്റ്' എന്ന് വിളിക്കപ്പെടുന്ന കുത്തുന്നതുപോലെയുള്ള വേദനയ്ക്കും കാരണമാകുന്നു. ലളിതമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെ ചൂടുകുരു നിയന്ത്രിക്കാന്‍ സാധിക്കും. ഏറ്റവും പ്രഥമശുശ്രൂഷ ചര്‍മത്തിന്റെ താപനില കുറയ്ക്കുക എന്നതാണ്. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. ചില ലേപനങ്ങള്‍ ചൂടുകുരുവില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നല്‍കും. കലാമൈന്‍ ലോഷന്‍ ഇതില്‍ പ്രധാനമാണ്. പ്രിക്കിളി ഹീറ്റ് പൗഡറുകള്‍ അമിതമായി ഉപയോഗിക്കുന്നത് സുഷിരങ്ങള്‍ വീണ്ടും അടയാന്‍ കാരണമായേക്കാം. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിയര്‍പ്പ് ഗ്രന്ഥികളിലെ സമ്മര്‍ദം കുറയ്ക്കും. വീടിനുള്ളില്‍ കഴിയുന്നത്ര വായുസഞ്ചാരമുള്ള അന്തരീക്ഷം ഉറപ്പാക്കണം. അമിതമായ വ്യായാമവും ചൂടുള്ള സമയത്തുള്ള പുറംജോലികളും ഈ അവസ്ഥയില്‍ ഒഴിവാക്കേണ്ടതാണ്. ചൂടുകുരു ബാധിച്ച ഭാഗം ചൊറിഞ്ഞു പൊട്ടിക്കുന്നത് ഒഴിവാക്കണം. ഇത് ബാക്ടീരിയല്‍ അണുബാധയ്ക്ക് കാരണമായേക്കാം. പഴുപ്പോ കഠിനമായ വേദനയോ അനുഭവപ്പെടുകയാണെങ്കില്‍ ഡെര്‍മറ്റോളജിസ്റ്റിനെ കാണണം.
*ശുഭദിനം*
*കവിത കണ്ണന്‍*
വീട്ടില്‍ കയറിയ കളളന്മാര്‍ വീട്ടമ്മയോട് പറഞ്ഞു: ഞങ്ങള്‍ക്ക് നിങ്ങളെ ആക്രമിക്കാനോ വീട് നശിപ്പിക്കാനോ ആഗ്രഹമില്ല. ഞങ്ങള്‍ ഈ സോഫയില്‍ ഇരിക്കും. വീട്ടിലുളള സ്വര്‍ണ്ണവും പണവുമെല്ലാം എനിക്ക് കൊണ്ടുതരണം. ഭയന്നുവിറച്ചു കൊണ്ട് അവര്‍ സ്വര്‍ണ്ണവും പണവും എടുത്തുനല്‍കി. അപ്പോള്‍ അവര്‍ പറഞ്ഞു: നിങ്ങള്‍ ഞങ്ങളെ കബളിപ്പിക്കാന്‍ നില്‍ക്കരുത്. വിവാഹവാര്‍ഷികത്തിന് ഭര്‍ത്താവ് നല്‍കിയ ഡയമണ്ട് നെക്ലസ് എവിടെ? അവര്‍ വേഗം പോയി നെക്ലസ് എടുത്തുകൊടുത്തു. അവര്‍ വീണ്ടും ചോദിച്ചു: ദുബായിലുളള ചേച്ചി തന്ന വാച്ച് എവിടെ? അതുംകിട്ടിയപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് കാപ്പി വേണം. ഇന്നലെ മിച്ചം വന്ന് ചോക്ലേറ്റ് കേക്കും വേണം. എല്ലാം കഴിഞ്ഞപ്പോള്‍ ആ സ്ത്രീ ചോദിച്ചു: നിങ്ങള്‍ വളരെ പ്രൊഫഷണലാണ്. എന്റെ വീട്ടിലെ കാര്യങ്ങളെല്ലാം എങ്ങിനെ മനസ്സിലാക്കി? നമ്മള്‍ ഫെയ്സ്ബുക്ക് സുഹൃത്തുക്കളാണ്. നിങ്ങളുടെ എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്... ഇതും പറഞ്ഞ് അവര്‍ ഇറങ്ങിപ്പോയി. എല്ലാം പൊതുദര്‍ശനത്തിന് വേക്കേണ്ടതല്ല. അത് സന്തോഷമായാലും സങ്കടമായാലും. മറ്റുളളവര്‍ അറിയേണ്ടതും അറിയേണ്ടാത്തതുമായ ഒട്ടേറെ കാര്യങ്ങള്‍ ഓരോരുത്തരിലുമുണ്ട്. അത് ശീലങ്ങളാകാം, വ്യക്തിത്വത്തിന്റെ പ്രത്യേകതകളാകാം, ചിന്തകളാകാം, ന്യൂനതകളാകാം.. അവയൊന്നും വെളിപ്പെടുത്തുന്നത് നല്ലതല്ല. എന്തൊക്കെ പ്രദര്‍ശിപ്പിക്കുന്നു എന്നത് മാത്രമല്ല, ആളുകളുടെ നിലവാരം സൂചിപ്പിക്കുന്നത്, എന്തൊക്കെ രഹസ്യമായി സൂക്ഷിക്കുന്നു എന്നത് കൂടിയാണ്. എല്ലാ കാഴ്ചക്കാരും അഭ്യുദയകാംക്ഷികളല്ല, മറ്റുളളവരുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കാന്‍ ആഗ്രഹിക്കുന്നവരും ഉണ്ട്. ആരോട് എന്ത് പങ്ക് വെക്കണം എന്ന വകതിരിവാണ് ജീവിതത്തെ ക്രിയാത്മകവും സമ്പന്നവുമാക്കുന്നത് - ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ