തിരുവനന്തപുരം: ഓട്ടോ-ടാക്സി നിരക്കുകള്‍ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 11ന് അർധരാത്രി മുതല്‍ 24 മണിക്കൂർ സംസ്ഥാനവ്യാപക പണിമുടക്ക് നടത്തുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ.
ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 30 രൂപയില്‍നിന്ന് 50 രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. സംയുക്ത സമരസമിതി ഭാരവാഹികള്‍ വാർത്താസമ്മേളനത്തിലാണ് സമരപ്രഖ്യാപനം നടത്തിയത്.
നാലുവർഷം മുമ്പാണ് അവസാനമായി ഓട്ടോ-ടാക്സി നിരക്കുകള്‍ വർധിപ്പിച്ചത്. അതിനുശേഷം 16 തവണ ഇന്ധനവില വർധിച്ചെന്നും ഇൻഷുറൻസ് പ്രീമിയം, നികുതി, വാഹന പരിശോധനാ ഫീസ് എന്നിവ ഉയർന്നെന്നും തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ നിലവിലെ നിരക്കില്‍ സർവീസ് നടത്തുന്നത് സാമ്പത്തികമായി പ്രയാസമുണ്ടാക്കുന്നുവെന്നാണ് സംഘടനകളുടെ നിലപാട്.
ആദ്യഘട്ടത്തില്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന ഐ.എൻ.ടി.യു.സി, എസ്.ടി.യു സംഘടനകള്‍ രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് പിന്മാറിയെന്നാണ് സംയുക്ത സമരസമിതിയുടെ ആരോപണം. ബി.എം.എസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകള്‍ക്ക് രാവിലെ 10 മണിവരെ സർവീസ് നടത്താൻ അനുമതിയുണ്ടാകും. ആശുപത്രി യാത്രകള്‍ക്കുള്ള സർവീസുകളെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ