ഹരിയാനയിൽ ദീപാവലിക്കായി ഒരുക്കിവെച്ച മിഠായികളിൽ വൻ തേനീച്ചക്കൂട്ടം ഇരച്ചുകയറി. ഇതിനുപിന്നാലെ കടയുടമയ്ക്ക് നഷ്ടമുണ്ടായത് ഏകദേശം 2 ലക്ഷം രൂപയാണ്. ഹരിയാനയിലെ ഫത്തേഹാബാദിലാണ് കടയുടമയും ജീവനക്കാരും ചേർന്ന് റോഡരികിൽ പ്രത്യേകം സ്ഥാപിച്ച സ്റ്റാളിലേക്ക് തേനീച്ചക്കൂട്ടം ഇരച്ചുകയറിയത്. പഞ്ചസാരപ്പാനിയിൽ മുക്കിയ വിവിധ തരത്തിലുള്ള മധുരപലഹാരങ്ങൾ ഇവിടെ ഉണ്ടായിരുന്നു.
എന്നാൽ, പെട്ടെന്ന് അപ്രതീക്ഷിതമായി എത്തിയ വലിയൊരു തേനീച്ചക്കൂട്ടം മധുരപലഹാര തട്ടുകൾ മുഴുവൻ കൈയടക്കുകയായിരുന്നു. മിഠായി തട്ടുകളിൽ തേനീച്ചകൾ നിറഞ്ഞതോടെ പലഹാരങ്ങൾ പുറത്തുകാണാൻ പോലും കഴിയാത്ത അവസ്ഥയിലായി. നൂറുകണക്കിന് തേനീച്ചകൾ മിഠായികൾക്ക് മുകളിൽ തടിച്ചുകൂടുകയും ചുറ്റും പറന്നുനടക്കുകയും ചെയ്തത് കടയിലെത്തിയ ആളുകളെ ഭീതിയിലാക്കുകയും ആളുകൾ കടയിലേക്ക് വരാതിരിക്കുന്നതിനും കാരണമായി.
തേനീച്ചകളെ തുരത്താൻ ജീവനക്കാർ കരിപ്പുക ഉപയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. വർഷത്തിലെ ഏറ്റവും തിരക്കേറിയ ദീപാവലി കച്ചവട സമയത്ത് തന്നെ ബിസിനസ് തടസപ്പെടുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ