സംസ്ഥാനത്ത് മഴ കനക്കും; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്


സംസ്ഥാനത്ത് ഇന്നും മഴ തുടരും. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉൾപ്പെടെ ഇന്ന് മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഞായറാഴ്ച്‌ച വരെ മഴ തുടരാനാണ് സാധ്യത. കേരളം ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന മുതൽ 25/10/2026 വരെയും കർണാടക തീരത്ത് നാളെ മുതൽ ഞായറാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ 11.30 മുതൽ നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.