പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ...



2026  ഒക്ടോബര്‍ 22 | വ്യാഴം 
1202  തുലാം 5 | ചതയം
1448  ജ : അവ്വൽ 10

◾  മാസപ്പടി ആരോപണത്തില്‍ പിണറായി വിജയന്റെ വാദം കേള്‍ക്കണമെന്നു സുപ്രീം കോടതി. പരസ്പര വിരുദ്ധമായ നിലപാടുണ്ടെന്നുകൂടി ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കേസെടുക്കാനുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയത്. അഴിമതി നിരോധന നിയമ പ്രകാരം പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുന്നതിനു മുമ്പ് അവരുടെ വാദം കേള്‍ക്കണമെന്നാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 175 (4) വകുപ്പിലെ വ്യവസ്ഥ. പഴയ നിയമത്തില്‍ ഈ വ്യവസ്ഥ ഇല്ലായിരുന്നു. സുപ്രീം കോടതി ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വി. മോഹന എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

◾  ജോലി വിഭജന തര്‍ക്കത്തെച്ചൊല്ലി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിനെതിരേ കാബിനറ്റ് സെക്രട്ടറിക്ക്  കത്തയച്ചതായി വിവരാവകാശ രേഖ. വോട്ടര്‍പട്ടികയുടെ ഐ.ടി സംവിധാനത്തിന്റെ മേല്‍നോട്ട ചുമതലയില്‍ തങ്ങളുടെ അറിവില്ലാതെ ഇക്കഴിഞ്ഞ ജൂലൈ 28 നു മാറ്റങ്ങള്‍ വരുത്തിയതില്‍ കമ്മിഷണര്‍മാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.  തര്‍ക്കത്തിനിടയാക്കിയ ഉത്തരവു നടപ്പാക്കിയില്ല.

◾  രാജ്യാന്തര കുറ്റവാളി ജെഫ്രി എപ്സ്റ്റീനും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്ത്. സ്വകാര്യ കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍ പുറത്തു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നയതന്ത്ര ഉദ്യോഗസ്ഥനായിരിക്കേ ആര്‍ക്കുവേണ്ടിയാണ് പുരി കൂടിക്കാഴ്ച നടത്തിയതെന്നു പ്രധാനമന്ത്രി മോദി വെളിപെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.


◾  കുടിയേറ്റക്കാരെ അമേരിക്ക പുറത്താക്കുന്നു. വിസ ചട്ടങ്ങള്‍ കര്‍ശനമാക്കിയ ട്രംപ് ഭരണകൂടം 2025 മുതല്‍ മൂന്നു ലക്ഷം പേരുടെ വിസ റദ്ദാക്കി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിസയാണു റദ്ദാക്കിയത്. നിയമം ലംഘിക്കുന്നവര്‍, തട്ടിപ്പുകള്‍ നടത്തുന്നവര്‍, രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നവര്‍ എന്നിവരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് അറിയിച്ചു.

◾  മുനമ്പത്തെ ഭൂമി വഖഫ് ബോര്‍ഡിന്റേതാണെന്ന് പുതിയ ബോര്‍ഡ് ചെയര്‍മാന്‍ എം.സി. മായിന്‍ ഹാജി. പ്രതിഷേധവുമായി മുനമ്പം സമരസമിതിയുടെ നേതൃത്വത്തില്‍ നാളെ കലൂരിലെ വഖഫ് ബോര്‍ഡ് ഓഫീസിനു മുന്നില്‍ സായാഹ്ന ധര്‍ണ നടത്തും. മുനമ്പം വഖഫ് ഭൂമിയല്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനു വിരുദ്ധമാണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായ മായിന്‍ ഹാജിയുടെ നിലപാട്.

◾  തൃശ്ശൂര്‍ പൂരം അട്ടിമറി കേസില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിനു പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്.  തിരുവമ്പാടി ദേവസ്വത്തിലെ ചില പ്രമുഖരാണ് വിഷയം സങ്കീര്‍ണമാക്കിയതെന്നു കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി ഡിജിപിക്കു കൈമാറി.  

◾  കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ അന്വേഷണത്തില്‍ യാതൊരുവിധ തെളിവുകളും കണ്ടെത്താന്‍ കഴിയാതെ 16 ദിവസത്തോളം വിദ്യാര്‍ത്ഥി നേതാക്കളെ ജയിലില്‍ അടച്ച നടപടി രാഷ്ട്രീയ പ്രതികാരമായിരുന്നെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ. വീണ ജോര്‍ജിന്റെ വിശ്വസ്തനായിരുന്ന ഗണ്‍മാന്‍ മൊഴി മാറ്റിയതോടെ ഇക്കാര്യം വ്യക്തമായി. ഇനിയെങ്കിലും വീണാ ജോര്‍ജ്ജും സിപിഎമ്മും മാപ്പ് പറയണം. അബിന്‍ വര്‍ക്കി പറഞ്ഞു.

◾  ഒരു ന്യായവുമില്ലാതെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതെന്നും അതില്‍ ദുഃഖമുണ്ടെന്നും കെ. സുധാകരന്‍ എംപി. പാര്‍ട്ടിക്കു വേണ്ടി രക്തം ചീന്തിയവരുടെ വിയര്‍പ്പിനെ വില കുറച്ചു കാണുന്നതു ഗുണം ചെയ്യില്ല. സര്‍ക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടാന്‍ ഭരണപക്ഷത്തും ആര്‍ജ്ജവമുണ്ടാകണമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

◾  കടയ്ക്കാവൂരില്‍ കൊലക്കേസ് പ്രതിയായ കടകംപള്ളി ബിജുവിന്റെ തലയ്ക്കു പിന്നില്‍ വെട്ടിയത് താനാണെന്ന് പിടിയിലായ മുഖ്യപ്രതി മുകേഷ് മൊഴി തന്നെന്നു പോലീസ്. കൊലപാതകത്തില്‍ പ്രദേശവാസിയായ മഹിക്ക് ഈ കേസില്‍ പങ്കില്ലെന്നും പോലീസ് പറയുന്നു. അതേസമയം, കൊലപാതകത്തില്‍ മുകേഷിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പ്രതികളെ കൂടി പോലീസ് പിടികൂടി. പ്രദേശവാസികളായ മൊട്ട പ്രദീപ്, ശൈലേഷ് എന്നിവരാണ് പുതുതായി പൊലീസിന്റെ പിടിയിലായത്.

◾  ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ ടി.ഒ. മോഹനന്‍ എം.എല്‍.എ പോലീസില്‍ പരാതി നല്‍കി.

◾  പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനത്തിനെതിരേ ശനിയാഴ്ച പത്തനംതിട്ടയില്‍ എല്‍.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ജില്ലയിലെ 7 വില്ലേജുകള്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടതില്‍ ഒന്നുപോലും ഒഴിവാക്കിയിട്ടില്ലെന്നും, ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾  കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാന്‍ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാര്‍ഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. കൊല്ലം കോട്ടമുക്കിലെ ഹോട്ടലില്‍ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.

◾  സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ വിനോദവും അറിവും പകരുന്നതിനായി കെഎസ്ആര്‍ടിസി 'വിജ്ഞാന ദര്‍ശിനി' എന്ന പേരില്‍ പുതിയ യാത്രാ പാക്കേജ് ആരംഭിച്ചു. ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

◾  പിണറായി വിജയനെതിരായ എക്‌സാലോജിക് കേസില്‍ സുപ്രീം കോടതി നല്‍കിയ സ്റ്റേ താല്‍ക്കാലികം മാത്രമാണെന്ന് ബിജെപി നേതാക്കളായ കെ സുരേന്ദ്രനും ഷോണ്‍ ജോര്‍ജും ചൂണ്ടിക്കാട്ടി. കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്നും ആരോപിച്ചു.

◾  മധുര - ഗുരുവായൂര്‍ എക്സ്പ്രസില്‍ വിസ്റ്റാഡോം കോച്ച് അനുവദിച്ചതില്‍ എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രനും കൊടിക്കുന്നില്‍ സുരേഷും തമ്മില്‍ അവകാശവാദ തര്‍ക്കം. തന്റെ നിരന്തരമായ ഇടപെടലാണ് കോച്ച് ലഭിക്കാന്‍ കാരണമെന്ന് പ്രേമചന്ദ്രന്‍ വ്യക്തമാക്കി.


◾  ജര്‍മനിയിലെ ബോഹുമിലുണ്ടായ തീ പിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും. കൊല്ലം പെരിനാട് ചെമ്മക്കാട് സ്വദേശി അഞ്ജലി എസ്. ജോയി (27), എറണാകുളം കാലടി സ്വദേശി സിവിന്‍ ജോണി (26), ഇടുക്കി ഇരട്ടയാര്‍ സ്വദേശി നോവ സാബു (25) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

◾  യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ ഒഡീഷ സ്വദേശി അറസ്റ്റില്‍. ഒഡീഷ രായഗഡ ചന്ദ്രപൂര്‍ മുനാര്‍ഗാം സ്വദേശിയായ സിദ്ധാബ് ഗാമിദംഗ (24) ആണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.

◾  കുടുംബകലഹത്തെത്തുടര്‍ന്ന് യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഇടുക്കി ഗ്ലെന്‍മേരി സ്വദേശി പ്രിന്‍സ് അറസ്റ്റില്‍. പ്രിന്‍സിന്റെ ഭാര്യ പ്രിയങ്ക (30), അമ്മ നേശം (62) എന്നിവരാണ് കൊല്ലപ്പെട്ടത്. സാരമായി പരുക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾  കൈക്കൂലി കേസില്‍ വൈക്കം സി.ഐ. ഷമീര്‍ഖാനെ സസ്‌പെന്‍ഡ് ചെയ്തു. ചുമതലയേറ്റ് ഒന്നര മാസത്തിനുള്ളില്‍ 2,28,000 രൂപ അനധികൃതമായി കൈക്കൂലി വാങ്ങി എന്നതാണ്  വിജിലന്‍സിന്റെ കണ്ടെത്തല്‍.

◾  തിരുവനന്തപുരം വെങ്ങാനൂര്‍ അംബേദ്കര്‍ ഗ്രാമം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റ 19 പേരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി വിട്ടയച്ചു.

◾  ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയാനില്ലെന്ന് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ഇവിടെ സ്വതന്ത്ര തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ടെന്നും അതില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.

◾  ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ കോക്ക്‌റോച്ച് ജനത പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മാപ്പപേക്ഷിക്കുകയും ജന്തര്‍ മന്തറില്‍ ഇനി സമരം നടത്തില്ലെന്ന് എഴുതിക്കൊടുക്കുകയും ചെയ്തശേഷമാണ് ഡല്‍ഹി സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ജയിലിലായി ഒമ്പതാം ദിവസമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്.

◾  ജന്തര്‍മന്തറില്‍ പ്രതിഷേധിച്ച കോക്‌റോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും 'ജെന്‍സി' അല്ലെന്ന ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ പരാമര്‍ശങ്ങളെ പരിഹസിച്ച് സി.ജെ.പി നേതാവ് അഭിജീത് ദീപ്‌കെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ച ദീപ്‌കെ, 'ജെന്‍സി യോഗ്യത നേടിയ രാജ്യത്തെ ഒരേയൊരു വ്യക്തി ഇതാണ്' എന്ന് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

◾  ഇന്ത്യ-യു.എസ് വ്യാപാര കരാറുമായി മുന്നോട്ടുപോയാല്‍ കേന്ദ്ര സര്‍ക്കാരിനെതിരേ അതിശക്തമായ സമരം ആരംഭിക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ. വ്യാപാര കരാര്‍ വഴി യുഎസിന് നല്‍കുന്ന ഇളവുകള്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ക്കും. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷികമേഖലയില്‍ കുത്തകാവകാശമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അഖിലേന്ത്യാ കിസാന്‍ സഭ രംഗത്തു വന്നത്.

◾  ഡല്‍ഹിയില്‍ യുഎസ് എംബസിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മിന്നല്‍ സമരം. വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഫയലുകളുപയോഗിച്ച് അമേരിക്ക ഇന്ത്യയെ ഭീഷണിപ്പെടുത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ത്യ - യുഎസ് വ്യാപാര കരാറില്‍ യുഎസിന് അനുകൂലമായ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ അമേരിക്ക ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ചാണ് യുഎസ് എംബസിക്കു മുന്നില്‍ മിന്നല്‍ സമരവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നത്.

◾  പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ ചെങ്കോലിന്റെ ശില്‍പ്പിയായ വുമ്മിടി എതിരാജ് നൂറാം വയസില്‍ അന്തരിച്ചു. തമിഴ്‌നാട്ടിലെ പ്രശസ്തമായ 125 വര്‍ഷം പഴക്കമുള്ള വുമ്മിടി ബംഗാരു ജ്വല്ലറി കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് അദ്ദേഹം.

◾  പശ്ചിമ ബംഗാള്‍ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തിയാല്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് 275 എം.എല്‍.എമാരുടെ പിന്തുണ ലഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. 294 അംഗ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച 64 എം.എല്‍.എമാര്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

◾  ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം തടയാന്‍ ശൈത്യകാല കര്‍മ്മപദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. നവംബര്‍ 1 മുതല്‍ ഫെബ്രുവരി 28 വരെയാണ് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. സാധുവായ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നിന്ന് നവംബര്‍ 1 മുതല്‍ ഇന്ധനം നല്‍കില്ല.

◾  കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വാദ്രയുടെ ചിത്രപ്രദര്‍ശനത്തിന് ഡല്‍ഹിയില്‍ വിലക്ക്.  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളിലെ പോലീസ് നടത്തുന്ന അതിക്രമങ്ങളുടെ ചിത്രങ്ങളാണ് പ്രദര്‍ശനം വിലക്കാന്‍ കാരണം. ചിത്രങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന് ബിക്കാനീര്‍ ഹൗസ് അധികൃതര്‍ റെയ്ഹാന്‍ വാദ്രയോട് ആവശ്യപ്പെട്ടു.

◾  പാകിസ്താനുമായോ മറ്റേതെങ്കിലും രാജ്യവുമായോ അമേരിക്ക തുടരുന്ന ബന്ധം ഒരുതരത്തിലും ഇന്ത്യയുമായുള്ള സൗഹൃദത്തെ ബാധിക്കില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സമഗ്ര വ്യാപാര കരാര്‍ അന്തിമരൂപത്തിലേക്ക് അടുക്കുകയാണെന്നും ചുരുക്കം ചില വിഷയങ്ങളില്‍ മാത്രമാണ് തീരുമാനമാകാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

◾  പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ സമാധാന ശ്രമവുമായെത്തിയ പാക് സേനാ മേധാവി അസിം മുനീറിനെ ഇറാന്‍ മടക്കി അയച്ചു. തങ്ങള്‍ മുന്നോട്ടുവെച്ച ഏഴ് ഉപാധികള്‍ അംഗീകരിക്കാതെ അമേരിക്കയുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.

◾  ഫ്രാന്‍സിലെ പ്രതിഷേധങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും കുടിയേറ്റക്കാരും ഇസ്ലാമിസ്റ്റുകളുമാണു കാരണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വാദത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തള്ളി. ട്രംപിന്റെ പേരെടുത്ത് പറയാതെയായിരുന്നു പ്രതികരണം. ചില വിദേശ നേതാക്കള്‍ സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഫ്രാന്‍സിലെ നിലവിലെ സാമൂഹിക സാഹചര്യങ്ങളെ ചൂഷണംചെയ്യുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് കുറ്റപ്പെടുത്തി.

◾  ടി20 ലോകകപ്പ് ഫൈനലിന് ശേഷം ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 പരമ്പരക്ക് ഇന്ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ തുടക്കം. അഞ്ച് മത്സരങ്ങളാണുള്ളത്. ഉച്ചയ്ക്ക് 12:30നാണ് ആദ്യ രണ്ട് ടി20 മത്സരങ്ങളും തുടങ്ങുക. സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലൂടെ  തത്സമയം കാണാം. സോണി ലിവ് ആപ്പിലും വെബ്‌സൈറ്റിലും ലൈവ് സ്ട്രീമിംഗ് ലഭ്യമാണ്. ലോകകപ്പിനുശേഷം ശ്രേയസ് അയ്യറാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. മിച്ചല്‍ സാന്റനര്‍ തന്നെയാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. ഐസിസി ടി20 ടീം റാങ്കിംഗില്‍ ഇന്ത്യ രണ്ടാമതും ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തുമാണ്.

◾  പശ്ചിമേഷ്യയില്‍ വീണ്ടും ഉടലെടുത്ത സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള കണ്ടെയ്‌നര്‍ ചരക്കുകൂലി നിരക്കുകളില്‍ 130 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ജെഫ്രീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ കണ്ടെയ്‌നര്‍ അധിഷ്ഠിത കയറ്റുമതി-ഇറക്കുമതി വ്യാപാരം ശക്തമായ വളര്‍ച്ച കൈവരിക്കുന്ന വേളയിലാണ് നിരക്ക് വര്‍ധന വലിയ വെല്ലുവിളിയാകുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയുടെ കണ്ടെയ്‌നര്‍ കയറ്റുമതി-ഇറക്കുമതി മേഖല മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ ഈ മേഖലയിലെ വ്യാപാര മൂല്യം 23 ശതമാനം വര്‍ധിച്ചു. ഇതില്‍ കയറ്റുമതിയില്‍ 22 ശതമാനവും ഇറക്കുമതിയില്‍ 23 ശതമാനവും വളര്‍ച്ചയുണ്ടായി. ചരക്കുകൂലിയിലുണ്ടാകുന്ന വര്‍ധന ഇന്ത്യന്‍ കയറ്റുമതിക്കാരുടെ ലാഭമാര്‍ജിനെ ബാധിച്ചേക്കാം.

◾  വ്യാജപ്രചാരണങ്ങളും തെറ്റായ വിവരങ്ങളും തടയുന്നതിനായി ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലെ അല്‍ഗോരിതങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്ന് മെറ്റയോട് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ നിര്‍ദേശം. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ചില പ്രത്യേക അഭിപ്രായങ്ങളോ വിവരങ്ങളോ മാത്രം അല്‍ഗോരിതം വഴി ഉപയോക്താക്കളിലേക്ക് അമിതമായി എത്തിക്കുന്നത് ഒഴിവാക്കണം. ഐടി നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കാനും, സ്വീകരിച്ച നടപടികളെക്കുറിച്ച് മന്ത്രാലയത്തെ ഉടന്‍ തന്നെ അറിയിക്കാനും മെറ്റയോട് നിര്‍ദേശിച്ചിട്ടുണ്ട്.

◾  നയന്‍താര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മൂക്കുത്തി അമ്മന്‍ 2- മഹാശക്തി'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സമകാലീന സംഭവങ്ങളും പൂര്‍വ്വകാലങ്ങളും ഉള്‍പ്പെടുത്തിയുള്ളതാകും സിനിമ. മൂക്കുത്തി അമ്മനായും പൊലീസ് ഉദ്യോഗസ്ഥയായും നയന്‍താര എത്തുമ്പോള്‍ അമ്മ വേഷത്തില്‍ ഉര്‍വശിയെത്തുന്നു. ദീപാവലി റിലീസായി ചിത്രം നവംബര്‍ 6ന് തിയറ്ററുകളില്‍ എത്തും. ദുനിയ വിജയ്, റെജീന കാസാന്‍ഡ്ര, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആര്‍. സ്വാമിനാഥന്‍, ശിവകുമാര്‍ എസ്സ് , സുനില്‍ വര്‍മ്മ ഇന്‍ഡുകുരി, വര്‍ഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിന്‍ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രചന, സംവിധാനം: സുന്ദര്‍ സി. സംഗീത സംവിധാനം: ഹിപ്പ്‌ഹോപ്പ് തമിഴന്‍.

◾  നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത 'ദ പാരഡൈസ്' ചിത്രത്തിലെ 'യേശനകുല' എന്ന ഗാനം പുറത്തുവിട്ടു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രഭ ബംഗരിഗല്ല, അദ്ദുല ജാംഗിറെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്. കാസര്‍ല ശ്യാം ആണ് വരികള്‍ രചിച്ചിരിക്കുന്നത്. നാനിയുടേയും കീര്‍ത്തി സുരേഷിന്റേയും ഗംഭീര നൃത്തച്ചുവടുകളും ഗാനരംഗത്ത് കാണാം. നാനി, രാഘവ് ജൂയല്‍ എന്നിവര്‍ക്ക് പുറമെ സമ്പൂര്‍ണേഷ് ബാബു, മോഹന്‍ ബാബു, സോണാലി കുല്‍ക്കര്‍ണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തിയത്.

◾  പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ഇന്ത്യയില്‍ പള്‍സര്‍ എന്‍250എസ്എസ് ഇന്ത്യയില്‍ പുറത്തിറക്കി. 1,59,406 രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. നിരവധി മാറ്റങ്ങളുമായാണ് പുതിയ വേര്‍ഷന്‍ വിപണിയില്‍ എത്തിയത്. സിക്‌സ് സ്പീഡ് ഗിയര്‍ബോക്‌സ്, ഗൂഗിള്‍ മാപ്പ്‌സ് മിററിങ് സൗകര്യമുള്ള ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, റൈഡ് മോഡുകളോട് കൂടിയ ഇലക്ട്രോണിക് ത്രോട്ടില്‍ ബോഡി, സ്പോര്‍ട്സ് ഷിഫ്റ്റര്‍ തുടങ്ങി നിരവധി പുതിയ ഫീച്ചറുകളോടെയാണ് വാഹനം വിപണിയില്‍ എത്തിയത്. ബൈക്കില്‍ 249 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് തുടരുന്നതെങ്കിലും പുതിയ ഫോര്‍ വാല്‍വ് സെറ്റപ്പ് 24.6 ബിഎച്ച്പിയും 22 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. സ്പോര്‍ട്സ്, റോഡ്, റെയിന്‍, ഓഫ് റോഡ്, ടൂര്‍ എന്നിങ്ങനെ അഞ്ച് മോഡുകളാണ് ഈ മോട്ടോര്‍സൈക്കിളില്‍ ഉള്ളത്.

◾  ഇരുപതാം നൂറ്റാണ്ട് കണ്ട വിശ്വമഹാകവികളില്‍ പ്രധാനിയാണ് ഖലീല്‍ ജിബ്രാന്‍. മലയാളത്തില്‍ അദ്ദേഹത്തിന്റെ രചനകള്‍ സുപരിചിതമാണെങ്കിലും ഉദാത്തമായ ആ ജീവിതം വേണ്ടത്ര അറിയപ്പെട്ടിട്ടില്ല. 'നിത്യാനുരാഗി' എന്ന ഈ ലഘുനോവലിലൂടെ അദ്ദേഹത്തിന്റെ സംഘര്‍ഷഭരിതമായ ഭൗതികജീവിതം ഒരു കുഞ്ഞുചിമിഴിലൂടെ എന്ന പോലെ അവതരിപ്പിക്കപ്പെടുന്നു. ജിബ്രാന്റെ പല രചനകളും വിവര്‍ത്തനം ചെയ്തിട്ടുള്ള വേണു വി ദേശമാണ് ജീവചരിത്രപരമായ ഈ നോവല്‍ രചിച്ചിട്ടുള്ളത്. 'നിത്യാനുരാഗി'. വേണു വി ദേശം. ഒലീവ് പബ്ളിക്കേഷന്‍സ്. വില 166 രൂപ.

◾  മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടിയുടെ വളര്‍ച്ച ശരിയായ രീതിയില്‍ ആകാനും സ്‌കാല്‍പ് മസാജ് പരീക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. വിരലുകള്‍ ഉപയോഗിച്ചോ പ്രത്യേക മസാജ് ബ്രഷുകള്‍ ഉപയോഗിച്ചോ തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുന്ന രീതിയാണിത്. തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുന്നത് വഴി ശരീരത്തിന് വിശ്രമം നല്‍കാനും സമ്മര്‍ദം കുറയ്ക്കാനും സഹായിച്ചേക്കാം. മുടിയുടെ വേരുകളിലേക്ക് രക്തയോട്ടം വര്‍ധിക്കുന്നത് മുടി വളര്‍ച്ചയ്ക്ക് ഗുണകരമാണെന്ന വാദമുണ്ടെങ്കിലും ഇത് ശാസ്ത്രീയമായി തെളിയിക്കുന്ന പഠനങ്ങള്‍ കുറവാണ്. സ്‌കാല്‍പ് മസാജ് പരീക്ഷിക്കുന്നവര്‍ വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ച് തലയോട്ടിയില്‍ മൃദുവായി വൃത്താകൃതിയില്‍ മസാജ് ചെയ്യാം. പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും മൃദുവായ രീതിയാണ് പിന്തുടരേണ്ടത്. മസാജിനായി എണ്ണ ഉപയോഗിക്കണമെന്ന നിര്‍ബന്ധമില്ല. താരന്‍, മുറിവുകള്‍, അണുബാധ തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം തേടിയതിന് ശേഷം മാത്രം സ്‌കാല്‍പ് മസാജ് ചെയ്യുക. മുടി കൊഴിച്ചിലിന് പാരമ്പര്യം, പോഷകക്കുറവ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, തൈറോയ്ഡ് പ്രശ്നങ്ങള്‍, മാനസിക സമ്മര്‍ദം തുടങ്ങിയ പല കാരണങ്ങളുമുണ്ടാകാം. സ്‌കാല്‍പ് മസാജ് മാത്രം ഇവയ്ക്കുള്ള ചികിത്സയല്ല. മുടി കൊഴിച്ചില്‍ തുടര്‍ച്ചയായി വര്‍ധിക്കുകയോ തലയില്‍ ചില ഭാഗങ്ങളില്‍ മാത്രം മുടി നഷ്ടപ്പെടുകയോ ചെയ്യുന്നുവെങ്കില്‍ ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കണം.

*ശുഭദിനം*
*കവിത കണ്ണന്‍*
എന്തിനെയും പോസിറ്റീവായി കാണുന്ന ഒരു മനുഷ്യനായിരുന്നു അയാള്‍. പ്രശ്‌നങ്ങളില്‍ തളര്‍ന്നുപോകുന്നവര്‍ക്കുപോലും പ്രതീക്ഷ നല്‍കാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു.ഒരിക്കല്‍, വീട്ടില്‍ വെച്ച് കൊള്ളക്കാരുടെ വെടിയേറ്റ് അയാള്‍ ഗുരുതരമായി പരിക്കേറ്റു. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു.  ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോകുമ്പോള്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മുഖത്തെ ആശങ്ക അയാള്‍ ശ്രദ്ധിച്ചു. തന്റെ ജീവന്‍ അപകടത്തിലാണെന്ന് അയാള്‍ക്ക് മനസ്സിലായി.   താന്‍ തളര്‍ന്നിട്ടില്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ അയാള്‍ ഒരു നഴ്സിനോട് ചിരിച്ചുകൊണ്ട് ചോദിച്ചു.  ''എനിക്ക് ഒരു അലര്‍ജിയുണ്ട്!''  നഴ്സ് ആശ്ചര്യത്തോടെ ചോദിച്ചു: ''എന്തിനോടാണ്?''  അയാള്‍ ഉറക്കെ മറുപടി പറഞ്ഞു:  ''എന്റെ ശരീരത്തിലുള്ള വെടിയുണ്ടകളോടാണ് എനിക്ക് അലര്‍ജി! അവയെ എത്രയും വേഗം പുറത്തെടുത്തേക്കൂ. എനിക്ക് ഇനിയും ഒരുപാട് കാലം ജീവിക്കണം!''  അയാളുടെ ആത്മവിശ്വാസം കണ്ട ഡോക്ടര്‍മാര്‍ ചികിത്സ തുടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ അയാള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു.  ജീവിതം എപ്പോഴും നമ്മുടെ നിയന്ത്രണത്തിലായിരിക്കണമെന്നില്ല. പക്ഷേ, പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കാനുള്ള മനക്കരുത്ത് നമുക്കുണ്ട്.  പ്രശ്‌നങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ അവയ്ക്കുമുന്നില്‍ തോറ്റുകൊടുക്കണോ, അതോ പ്രതീക്ഷയോടെ മുന്നോട്ടുപോകണോ എന്നത് നമ്മുടെ തിരഞ്ഞെടുപ്പാണ്.  എല്ലാ ദിവസവും സന്തോഷം തേടാന്‍ ശ്രമിക്കാം. പ്രതിസന്ധികളിലും പ്രതീക്ഷ കൈവിടാതിരിക്കാം. കാരണം, ജീവിതം എത്രത്തോളം മനോഹരമാകുമെന്ന് തീരുമാനിക്കുന്നത് സംഭവങ്ങള്‍ മാത്രമല്ല, അവയെ നാം എങ്ങനെ നേരിടുന്നു എന്നതും കൂടിയാണ് - ശുഭദിനം.