മുള്ളന്‍കൊല്ലി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ വരള്‍ച്ചാ പ്രതിരോധപ്രവര്‍ത്തങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ.



തിരുവനന്തപുരം: മുള്ളന്‍കൊല്ലി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വരള്‍ച്ചയുടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഭാവി പദ്ധതികളെ കുറിച്ച് ആലോചിക്കുന്നതിന് . ജലസേചനവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുകയായിരുന്നു അദ്ധേഹം. 

കബനി പുഴയിലെ വെള്ളമാണ് മേല്‍ പ്രദേശങ്ങളില്‍ കൃഷിയിടങ്ങളിലേക്ക് എടുക്കുന്നത്. അതിനായി ഏഴോളം ചെറുതും വലുതുമായ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും അതിന്റെ പഴക്കം 25-30 വര്‍ഷമാണ്. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ മെയിന്റന്‍സും പമ്പ് സെറ്റ് മോട്ടോര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ മാറ്റിവെക്കേണ്ടതുണ്ടെന്നും ചില സ്ഥലങ്ങളില്‍ പദ്ധതികളില്‍ വാല്‍വ് മാറ്റിവെച്ച് വെള്ളം മറ്റ് ദിശകളിലേക്ക് തിരിച്ചു വിടേണ്ടതുണ്ടെന്നും അദ്ധേഹം നിയമസഭയില്‍ സബ്മിഷനില്‍ ഉന്നയിച്ചു. 


കര്‍ണാടകയുമായി ആലോചിച്ച് അവര്‍ക്കും വെള്ളം കിട്ടത്തക്ക രീതിയിലുള്ള ചെറുകിട തടയണുകള്‍ നിര്‍മ്മിക്കുന്നതിനു വേണ്ടിയുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കണമെന്നും, ആയതിനായി കര്‍ണാടകയുമായി വളരെ ഗൗരവമായി ചര്‍ച്ച ചെയ്ത് അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. എംഎല്‍യുടെ ആവശ്യങ്ങളുടെ ഗൗരവം മനസ്സിലാക്കി മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലുള്ള രൂക്ഷമായ വരള്‍ച്ച നേരിടുന്നതിനായി കബനി നദിയില്‍ ചെറുകിട തടയണ നിര്‍മ്മാണം നടത്തുന്നതിന് വേണ്ടി ആവശ്യമായ ഇടപെടല്‍ നടത്തുന്നതാണെന്നും, ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ അറ്റകുറ്റപണികള്‍ക്കുള്ള എസ്റ്റിമേറ്റിന് ഉടനെ അനുമതി നല്‍കുന്നത് പരിശോധിക്കുമെന്നും, ഇക്കാര്യത്തില്‍ ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് വയനാട് ജില്ലയിലെ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതാണെന്നും,

സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ ഇറിഗേഷന്റെയും വാട്ടര്‍ അതോറിറ്റിയുടെയും വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരെയും പ്രാദേശിക ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചു ബഹു. എം.എല്‍.എ യുടെ സാന്നിധ്യത്തില്‍ ഒരു യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി മറുപടി നല്‍കി.