പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ...


2026  ഒക്ടോബര്‍ 21 | ബുധന്‍ 
1202  തുലാം 4 | അവിട്ടം
1448  ജ:അവ്വൽ 09

◾  ഇന്നു വിജയദശമി. അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്ന ആയിരകണക്കിന് കുരുന്നുകള്‍ക്ക്  വിജയദശമി ആശംസകള്‍. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ക്കു തിരക്ക്. കൊല്ലൂരില്‍ പുഷ്പരഥോത്സവത്തിനു വന്‍ ഭക്തജനത്തിരക്ക്. തിരൂരിലെ തുഞ്ചന്‍ പറമ്പ്, വടക്കന്‍ പറവൂര്‍ മൂകാംബിക ദേവീക്ഷേത്രം, പൂജപ്പുര സരസ്വതി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, തൃശൂര്‍ തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങളില്‍ വിദ്യാരംഭത്തിനു പുലര്‍ച്ചെ മുതല്‍ വന്‍ തിരക്ക്.

◾  കണ്ണൂരില്‍ മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസില്‍, ഗണ്‍മാന്‍ മൊഴി തിരുത്തി. കെ എസ് യു പ്രവര്‍ത്തകര്‍ ആയുധമുപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചെന്നു മൊഴി നല്‍കിയത് ആരോഗ്യമന്ത്രിയായിരുന്ന വീണ ജോര്‍ജ്ജ് ആവശ്യപ്പെട്ടിട്ടാണെന്ന് ഗണ്‍മാന്‍ അഭിലാഷ് പറഞ്ഞു.

◾  വഖഫ് ബോര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍. എപി വിഭാഗം നിര്‍ദേശിക്കുന്നയാളെ വഖഫ് ബോര്‍ഡംഗമാക്കും. മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് സമവായത്തിനു ധാരണയുണ്ടാക്കിയത്. പൊന്നാനി എംഎല്‍എ നൗഷാദ് അലിയും സമവായ ചര്‍ച്ചയില്‍ ഇടപെട്ടു.


◾  കോവളത്ത് സ്പായില്‍ പതിനാറുകാരി ലൈംഗിക ചൂഷണത്തിനിരയായ കേസില്‍ സ്പായുടെ ബിനാമി ഉടമ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ് അറസ്റ്റില്‍. ഉള്ളൂര്‍ സോണല്‍ ഓഫീസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് അനുരൂപ്. അനുരൂപിനെ സസ്പെന്‍ഡ് ചെയ്തതായി മേയര്‍ അറിയിച്ചു.

◾  തിരുവനന്തപുരം, ഇടുക്കി ഉള്‍പെടെ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ. തിരുവനന്തപുരത്ത് മലയോര, തീരദേശ മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. വിതുര, പൊന്‍മുടി മേഖലകളില്‍ ശക്തമായ മഴ. വാമനപുരം നദിയുടെ പോഷക നദിയായ മക്കിയാര്‍ കരകവിഞ്ഞൊഴുകി. മക്കി, മരുതാമല, പേപ്പാറ, ആനപ്പാറ തുടങ്ങിയ മേഖലകളില്‍ വീടുകളിലേക്ക് വെള്ളം കയറി. മഴ ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

◾  കൊച്ചി-ധനുഷ്‌കോടി ദേശീയപാത 85-ല്‍ അടിമാലി-മൂന്നാര്‍ റൂട്ടിലെ രണ്ടാം മൈലില്‍ വന്‍ പാറ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഈ വഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. ഇടുക്കി ഹൈറേഞ്ച് മേഖലയിലും ശക്തമായ മഴയാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.

◾  പോഷകാഹാരങ്ങള്‍ ലഭിക്കാത്ത കുഞ്ഞുങ്ങളുടെ വിവരശേഖരണത്തിനു സര്‍ക്കാര്‍. കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം രണ്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് മോശം സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികളുടെ പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

◾  തീരദേശ പരിപാലന അതോറിറ്റിയുടെ തെറ്റായ സത്യവാങ്മൂലത്തെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ നിര്‍മാണം പ്രതിസന്ധിയില്‍. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായിട്ടും പുളിങ്കുടി കടല്‍ത്തീരം പദ്ധതിയുടെ ഭാഗമല്ലെന്ന് കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് നല്‍കിയ സത്യവാങ്മൂലം കാരണം ഹൈക്കോടതി നിര്‍മാണം നിര്‍ത്തിവക്കാന്‍ നിര്‍ദേശിച്ചു. വിഴിഞ്ഞത്തിന്റ രണ്ടാംഘട്ടം 2028 ഡിസംബറോടെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഉദ്യോഗസ്ഥ വീഴ്ചയെ തുടര്‍ന്ന് സര്‍ക്കാര്‍ കുരുക്കിലാകുന്നത്.


◾  2027 ലെ കേരളത്തിലെ പൊതു അവധി ദിനങ്ങള്‍ 18ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗാന്ധിജയന്തി, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, വിഷു, ഈസ്റ്റര്‍, ബക്രീദ്, ഓണം, ക്രിസ്മസ് തുടങ്ങി 21 ദിവസങ്ങളാണ് പട്ടികയില്‍ പൊതു അവധികള്‍. എല്ലാ രണ്ടാം ശനിയാഴ്ചകളും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും.

◾  വീണാ വിജയനെതിരായ കേസിനെ പാര്‍ട്ടിക്കെതിരായ ആക്രമണമായി ചിത്രീകരിക്കുന്നതിനെച്ചൊല്ലി സിപിഎമ്മില്‍ വിമര്‍ശനം. കണ്ണൂരില്‍ ചേര്‍ന്ന സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് വീണാ വിജയന്റെ കേസില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് പ്രതിനിധികള്‍ രംഗത്തെത്തിയത്.

◾  മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്‍ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ മദ്യസല്‍ക്കാരത്തിലും കയ്യാങ്കളിയിലും പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് ക്വാര്‍ട്ടേഴ്സ് ഒഴിയാന്‍ നോട്ടീസ്. എസ്ഐ, ഹവില്‍ദാര്‍ എന്നിവര്‍ക്കാണ് കെഎപി അസിസ്റ്റന്റ് കമാന്‍ഡന്റ് നോട്ടീസ് നല്‍കിയത്.

◾  ഷൊര്‍ണൂര്‍ റെയില്‍വേ ട്രാക്കില്‍ തടസമുണ്ടാക്കുന്ന കോണ്‍ക്രീറ്റ് സ്ലാബും റെയിലിന്റെ കഷ്ണവും ഒരു ചാക്കില്‍ കട്ടപിടിച്ച സിമന്റും കണ്ടെത്തി. ഒറ്റപ്പാലം - ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മൂന്നിടങ്ങളിലാണ് രാവിലെ 10.30 നും 11.30 നും ഇടയില്‍ ഭാരമുള്ള വസ്തുക്കള്‍ ട്രാക്കില്‍ കണ്ടെത്തിയത്.

◾  പുള്ളിമാന്റെ തോല്‍ കൈവശംവച്ച രണ്ടു യുവാക്കളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് കാരാളി പാലത്തിന് സമീപം ആറുവരമ്പില്‍ വീട്ടില്‍ ഗോകുല്‍ (32), വെങ്ങാനൂര്‍ ചാരുവിളയില്‍ അനന്തുഭവനില്‍ അനന്തു (23) എന്നിവരെയാണ് പരുത്തിപ്പള്ളി വനം റേഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

◾  കൈതാരം നോര്‍ത്ത് ട്രാന്‍സ്ഫോര്‍മറില്‍നിന്ന് രാത്രി ഫ്യൂസ് ഊരി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി കൈതാരം കെഎം വിഷ്ണു (34) വിനെ പുതുച്ചേരിയില്‍നിന്ന് പറവൂര്‍ പോലീസ് പിടികൂടി. കഴിഞ്ഞ മാസമാണ് കൈതാരം നോര്‍ത്ത് ട്രാന്‍സ്ഫോര്‍മറിലെ ഫ്യൂസ് ഇയാള്‍ ഊരിയത്.



◾  എഐജി  ജി. പൂങ്കുഴലിക്കു സിബിഐയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം. അഞ്ചുവര്‍ഷമാണ് ഡെപ്യൂട്ടേഷന്‍ കാലാവധി.

◾  പിണറായി വിജയനെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതു ചര്‍ച്ച വേണ്ടെന്ന് കെപിസിസി പ്രസിഡന്റ് തന്നെ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി കെ മുരളീധരന്‍. ആ പ്രശ്നങ്ങളൊക്കെ അവസാനിപ്പിച്ച് പാര്‍ട്ടിയും സര്‍ക്കാരും ശക്തമായി മുന്നോട്ടു പോവുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

◾  സംസ്ഥാനത്ത് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിനെയും പുതിയ താരിഫ് നയത്തെയും വിമര്‍ശിച്ച് മുന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കുറഞ്ഞ നിരക്കിലുള്ള കരാറുകള്‍ നിലനില്‍ക്കെ 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങിയതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

◾  എറണാകുളത്തെ ഞാറക്കലില്‍ അടിപിടി കേസില്‍ അന്വേഷണത്തിന് എത്തിയ പൊലീസുകാര്‍ക്ക് കുത്തേറ്റു. എസ്ഐ ജിതിന്‍, കോണ്‍സ്റ്റബിള്‍ രാകേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. കൊലക്കേസ് പ്രതി മുന്നയുടെ നേതൃത്വത്തില്‍ ആക്രമണം നടത്തിയ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

◾  മാക്കേക്കടവ് - നേരെകടവ് പാലം ഉദ്ഘാടനത്തിന് തനിക്കൊരു ക്ഷണക്കത്തുപോലും തന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ. വികസന കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും സങ്കുചിത മനസ്ഥിതിയാണ് പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

◾  ഫാസ് ടാഗില്‍ പണമില്ലാത്തിനെ തുടര്‍ന്ന് വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞിട്ടു. രാവിലെ അന്തര്‍സംസ്ഥാന ബസുകള്‍ ഉള്‍പ്പെടെ അഞ്ചു ബസുകളാണ് തൃശൂരിലേക്ക് വരുന്നതിനിടയില്‍ ടോള്‍ പ്ലാസയില്‍ തടഞ്ഞിട്ടത്. ഒടുവില്‍ കണ്ടക്ടര്‍ ഗൂഗിള്‍ പേ വഴി ടോള്‍പ്ലാസയില്‍ പണമടച്ചതോടെയാണ് ടോള്‍ പ്ലാസ ജീവനക്കാര്‍ ബസ് കടത്തിവിട്ടത്.

◾  കോവളം സ്പാ പീഡനക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. ചെങ്കല്‍പേട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയില്‍ വെച്ചും പീഡനം നടന്നതായി ഇര മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് തമിഴ്‌നാട്ടിലും കേസെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

◾  എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നില്‍ തീയിട്ട പ്രതി എബിന്‍ പോളിന്റെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി പ്രതിയുടെ മൊബൈല്‍ഫോണ്‍ പരിശോധനാഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

◾  വനമേഖലയില്‍ മഴ ശക്തമായി തുടരുന്നതോടെ കരുവാരക്കുണ്ട്, കല്‍ക്കുണ്ട്, തരിശ് മേഖലകളില്‍ മലവെള്ളപ്പാച്ചില്‍ രൂക്ഷമായി. തുടര്‍ച്ചയായ രണ്ടാം ദിവസവും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവര്‍ ആശങ്കയിലാണ്.

◾  രാഷ്ട്രീയത്തിലെ തിരുത്തല്‍ ശക്തിയായിരുന്നു വിഎസ് അച്യുതാനന്ദന്‍ എന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. വിഎസിന്റെ 103-ാം ജന്‍മദിനത്തില്‍ പറവൂരിലെ വിഎസിന്റെ വീടായ വേലിക്കകത്തു നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  കേരള മുസ്ലീം ജമാഅത്ത് നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധ മാര്‍ച്ച് മാറ്റി. വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കാമെന്നു വാഗ്ദാനം ലഭിച്ചതിനാലാണ് മാര്‍ച്ച് മാറ്റിയത്.

◾  രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ബിജെപി പ്രചരണം ആശയക്കുഴപ്പം ഉണ്ടാക്കാനെന്നും എംഎ ബേബി പ്രതികരിച്ചു. മോദി സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചതിനെക്കാള്‍ കൂടുതല്‍ പോയത് വിദേശത്തേക്ക് എന്ന് പറഞ്ഞ എംഎ ബേബി മണിപ്പൂര്‍ കത്തുമ്പോഴും വിദേശയാത്ര നടത്തിയ ആളാണ് മോദിയെന്നും വിമര്‍ശിച്ചു.

◾  പരസ്യ പ്രസ്താവനകള്‍ കെപിസിസി അധ്യക്ഷന്‍ വിലക്കിയിട്ടും കെ മുരളീധരനെതിരെ ജെബി മേത്തര്‍ എംപി. മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ പ്രസ്താവനകള്‍ക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. അഭിപ്രായങ്ങള്‍ വ്യക്തി സ്വാതന്ത്ര്യമാണ്, അതിനെ ചോദ്യം ചെയ്യരുതെന്നും ജെബി മേത്തര്‍ പറഞ്ഞു.

◾  കൊല്ലം കൊട്ടാരക്കരയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിനു നേര്‍ക്ക് നാലംഗ സംഘത്തിന്റെ ആക്രമണം. കാക്കത്താനം സ്വദേശി ശരത് കുമാറിനെയും കുടുംബത്തെയും ആണ് ഇന്നലെ രാത്രി നാലംഗ സംഘം ആക്രമിച്ചത്. അതിക്രമത്തില്‍ നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

◾  ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അല്‍ത്താഫ് (35) ആണ് മരിച്ചത്.  

◾  പത്തനംതിട്ട പുളിക്കീഴില്‍ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ മഞ്ജു എന്ന നാടോടി സ്ത്രീയെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കൊന്നത് കാമുകന്‍ എന്നാണ് മഞ്ജു പൊലീസിന് നല്‍കിയ മൊഴി. 2023 ഓഗസ്റ്റ് 6 ന് ആയിരിന്നു കൊലപാതകം.

◾  രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അതിനെതിരെ ഒരുമിച്ച് പോരാടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ പരാജയപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. സിജെപി അടക്കം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധമുണ്ടായതിനിടെ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

◾  ക്ഷുദ്ര ശക്തികള്‍ രാജ്യത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യയില്‍ അട്ടിമറി ഉണ്ടാവില്ലെന്നും ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ ആര്‍ എസ് എസിന്റെ വിജയദശമി പ്രസംഗത്തിലാണ് രാജ്യത്തെ പ്രക്ഷോഭങ്ങളെപ്പറ്റിയുള്ള ആര്‍ എസ് എസ് മേധാവിയുടെ പരാമര്‍ശം.

◾  ആര്‍ എസ് എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ പുരുഷന്മാരുടെ സ്വത്താണെന്ന് വിശ്വസിക്കുന്ന ഭരണഘടനാ വിരുദ്ധ സമീപനം പുലര്‍ത്തുന്ന പുരുഷാധിപത്യ വിഭാഗമാണ് ആര്‍ എസ് എസെന്നും, താന്‍ ശിവശക്തിയിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾  ജന്തര്‍ മന്തറിന്റെ മതില്‍ ചാടിക്കടന്നു ദേശീയപതാകയേന്തി പ്രതിഷേധിച്ചതിന് അറസ്റ്റിലായ സിജെപി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരുടെ ജാമ്യാപേക്ഷ രാത്രി അടിയന്തരമായി പരിഗണിക്കണമെന്ന സി ജെ പിയുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി.  ഇന്നു വാദം കേള്‍ക്കാമെന്നു കോടതി. ഇന്നലെ 2 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടിയ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നടപടിക്കെതിരെയാണ് സി ജെ പി ഹൈക്കോടതിയെ സമീപിച്ചത്.

◾  ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങുന്നുവെന്ന സൂചന നല്‍കി കോക്ക്റോച്ച് ജനത പാര്‍ട്ടി. ഈ ഉത്സവകാലം പ്രതിഷേധ രംഗത്തുള്ളവര്‍ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് സി ജെ പി സ്ഥാപകന്‍ അഭിജീത് ദീപ്കെ സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.

◾  പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിയറ്റ്നാം സന്ദര്‍ശനത്തെ പരിഹസിച്ച് ബിജെപി. എസ്ഐആറിനെതിനെതിരെ നുണകള്‍ പ്രചരിപ്പിച്ച ശേഷം രാഹുല്‍ ഗാന്ധി വ്യക്തിഗത യാത്രയ്ക്കായി വിദേശത്തേക്ക് പോയെന്ന് ബിജെപി ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ ഒരു വീഡിയോ പങ്കുവച്ചു.

◾  കോക്റോച്ച് ജനത പാര്‍ട്ടി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും നിയമത്തോട് യാതൊരു ബഹുമാനവുമില്ലെന്ന് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്. ഇരുവരുടെയും ജുഡീഷ്യല്‍ കസ്റ്റഡി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നല്‍കിയ അപേക്ഷ പരിഗണിക്കവെയാണ് മജിസ്ട്രേറ്റ് ഋതു രാജ് ഇക്കാര്യം പരാമര്‍ശിച്ചത്.

◾  മണിപ്പൂരില്‍ വീണ്ടും കൂട്ടക്കൊല. മെയ്തെയ് വിഭാഗക്കാരായ മൂന്നു പുരുഷന്‍മാര്‍  കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ നോങ്സും ഹില്ലില്‍ നടന്ന ആക്രമണത്തിലാണ് ഇവര്‍ ഇരകളായത്.

◾  ഡല്‍ഹിയില്‍ എന്‍.എസ്.ഐ നേതാവിനെ മര്‍ദിച്ച ഡല്‍ഹി പൊലീസ് വനിതാ കോണ്‍സ്റ്റബിളിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോട്ടസരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ജയ്പൂര്‍ പൊലീസ് കമ്മീഷണറേറ്റില്‍ രാത്രി മുഴുവന്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

◾  ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പു കേസില്‍ രണ്ടു യുവതികളടക്കം നാലു പേര്‍ കൂടി പിടിയില്‍. പ്രതികള്‍ക്ക് ആയുധം എത്തിച്ചതു യുവതികളാണ്. കുനാല്‍ (21), സുമിത്ത് (19), രാധ (23), ബബിത (23) എന്നിവരാണ് പിടിയിലായത്. കുനാലും സുമിത്തും അമൃത്സറില്‍ നിന്ന് വാങ്ങിയ തോക്ക് യുവതികളാണ് മുംബൈയിലെ ദാദറില്‍ പ്രതികള്‍ക്കു കൈമാറിയത്. പ്രതികള്‍ ബോളിവുഡിലെ ഒരു ഉന്നതനെ ലക്ഷ്യംവച്ചതായും പൊലീസ് പറയുന്നു. കേസില്‍ മുഖ്യപ്രതിയും വാടക കൊലയാളികളെ ഏര്‍പ്പെടുത്തുകയും ചെയ്ത സമീര്‍ ഹരിയാനയില്‍ പിടിയിലായി. അധോലോകമായ ലോറന്‍സ് ബിഷ്ണോയി സംഘാംഗമായ അനില്‍ പണ്ഡിറ്റിന്റെ നിര്‍ദേശപ്രകാരം സമീറാണ് ആക്രമണം ആസൂത്രണം ചെയ്തത്. നേരത്തെ രാജസ്ഥാനില്‍ പിടിയിലായ മൂന്ന് പ്രതികളെ ക്രൈം ബ്രാഞ്ച് മുംബൈയിലെത്തിച്ചു.

◾  ഡല്‍ഹി ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനില്‍ എക്സ്-റേ ബാഗേജ് പരിശോധനയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യാത്രക്കാരനെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇയാളുടെ പക്കല്‍നിന്ന് ഏകദേശം 155 ഗ്രാം സ്വര്‍ണ്ണപ്പൊടി ഡല്‍ഹി പൊലീസ് പിടിച്ചെടുത്തു.

◾  ദസ്റ ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി, സിജെപി നേതാക്കള്‍ തുടങ്ങിയവരുടെ കോലങ്ങള്‍ കത്തിച്ച്  'ലാല്‍ ഹിറ്റ് ജനതാ പാര്‍ട്ടി' അംഗങ്ങളെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകളുടെ പ്രതിഷേധം. കിഴക്കന്‍ ഡല്‍ഹിയിലെ പ്രീത് വിഹാര്‍-ചിത്ര വിഹാര്‍ സിഗ്നലിലാണ് കോലങ്ങള്‍ കത്തിച്ചത്. സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരഭ് ദാസ്, യൂട്യൂബര്‍ ധ്രുവ് റാഠി, നടന്മാരായ നസീറുദ്ദീന്‍ ഷാ, പ്രകാശ് രാജ്, ഐസ പ്രസിഡന്റ് നേഹ ബോറ എന്നിവര്‍ രാജ്യവിരുദ്ധരാണെന്ന് ആരോപിച്ചാണ് കോലങ്ങള്‍ക്കു തീയിട്ടത്.

◾  ഡല്‍ഹിയില്‍ ദസറ ആഘോഷങ്ങള്‍ക്കിടെ പാറ്റയുടെ കോലം കത്തിച്ചതില്‍ പരിഹാസവുമായി സിജെപി നേതാവ് അഭിജീത് ദീപ്കെ. ഫ്രീ പബ്ലിസിറ്റിക്ക് നന്ദിയുണ്ടെന്ന് ദീപ്കെ പരിഹസിച്ചു. പാറ്റയുടെ കോലത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് ദീപ്കെയുടെ പരിഹാസം.

◾  കഫേ ഉടമ ശിവ ശര്‍മ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ശ്രദ്ധ ദുബെ അറസ്റ്റില്‍. ശ്രദ്ധ ദുബെയെയും സഹോദി രശ്മി ദുബെയേയും നാഗ്പൂരില്‍വച്ചാണ് അറസ്റ്റു ചെയ്തത്. ശ്രദ്ധയും സഹോദരിയും ചേര്‍ന്ന് മകനെ ബ്ലാക്ക്മെയില്‍ ചെയ്യുകയും കൊലപ്പെടുത്തിയെന്നാണു ശിവ ശര്‍മയുടെ ബന്ധുക്കളുടെ പരാതി.

◾  നഴ്സായ യുവതിയെ കൊലപ്പെടുത്തി നാലുപവന്റെ താലിമാല കവര്‍ന്ന കേസില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍. തിരുപ്പൂര്‍ പല്ലഗൗണ്ടംപാളയത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ ശരവണനെ(23)യാണ് പൊലീസ് പിടികൂടിയത്. ഇതേ ആശുപത്രിയിലെ നഴ്സായ രാമനാഥപുരം സ്വദേശിനി ഉത്തര(26)യാണ് കൊല്ലപ്പെട്ടത്.

◾  മുന്‍ ക്രിക്കറ്റ് താരവും ലോക്സഭ എംപിയുമായ യൂസഫ് പത്താന്റെ വര്‍ഷങ്ങള്‍ നീണ്ട ഭൂമി തര്‍ക്കത്തില്‍ പരിഹാരം. വഡോദരയിലെ കുടുംബവീടിനോട് ചേര്‍ന്നുള്ള ഭൂമി യൂസഫ് പത്താന് വിട്ടുനല്‍കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു.

◾  അല്‍ബേനിയയിലെ ജനങ്ങള്‍ സുപ്രീം കോടതി അഗ്നിക്കിരയാക്കിയെന്നും മന്ത്രി മന്ദിരങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ആക്രമിച്ചുവെന്നും അവകാശപ്പെടുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ഉദ്ധവ് താക്കറെ ശിവസേന വിഭാഗം നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്ത്. ഈ പോസ്റ്റ് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.

◾  ഭീകരവാദത്തിന് യാതൊരുവിധ ന്യായീകരണവും ഇല്ലെന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. തജിക്കിസ്ഥാനില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താന്‍ വിദേശകാര്യ മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഇസഹാഖ് ദര്‍ തൊട്ടുമുന്നില്‍ അഭിമുഖമായി ഇരിക്കുമ്പോഴായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രസ്താവന.  

◾  സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുകൊടുക്കില്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി മൊഹ്‌സെന്‍ റെസേയ്. അമേരിക്ക തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ചര്‍ച്ചയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ടെഹ്‌റാന്‍ സന്ദര്‍ശിച്ച പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷ്യല്‍ ആസിം മുനീറുമായുള്ള കൂടിക്കാഴ്ചയിലാണ് ഇറാന്‍ ഇക്കാര്യം അറിയിച്ചത്.

◾  ഗൂഗിള്‍ ക്ലൗഡിന്റെ ലണ്ടന്‍ മേഖലയിലുള്ള ഡാറ്റാ സെന്ററിലുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ബ്രിട്ടനിലെ ബാങ്കിംഗ്, കൊറിയര്‍, ആരോഗ്യ മേഖലകളിലെ പ്രമുഖ സേവനങ്ങള്‍ മണിക്കൂറുകളോളം സ്തംഭിച്ചു.

◾  വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യു എ ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി. മുംബൈയിലെ താജ്മഹല്‍ ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യം രണ്ട് നേതാക്കളും വിലയിരുത്തി. ഇന്ത്യ - യു എ ഇ വ്യാപാര സഹകരണം ശക്തമാക്കുന്നതും ചര്‍ച്ചയായി.

◾  ഹൂത്തി ആക്രമണത്തില്‍ നിന്ന് സൗദി അറേബ്യക്ക് പ്രതിരോധവുമായി പോര്‍വിമാനങ്ങള്‍ വിന്യസിക്കുമെന്ന് യുകെ.  കൂടുതല്‍ രാജ്യങ്ങളുമായി സൗദി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അതിനിടെ സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂത്തികള്‍ വീണ്ടും ആക്രമണം നടത്തി. മിസൈലുകള്‍ തകര്‍ത്തതായി സൗദി സേന അറിയിച്ചു.

◾  റഷ്യയില്‍ യുക്രെയ്‌ന്റെ ഡിജിറ്റല്‍ ആക്രമണം. റഷ്യന്‍ സാങ്കേതിക കമ്പനിയായ യാന്‍ഡെക്‌സിന്റെ ഡേറ്റ സെന്ററുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് രാജ്യത്തുടനീളം നിരവധി ഡിജിറ്റല്‍ സേവനങ്ങള്‍ തടസപ്പെട്ടു. ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാനും ടാക്‌സി ബുക്ക് ചെയ്യാനും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും വീടുകളുടെ ഡിജിറ്റല്‍ ലോക്കുകള്‍ തുറക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി. റഷ്യക്കുവേണ്ടി അമേരിക്ക യുക്രെയിനിലെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിറുത്തിയതിനു പിറകേയാണ് യുക്രെയിന്‍ റഷ്യന്‍ ഡാറ്റ സെന്ററുകള്‍ക്കുനേരെ ആക്രമണം നടത്തിയത്.

◾  സ്വര്‍ഗത്തിലെത്താന്‍ പട്ടിണി അടക്കമുള്ള ത്യാഗം അനുഭവിക്കണമെന്ന മതപ്രബോധനത്തിലൂടെ കുട്ടികള്‍ അടക്കമുള്ള അനുയായികളെയും മരിക്കാന്‍ പ്രേരിപ്പിച്ചെന്ന കേസില്‍ മതപ്രഭാഷകന്‍ പോള്‍ മക്കെന്‍സിയും 28 കൂട്ടുപ്രതികളും കോടതി കുറ്റക്കാരെന്ന് വിധിച്ചു. 190 കുട്ടികളും ഒരു മുതിര്‍ന്നയാളും ഉള്‍പ്പെടെ 191 പേരുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ്  കെനിയന്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി.

◾  തുരങ്ക നിര്‍മാണ മെഷീനുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന യന്ത്രങ്ങളുടെ കയറ്റുമതിക്ക് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ചൈന. ഇത് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ പ്രതികൂലമായി ബാധിച്ചേക്കും. ദേശീയ സുരക്ഷയും താല്‍പര്യങ്ങളും സംരക്ഷിക്കുകയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യമെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം അറിയിച്ചു.

◾  ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്നും സഹോദരി ഭരണം ഏറ്റെടുത്തെന്നുമുള്ള അഭ്യൂഹങ്ങള്‍ തള്ളി സര്‍ക്കാര്‍. കിം ജോങ് ഉന്‍-ന്റെ ചിത്രങ്ങള്‍ ഉത്തര കൊറിയന്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. മകള്‍ക്കൊപ്പം കുട്ടികളുടെ ഷൂസുകളുടെയും വസ്ത്രങ്ങളുടെയും പ്രദര്‍ശന മേള കിം ജോങ് ഉന്‍ നേരിട്ട് സന്ദര്‍ശിക്കുന്ന ചിത്രങ്ങളാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്.

◾  ഫ്രാന്‍സിലെ പ്രതിഷേധങ്ങള്‍ക്കും കലാപത്തിനും കാരണം കുടിയേറ്റക്കാരാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാരീസ് ഉടന്‍ തന്നെ ഒരു മുസ്ലീം നഗരമായി മാറുമെന്നും രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

◾  സിംബാബ്വെ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ടി20യില്‍ 92 റണ്‍സിന്റെ കൂറ്റന്‍ ജയാണ് ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് നേടിയത്. 41 പന്തില്‍ 91 റണ്‍സുമായി പുറത്താവാതെ നിന്ന മുന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ സിംബാബ്വെക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

◾  19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിനു മങ്കാദ് ട്രോഫിയില്‍ കേരളം പുറത്ത്. പ്രീക്വാര്‍ട്ടറില്‍ തമിഴ്‌നാടിനോട് ഒന്‍പത് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയാണ് കേരളം പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.1 ഓവറില്‍ 83 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്‌നാട് 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

◾  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 30 ദിവസത്തെ വിലക്കേര്‍പ്പെടുത്തി പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന്‍. വിലക്കിന് പുറമെ 255 യൂറോ (ഏകദേശം 27,000 രൂപ) പിഴയും ചുമത്തി. പരിശീലകന്‍ ജോര്‍ജ്ജ് ജീസസുമായുണ്ടായ തര്‍ക്കത്തെ പോര്‍ച്ചുഗല്‍ ക്യാമ്പില്‍ നിന്ന് റൊണാള്‍ഡോ ഇറങ്ങിപോയതിനെ തുടര്‍ന്നാണ് നടപടി.

◾  ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ആശയവിനിമയത്തിലെ പോരായ്മകളും പരിഹരിക്കാന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജയെ ബിസിസിഐ ചുമതലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.  

◾  ത്രി രാഷ്ട്ര പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 87 റണ്‍സിന്റെ വിജയം. കന്നി അര്‍ദ്ധശതകവും കരിയറിലെ മികച്ച ബൗളിംഗ് പ്രകടനവും പുറത്തെടുത്ത യുവ ഓള്‍റൗണ്ടര്‍ അറഫാത് മിന്‍ഹാസാണ് പാകിസ്ഥാന്റെ വിജയശില്‍പ്പി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 38.4 ഓവറില്‍ 215 റണ്ണുകള്‍ക്ക് പുറത്തായി.

◾  നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പൊതുമേഖലാ സ്ഥാപനമായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 5,537 കോടി രൂപയുടെ ലാഭം നേടി. തൊട്ടു മുന്‍പത്തെ പാദത്തിലെ 5,332 കോടി രൂപയെ അപേക്ഷിച്ച് ലാഭത്തില്‍ 3.84 ശതമാനം വര്‍ധന. മുന്‍വര്‍ഷത്തെ സമാന പാദത്തിലെ 8,365 കോടി രൂപയില്‍ നിന്ന് ആറു മാസത്തെ ലാഭം 10,870 കോടി രൂപയായും ഉയര്‍ന്നു. 29.95 ശതമാനമാണ് വര്‍ധന. നികുതി കിഴിച്ചുള്ള ബാങ്കിന്റെ പലിശ വരുമാനം ജൂണ്‍ പാദത്തിലെ 10,037 കോടി രൂപയില്‍ നിന്ന് 5.43 ശതമാനം വര്‍ധിച്ച് 10,583 കോടി രൂപയിലെത്തി. മൊത്തം വരുമാനം 28,158 കോടി രൂപ. മൊത്തം ബിസിനസ് 24.75 ലക്ഷം കോടി രൂപ പിന്നിട്ടു. മുന്‍ വര്‍ഷത്തേക്കാള്‍ 12.01 ശതമാനം വര്‍ധന. ആകെ നിക്ഷേപം 13.19 ലക്ഷം കോടി രൂപയാണ്. മൊത്തം വായ്പകള്‍ 5.43 ശതമാനം വര്‍ധിച്ച് 11.55 ലക്ഷം കോടി രൂപയിലെത്തി. കറന്റ് അക്കൗണ്ട്-സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ 4.60 ലക്ഷം കോടി രൂപയായി ഉയര്‍ന്നപ്പോള്‍ കാസ അനുപാതം 34.93 ശതമാനത്തിലാണ്.

◾  ഫ്ളിപ്കാര്‍ട്ട് ഫുഡ് ഡെലിവറി സേവനം ഉടന്‍ ആരംഭിച്ചേക്കും 'ഈറ്റ് ഇന്‍ മിനിറ്റ്സ്' എന്ന പേരില്‍ ഫുഡ് ഡെലിവറി സേവനം ബെംഗളൂരുവിലാണ് ആദ്യം പരീക്ഷിക്കുന്നത്. ഈ മാസം അവസാനത്തോടെ സേവനം പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചേക്കും. ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് വഴി ലിസ്റ്റ് ചെയ്തിട്ടുള്ള റെസ്റ്റോറന്റുകളില്‍ നിന്നും ഫ്ളിപ്കാര്‍ട്ടില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള റെസ്റ്റോറന്റുകളില്‍ നിന്നുമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഫുഡ് ഡെലിവറി വിപണിയില്‍ സൊമാറ്റോയ്ക്ക് 58 ശതമാനവും സ്വിഗ്ഗിക്ക് 34 ശതമാനവും വിപണിവിഹിതമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വിപണിയിലേക്കുള്ള ഫ്ളിപ്കാര്‍ട്ടിന്റെ പ്രവേശനം മത്സരം കൂടുതല്‍ ശക്തമാക്കാന്‍ സാധ്യതയുണ്ട്.

◾  ധനുഷും മമ്മൂട്ടിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ബഹുഭാഷാ ചിത്രം 'ഓം: ചാപ്റ്റര്‍ 1: ഉധിരം- ദ ബ്ലഡ് വുഡ്' എന്ന സിനിമയിലെ രണ്ടാമത്തെ ഗാനമായ 'വീഴാ വീരാ' പുറത്തിറങ്ങി. സായ് അഭ്യങ്കറാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അരുണ്‍ ശ്രീനിവാസന്‍ വരികള്‍ രചിച്ച ഗാനം പാടിയിരിക്കുന്നത് ടിപ്പുവും സായ്യും ചേര്‍ന്നാണ്. സംഗീത സംവിധായകന്റെ പിതാവാണ് ടിപ്പു. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായ് പല്ലവി, ശ്രീലീലാ, നസീറുദ്ദീന്‍ ഷാ, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആര്‍ടേക്ക് സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. ചിത്രം നവംബര്‍ 20-ന് റിലീസ് ചെയ്യും.

◾  സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന 'സീന്‍' എന്ന ചിത്രത്തിലെ രണ്ടാം ഗാനമായ 'എയ്‌റോപ്ലെയിന്‍' ലിറിക്കല്‍ വീഡിയോ പുറത്ത്. സുഷിന്‍ ശ്യാം സംഗീതം നല്‍കിയ ഗാനത്തിന് തമിഴില്‍ വരികള്‍ രചിച്ചത് രാജ് പ്രിയന്‍ ആണ്. ഗാന ബാലയാണ് ഗാനത്തിന്റെ തമിഴ് പതിപ്പ് ആലപിച്ചത്. ഴഗരം സ്റ്റുഡിയോസിന്റെയും 2ഉ എന്റര്‍ടെയന്‍മെന്റ് സ്റ്റുഡിയോസിന്റെയും ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്. നവംബര്‍ ആറിന് ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. സൂര്യയ്‌ക്കൊപ്പം മലയാളി താരം നസ്ലിനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

◾  പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ക്ലാസിക് 650 ഹൈപ്പര്‍ഷിഫ്റ്റ് എന്ന പേരില്‍ പ്രത്യേക പതിപ്പ് പുറത്തിറക്കി. പ്രധാന വിപണികളില്‍ ഓരോന്നിലും 125 യൂണിറ്റുകള്‍ വീതം മാത്രമാണ് ലഭ്യമാവുക. നിലവിലുള്ള ക്ലാസിക് 650 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ മെക്കാനിക്കല്‍ ആയി മാറ്റങ്ങളൊന്നുമില്ല. സൗന്ദര്യപരമായ ചില മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയത്. പ്രത്യേക പതിപ്പിന് പിച്ചള അടിസ്ഥാനമാക്കിയുള്ള പെയിന്റ് ഫിനിഷാണ് നല്‍കിയിരിക്കുന്നത്. വെളിച്ചം വീഴുമ്പോള്‍ ചുവപ്പ്, പച്ച, സ്വര്‍ണം നിറങ്ങളിലേക്ക് മാറിമാറി കാണപ്പെടുന്ന പ്രത്യേകത ഇതിനുണ്ട്. ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്കില്‍ സ്വര്‍ണനിറത്തിലുള്ള ബ്രാന്‍ഡ് ചിഹ്നവും സൈഡ് പാനലില്‍ 125 വര്‍ഷം എന്ന് രേഖപ്പെടുത്തിയ സ്വര്‍ണ ബാഡ്ജും ക്രമീകരിച്ചിട്ടുണ്ട്. ഇതിന്റെ എക്‌സ്- ഷോറൂം വില 4.26 ലക്ഷം രൂപയാണ്. നവംബറില്‍ വാഹനങ്ങളുടെ ഡെലിവറി ആരംഭിക്കും.

◾  ഭൂമിയുടെ അജ്ഞാതമായ നിഗൂഢതകളില്‍ മറഞ്ഞു കിടക്കുന്ന നിധിശേഖരങ്ങള്‍ തേടിയുള്ള യാത്രകള്‍ സാഹസികതകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് എന്നും ത്രസിപ്പിക്കുന്ന ഒരു അനുഭവമാണ്. അതോടൊപ്പം ഇഴചേര്‍ന്നൊരു പ്രണയവും ഉണ്ടെങ്കില്‍ ആ യാത്ര കുറേക്കൂടി മനോഹരമാകും... നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു രഹസ്യം, കാലത്തിന്റെ മണല്‍ക്കാടുകളില്‍ മറഞ്ഞുകിടക്കുന്ന അമൂല്യമായൊരു നിധി. വെറുമൊരു ഐതിഹ്യം എന്ന് ലോകം വിശ്വസിക്കുമ്പോഴും ആ നിധിയുടെ യാഥാര്‍ത്ഥ്യം തേടിപ്പിടിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ചവരുണ്ട്. അപകടങ്ങളും ചതികളും നിറഞ്ഞ, ദുരൂഹതകളുടെ പാതയിലൂടെ നിധി തേടി ഇറങ്ങുമ്പോള്‍ ഓരോ ചുവടിലും മരണത്തെ മുഖാമുഖം കാണുന്നു. 'നിരാമയി'. രഘുദാസ് കാട്ടുങ്കല്‍. ഡിസി ബുക്സ്. വില 413 രൂപ.

◾  ദിവസവും രണ്ട് നേരം പല്ലു തേച്ചാലും ചിലര്‍ക്ക് വായിലെ ദുര്‍ഗന്ധം മാറില്ല. വിട്ടുമാറാത്ത ഈ വായ്നാറ്റം ഒരു നാണക്കേട് എന്നതിനെക്കാള്‍ ചില ആരോഗ്യപ്രശ്നങ്ങളുടെ സൂചനകൂടിയാകാം. ഏതാണ്ട് 80 ശതമാനം ആളുകളിലും ബ്രഷ് ചെയ്യുന്നതിലൂടെയും ഫ്ലോസ് ചെയ്യുന്നതിലൂടെയും വായ്നാറ്റം മാറാറുണ്ട്. എന്നാല്‍ മറ്റ് ചിലരില്‍ അത് പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നു. പോസ്റ്റ്-നേസല്‍ ഡ്രിപ്പ്, ടോണ്‍സില്‍ സ്റ്റോണ്‍സ് അല്ലെങ്കില്‍ സൈനസൈറ്റിസ് എന്നിവ മൂലമുണ്ടാകുന്ന ദുര്‍ഗന്ധം പല്ല് തേക്കുന്നതിലൂടെ ഇല്ലാതാവില്ല. ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് എന്ന രോഗം കുടലിലെ ആസിഡുകളുടെ റിഫ്‌ലക്‌സിന് കാരണമാവുക മാത്രമല്ല, പല്ലുകളുടെ തേയ്മാനത്തിനും വായ്‌നാറ്റത്തിനും കാരണമാകാം. ഡയബറ്റിക് കീറ്റോ ആസിഡോസിസ് എന്ന രോഗമുള്ളവര്‍ക്കും വായനാറ്റം ഉണ്ടാകാം. മോണരോഗമുള്ളവരിലും വായനാറ്റം പതിവായിരിക്കും. പല്ല് തേക്കുമ്പോള്‍ നാവും ശരിയായി വൃത്തിയാക്കാതിരുന്നാല്‍ ഇത് ഭക്ഷണാവശിഷ്ടങ്ങള്‍, നിര്‍ജ്ജീവ കോശങ്ങള്‍, ബാക്ടീരിയകള്‍ എന്നിവ അടിഞ്ഞു കൂടി ദുര്‍ഗന്ധം പുറപ്പെടുവിക്കുന്നു. കൂടാതെ നിര്‍ജ്ജലീകരണം, സമ്മര്‍ദം, ചില മരുന്നുകള്‍, വായിലൂടെ ശ്വാസമെടുക്കല്‍ എന്നിവ കാരണം ഉമിനീര്‍ ഉത്പാദനം കുറയുന്നത് വായ വരണ്ടതാക്കാം. ഇത് ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകള്‍ പെരുകാന്‍ കാരണമാകും. കൃത്യമായ ഇടവേളകളില്‍ ദന്തപരിശോധന നടത്തുന്നത് വായിലെ അവസ്ഥ വിലയിരുത്താന്‍ സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
മഹിഷാസുരന്‍ എന്ന അസുരന്‍ ഒരു വരത്തിന്റെ ബലത്തില്‍ ദേവന്മാരെയും മനുഷ്യരെയും തോല്‍പ്പിക്കാമെന്ന അഹങ്കാരത്തിലായി. സ്വര്‍ഗത്തിലും ഭൂമിയിലും അവന്‍ ഭീതിപടര്‍ത്തി. തന്നെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നായിരുന്നു അവന്റെ വിശ്വാസം.  ഒടുവില്‍, ദേവന്മാരുടെ ദിവ്യശക്തികള്‍ ഒന്നുചേര്‍ന്ന് ദുര്‍ഗാദേവിയുടെ രൂപം കൈക്കൊണ്ടു. ഒന്‍പത് രാത്രികള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ പത്താം നാള്‍ ദേവി മഹിഷാസുരനെ വധിച്ചു.  ആ വിജയത്തിന്റെ ഓര്‍മയാണ് വിജയദശമി.  ഈ കഥ നമ്മെ ഓര്‍മിപ്പിക്കുന്നത് ഒരു വലിയ സത്യമാണ്.  തിന്മ എത്ര ശക്തമാണെന്ന് തോന്നിയാലും, നന്മയുടെ ശക്തി ഒരിക്കലും ചെറുതല്ല.  നമ്മുടെ ജീവിതത്തിലും ചില മഹിഷാസുരന്മാരുണ്ട്. ഭയം, നിരാശ, പരാജയം, അഹങ്കാരം, ആത്മവിശ്വാസമില്ലായ്മ... നമ്മളെ തോല്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്ന ശക്തികള്‍!  അവയെ കണ്ട് പിന്മാറരുത്. നിങ്ങളുടെ ഉള്ളിലെ ധൈര്യത്തെയും ആത്മവിശ്വാസത്തെയും ഉണര്‍ത്തുക. ഓരോ പ്രതിസന്ധിയെയും നേരിടാന്‍ നിങ്ങളില്‍ത്തന്നെ ഒരു ശക്തിയുണ്ട്. ഓര്‍ക്കുക, ഇരുട്ടിനെ പഴിച്ചുകൊണ്ടിരുന്നാല്‍ വെളിച്ചം വരില്ല. ഉള്ളിലെ വെളിച്ചം തെളിക്കുമ്പോഴാണ് ഇരുട്ട് വഴിമാറുന്നത്.  ഈ വിജയദശമിയില്‍ തിന്മയ്ക്കുമേല്‍ നന്മയും, ഭയത്തിനുമേല്‍ ധൈര്യവും, നിരാശയ്ക്കുമേല്‍ പ്രതീക്ഷയും വിജയിക്കട്ടെ.  നിങ്ങളിലെ ശക്തിയെ തിരിച്ചറിയൂ. നിങ്ങളുടെ വിജയത്തിലേക്കുള്ള പോരാട്ടം ഇന്ന് തന്നെ ആരംഭിക്കൂ!  - ശുഭദിനം.