സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് 10 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ , പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
മഴയോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ തിരുവനന്തപുരം വിതുരയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. ഇവിടെ നിരവധി വീടുകളിൽ വെള്ളം കയറി. മേഖലയിലെ രണ്ട് പാലങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തായ്ലൻഡ് കടലിടുക്കിലും ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിൻ്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ