വയനാട് MPയുടെ സെക്രട്ടറിയുടെ പേരിലെ വ്യാജ ഫോൺ കോൾ തട്ടിപ്പ്; നമ്പർ ഡൽഹി സ്വദേശിയുടേത്, അന്വേഷണം ഉത്തരേന്ത്യയിലേക്ക്

വയനാട് എം.പിയുടെ സെക്രട്ടറിയെന്ന വ്യാജേന യു.ഡി.എഫ് ജനപ്രതിനിധികളെ വിളിച്ച് പദവികളും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. തട്ടിപ്പിനായി ഉപയോഗിച്ച ഫോൺ നമ്പർ ഒരു ഡൽഹി സ്വദേശിയുടേതാണെന്ന് സൈബർ പൊലീസ് കണ്ടെത്തി.

പ്രതികളെ കണ്ടെത്താനായി കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഉത്തരേന്ത്യയിലേക്ക് തിരിച്ചു. സംഘടിത ഓൺലൈൻ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വയനാട് എം പിയുടെ യഥാർത്ഥ സെക്രട്ടറി ഡി.ജി.പിക്കും വയനാട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ സൈബർ പൊലീസ് വിഭാഗങ്ങൾ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. യു.ഡി.എഫ് ജനപ്രതിനിധികളെയും കോൺഗ്രസ് നേതാക്കളെയും ലക്ഷ്യമിട്ടാണ് തട്ടിപ്പ് സംഘം വലവീശിയത്. ഷാഫി പറമ്പിൽ എം.പി, ഡീൻ കുര്യാക്കോസ് എം.പി എന്നിവർക്ക് ഉന്നത പദവികൾ വാഗ്ദാനം ചെയ്ത് നേരത്തെ ഫോൺ കോളുകൾ എത്തിയിരുന്നു. എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണനാണ് തട്ടിപ്പ് സംഘത്തിന്റെ കോൾ ലഭിച്ചത്.