ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയർത്തണം: നിയമസഭയിൽ ആവശ്യവുമായി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.

 


സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. ജില്ലയിൽ ഗവ. മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങിയ സാഹചര്യത്തിൽ, വയനാടിന് പ്രത്യേകമായി ഒരു ജില്ലാ ആശുപത്രി ഇല്ലാത്തത് വലിയ പോരായ്മയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1930-ൽ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഈ ആശുപത്രിയിൽ, ജില്ലാ ആശുപത്രിയായി ഉയരാൻ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിലവിലുണ്ടെന്ന് എം.എൽ.എ വിശദീകരിച്ചു. 200-ലധികം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം, ഹൈടെക് മോർച്ചറി, ബ്ലഡ് ബാങ്ക്, ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബ്, അമ്മയും കുഞ്ഞും ആശുപത്രി, ഡയാലിസിസ് യൂണിറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഇവിടെ സജ്ജമാണ്. എന്നാൽ ആശുപത്രിയിൽ ജീവനക്കാരുടെ രൂക്ഷമായ ക്ഷാമം നിലനിൽക്കുന്നത് ചികിത്സയെ ബാധിക്കുന്നുണ്ട്. ഡോക്ടർമാർ മുതൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ വരെയുള്ള തസ്തികകൾ ഒഴിവുകിടക്കുകയാണെന്നും പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും നിയമനങ്ങൾ നടക്കാത്തത് ആശങ്കാജനകമാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.   ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തുന്നതിനുള്ള പ്രൊപ്പോസൽ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ലഭിച്ചിട്ടുണ്ടെന്നും, ഗ്യാപ് അനാലിസിസ് റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് പദവി ഉയർത്തുന്ന കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി നിയമസഭയിൽ മറുപടി നൽകി.