സേവനദാതാക്കള്‍ക്കുള്ള കുടിശിക മൂലം നെറ്റ്വര്‍ക്കിലുണ്ടായ തടസം പരിഹരിച്ച് വഴിയോരത്തെ എ.ഐ. ക്യാമറകള്‍ വഴിയുള്ള നിരീക്ഷണം വീണ്ടും സജീവമാകുന്നു.
ഒരാഴ്ചയായി വഴിയോര നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു പ്രചാരണം. എന്നാല്‍ ക്യാമറകള്‍ക്ക് കുഴപ്പം സംഭവിച്ചിട്ടില്ലെന്നും നെറ്റ് വര്‍ക്കിനാണ് തകരാറെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
നെറ്റ്വര്‍ക്ക് പൂര്വസ്ഥിതിയിലായാലുടന് ക്യാമറകള്‍ പകര്‍ത്തിയിട്ടുള്ള നിയമലംഘനങ്ങള്‍ ജില്ലാതല കണ്ട്രോള് റൂമിലേക്ക് എത്തും. ഇതോടെ നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങും. ഇന്ന് തന്നെ നെറ്റ്വര്‍ക്ക് പൂര്‍വസ്ഥിതിയിലാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ക്യാമറകള്‍ പ്രവര്‍ത്തനരഹിതമെന്ന ധാരണയില്‍ മനഃപൂര്‍വം നിയമം ലംഘിച്ചവരും ധാരാളമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മോട്ടര്‍ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി, ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ പ്രധാന കേന്ദ്രങ്ങളിലാണ് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ തിരുവനന്തപുരം സെന്‍ട്രല്‍ സെര്‍വര്‍ കണ്ട്രോള് റൂമില്‍ ശേഖരിച്ച ശേഷം ജില്ലാതല കണ്ട്രോള് റൂമിലേക്ക് കൈമാറും. വാഹന ഉടമകള്‍ക്ക് പിഴ അടയ്ക്കാനുള്ള നോട്ടീസ് തപാലില്‍ അയയ്ക്കും. വാഹനത്തിന്റെ ചിത്രം, തീയതി, സമയം, സ്ഥലം, നിയമ ലംഘനം എന്നിവയെല്ലാം വ്യക്തമാക്കിയാകും നോട്ടീസ്.
കെല്‍ട്രോണിനാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെയും തുടര്‍പ്രവര്‍ത്തനങ്ങളുടെയും ചുമതല. കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന ദാദാതാക്കളായ ജിയോയുടെ കര്‍ശന നിലപാടാണ് നിരത്തിലെ എ.ഐ ക്യാമറകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കാന്‍ കാരണം. 60 കോടിയിലധികം രൂപ കെല്‍ട്രോണ്‍ ജിയോക്ക് നല്‍കാനുണ്ട്.
ക്യാമറകളുടെ മേല്‍നോട്ടവും നടത്തിപ്പും കെല്‍ട്രോണിന് ആണെങ്കിലും ഇതിനുള്ള തുക സര്‍ക്കാരിന്റെ റോഡ് സുരക്ഷാ അതോറിറ്റിയില്‍നിന്നാണ് വരേണ്ടത്. ഇത് ലഭിക്കാതെ ലഭിക്കാതെ കുടിശിക വര്‍ധിച്ചതോടെയാണ് ജിയോ സേവനം നിര്‍ത്തിവച്ചത്. പ്രതിസന്ധിക്ക് ഇന്ന് പരിഹാരമുണ്ടാകുമെന്നാണു സൂചന.
ഓരോ ക്യാമറക്കും വൈദ്യുതിക്കായി സോളാര്‍ പാനല്‍ ആണ് ഉപയോഗിക്കുന്നത്. എയര്‍ ടെല്ലിന്റെ സേവനവും ഉണ്ടായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്തെ കേന്ദ്ര കണ്ട്രോള് റൂമും ക്യാമറകളും ജില്ലാ കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധമാണ് നിലച്ചിരിക്കുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ