പത്തനംതിട്ട കൂടലില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ വ്യാജ പരാതിയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച യുവാവ് നിയമനടപടിക്ക്. കൂടല്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് ഇരുപതുകാരന് പറഞ്ഞു. ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും ചൂരല്‍ ഉപയോഗിച്ച് കാല്പാദത്തില് അടിച്ചെന്ന് യുവാവ് പറഞ്ഞു. തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടും തന്റെ അനിയനെ പൊലീസ് കുറ്റക്കാരനാക്കാന്‍ ശ്രമിച്ചതായി ഇരുപതുകാരന്റെ സഹോദരന് പറഞ്ഞു.
തന്റെ കാല്‍വെള്ളയില്‍ വടികൊണ്ട് അടിച്ചുവെന്ന് യുവാവ് പറഞ്ഞു. കാലിന് മുകളില്‍ ബൂട്ടിട്ട് ചവിട്ടി. ചെവിയില്‍ പിടിച്ച് വലിച്ചു. മുടിയില്‍ പിടിച്ചു വലിച്ചു. രാവിലെ എണീക്കാന്‍ പോലും പറ്റിയില്ല. പിടിച്ചുകൊണ്ടുപോകുമ്പോള്‍ എന്താണ് കേസെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു – യുവാവ് പറഞ്ഞു.
ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചവരാണ് തങ്ങളെന്ന് യുവാവിന്റെ സഹോദരന് പറഞ്ഞു. അവനെ ഉപദ്രവിച്ചിട്ടുണ്ട്. ബൈപ്പാസിന്റെ സര്‍ജറി കഴിഞ്ഞതായിരുന്നു അവന്. ഒന്നും ചെയ്യല്ലേ എന്ന് കുറേ തവണ പറഞ്ഞതാണ്. അതൊന്നും കേള്‍ക്കാതെയായിരുന്നു ഉപദ്രവം – സഹോദരന് പറഞ്ഞു.
സംഭവത്തില്‍, കൂടല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധിക്കും.
13 വയസുകാരിയാ പെണ്‍കുട്ടിയെ 10 പേര് ചേര്‍ന്ന് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു ലഭിച്ചിരുന്ന പരാതി. ചൈല്‍ഡ് ലൈനിലും പൊലീസിലും പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞതോടെ പൊലീസ് രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് ബോധ്യപ്പെട്ടു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്നും വ്യക്തമായി. ഇതോടെ കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്തവരെ അടക്കം പൊലീസ് വിട്ടയച്ചു.
13കാരിയുടെ മൊഴി വീണ്ടുമെടുത്തപ്പോള്‍ പീഡനം നടന്നിട്ടില്ലെന്ന് പെണ്‍കുട്ടി സമ്മതിച്ചു. മജിസ്ട്രേറ്റിനോടും പൊലീസിനോടും ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞതോടെ പരാതി വ്യാജം എന്ന് തെളിഞ്ഞു. സഹപാഠിയോടുള്ള പ്രണയനൈരാശ്യമാണ് പരാതിക്ക് പിന്നിലെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതില്‍ കൂടുതല്‍ അന്വേഷണത്തിന്റെ കാര്യമില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. കേസ് അവസാനിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ