നെൽകൃഷി പദ്ധതികൾക്ക് കേന്ദ്ര ഇളവ്; കേരളത്തിന്റെ ആവശ്യങ്ങളിൽ അനുകൂല തീരുമാനം.


ന്യൂഡൽഹി: കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിന്റെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ലഭിച്ചതായി സംസ്ഥാന കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.

കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ നെല്ല്, അരി സംബന്ധമായ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കുള്ള 10 ശതമാനം ധനവിനിയോഗ പരിധിയിൽ കേരളത്തിന് പ്രത്യേക ഇളവ് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. ഇതോടെ നെൽകൃഷിക്കായി സംസ്ഥാനത്തിന് കൂടുതൽ തുക വിനിയോഗിക്കാൻ സാധിക്കും.

'പ്രഗതി' പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തുക, 'പെർ ഡ്രോപ്പ് മോർ ക്രോപ്പ്' പദ്ധതിയിൽ സംസ്ഥാനത്തിന്റെ വിഭാഗം പുനഃക്രമീകരിക്കുന്നത് പരിഗണിക്കുക, കാർഷിക പോർട്ടലായ 'കതിർ' കേന്ദ്രത്തിന്റെ അഗ്രിസ്റ്റാക്ക് ഡാറ്റാബേസുമായി ബന്ധിപ്പിക്കുക എന്നീ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചു.

പി.എം. കിസാൻ പദ്ധതിയിലെ കുടിശ്ശികയായ 12.14 കോടി രൂപ അനുവദിക്കുന്നതിലും നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഹോർട്ടികൾച്ചർ പദ്ധതിയിലെ 16.47 കോടി രൂപ അനുവദിക്കുമെന്നും ഉറപ്പ് നൽകി.

റബർ റോളറുകൾക്ക് കാർഷിക യന്ത്ര സബ്സിഡി, നാളികേര ഉൽപാദനക്ഷമത വർധിപ്പിക്കാൻ പ്രത്യേക പദ്ധതി, കുറ്റ്യാടി കോക്കനട്ട് ഇൻഡസ്ട്രിയൽ പാർക്ക്, കാർഷിക ഗവേഷണ കേന്ദ്രങ്ങളുടെ വികസനം എന്നിവയുൾപ്പെടെയുള്ള കേരളത്തിന്റെ ആവശ്യങ്ങളും കേന്ദ്രം പരിഗണിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.