2026 | ജൂലൈ 5, ഞായര്‍
1201 | മിഥുനം 21, ചതയം
1448 മുഹർറം 19
◾ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാക്കിയ പി.എസ് സിയിലെ നിയമന തട്ടിപ്പുകളും പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേടുകളും വിജിലന്‍സ് അന്വേഷിക്കും. രണ്ടു പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് മേധാവി മനോജ് ഏബ്രഹാം സര്‍ക്കാരിന്റെ അനുമതി തേടി. നിയമോപദേശത്തിനുശേഷം മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
◾ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കു നടപ്പാക്കിയ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ പുരോഗതിയും അതുമൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 13 ന് സ്വകാര്യ ബസ് ഉടമകളുമായി സര്‍ക്കാര്‍ പ്രത്യേക ചര്‍ച്ച നടത്തും.
◾ ബഹിരാകാശ പരീക്ഷണങ്ങള്‍ കുറഞ്ഞ ചെലവില്‍ നടത്തുന്നതിനായി ഐഎസ്ആര്‍ഒ പുതിയ ചെറു വിക്ഷേപണ വാഹനം വികസിപ്പിച്ചു. 'സോള്‍വ്' എന്ന് പേരിട്ടിരിക്കുന്ന ഈ റോക്കറ്റിന്റെ ആദ്യ ഭൂതല പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഗഗന്‍യാന്റെ പാരച്യൂട്ട് പരീക്ഷണങ്ങള്‍ അടക്കമുള്ള വിവിധ ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായാണ് ഈ ചെറു റോക്കറ്റ് പ്രധാനമായും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
◾ പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും. 3,59,890 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി. 81,375 സീറ്റുകള്‍ ഒഴിഞ്ഞുകിടപ്പുണ്ട്.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളെ തറയില്‍ കിടത്തുന്നത് ഒഴിവാക്കാന്‍ പനി അടക്കമുള്ള ജനറല്‍ മെഡിസിന്‍ രോഗികളെ 500 കിടക്കകളുള്ള പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആരോഗ്യം-ദേവസ്വം മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
◾ തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ സുഗതനു വധശ്രമക്കേസില്‍ ജാമ്യമില്ല. വീട്ടില്‍ കയറി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യമില്ല. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യഹര്‍ജി തള്ളിയത്.
◾ കോഴിക്കോട് കടത്തനാട് ലേബര്‍ സൊസൈറ്റി തട്ടിപ്പില്‍ മുന്‍ ഡിസിസി സെക്രട്ടറി സുധീര്‍ കുമാര്‍ അറസ്റ്റില്‍. മെയ് 29 ന് സുധീര്‍ കുമാറിന്റെ വീടിന്റെ മുന്നിലെത്തി നിക്ഷേപകനായ ഇബ്രാഹിം ഹാജി തീകൊളുത്തി ജീവനൊടുക്കിയിരുന്നു. രണ്ട് വര്‍ഷത്തിനിടെ 2,01,60,000 രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
◾ ടിനി ടോമിനെതിരായ പരാതിയില്‍ മൊഴി നല്‍കാനാകാതെ അന്‍സിബ ഹസന്‍ മടങ്ങി. പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് വൈകിട്ട് കടവന്ത്ര സ്റ്റേഷനിലെത്തിയ അന്‍സിബ മണിക്കൂറുകളോളം കാത്തുനിന്നിട്ടും മൊഴി രേഖപ്പെടുത്തിയില്ല. മൊഴിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ ഇല്ലാത്തതാണ് കാരണമെന്നാണ് പൊലീസ് നല്‍കിയ മറുപടി.
◾ തന്നെ അഴിമതിക്കാരനാക്കാന്‍ ശ്രമമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി കൊടുത്തത് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾ എം ടി വാസുദേവന്‍ നായരുടെ ആദ്യ ഭാര്യയെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാക്കള്‍ക്ക് സമന്‍സ് അയക്കാന്‍ ഉത്തരവ്. 'എംറ്റി സ്പെയ്സ്: ബാഷ്പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്‌കത്തിന്റെ രചയിതാക്കളായ ദീദി ദാമോദരന്‍, എച്ച്മുക്കുട്ടി എന്നിവര്‍ക്കും പ്രസാധകനായ എ.വി. ശ്രീകുമാറിനും സമന്‍സ് അയക്കാനാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടത്.
◾ വീട്ടില്‍ നട്ടുവളര്‍ത്തിയ ചന്ദനമരത്തിന്റെ പണം ഒരു വര്‍ഷമായിട്ടും ലഭിച്ചില്ലെന്ന കര്‍ഷകന്‍ അട്ടപ്പാടി സ്വദേശി ബെന്നി ലൂക്കയുടെ പരാതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഒമ്മല ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ വി എ സതീഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മണ്ണാര്‍ക്കാട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസിലെത്തി കര്‍ഷകന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത് വാര്‍ത്തയായതോടെയാണ് വനംവകുപ്പ് നടപടിയെടുത്തത്. ചന്ദനമരം വീണാല്‍ ഏറ്റെടുക്കുന്ന വനംവകുപ്പ് 50 ശതമാനം തുക മുന്‍കൂറായി നല്‍കണമെന്നാണ് ചട്ടം.
◾ കാലിക്കറ്റ് സര്‍വകലാശാല ഫിസിക്കല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ റാഗിങ് വിരുദ്ധ നടപടിയുമായി വൈസ് ചാന്‍സലര്‍. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ പി. അഭിജിത്ത്, ശ്രീഹരി, അബനീഷ് ചക്രവര്‍ത്തി, അര്‍ജുന്‍ എന്നിവരെയാണ് പത്തു ദിവസത്തേക്ക് സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
◾ യുവാവിനെ അന്യായമായി തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ കൊരട്ടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം സ്വദേശിയായ വിനുകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വെസ്റ്റ് കൊരട്ടി കണ്ടന്‍കാവില്‍ വീട്ടില്‍ ഉദയകുമാറിന്റെ മകന്‍ സിദ്ധാര്‍ഥ് (22) നല്‍കിയ പരാതിയിലാണ് നടപടി.
◾ കോട്ടയം മെഡിക്കല്‍ കോളേജ് യൂണിയന്‍ പിടിച്ച് കെഎസ്യു. ചെയര്‍മാന്‍, ജനറല്‍സെക്രട്ടറി അടക്കം പ്രധാന സീറ്റുകളാണ് കെഎസ്യു നേടിയത്. കോട്ടയം ഫാര്‍മസി കോളേജ് യൂണിയനും കെഎസ്യു നേടി.
◾ കൊല്ലത്ത് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ പട്ടാപ്പകല്‍ കവര്‍ച്ച. നന്ദാവനം എ ആര്‍ ക്യാമ്പിലെ സിപിഒ ആയ മുബാറക്കിന്റെ ക്വാര്‍ട്ടേഴ്‌സില്‍ പ്രതി വാതിലും അലമാരയും പൊളിച്ച് അഞ്ചര പവന്‍ സ്വര്‍ണം മോഷ്ടിച്ചു.
◾ കൊല്ലം മടത്തറയില്‍ ബെവ്‌കോ മദ്യശാലയിലെ മാനേജരെ മര്‍ദിച്ച കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. നിലമേല്‍ കൈതോട് സ്വദേശികളായ മര്‍ജാന്‍, നാദിര്‍, അമല്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ മദ്യപിച്ചു സ്ത്രീ ജീവനക്കാര്‍ മാത്രമുള്ള പ്രീമിയം കൗണ്ടറില്‍ മദ്യം വാങ്ങാന്‍ എത്തി ജീവനക്കാരിയെ ശല്യം ചെയ്തതു മാനേജര്‍ വിനോദ് ചോദ്യം ചെയ്ത് യുവാക്കളെ ഷോപ്പില്‍ നിന്ന് ഇറക്കി വിട്ടിരുന്നു. ഈ വൈരാഗ്യത്തിലാണ് ഷോപ്പില്‍ നിന്ന് പുറത്തിറങ്ങിയ മാനേജറെ പ്രതികള്‍ കാത്തു നിന്ന് മര്‍ദ്ദിച്ചത്.
◾ സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് വഴി പുതിയ സൈബര്‍ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നു. വിശ്വസ്തരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകളില്‍ നിന്ന് 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' എന്ന പേരില്‍ വരുന്ന ഫയലുകള്‍ തുറക്കുന്നതിലൂടെ കമ്പ്യൂട്ടറിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ കൈക്കലാക്കുകയും പണം തട്ടുകയും ചെയ്യുന്നു.
◾ പത്തനംതിട്ടയില്‍ 13 വയസുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത ആറുപേരെയും പോലീസ് താല്‍ക്കാലികമായി വിട്ടയച്ചു. മൊഴിയും സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
◾ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 21-കാരന്‍ പൊലീസ് പിടിയില്‍. കാഞ്ഞാവെളി വളവില്‍ മേലതില്‍ സ്വദേശി ആദിത്യനെയാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. കരുവാ സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡനത്തിനിരയായത്.
◾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന 47 ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഫണ്ടമെന്റല്‍ റൂള്‍ പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്ട്രേഷന്റെ ഈ അടിയന്തര നടപടി. വിവിധ ദ്വീപുകളിലെ 37 മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് , 6 അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് , 3 ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് , ഒരു സ്റ്റെനോഗ്രാഫര്‍ എന്നിവരുള്‍പ്പെടെയുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഈ വര്‍ഷത്തെ രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണിത്.
◾ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ആഗോള പ്രതിസന്ധിയെ ഇന്ത്യ വിജയകരമായി നേരിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ബലോത്രയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളുമായി ഇന്ത്യ പുലര്‍ത്തുന്ന ശക്തമായ നയതന്ത്ര ബന്ധത്തിന്റെ കരുത്തിലാണ് രാജ്യത്ത് ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനായത്. പ്രതിസന്ധിക്കാലത്ത് അഭ്യൂഹങ്ങള്‍ പരത്തി രാഷ്ട്രീയം കളിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും മോദി പറഞ്ഞു.
◾ ജൂലൈ എട്ടിന് ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം നടത്താനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ വധഭീഷണി സന്ദേശം. ഓണ്‍ലൈന്‍ വഴിയാണ് വധഭീഷണി വന്നതെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
◾ ജമ്മു കശ്മീരിലെ സര്‍ക്കാര്‍ സ്‌കൂള്‍ ലൈബ്രറികളില്‍ നല്‍കുന്ന പുസ്തകത്തില്‍ ഭീകരവാദികളെയും വിഘടനവാദി നേതാക്കളെയും മഹത്വവല്‍ക്കരിക്കുന്നതായി പരാതി. ഇതേത്തുടര്‍ന്ന് പുസ്തകം നിരോധിക്കണമെന്നും ഉന്നതതല അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി ബിജെപി രംഗത്തെത്തി.. പേഴ്സണാലിറ്റീസ് ആന്‍ഡ് ലെജന്‍ഡ്സ് ഓഫ് ജെ ആന്‍ഡ് കെ' എന്ന പുസ്തകമാണ് ഇപ്പോള്‍ വിവാദത്തിലായത്. ജെകെഎല്‍എഫ് ഭീകരനായ മഖ്ബൂല്‍ ഭട്ടിനെ രക്തസാക്ഷി എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നാണ് ആരോപണം.
◾ ഭോപ്പാലിലെ പ്രമുഖ സാങ്കേതിക സര്‍വകലാശാലയായ രാജീവ് ഗാന്ധി പ്രൗദ്യോഗികി വിശ്വവിദ്യാലയത്തില്‍ പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ചോദ്യപ്പേപ്പര്‍ മോഷണം പോയി. സര്‍വകലാശാലയുടെ 'സ്‌കൂള്‍ ഓഫ് ബയോടെക്നോളജി' വിഭാഗത്തിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ നാലാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ പരീക്ഷ അവസാന നിമിഷം റദ്ദാക്കി.
◾ ടെലിഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന് പാസ്പോര്‍ട്ട് ലഭിച്ചു. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് ചൂണ്ടിക്കാട്ടി പാസ്പോര്‍ട്ട് നിഷേധിച്ചുവെന്ന 'ദ് ടെലഗ്രാഫ്' മുന്‍ എഡിറ്റര്‍ ആര്‍.രാജഗോപാലിന്റെ വെളിപ്പെടുത്തല്‍ ദേശീയതലത്തില്‍ വിവാദമായിരുന്നു.
◾ രാജ്യത്തെ ദേശസാത്കൃത ബാങ്കുകളിലേക്ക് മാനേജുമെന്റ് ട്രെയിനി, പ്രൊബേഷണറി ഓഫീസര്‍ തസ്തികകളിലേക്ക് ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു. 6,715 ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21.
◾ ഫോസില്‍ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡീസലില്‍ 15 ശതമാനം വരെ ഐസോബ്യൂട്ടനോള്‍ ചേര്‍ക്കാന്‍ ഇന്ത്യ തയാറെടുക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. എഥനോള്‍ നേരിട്ട് ഡീസലില്‍ ചേര്‍ക്കാന്‍ സാധിക്കില്ലെന്ന സാങ്കേതിക തടസ്സം ഉള്ളതിനാലാണ് എഥനോളില്‍ നിന്നും ഐസോബ്യൂട്ടനോള്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത്.
◾ ഒടിടി കണ്ടന്റുകളുടെ അമിതമായ പ്രചാരണത്തിനെതിരെ ടെലഗ്രാമിന് നോട്ടീസ് നല്‍കി കേന്ദ്രസര്‍ക്കാര്‍. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.
◾ രാജ്യത്ത് സിബിഎസ്ഇ സ്‌കൂളുകള്‍ തുടങ്ങുന്നതിനുള്ള നിബന്ധനകളില്‍ ഇളവുകള്‍ വരുത്താനൊരുങ്ങി സിബിഎസ്ഇ. സ്വകാര്യ കമ്പനികള്‍ക്ക് നേരിട്ട് സ്‌കൂളുകള്‍ നടത്താനുള്ള നിയന്ത്രണം പിന്‍വലിച്ചേക്കും.
◾ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാള്‍ സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ച് വിമതര്‍ക്കൊപ്പം ചേര്‍ന്നു. മമതയുടെ അടുത്ത അനുയായിയും മുന്‍ മന്ത്രിയുമാണ് ചന്ദ്രിമ ഭട്ടാചാര്യ.
◾ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയില്‍ ടെഹ്‌റാനിലെ ഗ്രാന്‍ഡ് മൊസല്ല മോസ്‌കിലേക്ക് ഒഴുകിയെത്തിയത് ജനസാഗരം. ജനങ്ങള്‍ സ്വമേധയാ എത്തിയതല്ല, ഭരണകൂടത്തിന്റെ സമ്മര്‍ദംമൂലം എത്തിച്ചതാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഖമനേയിക്കെതിരെ മാസങ്ങള്‍ക്ക് മുമ്പ് വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
◾ ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകളെക്കുറിച്ച് വന്‍ വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംസ്‌കാര ചടങ്ങുകള്‍ക്കായി ഇറാന്റെ മുഴുവന്‍ ഉന്നതരും ഒത്തുകൂടിയതിനെ പരാമര്‍ശിച്ചാണ് വിവാദ പരാമര്‍ശം. 'അവരെല്ലാവരും അവിടെയുണ്ട്. ഒരൊറ്റ ഷോട്ട്... നമുക്ക് അവരെയെല്ലാം ഒരുമിച്ച് ഇല്ലാതാക്കാന്‍ കഴിയും' എന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന.
◾ സൗദി അറേബ്യയുടെയും ഇസ്രായേലിന്റെയും യുദ്ധവിമാനങ്ങള്‍ യെമന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് ഇറാനില്‍ നിന്നുള്ള യാത്രാവിമാനം തടയാന്‍ ശ്രമിച്ചെന്ന് ഹൂതി വിമതര്‍. വിമാനത്താവള ഉപരോധം മറികടന്നാണ് ഇറാന്‍ വിമാനം യെമനില്‍ ഇറങ്ങിയതെന്നും ഹൂതി വിമതരുടെ വക്താവ് അവകാശപ്പെട്ടു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍നിന്നു പരിക്കേറ്റവരും രോഗികളുമായ 200-ലധികം യെമന്‍ പൗരന്മാരുമായി സനായിലേക്ക് വരികയായിരുന്ന സിവില്‍ വിമാനത്തെയാണ് സൗദി വിമാനങ്ങള്‍ തടയാന്‍ ശ്രമിച്ചത്.
◾ ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ഒമാന്‍ തീരത്തുനിന്നും എട്ടോളം കപ്പലുകള്‍ യു-ടേണ്‍ എടുത്ത് മടങ്ങി. ഈ ജലപാതയില്‍ അധികാരം ഉറപ്പിക്കാന്‍ ഇറാന്‍ ശക്തമായ നിലപാട് സ്വീകരിച്ചതാണ് പുതിയ പ്രതിസന്ധിക്കു കാരണം. ഒമാന്‍ തീരത്തെ പാത ഉപേക്ഷിച്ച ചില കപ്പലുകള്‍ ഇറാന്റെ തീരത്തോട് ചേര്‍ന്നുള്ള നിയമാനുസൃത പാതയിലേക്ക് വഴിമാറിയാണ് യാത്ര തുടര്‍ന്നത്.
◾ മാലിയിലെ രണ്ട് പ്രധാന സൈനിക കേന്ദ്രങ്ങളിലേക്ക് വിമതസഖ്യം ആക്രമണം നടത്തി. വടക്കന്‍ നഗരമായ ഗാവോ, മധ്യ മാലിയിലെ ബൗള്‍കെസി എന്നിവിടങ്ങളിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. നഗരത്തില്‍ മാലി സൈനികര്‍ക്കൊപ്പം റഷ്യന്‍ അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.
◾ അമേരിക്കയുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്ന ഇറാന്റെ നയതന്ത്രപ്രതിനിധികളെ ഇസ്രായേല്‍ വധിക്കാന്‍ പദ്ധതിയിടുന്നതായി അമേരിക്ക ഇറാന് രഹസ്യ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം നടന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ഇടനിലക്കാര്‍ വഴി അമേരിക്ക ഈ വിവരം ഇറാനെ അറിയിച്ചത്.
◾ ചൈനീസ് കോടീശ്വരന്‍ ഗുവോ വെംഗൂയിക്ക് ക്രിപ്‌റ്റോ നിക്ഷേപ തട്ടിപ്പ് കേസില്‍ 30 വര്‍ഷം കഠിനതടവ്. നൂറു കോടി ഡോളറിന്റെ നിക്ഷേപ തട്ടിപ്പ് കേസില്‍ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയാണ് വിധി പറഞ്ഞത്.
◾ വാഷിംഗ്ടണിലെ പ്രശസ്തമായ ലിങ്കണ്‍ മെമ്മോറിയലിന് മുന്നിലുള്ള റിഫ്‌ലക്റ്റിംഗ് പൂള്‍ നശിപ്പിച്ചെന്ന ആരോപണത്തില്‍ മുന്‍ ഒളിമ്പ്യന്‍ ഡേവിഡ് ഹേണിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വാഷിംഗ്ടണ്‍ ഡിസി സുപ്പീരിയര്‍ കോടതിയിലാണ് കുറ്റപത്രം ഫയല്‍ ചെയ്തത്. ആയിരം ഡോളറിലധികം മൂല്യമുള്ള പൊതുമുതല്‍ നശിപ്പിച്ചു എന്ന ഗുരുതരമായ കുറ്റമാണ് ചുമത്തിയത്.
◾ ഇന്ത്യയെ തകര്‍ത്ത് രണ്ടാം ടി20 യില്‍ ഇംഗ്ലണ്ടിന് ജയം. 191 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ജേക്കബ് ബെതലിന്റെ മിന്നും പ്രകടനമാണ് തുണയായത്. 46 ബോളില്‍ 76 റണ്‍സാണ് ജേക്കബ് ബെതല്‍ നേടിയത്. ടോം ബാന്റന്‍ മുപ്പത്തിരണ്ട് ബോളുകളില്‍ 39 റണ്‍സും ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് പതിനഞ്ച് ബോളില്‍ 39 റണ്‍സുമാണ് നേടിയത്. അര്‍ഷ്ദീപ് സിംഗിന്റെ മൂന്ന് വിക്കറ്റ് നേട്ടവും ഇന്ത്യയ്ക്ക് തുണയായില്ല. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 190 റണ്‍സ് നേടിയത്. 49 റണ്‍സ് നേടിയ ഇഷാന്‍ കിഷനുും 43 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. വൈഭവ് സൂര്യവംശിക്കു പത്ത് ബോളുകളില്‍ 2 സിക്സറുകളടക്കം 14 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.
◾ ആതിഥേയരായ കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കു തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. ഔനാഹിക്ക് ഇരട്ടഗോള്‍. അന്‍പതാം മിനിറ്റിലും എണ്‍പത്തിരണ്ടാം മിനിറ്റിലുമാണ് ഔനാഹി പന്ത് വലയിലെത്തിച്ചപ്പോള്‍ കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ സോഫിയാന്‍ റഹിമി മൊറോക്കോയുടെ ഗോള്‍ നില മൂന്നിലെത്തിച്ചു.
◾ എതിരില്ലാത്ത ഒരു ഗോളിന് പ്രീക്വാര്‍ട്ടറില്‍ പരാഗ്വായെ കീഴടക്കി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. എഴുപതാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെക്ക് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ഫ്രഞ്ച് പട പരാഗ്വയെ തോല്‍പിച്ചത്. ഇതോടെ ഈ ലോകകപ്പില്‍ ഏഴു ഗോളുകള്‍ നേടിയ എംബാപ്പെക്ക് ഗോള്‍ഡന്‍ ബൂട്ട് റേസില്‍ മെസ്സിക്കൊപ്പമെത്താനും സാധിച്ചു.
◾ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് അയവു വന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയില്‍ വന്‍ വര്‍ധന. ജൂണ്‍ മാസത്തില്‍ പ്രതിദിനം 10 മില്യണ്‍ ബാരലിലധികം ക്രൂഡ് ഓയിലാണ് ഗള്‍ഫ് മേഖലയില്‍ നിന്ന് കയറ്റുമതി ചെയ്തത്. മേയ് മാസത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 3 മില്യണ്‍ ബാരലിലധികം വര്‍ധന രേഖപ്പെടുത്തി. എന്നിരുന്നാലും യുദ്ധത്തിന് മുന്‍പുള്ള ശരാശരിയേക്കാള്‍ 40 ശതമാനം കുറവാണ് ഇപ്പോഴത്തെ കയറ്റുമതി. ജൂണില്‍ യുഎഇയുടെ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡായ 3.7-3.8 മില്യണ്‍ ബാരലില്‍ എത്തി. മേയ് മാസത്തേക്കാള്‍ ഒരു മില്യണ്‍ ബാരലിലധികം അധികമാണിത്. സൗദി അറേബ്യയുടെ ജൂണിലെ കയറ്റുമതി 7,68,000 ബാരല്‍ വര്‍ധിച്ച് പ്രതിദിനം 4.52 മില്യണ്‍ ബാരലിലെത്തി. ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ കയറ്റുമതി 8,00,000 ബാരല്‍ വീതമായി ഉയര്‍ന്നു. കുവൈറ്റ് തങ്ങളുടെ ഉത്പാദനം ജൂണില്‍ 1.65 മില്യണ്‍ ബാരലായി കുത്തനെ കൂട്ടിയിട്ടുണ്ട്. യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ ഇളവ് വന്നതോടെ ഇറാന്റെ കയറ്റുമതിയില്‍ 70 ശതമാനത്തിലധികം വര്‍ധനവുണ്ടായി.
◾ മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് വീണ്ടും കുരുക്ക്. പകര്‍പ്പവകാശമുള്ള സിനിമകള്‍, ഒടിടി ഉള്ളടക്കങ്ങള്‍, മറ്റ് ഓഡിയോ-വിഷ്വല്‍ മെറ്റീരിയലുകള്‍ എന്നിവ വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ 15 ദിവസത്തിനകം നടപടിയെടുക്കേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ ടെലഗ്രാമിന് ഇതുസംബന്ധിച്ച നോട്ടീസ് നല്‍കി. ഇന്ത്യയുടെ സിനിമാ വ്യവസായം, ഒടിടി പ്ലാറ്റ്ഫോമുകള്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, ബ്രോഡ്കാസ്റ്റര്‍മാര്‍ തുടങ്ങിയവരെ സംരക്ഷിക്കുന്നതിനാണ് കേന്ദ്ര നടപടി. ആവര്‍ത്തിച്ച് നിയമലംഘനം നടത്തുന്ന ചാനലുകള്‍, ഗ്രൂപ്പുകള്‍, ബോട്ടുകള്‍, അക്കൗണ്ടുകള്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കാനും ടെലഗ്രാമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നോട്ടീസിന്മേല്‍ നടപടി സ്വീകരിച്ചത് സംബന്ധിച്ച റിപ്പോര്‍ട്ട് ടെലഗ്രാം 15 ദിവസത്തിനകം സമര്‍പ്പിക്കണം. പകര്‍പ്പവകാശമുള്ള ഉള്ളടക്കം ഉള്‍ക്കൊള്ളുന്ന 3,000-ല്‍ അധികം ടെലഗ്രാം ചാനലുകള്‍ക്കെതിരെ നേരത്തെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.
◾ ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏഴ് പ്രമുഖ സ്റ്റണ്ട് മാസ്റ്റര്‍മാരായ സ്റ്റണ്ട് സില്‍വ, കലൈ കിംഗ്സണ്‍, ഫീനിക്സ് പ്രഭു, രാജശേഖരന്‍ മാസ്റ്റര്‍, തവസി രാജ്, മാഫിയ ശശി, ജാക്കി ജോണ്‍സണ്‍ എന്നിവര്‍ ഒന്നിച്ച് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്ന ചിത്രമാണ് ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്'. ഓരോ സ്റ്റണ്ട് മാസ്റ്ററും തങ്ങളുടെ പ്രത്യേകതകളിലൂടെ രംഗങ്ങളെ സമ്പന്നമാക്കുന്നു. സ്റ്റണ്ട് സില്‍വയുടെ ആധുനിക ആക്ഷന്‍ ഡിസൈന്‍, മാഫിയ ശശിയുടെ റിയലിസ്റ്റിക് ഫൈറ്റ് സീക്വന്‍സുകള്‍, രാജശേഖര്‍ മാസ്റ്ററുടെ ക്ലാസിക് സ്റ്റണ്ട് ശൈലി, തവസ്സി മാസ്റ്ററുടെ കൃത്യത, ഫീനിക്സ് പ്രഭുവിന്റെ സൃഷ്ടിപരമായ സമീപനം, കലൈ കിംഗ്സന്റെ സ്റ്റൈലിഷ് കൊറിയോഗ്രഫി, ജാക്കി ജോണ്‍സന്റെ സൂക്ഷ്മമായ ആക്ഷന്‍ രൂപകല്‍പ്പന എന്നിവ ഒന്നുചേര്‍ന്ന് വരവ് എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നു. ഹൈറേഞ്ച് മേഖലയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ഈ സ്റ്റണ്ട്മാസ്റ്റര്‍ കൂട്ടായ്മയുടെ മാസ്സ് ആക്ഷനുകള്‍ ആസ്വദിക്കാം. വോള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ 16ന് തീയറ്ററുകളില്‍ എത്തും.
◾ വിവാദങ്ങളും വന്‍ വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ന്നെങ്കിലും തെലുങ്ക് സൂപ്പര്‍ താരം റാം ചരണ്‍ നായകനായെത്തിയ 'പെദ്ദി' ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് വിജയമാണ് സ്വന്തമാക്കിയത്. ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 400 കോടി കടന്നു എന്നാണ് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ജൂലൈ 9 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. റാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിച്ചത്. ശിവരാജ് കുമാറും താരനിരയിലുണ്ട്. ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആണ് നായിക. ദിവ്യേന്ദു ശര്‍മ, ജഗപതി ബാബു, ബോമന്‍ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ ക്രെറ്റ ഇലക്ട്രിക്കിന് ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) സംവിധാനം ആരംഭിച്ച് ഹ്യുണ്ടായി. ബാസ് പദ്ധതിയിലൂടെ 10.99 ലക്ഷം രൂപയ്ക്ക് ക്രെറ്റ ഇലക്ട്രിക് സ്വന്തമാക്കാന്‍ സാധിക്കും. ബാസ് പദ്ധതിയില്‍ ക്രെറ്റ ഇലക്ട്രിക് വാങ്ങുന്നവര്‍ക്ക് കിലോ മീറ്ററിന് 3.90 പൈസ നിരക്കിലായിരിക്കും ബാറ്ററിയുടെ വാടക ഈടാക്കുക. 18.03 ലക്ഷം രൂപ മുതല്‍ 24.70 ലക്ഷം രൂപ വരെയായിരുന്നു ക്രെറ്റ ഇലക്ട്രിക്കിന്റെ എക്‌സ്‌ഷോറൂം വില. ഈ വിലയിലാണ് ഏഴ് ലക്ഷം രൂപയോളം കുറവ് ഉണ്ടായിരിക്കുന്നത്. ക്രെറ്റ ഇവിയുടെ വശങ്ങളില്‍ ഫുട്ട് സ്റ്റെപ്പും പുതിയതായി നല്‍കിയിട്ടുണ്ട്. എച്ച്‌സി വേരിയന്റിനൊപ്പം 7.4 കിലോവാട്ട് ചാര്‍ജറും നല്‍കുന്നുണ്ട്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ക്രെറ്റ ഇവി എത്തുന്നത്. 42 കിലോവാട്ട് ബാറ്ററി പാക്ക് ഒറ്റ ചാര്‍ജിങില്‍ 390 കിലോ മീറ്ററാണ് റേഞ്ച് നല്‍കുന്നത്. 51.4 കിലോ വാട്ടിന്റെ ബാറ്ററി പാക്ക് 473 കിലോ മീറ്റര്‍ റേഞ്ചും നല്‍കും. 10-80 ശതമാനം ചാര്‍ജാകാന്‍ വേണ്ടത് വെറും 58 മിനിറ്റ് മാത്രം.
◾ പൊണ്ണത്തടിയന്‍, ഉണ്ടപ്പക്രു, തക്കിടി മുണ്ടന്‍... ഇഷാന് പലതുണ്ട് വിളിപ്പേരുകള്‍. പരീക്ഷക്കു കോപ്പിയടിച്ചും ബാസ്‌ക്കറ്റ് ബോളുകള്‍ 'കില്‍' ചെയ്തും, ഫ്ളാറ്റില്‍, സെക്യൂരിറ്റി ക്യാബിനില്‍ ഗുണ്ടുസ്ഫോടനം നടത്തിയും ഒക്കെ അവന്റെ ദിവസങ്ങള്‍ ''സമാധാനപരമായി' നീങ്ങുമ്പോള്‍ ആയിരുന്നു ആ അന്ത്യശാസനം: മിഡ്ടേം എക്സാമില്‍ തോറ്റാല്‍ സ്‌കൂളിനു പുറത്ത്! 'കടുവ' പ്രിന്‍സിപ്പലിന്റെ 'ലാസ്റ്റ് ചാന്‍സ്' മുരള്‍ച്ചയില്‍ വിരണ്ടുപോയ ഇഷാന് അവിചാരിതമായി ഒരു കൂട്ടു കിട്ടി ബിലിമ്പി! പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നാണ് ബിലിമ്പിയുടെ വരവ്; ഭൂമിയില്‍ ആര്‍ക്കും അറിയാത്ത ഒരു രഹസ്യം കൈമാറുവാനായി. പരീക്ഷാപേപ്പറിലെ ആനമുട്ടയില്‍നിന്നു മാത്രമാകില്ല ഇഷാനെ ആ രഹസ്യം രക്ഷിക്കുക... വിസ്മയങ്ങളുടെ ഗാലക്സിയിലേക്ക്, നിഗൂഢതകളുടെ താരാപഥത്തിലേക്ക് ഒരു ആകാശപേടകയാത്രയാണ് ഈ നോവല്‍. 'ഇഷാന്‍ 7ബി'. അനീഷ് ഫ്രാന്‍സിസ്. എച്ച്ആന്‍ഡ്സി ബുക്സ്. വില 250 രൂപ.
◾ അണുബാധകളെ ചെറുക്കുന്നതിന് പുറമേ, ആവി പിടിക്കുന്നത് നമ്മുടെ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ബയോഇന്‍ഫര്‍മേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു. നീരാവിയില്‍ നിന്നുള്ള ചൂട് വായുമാര്‍ഗങ്ങളെ ശുദ്ധീകരിക്കുന്നു. സൈനസു പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് സ്റ്റീം തെറാപ്പി വളരെ ഫലപ്രദമാണ്. ലിംഫറ്റിക് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെ ഇത് രോഗപ്രതിരോധ പ്രതികരണവും വര്‍ധിപ്പിക്കുന്നു. എന്നാല്‍ അമിതമായാല്‍ ആവിയും ആരോഗ്യത്തിന് ദോഷം ചെയ്യാം. അമിതമായി ആവി പിടിക്കുന്നത് കഫം പാളികളെ പ്രകോപിപ്പിക്കുകയും ആസ്ത്മ പോലുള്ളവയെ ട്രിഗര്‍ ചെയ്യുന്ന അപൂര്‍വ സാഹചര്യം ഉണ്ടാകാം. ചിലപ്പോള്‍ ആവി പിടിക്കുന്നത്, അണുബാധ കൂടുതല്‍ വഷളാക്കാം. ഇത് ശരീരത്തിന്റെ സ്വാഭാവിക മ്യൂക്കസ് ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും ശ്വസനനാളിയെ അണുബാധയ്ക്ക് ഇരയാക്കുകയും ചെയ്യും. ആസ്ത്മ, ന്യുമോണിയ പോലുള്ളവ കഠിനമായ ശ്വസന പ്രശ്നങ്ങള്‍ ഉള്ളവര്‍, രക്തസ്രാവ പ്രശ്നങ്ങള്‍ ഉള്ളവര്‍ ആവി പിടിക്കരുത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മൂക്കില്‍ നിന്ന് രക്തസ്രാവം എന്നിവയുള്ളവരും ആവി പിടിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.അതുപോലെ തിളച്ച വെള്ളം അപകടമായതു കൊണ്ട് തന്നെ സുരക്ഷിതമായ അകലത്തില്‍ വെച്ചുവേണം ആവി പിടിക്കാന്‍. 12-18 ഇഞ്ച് അകലത്തില്‍ വെച്ച് ഒരു പുതപ്പുകൊണ്ട് മൂടി ആവി പിടിക്കാവുന്നതാണ്. അണുബാധയുടെ തീവ്രത അനുസരിച്ച് ദിവസത്തില്‍ രണ്ടോ മൂന്നോ തവണ 10 മിനിറ്റ് വീതം ആവി പിടിക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
തടാകത്തില്‍ വെള്ളം കുടിക്കാനിറങ്ങിയ ആട്ടിന്‍കുട്ടിയെ തടഞ്ഞ് മാന്‍ ആട്ടിന്‍കുട്ടിയെയും കൂട്ടി മറ്റൊരു സ്ഥലത്തേക്ക് പോകുന്നത് കണ്ടു. ഇതുകണ്ട കുറുക്കന്‍ ആട്ടിന്‍കുട്ടിയുടെ അമ്മയെ വിവരമറിയിച്ചു. ആട്ടിന്‍കുട്ടിയുടെ അമ്മ സിംഹത്തിന്റെ അടുത്തെത്തി മാന്‍ തന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം അറിയിച്ചു. അന്വേഷണത്തിനിറങ്ങിയ സിംഹം അരുവില്‍ വെള്ളം കുടിച്ചു നില്‍ക്കുന്ന മാനിനേയും ആട്ടിന്‍കുട്ടിയേയും കണ്ടു. സിംഹത്തെ കണ്ടപ്പോള്‍ മാനിന് കാര്യം മനസ്സിലായി. മാന്‍ പറഞ്ഞു: എന്നെ കൊല്ലരുത്, ആട്ടിന്‍കുട്ടിആദ്യം വെള്ളം കുടിച്ച തടാകത്തില്‍ ഒരു പാമ്പ് ചത്ത് കിടക്കുന്നത് കണ്ടു. ചിലപ്പോള്‍ അതില്‍ വിഷാംശം കണ്ടേക്കാം. അതുകൊണ്ടാണ് ഞാന്‍ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇത് കേട്ട് അമ്മയാട് നിശബ്ദയായി.. മുന്‍വിധികള്‍ക്ക് ഇരയാക്കപ്പെടുന്നവരെല്ലാം തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലാത്ത കാര്യങ്ങളുടെ പേരിലായിരിക്കും അപമാനിക്കപ്പെടുന്നത്. ഓരാളുടെ ജീവിതത്തെക്കുറിച്ചോ അയാളുടെ ചുവടുവെയ്പകളെക്കുറിച്ചോ മറ്റൊരാള്‍ക്കും പൂര്‍ണ്ണമായി മനസ്സിലാക്കാനാവില്ല. മുന്‍വിധികള്‍ അപകടകരമാകുന്നത് പല കാരണങ്ങളാലാണ്. ആരുടെയെങ്കിലുമൊക്കെ അബദ്ധധാരണകളില്‍ നിന്നോ പ്രതികാരബുദ്ധിയില്‍ നിന്നോ രൂപപ്പെട്ടതാകും അവ. അവയ്ക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലും ഉണ്ടാകില്ല. സ്വന്തം അനുഭവങ്ങളില്‍ നിന്നാണ് എല്ലാവരും വിധിന്യായങ്ങള്‍ രൂപപ്പെടുത്തുന്നത്. എത്ര ചുരുങ്ങിയതാണോ ജീവിതാനുഭവങ്ങള്‍, അത്രയും ഇടുങ്ങിയതായിരിക്കും ഉടലെടുക്കുന്ന അഭിപ്രായങ്ങള്‍. മറ്റൊരാളെകുറിച്ച് വിധി പറയുന്നതിന് മുമ്പ് അതില്‍ സത്യത്തിന്റെ അംശം എത്രത്തോളമുണ്ടെന്ന് സ്വയം ചിന്തിക്കാം - ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ