സിയയ്ക്ക് മറ്റൊരു ബന്ധമുണ്ടോ?’ ചേതനുമായുള്ള ബന്ധത്തിൽ കേദൻ സംശയം പ്രകടിപ്പിച്ചിരുന്നതായി പിതാവ്.



പുണെ: പുണെയിലെ യുവ വ്യവസായിയായ കേദൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എഫ്ഐആറിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്റെ പ്രതിശ്രുതവധുവായ സിയ ഗോയലിന് ചേതൻ ചൗധരി എന്ന യുവാവുമായി പ്രണയബന്ധമുണ്ടെന്ന് കേദൻ സംശയിച്ചിരുന്നതായി അദ്ദേഹത്തിന്റെ പിതാവ് വിശാൽ അഗർവാൾ മൊഴി നൽകിയതായി എഫ്ഐആർ വ്യക്തമാക്കുന്നു. സിയയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് കൊല്ലപ്പെടുന്നതിന് മുൻപ് പലതവണ കേദൻ വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും കുടുംബബന്ധങ്ങൾ പരിഗണിച്ച് അവർ അത് അവഗണിക്കുകയായിരുന്നു.

ജൂൺ 18-ന് പുണെ ജില്ലയിലെ ലോഹഗഡ് കോട്ടയിലെ കൊക്കയിൽ നിന്ന് തള്ളിയിട്ടാണ് 26-കാരനായ കേദനെ സിയയും (20) കാമുകനെന്ന് പറയപ്പെടുന്ന ചേതൻ ചൗധരിയും (22) ചേർന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ പ്രതികളായ സിയയെയും ചേതനെയും പോലീസ് അറസ്റ്റ് ചെയ്യുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളെ ജൂലൈ മൂന്നുവരെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് സിയയുടെ പശ്ചാത്തലം കൃത്യമായി പരിശോധിച്ചിരുന്നോ എന്ന് കേദൻ ആവർത്തിച്ച് കുടുംബത്തോട് ചോദിച്ചിരുന്നതായും എഫ്ഐആറിൽ വ്യക്തമാക്കുന്നു.

സിയയുമായുള്ള വിവാഹനിശ്ചയത്തിന് ശേഷം, ചെറിയ കാര്യങ്ങളുടെ പേരിൽപോലും അവൾ തന്നെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് കേദൻ തന്നോട് പറഞ്ഞിരുന്നതായി പിതാവ് മൊഴി നൽകിയതായി എഫ്‌ഐആറിൽ പറയുന്നു. വിവാഹത്തിന് മുൻപ് സിയയുടെ പശ്ചാത്തലം പരിശോധിക്കുന്നതിൽ വന്ന വീഴ്ചയാണ് കേദന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നെന്നും പിതാവ് ആരോപിച്ചിട്ടുണ്ട്. 'കഴിഞ്ഞ ഒരു മാസമായി സിയ ചെറിയ ചെറിയ കാര്യങ്ങളിൽ വരെ എന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അവൾക്ക് പ്രായം കുറവായതുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് കരുതി ഞാൻ അത് അത്ര ഗൗരവമായി എടുത്തില്ല.' കേദൻ തന്റെ പിതാവിനോട് പറഞ്ഞതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ജൂൺ 5-ന് സിയ ലോഹഗഡ് കോട്ട സന്ദർശിക്കണമെന്ന് നിർബന്ധം പിടിക്കുകയും കേദനെ അവിടെ കൊണ്ടുപോകാൻ ബഹളം വെക്കുകയും ചെയ്തതായും എഫ്ഐആറിൽ പരാമർശിക്കുന്നു. ലോഹഗഡ് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം സിയയുടെ പെരുമാറ്റത്തെക്കുറിച്ച് കേദൻ വീണ്ടും പിതാവിനോട് സംസാരിക്കുകയും അവളുടെ പശ്ചാത്തലം കൃത്യമായി പരിശോധിച്ചിരുന്നോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.

'കേദനും സിയയും ലോഹഗഡ് കോട്ടയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ, സിയയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ശേഖരിച്ചിരുന്നോ എന്ന് ഞാൻ കേദനോട് വീണ്ടും ചോദിച്ചു. സിയയുടെ ഫോൺ കോളുകളെക്കുറിച്ചും അവനോടൊപ്പം ഉള്ളപ്പോൾ അവൾ നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടോ എന്നും ഞാൻ അവനോട് ചോദിച്ചു.' എന്ന് വിശാൽ അഗർവാൾ എഫ്ഐആറിൽ പറയുന്നു. സിയയുടെ സുഹൃത്തായ ചേതൻ അവളെ ഇടയ്ക്കിടെ വിളിക്കാറുണ്ടെന്നും അവർ തമ്മിൽ സുഹൃത്തുക്കൾ എന്നതിലുപരിയായുള്ള ബന്ധമുണ്ടെന്ന് തനിക്ക് തോന്നുന്നുണ്ടെന്നും കേദൻ പിതാവിനോട് പറഞ്ഞിരുന്നു.

'സിയയും ചേതനും തമ്മിലുള്ള ബന്ധത്തിൽ എന്റെ അനുജൻ വിജയ് അഗർവാളും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞ് മരുമകൾ രാഖി അഗർവാൾ ഞങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.' എന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സിയയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളതിനാൽ അഗർവാൾ കുടുംബവും കേദന് ഉറപ്പുനൽകിയിരുന്നു.

നരേന്ദ്ര മിത്തൽ എന്ന വ്യക്തി വഴിയാണ് കേദന്റെ കുടുംബത്തിലേക്ക് ഈ വിവാഹാലോചന എത്തിയത്. മിത്തലിന്റെ സഹോദരി പ്രവീൺ ഗോയലിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ബന്ധം പറഞ്ഞുവരുമ്പോൾ, അദ്ദേഹം സിയയുടെ മാതൃസഹോദരനും വിശാൽ അഗർവാളിന്റെ കസിനുമാണ്. ഈ കുടുംബബന്ധം കാരണമാണ് അഗർവാൾ കുടുംബം ഈ വിവാഹത്തിന് സമ്മതിച്ചത്. സിയയെ നേരിട്ട് കണ്ട് ഇഷ്ടപ്പെട്ടതിന് ശേഷം ഫെബ്രുവരിയിൽ പുണെയിലെ ബണ്ട് ഗാർഡനിൽ വെച്ചാണ് വിവാഹനിശ്ചയം നടന്നത്.

ജൂൺ 17-ന് രാത്രി 11 മണിയോടെ സിയ വാട്‌സ്ആപ്പിലൂടെ കേദനെ വിളിക്കുകയും ജൂൺ 18-ന് വീണ്ടും ലോഹഗഡ് കോട്ട സന്ദർശിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. കേദൻ ഈ വിവരം തന്റെ മാതാവ് രാഖി അഗർവാളിനെ അറിയിച്ചു. 'നിങ്ങൾ നേരത്തെ തന്നെ ലോഹഗഡ് സന്ദർശിച്ചതാണ്, അതുകൊണ്ട് ഇനി പോകേണ്ടതില്ല.' എന്ന് രാഖി അവരോട് പറഞ്ഞതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. എന്നാൽ സിയ ഇതിനെ എതിർക്കുകയും അവരോട് തർക്കിക്കുകയും ചെയ്തു.

തുടർന്ന് രാഖി സിയയുടെ പിതാവിനെ വിളിച്ച് അവളുടെ ആസൂത്രണത്തെക്കുറിച്ച് അറിയിച്ചു. താൻ സിയയോട് സംസാരിക്കാമെന്നും യാത്രയിൽ നിന്ന് അവളെ തടയാമെന്നും സിയയുടെ പിതാവ് ഉറപ്പ് നൽകിയതായി എഫ്ഐആർ പറയുന്നു. എന്നാൽ, ജൂൺ 18-ന് രാവിലെ 8.30 ഓടെ സിയ കേദനെ വിളിക്കുകയും താൻ തയ്യാറാണെന്നും ലോഹഗഡ് കോട്ടയിലേക്ക് വരികയാണെന്നും അറിയിച്ചു. രാവിലെ ഏകദേശം 10.45-ഓടെ സിയയുടെ അമ്മ പൂജ ഗോയൽ രാഖി അഗർവാളിനെ വിളിച്ചു; 'കേദൻ ലോഹഗഡ് കോട്ടയിൽ നിന്ന് താഴെ വീണു. നിങ്ങൾ ഉടൻ തന്നെ ലോഹഗഡിലേക്ക് വരണം.' എന്ന് അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ ഉടൻ വിശാൽ അഗർവാൾ, രാഖി അഗർവാൾ, വിജയ് അഗർവാൾ എന്നിവരും മറ്റ് ബന്ധുക്കളും ലോഹഗഡ് കോട്ടയിലേക്ക് തിരിച്ചു. എഫ്ഐആർ പ്രകാരം, സ്ഥലത്തെത്തിയപ്പോൾ പോലീസും നാട്ടുകാരും അവിടെയുണ്ടായിരുന്നു. പോലീസും മറ്റുള്ളവരും നടത്തിയ തിരച്ചിലിൽ താഴ്വരയിൽനിന്ന് പരിക്കേറ്റ നിലയിൽ കേദനെ കണ്ടെത്തി. അവനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ തുടങ്ങുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.

ജൂൺ 21-ന് വിശാൽ അഗർവാൾ, വിജയ് അഗർവാൾ, സുഹൃത്ത് നവദീപ് പവൻകുമാർ ജിൻഡാൽ എന്നിവർ ലോഹഗഡ് കോട്ട സന്ദർശിക്കുകയും കേദൻ വീണ സ്ഥലം പരിശോധിക്കുകയും ചെയ്തു. ആ സ്ഥലം വളരെ അപകടകരമാണെന്നും അവിടെ നിന്ന് ഒരാൾ അബദ്ധത്തിൽ വീഴാൻ സാധ്യതയില്ലെന്നും കുടുംബത്തിന് ബോധ്യപ്പെട്ടതായി എഫ്ഐആറിൽ പറയുന്നു. ഇതോടെ തന്റെ മകനെ സിയയും ചേതനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് വിശാൽ അഗർവാൾ സംശയിച്ചു.

എഫ്ഐആറിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത് ഇങ്ങനെ; 'അതുകൊണ്ട്, എന്റെ മകൻ കേദൻ അഗർവാളിനെ (26 വയസ്സ്), അവന്റെ പ്രതിശ്രുത വധു സിയ പവൻ ഗോയലും (20 വയസ്സ്, താമസം: ലീലാവതി 78/21, ന്യൂ ഇറ സൊസൈറ്റി, ഗംഗാധർ സമാജ്, കോത്രൂഡ് റോഡ്, വിഭവദി മാർക്കറ്റ് ഏരിയ, പുണെ) അവളുടെ കാമുകൻ ചേതൻ ചൗധരിയും (കൂടുതൽ വിവരങ്ങൾ അറിയില്ല) ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ഞാൻ സംശയിക്കുന്നു.'

'ചേതനും സിയയും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ബാക്കിയായി, ജൂൺ 18-ന് രാവിലെ 10.45 ഓടെ അവർ ഇരുവരും ചേർന്ന് കേദനെ ലോഹഗഡ് കോട്ടയിൽ നിന്ന് താഴ്വരയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി' എന്നാണ് എഫ്ഐആറിൽ പറയുന്നത്. സിയയ്ക്ക് ചേതനുമായുള്ള അടുപ്പത്തെക്കുറിച്ച് കേദൻ നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും സംസാരത്തിനിടയിൽ അവൾ പലപ്പോഴും ചേതന്റെ പേര് പരാമർശിച്ചിരുന്നുവെന്നും കേദൻ വീട്ടുകാരോട് പറഞ്ഞിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

പോലീസ് നൽകുന്ന വിവരമനുസരിച്ച്; ജൂൺ 6-ന് നിശ്ചയിച്ചിരുന്ന ഇവരുടെ ബാലി (ഇന്തോനേഷ്യ) യാത്ര റദ്ദാക്കിയതിന് പിന്നാലെ, ചെറിയ കാര്യങ്ങളുടെ പേരിൽ സിയ തന്നോട് വഴക്കിടുന്നതായി കേദൻ വീണ്ടും പിതാവിനോട് പരാതിപ്പെട്ടിരുന്നു. സിയയ്ക്ക് പ്രായം കുറവായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അവളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാം എന്നും പറഞ്ഞ് പിതാവ് കേദനെ ആശ്വസിപ്പിച്ചു.

അതേസമയം, കേദൻ മരിക്കുന്നതിന് നാല് ദിവസം മുമ്പ്, ജൂൺ 14-നും ഇവർ ഇതേ സ്ഥലത്ത് (ലോഹഗഡ്) പോയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്ന് സിയ കേദനെ മലമുകളിൽ നിന്ന് തള്ളിയിടാൻ ശ്രമിച്ചുവെന്നും എന്നാൽ ഒരു ചെടിയിൽ പിടിച്ച് അദ്ദേഹം രക്ഷപ്പെട്ടുവെന്നും പോലീസ് പറഞ്ഞു. എന്തിനാണ് തന്നെ തള്ളിയതെന്ന് കേദൻ ചോദിച്ചപ്പോൾ, അവിടെ പാമ്പ് ഉണ്ടായിരുന്നു എന്ന കള്ളം പറഞ്ഞ് താൻ കേദനെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് വരുത്തിതീർക്കാൻ സിയ ശ്രമിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ജൂൺ 14-ന് ലോഹഗഡിൽ നിന്ന് മടങ്ങിയെത്തിയ ശേഷവും സിയയുടെ പശ്ചാത്തലത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തിയിരുന്നോ എന്ന് കേതൻ പിതാവിനോട് ചോദിച്ചു. താൻ വിളിക്കുമ്പോഴെല്ലാം സിയയുടെ ഫോൺ തിരക്കിലായിരിക്കാറുണ്ട് എന്നും അവൾ എപ്പോഴും ചേതനെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും കേദൻ പിതാവിനോട് പറഞ്ഞു. സിയയ്ക്ക് മറ്റാരെങ്കിലുമായി ബന്ധമുണ്ടോ എന്നും കേദൻ തന്റെ പിതാവിനോട് ചോദിച്ചിരുന്നു.

എന്നാൽ സിയ തങ്ങളുടെ കുടുംബവുമായി ബന്ധമുള്ളവളാണെന്നും മിത്തൽ വഴി എല്ലാം പരിശോധിച്ചതാണെന്നും പറഞ്ഞ് കുടുംബം വീണ്ടും അവനെ ആശ്വസിപ്പിക്കുകയായിരുന്നു. കേസിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.