'ഭാര്യയെ കണ്ടെത്തിയില്ലെങ്കില്‍ ജീവനൊടുക്കും'; യുവാവിന്റെ ഭീഷണിയില്‍ പൊലീസ് അന്വേഷണം; ചുരുളഴിഞ്ഞത് അരുംകൊല.





 ഭാര്യയെ കണ്ടെത്തുന്നതിന് ഒരു യുവാവ് നടത്തിയ പോരാട്ടം ചുരുളഴിച്ചത് അരുംകൊല. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം നടന്നത്. രണ്ടര മാസം മുന്‍പായിരുന്നു ഗൗരീശങ്കര്‍ ഭാര്യ സുജാത കുമാരി(19)യുമായി ഫോണിൽ അവസാനമായി സംസാരിക്കുന്നത്. അതിന് ശേഷം സുജാതയെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പല രീതിയിലും ഗൗരീശങ്കര്‍ അന്വേഷണം നടത്തിയെങ്കിലും സുജാതയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഒടുവില്‍ ആത്മഹത്യാ ഭീഷണി വരെ മുഴക്കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുജാതയെ കുടുംബം കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു.

ചെറുപ്പകാലം മുതല്‍ പരിചയക്കാരായിരുന്നു സുജാതയും ഗൗരീശങ്കറും. ഒരേ സ്‌കൂളിലായിരുന്നു പഠനം. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. 2020 മുതല്‍ ആറ് വര്‍ഷത്തോളം പ്രണയിച്ച ശേഷം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഇതര ജാതിയിലുള്ള ഗൗരീശങ്കറുമായുള്ള സുജാതയുടെ പ്രണയം കുടുംബം എതിര്‍ത്തിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഇരുവരും ഹരിയാനയിലേക്ക് പോകുകയും വിവാഹിതരാകുകയും ചെയ്തു. പിന്നാലെ ഗൗരീശങ്കറിനെതിരെ സുജാതയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് ഗൗരീശങ്കറിനെതിരെ തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തുകയും ഫെബ്രുവരിയില്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഗൗരീശങ്കറിനൊപ്പം പോകണമെന്ന നിലപാടായിരുന്നു സുജാത കോടതിയില്‍ സ്വീകരിച്ചത്. നിയമനടപടികളുടെ ഭാഗമായി സുജാത സ്വന്തം വീട്ടിലേക്ക് പോയി. മാര്‍ച്ച് 31നായിരുന്നു ഗൗരീശങ്കര്‍ അവസാനമായി സുജാതയുമായി സംസാരിച്ചത്. അതിന് ശേഷം സുജാതയെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും സുജാതയുമായി ബന്ധപ്പെട്ട് ഒരു വിവരവും ഗൗരീശങ്കറിന് ലഭിച്ചില്ല. സുജാതയ്ക്ക് അരുതാത്തത് എന്തോ സംഭവിച്ചു എന്ന് ഗൗരീശങ്കര്‍ ഭയപ്പെട്ടു. സുജാതയെ അവളുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് പലതവണ പരാതി നല്‍കിയെങ്കിലും പൊലീസ് ഗൗരീശങ്കറിന്റെ പരാതി വകവെച്ചില്ല. തുടര്‍ന്ന് ഗൗരീശങ്കര്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയ്‌ന് തുടക്കമിട്ടു. നീതി ലഭിച്ചില്ലെങ്കില്‍ സ്വയം ജീവിതം അവസാനിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. ഒടുവില്‍ പൊലീസിന് വിഷയത്തില്‍ ഇടപെടേണ്ടി വന്നു. സുജാതയുടെ തിരോധാനം അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ രൂപീകരിച്ചു. ആ അന്വേഷണം എത്തി നിന്നത് സുജാതയുടെ സഹോദരന്‍ അഭിഷേക് കുമാറിലാണ്.

വിശദമായ ചോദ്യം ചെയ്യലില്‍ സുജാതയെ കൊലപ്പെടുത്തിയതാണെന്ന് അഭിഷേക് കുമാര്‍ സമ്മതിച്ചു. സുജാത ഭര്‍ത്താവിനൊപ്പം വീണ്ടും പോകുമെന്ന് കുടുംബാംഗങ്ങള്‍ ഭയപ്പെട്ടുവെന്നും തുടര്‍ന്ന് സുജാതയെ കുടുബാംഗങ്ങള്‍ ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും അഭിഷേക് മൊഴി നൽകി. മെയ് എട്ടിനായിരുന്നു കൊലപാതകം നടന്നത്. തുടര്‍ന്ന് തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിച്ചുകളഞ്ഞുവെന്നും അഭിഷേക് കുമാര്‍ പറഞ്ഞു. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ അഞ്ചോളം പേര്‍ക്ക് പങ്കുള്ളതായാണ് പൊലീസ് പറയുന്നത്. അറസ്റ്റ് നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നും പൊലീസ് പറഞ്ഞു.