തിരുവനന്തപുരം: ചോർന്നൊലിക്കാത്ത, അടച്ചുറപ്പുള്ളൊരു വീടെന്ന കുഞ്ഞു റുവാനിയുടെ ആവശ്യം സഫലമാകും. മുഖ്യമന്ത്രിയോട് പുതിയ വീടിനായി അഭ്യർഥിച്ച ആറുവയസുകാരി റുവാനിയുടെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് ഉറപ്പുനൽകി. വിഴിഞ്ഞം സ്വദേശിനിയായ റുവാനിയുടെ ദുരിതജീവിതം സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ടത്. മഴ പെയ്യുമ്പോൾ വീട്ടിനുള്ളിൽ വെള്ളം കയറുന്നതും രാത്രി ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയുമാണ് കുട്ടി പങ്കുവെച്ചത്. ഈ വീഡിയോ മുഖ്യമന്ത്രി വി ഡി സതീശന്റെ ശ്രദ്ധയിൽപെട്ടതോടെ റുവാനിയുടെ കുടുംബത്തിന് വീടു നിർമ്മിച്ചു നൽകാനുള്ള ഇടപെടൽ നടത്തി. ഇക്കാര്യം നേരിട്ട് അറിയിക്കുകയുമായിരുന്നു,
നിലവിൽ അച്ഛനും അമ്മയും സഹോദരനുമൊത്ത് വിഴിഞ്ഞത്തെ ചെറിയൊരു ചായ്പ്പിലാണ് റുവാനിയുടെ താമസം. അടച്ചുറപ്പില്ലാത്തതും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്തതുമായ ഈ വീട്ടിൽ ശുചിമുറി സൗകര്യവും ലഭ്യമല്ല. വർഷങ്ങളായി ദുരിതപൂർണമായ സാഹചര്യത്തിൽ കഴിയുന്ന കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഇടപെടൽ വലിയ ആശ്വാസമായിരിക്കുകയാണ്.
‘മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, അതിൽ ഞങ്ങൾക്ക് ഉറങ്ങണം. ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി പൈസ തിരികെ തരാം’ എന്ന റുവാനിയുടെ നിഷ്കളങ്കമായ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞിന്റെ വാക്കുകൾ കേട്ട മുഖ്യമന്ത്രി കുടുംബത്തെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കുകയും വീട് നൽകുമെന്ന വലിയ ഉറപ്പ് നൽകുകയുമായിരുന്നു.
നിലവിൽ അതീവ കഷ്ടപ്പാടിലാണ് റുവാനിയും കുടുംബവും കഴിയുന്നത്. ഓട്ടോ ഡ്രൈവറായ പിതാവ് റീഗലിന്റെ തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. അധ്യാപകർ മുൻകൈ എടുത്ത് വാങ്ങി നൽകിയ രണ്ടര സെന്റ് സ്ഥലത്ത് ഷീറ്റ് ഇട്ട ഒരു ചെറിയ ചായ്പ്പിലാണ് റുവാനിയും സഹോദരനും മാതാപിതാക്കളും താമസിക്കുന്നത്. ഇതിനുമുൻപ് പലതവണ വീടിനായി അപേക്ഷകൾ നൽകിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ