ഇടുക്കി: കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലിയിലാണ് സംഭവം. സൂര്യനെല്ലി സ്വദേശി വെള്ലസ്വാമിയുടെ മകൾ മാരിയമ്മാൾ (36) ആണ് മരിച്ചത്. മകനെ സ്കൂളിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് മാരിയമ്മാളിനെ കാട്ടാന ആക്രമിച്ചത്. മാരിയമ്മാളിന്റെ മകനും പരിക്കേറ്റിട്ടുണ്ട്.
ഇരുവരും വീട്ടിൽ നിന്നിറങ്ങി മെയിൻ റോഡിലേക്ക് കടക്കുന്നതിനിടെ കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു. മൂടൽമഞ്ഞുള്ള സമയമായതിനാൽ കാട്ടാനക്കൂട്ടം അടുത്തുവന്നത് മാരിയമ്മാൾക്ക് കാണാനായില്ല. പരിക്കേറ്റ മകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ചിന്നക്കനാലിൽ കാട്ടാന ആക്രമണം രൂക്ഷമാവുകയാണ്. പ്രദേശവാസികൾ പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോയതും ഈ മേഖലയിൽ നിന്നാണ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ