സ്കൂളില്‍ തമ്മില്‍ത്തല്ലിനിടെ മതില്‍ ചാടാൻ ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ പൃഷ്ഠഭാഗത്ത് കമ്പി തുളച്ചുകയറി.



തിരുവനന്തപുരത്തെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസുകാരന് മതിലിലെ ഗേറ്റിലെ ഇരുമ്പുകമ്പി തുളച്ചുകയറി ഗുരുതര പരിക്ക്.

വിദ്യാർഥികള്‍ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. പട്ടം എല്‍ഐസി ലൈനിലെ ഒരു വീടിന്റെ മതില്‍ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. പ്രബിത എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്.

കുട്ടികള്‍ തമ്മിലുണ്ടായ തർക്കം സംഘർഷത്തില്‍ കലാശിച്ചതോടെയാണ് വിദ്യാർഥി ഓടിയത്. ഈ വീടിന്റെ സണ്‍ഷെയ്ഡിലൂടെ ഓടിയെത്തിയ കുട്ടി താഴേക്ക് ചാടുന്നതിനിടെ ഗേറ്റില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പുകമ്പി പൃഷ്ഠഭാഗത്ത് തുളച്ചുകയറുകയായിരുന്നു. ഏകദേശം 35 മില്ലിമീറ്റർ നീളവും 3 മില്ലിമീറ്റർ വ്യാസവുമുള്ള ഇരുമ്പുകമ്പിയാണ് 25 സെന്റിമീറ്ററോളം ആഴത്തില്‍ കുട്ടിയുടെ പൃഷ്ഠഭാഗത്തിലൂടെ ശരീരത്തിനുള്ളിലേക്ക് തുളച്ചുകയറിയത് എന്ന് അഗ്നി രക്ഷാ വിഭാഗം വ്യക്തമാക്കി. കമ്പിയില്‍ കോർത്ത നിലയിലായ വിദ്യാർഥിക്ക് അനങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു.

വിവരമറിഞ്ഞ് തിരുവനന്തപുരം ഫയർ സ്റ്റേഷനില്‍ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷെഹീന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം ഉടനടി സ്ഥലത്തെത്തി. ഏകദേശം 30 മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷിക്കാനായത്. ഹെഡ്രോളിക് ഷിയേഴ്സ് ഉള്‍പ്പെടെയുള്ള അത്യാധുനിക കട്ടിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ കുട്ടിയുടെ ശരീരത്തില്‍ തറഞ്ഞുനിന്ന ഇരുമ്പുകമ്പി ഫയർഫോഴ്സ് സംഘം മുറിച്ചുമാറ്റി. തുടർന്ന് ഫയർഫോഴ്സിന്റെ ആംബുലൻസില്‍ വിദ്യാർഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കൃത്യസമയത്ത് വിദഗ്ധ ചികിത്സ

ലഭ്യമാക്കിയതിനാലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. കുട്ടി നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷെഹീനെ കൂടാതെ എസ്‌എഫ്‌ആർഒ (ജി) ഷെഹീർ, രതീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിഷ്ണുനാരായണൻ, സനീഷ്, പ്രവീണ്‍, രാഹുല്‍, കുമാർ, ഷിബിൻ, സൂരജ്, അഷ്ടമി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബൈജു, അരുണ്‍, ഹോംഗാർഡ് രാജശേഖരൻ എന്നിവരും രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളായി.