2026 | ജൂണ്‍ 14 , ഞായര്‍
1201 | ഇടവം 31 , രോഹിണി
1447 ദുൽഹിജജ 27
◾ എറണാകുളം മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളുടെ കുടിയിറക്കല്‍ ഭീഷണിക്ക് ഒടുവില്‍ പരിഹാരം. മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ നിര്‍ണായക ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന സമവായ ഫോര്‍മുല ഇരുവിഭാഗവും അംഗീകരിച്ചതോടെ സമരസമിതി സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു. പുതിയ കരാര്‍ പ്രകാരം മലയിടംതുരുത്തില്‍ തര്‍ക്കത്തിലായിരുന്ന ശങ്കരന്‍നായരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് തന്നെ അഞ്ച് സെന്റ് വീതം ദളിത് കുടുംബങ്ങള്‍ക്ക് നല്‍കും. ഈ ഭൂമിയില്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ഇവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. ഒരു വര്‍ഷത്തിനകം പുതിയ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ നിലവിലുള്ള വീടുകളില്‍ തന്നെ ഈ കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി താമസിക്കാം. തങ്ങള്‍ക്ക് അതേ മണ്ണില്‍ തന്നെ ജീവിക്കണമെന്ന പ്രധാന ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചതെന്നും അതുകൊണ്ട് യോഗത്തിലെ തീരുമാനങ്ങള്‍ പൂര്‍ണ്ണമായി സ്വാഗതം ചെയ്ത് സമരം അവസാനിപ്പിക്കുന്നതായും സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
◾ ഇറാനുമായുള്ള സമാധാന കരാറില്‍ ഇന്ന് ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാര്‍ ഒപ്പിട്ടാലുടന്‍ മാസങ്ങളായി തടസ്സപ്പെട്ടിരിക്കുന്ന ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ഞായറാഴ്ച കരാര്‍ ഒപ്പിടുമെന്ന വാര്‍ത്ത ഇറാന്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. വരും ദിവസങ്ങളില്‍ സമാധാന ഉടമ്പടി ഒപ്പിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെങ്കിലും, അത് ഇന്ന് സംഭവിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി. 24 മണിക്കൂറിനുള്ളില്‍ ഇരുരാജ്യങ്ങളും പ്രാഥമിക കരാറില്‍ ഒപ്പിട്ടേക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഇന്നലെ സൂചിപ്പിച്ചിരുന്നു.
◾ കോഴിക്കോട് നിപ ആശങ്കയില്‍ ആശ്വാസമായി സമ്പര്‍ക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവായി. നിലവില്‍ 100 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. കണ്‍ട്രോള്‍ റൂം കാര്യക്ഷമമല്ലെന്ന മുഹമ്മദ് റിയാസിന്റെ ആരോപണത്തിന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ മറുപടി നല്‍കി. നിപ സമ്പര്‍ക്കപ്പടികയില്‍ ഉള്‍പ്പെട്ട 76 പേരെ ഫോണില്‍ വിളിച്ച് മാനസിക പിന്തുണ നല്‍കിയെന്നും കണ്‍ട്രോള്‍ റൂമിലേക്ക് വന്ന 30 ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.
◾ നിപയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോടെത്തും. പ്രതിരോധം പാളിയിട്ടില്ല, സാഹചര്യം നിയന്ത്രണ വിധേയമാണ്. പാളാതെ പാളിയെന്ന് പറഞ്ഞിട്ട് കാര്യമില്ല. സര്‍ക്കാരിന് ചെയ്യാവുന്ന കാര്യങ്ങളൊക്കെ തുടക്കം മുതല്‍ ചെയ്യുന്നുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.
◾ കോഴിക്കോട്ടെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന് വീഴ്ച പറ്റിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആരോപിച്ചു. ആരോഗ്യ മന്ത്രിയുടെ പരിചയക്കുറവാണ് ഇതിന് കാരണമെന്നും, രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി പി.എ മുഹമ്മദ് റിയാസിനെ മാറ്റി നിര്‍ത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലില്‍ മറിയ (62) ആണ് മരിച്ചത്. അതേസമയം തൃശൂരില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. വടക്കാഞ്ചേരി മംഗലത്ത് ഏഴും നാലും വയസ്സുള്ള രണ്ടു കുട്ടികള്‍ക്കാണ് രോഗബാധ. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് കുട്ടികള്‍ ചികിത്സയില്‍ ഉള്ളത്.
◾ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നമ്മളെ തേടിവരുമെന്നും നാം സൂക്ഷിക്കണമെന്നും അത്തരക്കാരെ അകറ്റി നിര്‍ത്തണമെന്നും പിണറായി വിജയന്‍ പറഞ്ഞ ആ അവതാരങ്ങള്‍ പിന്നെപ്പിന്നെ അടുത്തേക്ക് വന്നോ? അകത്ത് കയറിയോ? നമ്മളെ സ്വാധീനിച്ചോ? നമ്മുടെ ബന്ധുക്കള്‍ നമ്മില്‍ നിന്ന് അകന്നു പോകാന്‍ അവര്‍ നിമിത്തമായോ? എന്നാണ് ബിനോയ് വിശ്വം ചോദിച്ചത്. ഉണ്ടെങ്കില്‍ ഇത് പരിശോധിക്കണമെന്നും ഇത്തരം അവതാരങ്ങളെ മാറ്റിനിര്‍ത്തിയേ പറ്റൂ എന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. തൃശ്ശൂരില്‍ നടന്ന ഇഎംഎസ് സ്മൃതിയിലായിരുന്നു വിമര്‍ശനം.
◾ അവതാരങ്ങള്‍ അടുത്തേക്ക് വന്നോ അകത്തു കയറിയോ സ്വാധീനിച്ചോ എന്നത് പരിശോധിക്കണമെന്ന തന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിയുടെ മുന്നറിയിപ്പ് ഗൗരവത്തില്‍ ഉള്ളതായിരുന്നു. ഇടതുപക്ഷം ഭരണത്തിലേക്ക് വരുമ്പോള്‍ പറയേണ്ട വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. ആ മുന്നറിയിപ്പ് പ്രാവര്‍ത്തികമാക്കുന്നതില്‍ എവിടെയെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന പരിശോധന വേണമെന്നാണ് താന്‍ പറഞ്ഞതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
◾ മുഖ്യമന്ത്രിയായിരിക്കവെ പിണറായി വിജയന്‍ നയിച്ച നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസിലെ പ്രതികളുടെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആരുടെയും അറസ്റ്റ് എസ് ഐ ടി രേഖപ്പെടുത്തിയിട്ടില്ല. എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന നോട്ടീസ് നല്‍കി വിട്ടയച്ചു.
◾ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ. റീനയെ സ്ഥലം മാറ്റിയതിനെതിരെ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്ത്. നിപ, കൊവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ ഡോക്ടറെ ഈ ഘട്ടത്തില്‍ മാറ്റരുതായിരുന്നുവെന്ന് ശൈലജ അഭിപ്രായപ്പെട്ടു. സര്‍ക്കാരിനെ പൂര്‍ണ്ണമായി കുറ്റപ്പെടുത്താന്‍ ഈ ഘട്ടത്തില്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
◾ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ബജറ്റില്‍ വിസ്മയം ഒരുക്കുമെന്ന വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവനക്കാര്‍. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെങ്കിലും, ഒരു ഗഡു ക്ഷാമബത്ത മുന്‍കാല പ്രാബല്യത്തോടെ നല്‍കാനുള്ള പ്രഖ്യാപനം ബജറ്റിലുണ്ടായേക്കുമെന്നാണ് സൂചന.
◾ ഇ. ശ്രീധരന്‍ മുന്നോട്ട് വെച്ച അതിവേഗ പാത കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് നിരക്കാത്ത പദ്ധതിയാണെന്ന് കെ റെയില്‍ വിരുദ്ധ ജനകീയ സമിതി. വേഗത പ്രശ്നം പരിഹരിക്കാന്‍ നിലവിലുള്ള റെയില്‍വേയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും സമിതി ജാഗ്രത സമിതിയായി തുടരുമെന്നും സില്‍വര്‍ ലൈനിനു സമാനമായ പദ്ധതി എങ്കില്‍ എതിര്‍ക്കുമെന്നും സമിതി അറിയിച്ചു.
◾ ഹോട്ടലില്‍ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോള്‍ ഗ്രേവി നല്‍കാതിരുന്നതുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ എസ് ഷിബു നല്‍കിയ പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ നിര്‍ദേശിച്ചു. പരാതി തള്ളിയ എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ് ഇതിനായി റദ്ദാക്കി.
◾ മുന്‍ മന്ത്രി കെ ടി ജലീലും ഭാര്യ ഫാത്തിമക്കുട്ടിയും സിപിഎമ്മില്‍ അംഗത്വം സ്വീകരിച്ചു. ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറില്‍ വെച്ച് പിണറായി വിജയനാണ് ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. 2006 മുതല്‍ പാര്‍ട്ടിയുടെ സഹയാത്രികനായിരുന്ന ജലീല്‍, തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് അംഗത്വമെടുക്കാന്‍ താല്‍പര്യം അറിയിച്ചത്.
◾ കണ്ണങ്കര ചിറക്കല്‍ ഗൗരിശങ്കര ക്ഷേത്രത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ക്ഷേത്രത്തിലെ കീഴ്ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഡിണ്ടിഗല്‍ പളനി സ്വദേശിയായ ശശിധരനാണ് (69) മുഹമ്മ പൊലീസിന്റെ പിടിയിലായത്. 2025 ഡിസംബര്‍ 31-ന് വൈകിട്ട് മേല്‍ശാന്തി ശ്രീകോവില്‍ അടച്ചുപോയ സമയത്താണ് പ്രതി ഉള്ളില്‍ക്കടന്ന് മോഷണം നടത്തിയത്.
◾ നാലു മാസമായി മുടങ്ങിയ വിനോദിനിയുടെ ധനസഹായം മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പുനഃസ്ഥാപിക്കാന്‍ തീരുമാനമായി. വനിതാ ശിശുക്ഷേമ വകുപ്പ് കുടിശിക ഉടന്‍ നല്‍കുമെന്ന് അറിയിച്ചു. ഇതിനിടെ, വിനോദിനിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.
◾ ഇന്ത്യ മുന്നണി യോഗത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മാത്രം പുറത്തുവിട്ടതിലടക്കം പ്രതിഷേധം വ്യക്തമാക്കി യോഗത്തില്‍ പങ്കെടുത്ത സി പി എം പ്രതിനിധി ജോണ്‍ ബ്രിട്ടാസ് എം പി. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ നിന്ന് കേവലം ഒന്‍പത് മിനിറ്റ് മാത്രമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടതെന്നും ബാക്കി 95 ശതമാനം ചര്‍ച്ചകളും മറച്ചുവെച്ചുവെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. പിണറായി വിജയനെ ആലിംഗനം ചെയ്യാനാകില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന്, മോദിയെ ആലിംഗനം ചെയ്തത് ഓര്‍മ്മിപ്പിച്ച് അദ്ദേഹം മറുപടി നല്‍കി
◾ ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ നര്‍ക്കോട്ടിക് സെല്‍ എഎസ്‌ഐ ആലപ്പുഴ മാരാരിക്കുളം സ്വദേശി 52 വയസ്സുള്ള ശാന്തകുമാറിനെയാണ് കിഴക്കേ നടയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾ തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനുമായ റോഡില്‍ തര്‍ക്കമുണ്ടാക്കിയ ഡ്രൈവര്‍ യദുവിന് നിയമസഭയില്‍ താല്‍ക്കാലിക ഡ്രൈവറായി നിയമനം നല്‍കി. യദുവിന് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കത്ത് നല്‍കിയിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ, യദു ആര്യാ രാജേന്ദ്രനെതിരെ പൊലീസില്‍ പരാതി നല്‍കുകയും കെഎസ്ആര്‍ടിസി ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു.
◾ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞു മൈസൂരുവില്‍നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലില്‍ വീട്ടില്‍ ഗീരിഷ്‌കുമാറിന്റെ മകന്‍ ഗൗരീശങ്കര്‍ (22), കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി അതുല്‍ (22) എന്നിവരാണ് മരിച്ചത്.
◾ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്നാലെ ശിവസേന ഉദ്ധവ് വിഭാഗത്തിലും പിളര്‍പ്പിന് സാധ്യത. ഉദ്ധവ് പക്ഷത്തെ ആറ് എംപിമാരെ ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തേക്ക് എത്തിക്കാനും, തൃണമൂല്‍ വിമതരെ ഒപ്പം നിര്‍ത്താനും ബിജെപി ശ്രമിക്കുന്നു. ഇതോടെ ലോക്‌സഭയില്‍ എംപിമാരുടെ എണ്ണം 320 ആക്കി ഉയര്‍ത്തി നിര്‍ണായക ബില്ലുകള്‍ പാസാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
◾ ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ വീണ്ടും ചോര്‍ന്നെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും തള്ളി അധികൃതര്‍ രംഗത്ത്. സമൂഹമാധ്യമങ്ങള്‍ വഴി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്.
◾ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ ഇന്ന് കോക്‌റോച്ച് ജനത പാര്‍ട്ടി പ്രതിഷേധം. ഫ്രീഡം പാര്‍ക്കില്‍ വൈകിട്ട് 4 മുതല്‍ 6 വരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
◾ ഇന്ത്യന്‍ അതിര്‍ത്തി ജില്ലകളിലെ ജനസംഖ്യാ പാറ്റേണിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കാന്‍ ഉന്നതതല സമിതിയ്ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനസംഖ്യാ വ്യതിയാനത്തിനുള്ള കാരണങ്ങള്‍ വിലയിരുത്തുന്നതിനായി അതിര്‍ത്തി പ്രദേശങ്ങളും സമീപ ജില്ലകളും പാനല്‍ അംഗങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കണമെന്നാണ് നിര്‍ദേശം.
◾ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടി നല്‍കി ലോക്‌സഭയിലെ മുതിര്‍ന്ന ടിഎംസി നേതാവും മമതയുടെ വിശ്വസ്തനുമായിരുന്ന സുദിപ് ബന്ദോപാധ്യായ് വിമതപക്ഷത്തേക്ക് നീങ്ങിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
◾ ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി. നിലവില്‍ കരസേന ഉപമേധാവിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 2026 ജൂണ്‍ 30-ന് ഉച്ചയ്ക്ക് ശേഷമാണ് പുതിയ ചുമതലയേല്‍ക്കുന്നത്.
◾ ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പറക്കുകയായിരുന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം യാത്രാമധ്യേ അടിയന്തരമായി തിരിച്ചിറക്കി. 207 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
◾ യുഎസ് ഭീകര സംഘടനയായി പ്രഖ്യാപിച്ച വെനിസ്വേലന്‍ ക്രിമിനല്‍ സംഘത്തിന്റെ തലവനെ അമേരിക്കന്‍ സൈന്യം വധിച്ചു. 'ട്രെന്‍ ഡി അരഗ്വ' എന്ന മാഫിയാ സംഘത്തിന്റെ നേതാവായ 'നിനോ ഗ്വറേറോ' എന്നറിയപ്പെടുന്ന ഹെക്ടര്‍ റസ്തന്‍ഫോര്‍ഡ് ഗ്വറേറോ ഫ്‌ലോറസിനെയാണ് അമേരിക്കന്‍ സൈന്യം വധിച്ചത്. വെനിസ്വേലന്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് ഇയാള്‍ താമസിച്ച വീടിനു നേര്‍ക്ക് ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് ട്രംപ് സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെ അറിയിച്ചു.
◾ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാര്‍ 24 മണിക്കൂറിനുള്ളില്‍ ഒപ്പുവെക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. പാകിസ്ഥാന്‍ മധ്യസ്ഥത വഹിക്കുന്ന ചര്‍ച്ചകളില്‍, ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനും ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതിനും ധാരണയായിട്ടുണ്ട്. എന്നാല്‍, ഇസ്രായേല്‍ ഈ കരാറിന്റെ ഭാഗമാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
◾ അമേരിക്കന്‍-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാരം ജൂലൈ 9 ന് നടക്കും. കൊല്ലപ്പെട്ട് 106 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രഖ്യാപനം. സംസ്‌കാരത്തിന് മുന്നോടിയായി രാജ്യത്ത് മൂന്ന് ദിവസത്തെ വിലാപയാത്രയും സംഘടിപ്പിക്കും.
◾ മഴമൂലം 25 ഓവറാക്കി ചുരുക്കിയ ഇന്ത്യ - അഫ്ഗാനിസ്താന്‍ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് 7 വിക്കറ്റിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത അഫ്ഗാന്‍ 24.5 ഓവറില്‍ 194 റണ്‍സിന് പുറത്തായി. 51 പന്തില്‍ 102 റണ്‍സെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസിന്റെ ഇന്നിംഗ്സാണ് അഫ്ഗാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 66 പന്തില്‍ പുറത്താകാതെ 84 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ മികവില്‍ 22.5ഓവറില്‍ ലക്ഷ്യം മറികടന്നു.
◾ ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ബിയില്‍ കരുത്തരായ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ അവസാന നിമിഷം സമനില പിടിച്ച് ഖത്തര്‍. ഒന്നാം പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്ന ഖത്തര്‍ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിലാണ് സമനില ഗോള്‍ നേടിയത്. ലോകകപ്പ് ചരിത്രത്തില്‍ ഖത്തറിന് ആദ്യ പോയിന്റ് നേടിക്കൊടുത്ത ഗോളടിച്ചത് ക്യാപ്റ്റന്‍ ബൗലെം ഖൗഖിയാണ്. രണ്ടാം ലോകകപ്പ് കളിക്കുന്ന ഖത്തറിന് ഇതുവരെ കളിച്ച നാലു കളികളില്‍ മൂന്നിലും തോല്‍വിയായിരുന്നു ഫലം. പതിനേഴാം മിനിറ്റില്‍ ബ്രീല്‍ എംബോളോയുടെ പെനാല്‍റ്റി ഗോളിലൂടെയാണ് സ്വിറ്റ്സര്‍ലന്‍ഡ് ലീഡ് നേടിയത്.
◾ ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് സിയില്‍ മുന്‍ചാമ്പ്യന്മാരായ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ. ഇരുപത്തിയൊന്നാം മിനിറ്റില്‍ ഇസ്മയില്‍ സൈബാരിയിലൂടെ ഗോള്‍ നേടിയാണ് മൊറോക്കോ ബ്രസീലിനെ ഞെട്ടിച്ചത്. എന്നാല്‍ 32ാം മിനിറ്റില്‍ ഒരു ഇടതുപാര്‍ശ്വത്തിലൂടെ ചാട്ടൂളിപോലെ ഓടിയിറങ്ങിയ ബ്രീലിന്റെ വിനീഷ്യസ് ഒരു ക്ലാസിക് ഗോളിലൂടെ തിരിച്ചടിച്ചെങ്കിലും ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ഹൃദയമിടിപ്പേറ്റിയ നിമിഷങ്ങള്‍ സമ്മാനിച്ച മത്സരത്തില്‍ മൊറോക്കോയോട് സമനിലയുമായി രക്ഷപ്പെടുകയായിരുന്നു മുന്‍ ചാമ്പ്യന്‍.മാരായ ബ്രസീല്‍.
◾ സ്വര്‍ണ വിലയിലെ മുന്നേറ്റം കൂടുതല്‍ ശക്തമാകുമെന്ന നിരീക്ഷണം പങ്കുവെച്ച് ജെ.പി മോര്‍ഗന്‍ ഗ്ലോബല്‍ റിസര്‍ച്ച്. ഈ വര്‍ഷാവസാനത്തോടെ സ്വര്‍ണവില റെക്കോഡ് ഉയരങ്ങളിലെത്തുമെന്നാണ് പ്രവചനം. ഔണ്‍സിന് 6,000 ഡോളര്‍ എന്ന നിലവാരത്തിലേക്ക് സ്വര്‍ണ്ണവില കുതിച്ചുയരാം. കൂടാതെ, 2027 ഓടെ ഇത് 6,300 ഡോളര്‍ വരെയാകാനുള്ള സാധ്യതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സ്വര്‍ണ വില അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4,210 ഡോളര്‍ നിലവാരത്തിലാണ്. ആറ് മാസത്തിനകം 1,790 ഡോളറിന്റെ മുന്നേറ്റമുണ്ടാകുമെന്നാണ് ജെ.പി മോര്‍ഗന്‍ ഗ്ലോബല്‍ റിസര്‍ച്ചിന്റെ വിലയിരുത്തല്‍. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കും. വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് വില ഉയരുന്നതിന് പ്രധാന കാരണമാണ്. ചൈനയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി മുന്‍ പാദത്തേക്കാള്‍ ഏകദേശം മൂന്നിരട്ടി വര്‍ദ്ധിച്ച് 317 ടണ്ണിലെത്തി.
◾ ബജറ്റ് സൗഹൃദ 51 രൂപ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ദിവസേന ഡാറ്റ, പരിധിയില്ലാത്ത കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാന്‍. പുതിയ ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്യുന്നതിലൂടെ സൗജന്യ സിം കാര്‍ഡും ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയുണ്ട്. അതേസമയം ബിഎസ്എന്‍എല്ലിന്റെ ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന സര്‍ക്കിളായി കേരളം മാറി. പ്രവര്‍ത്തനലാഭത്തില്‍ 24 ശതമാനത്തിന്റെയും മൊത്തം വരുമാനത്തില്‍ എട്ടുശതമാനത്തിന്റെയും വളര്‍ച്ച നേടി. പ്രവര്‍ത്തനലാഭ 2025-26 സാമ്പത്തികവര്‍ഷം 820 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 662 കോടി രൂപയായിരുന്നു. തൊട്ടു മുന്‍വര്‍ഷം 1,956 കോടി രൂപയായിരുന്ന മൊത്തം വരുമാനം 2025-26ല്‍ 2,102 കോടി രൂപയിലെത്തി. ഫൈബര്‍, മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം 1,565 കോടിയില്‍നിന്ന് 1,627 കോടിയായും ഉയര്‍ന്നു.
◾ ഐശ്വര്യ രാജേഷ്-തിരു വീര്‍ ചിത്രം 'ഓ സുകുമാരി' ടീസര്‍ പുറത്ത്. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദര്‍ശന്‍ ആണ്. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'പ്രീ വെഡ്ഡിംഗ് ഷോ'ക്ക് ശേഷം യുവതാരം തിരു വീര്‍ നായകനാകുന്ന ചിത്രമാണിത്. കോമഡി, പ്രണയം, ഫാന്റസി എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ടൈറ്റില്‍ കഥാപാത്രമായി ഐശ്വര്യ രാജേഷ് എത്തുന്ന ചിത്രത്തില്‍, യാദഗിരി എന്ന കഥാപാത്രമാണ് തിരുവീര്‍ വേഷമിടുന്നത്. ദാമിനി എന്നാണ് ഐശ്വര്യയുടെ കഥാപാത്രത്തിന്റെ പേര്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മുരളിധര്‍ ഗൌഡ്, വിഷ്ണു ഓയി (മാഡ് ഫെയിം) ഝാന്‍സി, അമാനി, ആനന്ദ്‌കോട്ട ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
◾ മലയാള സിനിമയിലെ ക്ലാസിക് ക്രിമിനല്‍ ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ഇനി ഒടിടിയില്‍ കാണാം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനംചെയ്ത 'ദൃശ്യം 3' ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 18-ന് ഒടിടിയിലെത്തും. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്. മലയാളത്തിന് പുറമേ, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാവും. തിയേറ്റര്‍ കളക്ഷന് പുറമേ, ഒടിടി- സാറ്റ്ലൈറ്റ് ബിസിനസ് ഉള്‍പ്പെടെ ചിത്രം 300 കോടി നേടിയിരുന്നു. റിലീസ് ചെയ്ത് 58 മണിക്കൂര്‍ കൊണ്ടാണ് ചിത്രം 100 കോടി കളക്ഷന്‍ പിന്നിട്ടത്. ഏഴുദിവസംകൊണ്ട് 200 കോടി ക്ലബ്ബിലും ചിത്രം കയറി. ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, സിദ്ധിഖ്, മുരളി ഗോപി, എസ്തര്‍ അനില്‍, അന്‍സിബ തുടങ്ങിയവര്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചു.
◾ റൈഡര്‍മാരുടെ സൗകര്യവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂട്ടറുകളില്‍ വോയിസ് കമാന്‍ഡ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡ് ഏഥര്‍. ഫോണോ, ടച്ച് സ്‌ക്രീനോ ഉപയോഗിക്കുന്നതിന് പകരം വോയിസ് കമാന്‍ഡുകള്‍ വഴി മിക്ക ജോലികളും പൂര്‍ത്തിയാക്കാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുക എന്നതാണ് പുതിയ ഫീച്ചറിലൂടെ ഏഥര്‍ ലക്ഷ്യമിടുന്നത്. പുതിയ ഫീച്ചര്‍ ഏതര്‍സ്റ്റാക്ക് 7 അപ്ഡേറ്റിന്റെ ഭാഗമാണെന്ന് കമ്പനി അറിയിച്ചു. ജെന്‍ 3 ഹാര്‍ഡ്വെയറിനെയോ പുതിയ പതിപ്പുകളെയോ അടിസ്ഥാനമാക്കിയുള്ള ഏഥര്‍ 450എക്‌സ്, 450 അപെക്സ്, റിസ്ത ഇസഡ് എന്നീ മോഡലുകളില്‍ ഇപ്പോള്‍ വോയിസ് കമാന്‍ഡ് ഫീച്ചര്‍ ലഭ്യമാണ്. വോയിസ് കമാന്‍ഡ് സിസ്റ്റത്തിന് ആക്സന്റുകളും ഇന്ത്യന്‍ ഭാഷകളും എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും. ബ്രാന്‍ഡിന്റെ ഹാലോ സ്മാര്‍ട്ട് ഹെല്‍മെറ്റിനൊപ്പം പ്രവര്‍ത്തിക്കുന്ന രീതിയിലാണ് വോയിസ് കമാന്‍ഡുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏത് ബ്ലൂടൂത്ത്, ഹെഡ്സെറ്റ് വഴിയും ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ആക്സസ് ചെയ്യാന്‍ കഴിയും.
◾ മസില്‍ ബാരല്‍ ശരീരത്തിന്റെ ശക്തിയല്ല, മനസ്സിന്റെ ഇരുണ്ട ശക്തിയാണ് ഇവിടെ പൊട്ടിത്തെറിക്കുന്നത്. കടലിന്റെ ഇരുണ്ട ഡെക്കുകളില്‍നിന്ന് അന്യദേശങ്ങളുടെ തീരങ്ങളിലേക്കും, അവിടെനിന്നു മനുഷ്യരുടെ ഉള്ളറകളിലേക്കും നീളുന്ന ഏഴു കഥകളുടെ കഠിനയാത്രയാണ്ഈ പുസ്തകം. ക്യാപ്റ്റന്‍ ഗോവിന്ദന്റെ അനുഭവങ്ങളില്‍നിന്ന് പിറന്ന ഈ കഥകള്‍, യാഥാര്‍ത്ഥ്യവും ഭ്രമവും തമ്മിലുള്ള അതിരുകള്‍ തകര്‍ത്ത് വായനക്കാരനെ ഒരു അസ്വസ്ഥ ലോകത്തിലേക്ക് കൊണ്ടുപോകുന്നു. കടല്‍പോലെ ക്ഷുഭിതമായ മനസ്സുകളും, ജീവിതത്തിന്റെ കൊടുങ്കാറ്റില്‍ ദിശ തെറ്റുന്ന മനുഷ്യരും, ഒരിക്കല്‍ കണ്ടാല്‍ മറക്കാനാകാത്ത മുഖങ്ങളും. 'മസില്‍ ബാരല്‍'. ക്യാപ്റ്റന്‍ ഗോവിന്ദന്‍. മാതൃഭൂമി. വില 127 രൂപ.
◾ എല്ലാ മുടികൊഴിച്ചിലും കഷണ്ടി ഉണ്ടാക്കില്ല. കഷണ്ടി വരുന്നതിന് മുന്‍പ് ശരീരം ചില ലക്ഷണങ്ങള്‍ പ്രകടമാക്കാരുണ്ട്. ഈ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുന്നത് കഷണ്ടി തടയാന്‍ സഹായിക്കും. പ്രായത്തിനനുസരിച്ച് പാരമ്പര്യമായി മുടി കൊഴിച്ചില്‍ ഉണ്ടാകുന്നതാണ് കഷണ്ടിയുടെ ഏറ്റവും സാധാരണ കാരണം. കഷണ്ടിയുടെ ആദ്യ ലക്ഷണം മുടി കൊഴിച്ചിലാണ്. മുടിയുടെ കനം ക്രമേണ കുറഞ്ഞുവരുന്നത് ഒരു ലക്ഷണമായി കണ്ട് ആരോഗ്യവിദഗ്ധരെ സമീപിച്ച് ആവശ്യമായ പരിശോധനകള്‍ നടത്താവുന്നതാണ്. പുരുഷന്മാരില്‍ നെറ്റിയിലെ രോമരേഖയില്‍ പലപ്പോഴും രോമം കുറയാന്‍ തുടങ്ങും. ചിലരുടെ തലയോട്ടിയിലോ താടിയിലോ പുരികത്തിലോ വൃത്താകൃതിയിലുള്ളതോ പൊട്ടുന്നതോ ആയ കഷണ്ടി പാടുകള്‍ ഉണ്ടായാല്‍ മുടി കൊഴിയും. മുടി കൊഴിയുന്നതിന് മുമ്പ് നിങ്ങളുടെ ചര്‍മത്തില്‍ ചൊറിച്ചിലോ വേദനയോ ഉണ്ടാകാം. ശാരീരികമോ വൈകാരികമോ ആയ ആഘാതം മുടി കൊഴിയാന്‍ കാരണമാകും. മുടി ചീകുമ്പോഴോ കഴുകുമ്പോഴോ അല്ലെങ്കില്‍ മുടിയില്‍ മൃദുവായി വലിക്കുമ്പോഴോ മുടി കൊഴിഞ്ഞു വന്നേക്കാം. ഇത്തരത്തിലുള്ള മുടി കൊഴിച്ചില്‍ സാധാരണയായി മുടി മൊത്തത്തില്‍ കനം കുറയുന്നതിന് കാരണമാകുമെങ്കിലും അത് താല്‍ക്കാലികമാണ്. പ്രായമായവരിലോ കുട്ടികളിലോ തുടര്‍ച്ചയായ മുടികൊഴിച്ചില്‍ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണണം. മുടി ചീകുമ്പോഴോ കഴുകുമ്പോഴോ പൊട്ടുന്ന തരത്തില്‍ മുടികൊഴിച്ചില്‍ അനുഭവപ്പെടുകയാണെങ്കില്‍ മുടികൊഴിച്ചിലിന് ചികിത്സ ലഭിക്കേണ്ട അവസ്ഥയാണെന്ന് മനസിലാക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ വീട് മരം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് പൊളിച്ചുപണിയുകയാണ്. മരംകൊണ്ടുളള ഭിത്തിയില്‍ ചൂടും തണുപ്പും നിയന്ത്രിക്കാന്‍ പൊള്ളയായ ഒരു ഭാഗമുണ്ട്. അത് പൊളിച്ചുതുടങ്ങിയപ്പോള്‍ ജോലിക്കാരന്‍ ഒരു കാഴ്ച കണ്ടു. കാലില്‍ ആണി തറച്ചുകയറിയ നിലയില്‍ ഒരു പല്ലി. ഏകദേശം ആറ് മാസങ്ങള്‍ക്ക് മുമ്പാണ് താന്‍ ആ ഭാഗത്ത് ആണിയടിച്ചത്. ഇത്രനാളായിട്ടും ആ പല്ലി ചത്തുപോകാതിരുന്നതില്‍ അയാള്‍ക്ക് അത്ഭുതം തോന്നി. ആ പല്ലിയെ കുറച്ച് നേരം ശ്രദ്ധിച്ചിരുന്നപ്പോള്‍ അയാള്‍ മറ്റാരു കാഴ്ചകണ്ടു. മറ്റൊരു പല്ലി വായില്‍ ഭക്ഷണവുമായി വന്ന് ആണിയില്‍ കുടുങ്ങിയ പല്ലിക്ക് അത് നല്‍കുന്നു. ഒരു കാര്യം അയാള്‍ തിരിച്ചറിഞ്ഞു. കുടുങ്ങിപ്പോയ പല്ലി ഈ ആറ് മാസവും ജീവിച്ചത് മറ്റേ പല്ലി നല്‍കിയ ആഹാരം കൊണ്ടാണ്.. ഇനിയൊരു മടങ്ങിവരവില്ല എന്ന് ഉറപ്പുള്ളവരുടെ കൂടെയുള്ള യാത്രയാണ് യഥാര്‍ത്ഥ തീര്‍ത്ഥയാത്ര.. സത്യത്തില്‍ പുണ്യസ്ഥലങ്ങളൊന്നും കാണാന്‍ ദൂരെ പോകേണ്ടകാര്യമില്ല. ജീവിക്കുന്ന പരിസരങ്ങളിലും സാഹചര്യങ്ങളിലും വിശുദ്ധസ്ഥലങ്ങള്‍ രൂപപ്പെടുന്നുണ്ട്. ശേഷി നഷ്ടപ്പെട്ടവന്റേയും പ്രയോജനമില്ലാത്തവന്റെയും കൂടെ നില്‍ക്കാന്‍ എത്ര പേര്‍ തയ്യാറാകും? അടുത്തിരിക്കുന്നവന്റെ അന്ധകാരം തിരിച്ചറിയുന്നില്ലെങ്കില്‍ ആ അടുപ്പത്തിന് എന്താണര്‍ത്ഥം? ഒരാളെ ഉപേക്ഷിക്കാന്‍ നമുക്ക് ഒരുപാട് കാരണങ്ങളുണ്ടാകും.. അത് വളരെ എളുപ്പമുളളതുമാണ്.. ഉപേക്ഷിക്കാനുളള അര്‍ഹതയുണ്ടായിട്ടും, കൂടെ നില്‍ക്കുന്നുണ്ടോ എന്നതാണ് ബന്ധങ്ങളുടെ കാതല്‍.. - ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ