കേന്ദ്ര സര്‍ക്കാരിന്റെ ടെലഗ്രാം നിരോധനം ശരിവച്ച് ഡല്‍ഹി ഹൈക്കോടതി. ജൂണ്‍ 22വരെ ടെലഗ്രാമിന്റെ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതിനെതിര സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഇതോടെ കേന്ദ്രത്തിന്റെ നടപടി ചോദ്യം ചെയ്തുള്ള ടെലഗ്രാമിന്റെ ഹര്‍ജി കോടതി തള്ളി. ഐടി നിയമം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് നിരോധനാധികാരമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച വരെയാണ് ടെലഗ്രാമിന് രാജ്യത്ത് നിരോധനം. ടെലഗ്രാമിന്റെ നിരോധനത്തില്‍ തെറ്റില്ല, കേന്ദ്രത്തിന്റെ ഉത്തരവിന് കൃത്യമായ അടിസ്ഥാനവും അതിനെ പിന്തുണയ്ക്കുന്ന കാരണങ്ങളുമുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് തേജസ് കാരിയയാണ് നിരോധനം ശരിവച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
നീറ്റ് - യുജി പുനഃപരീക്ഷയപമായി ബന്ധപ്പട്ട സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ടെലഗ്രാമിന്റെ സേവനങ്ങള്‍ക്ക് താത്ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. ടെലഗ്രാം ഉപയോഗിച്ച് സംഘടിത തട്ടിപ്പുസംഘങ്ങള്‍ വ്യാജമോ ചോര്‍ന്നതോ ആയ ചോദ്യപേപ്പറുകള്‍ പ്രചരിപ്പിക്കുകയും പരീക്ഷാ ക്രമക്കേടുകള്‍ ഏകോപിപ്പിക്കുകയും ചെയ്തെന്ന സുരക്ഷാ ആശങ്കകളെ തുടര്‍ന്നായിരുന്നു വിലക്ക്. വിവരസാങ്കേതിക നിയമത്തിലെ (IT Act) സെക്ഷന്‍ 69A പ്രകാരമാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ടെലഗ്രാമിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
നിയമവിരുദ്ധവും സംശയാസ്പദവുമായ ചാനലുകള്‍ക്കെതിരെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ടെലഗ്രാം യാതൊരു ഫലപ്രദമായ നടപടിയും സ്വീകരിച്ചില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ടെലഗ്രാമിലെ ഭൂരിഭാഗം ചാനലുകളും ബോട്ടുകള്‍ (Bots) വഴിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (I4C) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത വാദിച്ചു. ടെലഗ്രാമില്‍ ഒരു അക്കൗണ്ടിന് 40 വരെ ബോട്ടുകള്‍ സൃഷ്ടിക്കാം. എന്നാല്‍ വാട്ട്സ്ആപ്പില്‍ ഒരു ഉപയോക്താവിന് ഒരു ബോട്ട് മാത്രമേ സൃഷ്ടിക്കാനാകൂ എന്നായിരുന്നു തുഷാര്‍ മേത്തയുടെ വാദിച്ചത്. NEET-UG പുനഃപരീക്ഷയുമായി ബന്ധപ്പെട്ട സാഹചര്യം പോലുള്ള ഗുരുതര പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മറ്റ് മെസേജിംഗ് പ്ലാറ്റ്ഫോമുകളെപ്പോലെ ടെലഗ്രാമിന്റെ സംവിധാനത്തിന് കാര്യക്ഷമതയില്ലെന്നും I4C റിപ്പോര്‍ട്ട് ഉദ്ധരിച്ച് തുഷാര്‍ മേത്ത വാദിച്ചിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ