ന്യൂഡൽഹി: ഇഗ്‌നോ ചോദ്യപേപ്പർ ചോർന്നതായി പരാതികൾ. ജൂൺ-ജൂലൈ ടേം-എൻഡ് പരീക്ഷകളുടെ (TEE) ചോദ്യപേപ്പറുകൾ ചോർന്നതായാണ് ആക്ഷേപം. ടെലഗ്രാമിൽ ഇഗ്നോയുടെ ചോദ്യപേപ്പർ വിൽപനയ്ക്ക് വെച്ചിരുന്നതായാണ് വിവരം.
ചോദ്യപേപ്പറുകൾ പ്രചരിപ്പിച്ച ഏതാനും ടെലഗ്രാം ഗ്രൂപ്പുകൾ ഒരു വിഷയത്തിന് 199 രൂപ വീതം ഈടാക്കിയെന്നും ആരോപണമുണ്ട്. മാക്രോ ഇക്കണോമിക്സ് ഉൾപ്പെടെ ഒന്നിലധികം വിഷയങ്ങളുടെ ചോദ്യപേപ്പറുകളാണ് ടെലഗ്രാമിൽ പ്രചരിച്ചത്.
ഇതിന്റെ സ്ക്രീൻഷോട്ടുകൾ അടക്കം ഉൾപ്പെടുത്തി വിദ്യാർത്ഥികൾ ഇഗ്‌നോ അധികൃതർക്ക് മെയിൽ അയച്ചു. സമാനമായി ലഭിച്ച മുഴുവൻ പരാതികളും ഇഗ്നോ പൊലീസിന് കൈമാറി. ചോദ്യപേപ്പറുകൾ പങ്കിടരുതെന്നും അങ്ങനെയുണ്ടാൽ പരീക്ഷ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും നിർദേശം ലഭിച്ചതായും പരാതിയുണ്ട്.
എന്നാൽ ഇഗ്നോ ഇതുവരെ ഒരു ചോദ്യപേപ്പറും റദ്ദാക്കിയിട്ടില്ല. പേപ്പർ ചോർന്നതിന് തെളിവുകളില്ലെന്നാണ് ഇഗ്‌നോയുടെ വാദം. ചോദ്യപേപ്പറുകൾ സെൻ്റർ സൂപ്രണ്ടുമാരുടെ സ്വകാര്യ കസ്റ്റഡിയിൽ തുടരുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ കേന്ദ്രങ്ങൾക്കും ഇഗ്നോ നിർദേശം നൽകി. സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കണമെന്നും നിർദേശമുണ്ട്.
ഇതിനിടെ, പിജി പരീക്ഷക്കായി രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിൽ ഇഗ്നോ തെറ്റായ ചോദ്യപേപ്പറുകളാണ് വിതരണം ചെയ്‌തതെന്നും ആരോപണമുണ്ട്. എന്നാൽ ഈ ആരോപണവും ഇഗ്‌നോ നിഷേധിച്ചു. തെറ്റായ ചോദ്യപേപ്പറുകൾ ഉപയോഗിച്ച് ഇതുവരെ പരീക്ഷ നടത്തിയിട്ടില്ലെന്ന് ഇഗ്നോ പ്രതികരിച്ചു.
ജൂൺ ഒന്ന് മുതൽ ജൂലൈ 21 വരെയാണ് ഇഗ്നോയുടെ ജൂൺ-ജൂലൈ മാസങ്ങളിലെ യുജി, പിജി പരീക്ഷകൾ നടക്കുന്നത്. 2000ത്തോളം കോഴ്‌സുകൾ നൽകുന്ന ഇഗ്നോയുടെ 900ലധികം വരുന്ന പരീക്ഷാ കേന്ദ്രങ്ങളിലായി ഒമ്പത് ലക്ഷം വിദ്യാർത്ഥികളാണ് പഠിക്കുന്നത്.
നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ടെലഗ്രാം താത്കാലികമായി നിരോധിച്ചതിന് പിന്നാലെയാണ് ഇഗ്നോയും വിവാദത്തിലാകുന്നത്. ചോദ്യപേപ്പർ ചോർച്ച തടയാനാണ് ടെലഗ്രാമിനെതിരെ കേന്ദ്രസർക്കാർ നടപടിയെടുത്തത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ