2026 മേയ് 31, ഞായര്‍
1201 ഇടവം 17 , അനിഴം
1467 ദുൽഹിജജ 13
◾ ഡല്‍ഹി അടക്കം തന്ത്രപ്രധാന മേഖലകളില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ഒമ്പത് പാക് ഭീകരരെ ഡല്‍ഹിയില്‍ പൊലീസ് അറസ്റ്റു ചെയ്തു. ഇവരില്‍നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി. പാക് ചാര സംഘടനയായ ഐഎസ്ഐ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന സംഘമാണിതെന്നു പൊലീസ് വ്യക്തമാക്കി. മുംബൈ അധോലോക ശൃംഖലയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും പറയുന്നു.
◾ എന്‍ ടി എ നടത്തുന്ന സര്‍വകലാശാലാ ബിരുദ പ്രവേശന പരീക്ഷയായ സി യു ഇ ടി യു ജിയുടെ തുടര്‍ പരീക്ഷ സാങ്കേതിക തകരാര്‍മൂലം ഒന്നര മണിക്കൂറോളം വൈകി. പരീക്ഷാ നടത്തിപ്പു ചുമതലയുള്ള ടി സി എസിന്റെ ഭാഗത്തുണ്ടായ സാങ്കേതിക തടസമാണ് കാരണമെന്ന് എന്‍ ടി എ വിശദീകരിച്ചു. വൈകി തുടങ്ങിയ കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ മുഴുവന്‍ സമയവും അനുവദിച്ചു.
◾ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ 13 സാക്ഷികളെ പുതുതായി ചേര്‍ത്ത് തുടരന്വേഷണ റിപ്പോര്‍ട്ട്. കണ്ണൂര്‍ ടൗണ്‍ പോലീസാണ് തുടരന്വേഷണം നടത്തി വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ തുടരന്വേഷണത്തിനു കോടതി ഉത്തരവിട്ടിരുന്നു. സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യയാണു കേസിലെ ഏക പ്രതി.
◾ പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തപ്പെട്ട ആക്രമണം രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നു തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചു.
◾ മാസപ്പടിക്കേസില്‍ വിദേശ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ കത്ത്. യുഎഇയിലെ അബുദാബി കൊമേഴ്സ്യല്‍ ബാങ്കില്‍ എക്സാലോജികിന്റെ അക്കൗണ്ടിലേക്ക് സിഎംആര്‍എല്‍ പണം മാറ്റിയിട്ടുണ്ട്. വീണ തയ്ക്കണ്ടി, എം. സുനീഷ് എന്നിവരാണ് ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നത്. എസ്എന്‍സി ലാവലിന്‍, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്നീ സ്ഥാപനങ്ങളില്‍നിന്ന് ഈ അക്കൗണ്ടിലേക്കു വന്ന പണം അമേരിക്കയിലെ ചില അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും ഇഡിക്കു നല്‍കിയ കത്തില്‍ ആരോപിച്ചു.
◾ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കെതിരെ വധശ്രമക്കുറ്റം ചേര്‍ത്ത് ക്രൈം ബ്രാഞ്ച്. പ്രതികള്‍ ജാമ്യം നേടുന്നത് തടയാനാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.
◾ തിരുവനന്തപുരത്ത് അതിശക്തമായ മഴ. തമ്പാനൂര്‍ അടക്കം പല പ്രദേശങ്ങളും വെള്ളത്തിലായി. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട്.
◾ മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള ദുരന്തസാധ്യതകള്‍ മുന്നില്‍ കണ്ട് എല്ലാ വകുപ്പുകളും കാലവര്‍ഷത്തിന് മുന്നൊരുക്കങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ കെ എസ് യു സ്ഥാപക ദിനത്തില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരിക്കെ നന്ദാവനം പൊലീസ് ക്യാമ്പിലേറ്റ മര്‍ദനം ഓര്‍മിപ്പിച്ച് കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെപിസിസി പ്രസിഡന്റായിരുന്ന എ.കെ. ആന്റണി ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന ഫോട്ടോ സഹിതമാണ് കുറിപ്പ്. തന്റെ ചോരയില്‍ കുതിര്‍ന്ന ഷര്‍ട്ടുമായി ആന്റണി വാര്‍ത്താ സമ്മേളനം നടത്തിയെന്നും കെ സി ഓര്‍മിക്കുന്നു. ഇത് ഇടതു സര്‍ക്കാരിന്റെ പതനത്തിലേയ്ക്കു നയിച്ചെന്നും പോസ്റ്റിലുണ്ട്.
◾ മെട്രോമാന്‍ ഇ. ശ്രീധരന്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച അതിവേഗ റെയില്‍പാതയില്‍ വിമാനത്താവളങ്ങള്‍ അടക്കം 23 സ്റ്റേഷനുകള്‍. 60,000 കോടി രൂപയാണ് നിര്‍മാണ ചെലവ്. തിരുവനന്തപുരത്തെ പൂജപ്പുര മുതല്‍ കണ്ണൂര്‍ മുണ്ടയാട് വരെ 473.20 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് ഈ ഇരട്ടപ്പാത. മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗത. മൂന്നര മണിക്കൂര്‍കൊണ്ട് എത്താം. 70 ശതമാനം തൂണുകളിലൂടെയും 20 ശതമാനം ഭൂഗര്‍ഭ പാതയായും നിര്‍മ്മിക്കാനുള്ള നിര്‍ദേശമാണു പദ്ധതിയിലുള്ളത്.
◾ ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിക്കെതിരേ കെ റെയില്‍ വിരുദ്ധ സമരസമിതി. പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ എതിര്‍ക്കുമെന്ന് സമരസമിതി കണ്‍വീനര്‍ എസ് രാജീവന്‍. നിലവിലുള്ള റെയില്‍പാത ഇരട്ടിപ്പിച്ചാല്‍ മതിയെന്ന് രാജീവന്‍.
◾ മുഖ്യമന്ത്രി വിഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിര്‍ദേശം. മുഖ്യമന്ത്രി തന്നെയാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്.
◾ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ പേരില്‍ നിരപരാധികളുടെ വീടുകളില്‍ രാത്രി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഡിവൈഎഫ്ഐ. പൊലീസ് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണെന്ന് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
◾ അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായിരുന്ന കെ പി ധനപാലന്റെ മൃതദേഹം ജന്മനാടായ പറവൂരില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അദ്ദേഹത്തിന് 76 വയസായിരുന്നു.
◾ മുതിര്‍ന്ന സിപിഎം നേതാവ് ടി.പി. ദാസന്‍ കോഴിക്കോട് അന്തരിച്ചു. 76 വയസായിരുന്നു. മുന്‍ മേയര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
◾ ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടികളോടുള്ള കരുതലാണെങ്കിലും, പ്രായോഗികമായി പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിച്ചേക്കാമെന്ന് വനിതാ ലീഗ് മുന്‍ നേതാവ് നൂര്‍ബീന റഷീദ്. വിദ്യാലയങ്ങളില്‍ ആര്‍ത്തവ അവധി ആവശ്യപ്പെടുമ്പോള്‍ ആര്‍ത്തവ ദിവസങ്ങള്‍ പരസ്യമാകാന്‍ സാധ്യതയുണ്ടെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
◾ കായംകുളത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ യു. പ്രതിഭയെ അധിക്ഷേപിച്ച മുസ്ലിം ലീഗ് നേതാവിനെ തിരിച്ചെടുത്തു. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റും യുഡിഎഫ് ചെയര്‍മാനുമായിരുന്ന എ. ഇര്‍ഷാദിനെതിരെയുള്ള നടപടിയാണ് ലീഗ് സംസ്ഥാന നേതൃത്വം പിന്‍വലിച്ചത്.
◾ നിക്ഷേപ തുക നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വടകരയില്‍ ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സന്ദര്‍ശിച്ചു. ഇത് യഥാര്‍ത്ഥത്തില്‍ കൊലപാതകമാണെന്നും ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ കെടുകാര്യസ്ഥതയാണ് പണം നഷ്ടപ്പെടാന്‍ കാരണമെന്നും കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ മലപ്പുറത്ത് മുന്‍കൂര്‍ അനുമതിയില്ലാത്ത തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ ജില്ലാ പൊലീസ് മേധാവി വിലക്കി. വിജയാഘോഷങ്ങള്‍ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നു ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
◾ നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണത്തില്‍ കുട്ടിയുടെ അമ്മ അഖിലയും അമ്മയുടെ പങ്കാളി അഷ്‌കറും അറസ്റ്റില്‍. ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി മരിച്ചെന്നായിരുന്നു രണ്ടാനച്ഛന്‍ അഷ്‌കറിന്റെ മൊഴി. ഒന്നര വയസ്സുകാരന്‍ അര്‍ഷിദിനെ അമ്മയുടെ സുഹൃത്ത് അഷ്‌കര്‍ പതിവായി ഉപദ്രവിച്ചിരുന്നെന്ന് പൊലീസ്. 51 മുറിവുകളും പരുക്കുകളുമാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
◾ തളിപ്പറമ്പില്‍ 2.1 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍. പട്ടുവം സ്വദേശി സ്വദേശി മുജീബ് റഹ്‌മാന്‍ (33), കര്‍ണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാന്‍ (23) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
◾ മിഠായി വാങ്ങിത്തരാമെന്നു പറഞ്ഞ് അഞ്ചു വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ ബിഹാര്‍ സ്വദേശിക്ക് 72 വര്‍ഷം കഠിന തടവും 1.90 ലക്ഷം രൂപ പിഴയും ശിക്ഷ. ബിഹാര്‍ മുജ്താപൂര്‍ സ്വദേശി നജീര്‍ മിയ(55)യെയാണ് പെരുമ്പാവൂര്‍ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2025 ല്‍ അതിഥി തൊഴിലാളിയുടെ അഞ്ച് വയസ്സുള്ള മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
◾ കണ്ണൂരില്‍ തട്ടുകടയില്‍ കോണ്‍ഗ്രസ് നേതാവിന് പൊലീസുകാരുടെ ക്രൂരമര്‍ദനമേറ്റെന്നു പരാതി. കണ്ണൂര്‍ മണ്ഡലം പ്രസിഡന്റും മുന്‍ നഗരസഭ കൗണ്‍സിലറുമായ ആര്‍ രഞ്ജിത്തിനാണ് മര്‍ദനമേറ്റത്. എന്നാല്‍ തട്ടുകടയില്‍ രഞ്ജിത്താണ് ആക്രമിച്ചതെന്നു പൊലീസുകാര്‍ തിരിച്ചും പരാതി നല്‍കി.
◾ ക്രിക്കറ്റ് കോച്ചിങ്ങിനു വന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് പരിശീലകനായ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം മനു എന്ന നാല്‍പതുകാരന് 16 വര്‍ഷം കഠിനതടവും 24,000 രൂപ പിഴയും ശിക്ഷ. അതിവേഗ പ്രത്യേക കോടതിയാണു ശിക്ഷിച്ചത്.
◾ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഡി കെ ശിവകുമാറിനെ നിയമസഭാ കക്ഷി നേതാവായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. രാജിവച്ച മുഖ്യമന്ത്രതി സിദ്ധരാമയ്യയാണ് ഡി കെയുടെ പേര് നിര്‍ദ്ദേശിച്ചത്. മുതിര്‍ന്ന നേതാവ് ജി പരമേശ്വരയാണ് പിന്താങ്ങിയത്. ഡി കെ ശിവകുമാര്‍ ജൂണ്‍ മൂന്നിന് വൈകുന്നേരം 5.15 നു സത്യപ്രതിജ്ഞ ചെയ്യും.
◾ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ സിഎം എന്നു വിളിക്കണമെന്ന് തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കര്‍ എം രവിശങ്കര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കി. തിരുച്ചിറപ്പള്ളിയിലെ വാര്‍ത്താസമ്മേളനത്തിലാണു മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ നിര്‍ദേശം നല്‍കിയത്.
◾ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രമണം. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങള്‍ക്ക് ഇരയായ പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം. സൗത്ത് 24 പര്‍ഗാനാസിലെ സോനാപൂരില്‍ വെച്ച് അഭിഷേക് ബാനര്‍ജിക്ക് നേരെ ചീമുട്ടയെറിഞ്ഞു. ഷര്‍ട്ട് വലിച്ചുകീറി. മര്‍ദിക്കുകയും ചെയ്തു.
◾ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ടി.വി.കെ കുതിരക്കച്ചവടം നടത്തുകയാണെന്ന് ആരോപിച്ചും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷ എഐഎഡിഎംകെ നേതാക്കള്‍ ഗവര്‍ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍ക്ക് പരാതി നല്‍കി.
◾ ഡല്‍ഹിയിലും രാജസ്ഥാനിലും വിവിധയിടങ്ങളില്‍ പൊടിക്കാറ്റ് വീശിയടിച്ചു. അന്തരീക്ഷത്തെയാകെ വിഴുങ്ങിയ കനത്ത പൊടിപടലങ്ങള്‍ കാരണം പ്രദേശമാകെ ഇരുട്ടു പരന്നു. പൊടിക്കാറ്റിനെ തുടര്‍ന്ന് രാജസ്ഥാനിലെ ബിക്കാനീറില്‍ പ്രധാന റോഡുകളില്‍ കാഴ്ചപരിധി പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
◾ ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്നും ദയാവധം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കിരിത് പട്ടേല്‍ ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കി. നീണ്ടുപോകുന്ന നിയമ പോരാട്ടവും മാനസിക വിഷമവും കാരണം തനിക്കു മുന്നില്‍ മറ്റു വഴികളില്ലെന്നാണ് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്.
◾ ചൈനയുടെ മരുഭൂമി പ്രദേശങ്ങളില്‍ അത്യാധുനിക മിസൈല്‍ വിക്ഷേപണകേന്ദ്രങ്ങളുംബങ്കറുകളും ഉള്‍പ്പെടെയുള്ളസൈനിക സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. എണ്‍പതിലധികം കേന്ദ്രങ്ങളാണ് പുതുതായി നിര്‍മിക്കപ്പെടുന്നത്. ഇലക്ട്രോണിക് യുദ്ധമുറകള്‍, ഉപഗ്രഹ ആശയവിനിമയം തുടങ്ങിയ സംവിധാനങ്ങള്‍ ഉപഗ്രഹ ചിത്രങ്ങളില്‍ ദൃശ്യമാണ്.
◾ കടലില്‍ മൈന്‍ സാന്നിധ്യം സംശയിക്കുന്നതിനാല്‍ ഹോര്‍മൂസിലെ ഒമാന്‍ തീരത്തോട് ചേര്‍ന്ന ഭാഗത്ത് ജാഗ്രതാ നിര്‍ദേശം. ഈ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്കും പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കുമാണു ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇറാന്‍ മേഖലയില്‍ മൈനുകള്‍ നിക്ഷേപിച്ചതായി യു.എസ് ഇന്റലിജന്‍സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
◾ സമാധാന കരാറിലെത്തും മുന്‍പ് ഡോണള്‍ഡ് ട്രംപിന്റെ ഏകപക്ഷീയ പ്രസ്താവനകളെ തള്ളി ഇറാന്‍. യുറേനിയം ശേഖരം നശിപ്പിക്കുമെന്നും ഹോര്‍മൂസ് നിയന്ത്രിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയാണ് ഇറാനെ ചൊടിപ്പിച്ചത്. മാന്യമായ പരിഹാരത്തിനെങ്കില്‍ തയാറാണെന്ന് ഇറാന്‍ പ്രസിഡണ്ട് പറഞ്ഞു.
◾ ഫ്ളോറിഡയിലെ കേപ് കനാവറല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ പ്രീ-ലോഞ്ച് പരീക്ഷണത്തിനിടെ ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെന്‍ റോക്കറ്റ് പൊട്ടിത്തെറിച്ചു. ഹോട്ട്ഫയര്‍ പരീക്ഷണത്തിനിടെയാണ് അപകടം ഉണ്ടായത്.
◾ ഐപിഎല്‍ ക്രിക്കറ്റ് ഫൈനല്‍ ഇന്ന്. ചാമ്പ്യന്മാരായ റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരു ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. അഹമ്മദാബാദില്‍ രാത്രി ഏഴരയ്ക്കാണു കിരീടപ്പോരാട്ടം.
◾ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ ട്രയല്‍സില്‍ പരാജയപ്പെട്ടു. 50 കിലോഗ്രാം വിഭാഗം സെമിഫൈനലില്‍ മീനാക്ഷിയോട് 6-4 എന്ന സ്‌കോറിനാണ് വിനേഷ് പുറത്തായത്. ഇതോടെ 2026-ലെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാമെന്ന വിനേഷിന്റെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായി.
◾ ജപ്പാനില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സാധ്യതാ പട്ടിക പ്രഖ്യാപിച്ചു. 15 കാരന്‍ വൈഭവ് സൂര്യവംശി 30 അംഗ സാധ്യതാ പട്ടികയിലുണ്ട്. ടീമിന്റെ നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ടെസ്റ്റ്-ഏകദിന നായകന്‍ ശുഭ്മാന്‍ ഗില്‍ എന്നിവര്‍ സാധ്യതാ പട്ടികയിലില്ല. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 17 വരെ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയുള്ളതിനാല്‍ ഇവരെ മാറ്റിനിര്‍ത്തിയേക്കും.
◾ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗണ്ണേഴ്‌സിനെ 4-3 ന് മറികടന്ന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി കിരീടം നിലനിര്‍ത്തി. ആഴ്‌സനലിന്റെ ഗബ്രിയേല്‍ മഗാല്യുന്‍സിന്റെ പന്ത് ബാറിനു മുകളിലൂടെ പറന്നതോടെ ആഴ്‌സനല്‍ തകര്‍ന്നു. ലൂയിസ് എന്റിക്വെയും സംഘവും ഒരിക്കല്‍ കൂടി കിരീടത്തില്‍ മുത്തമിട്ടു.
◾ വരാനിരിക്കുന്ന യാത്രാ സീസണില്‍ വിമാനയാത്രക്കാര്‍ക്ക് വന്‍ ഇളവുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 'എക്‌സ്പ്രസ് സെയില്‍' ആരംഭിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലായി 50 ലക്ഷം സീറ്റുകളാണ് കമ്പനി ഓഫര്‍ നിരക്കില്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവ് ഈ സെയിലിലൂടെ സ്വന്തമാക്കാം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് വാല്യൂ നിരക്കുകളിലാണ് ഈ ആനുകൂല്യം ലഭ്യമാകുക. ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള കാലയളവിലെ യാത്രകള്‍ക്കാണ് ഓഫര്‍ ബാധകം. ആനുകൂല്യം ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ മെയ് 31-നകം ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടതുണ്ട്. ഓഫര്‍ കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
◾ വെറുമൊരു ഫാഷന്റെ പേരില്‍ മാത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നത് അടിയന്തരമായി നിര്‍ത്താന്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ആമസോണ്‍. ജീവനക്കാര്‍ക്കിടയില്‍ എഐ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ആമസോണ്‍ 'കീരോറാങ്ക്' എന്ന പേരില്‍ ഒരു ആഭ്യന്തര ലീഡര്‍ബോര്‍ഡ് തയാറാക്കിയിരുന്നു. ആരാണോ ഏറ്റവും കൂടുതല്‍ അക ടോക്കണുകള്‍ ഉപയോഗിക്കുന്നത്, അവര്‍ക്ക് ലീഡര്‍ബോര്‍ഡില്‍ ഒന്നാം സ്ഥാനം ലഭിക്കും. എന്നാല്‍ പ്രതീക്ഷിച്ചതിന് വിപരീതമായാണ് കാര്യങ്ങള്‍ സംഭവിച്ചത്. ഒന്നാമതെത്താന്‍ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും എഐ ടോക്കണുകള്‍ വാരിവലിച്ച് എല്ലാവരും ഉപയോഗിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിന്റെ ഫലമോ പൂജ്യം, ബില്‍ ആകട്ടെ ലക്ഷങ്ങളും. കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് മനസിലാക്കിയ ആമസോണ്‍ ഒടുവില്‍ ആ ലീഡര്‍ബോര്‍ഡ് തന്നെ പൂട്ടി. വലിയ പിരിച്ചുവിടലുകള്‍ നടത്തുമ്പോഴും, മറുവശത്ത് എ ഐ ഇന്‍ഫ്രാസ്ട്രക്ചറിനായി മാത്രം ഈ വര്‍ഷം 200 ബില്യണ്‍ ഡോളറോളം മൂലധനച്ചെലവ് പ്രതീക്ഷിക്കുന്ന കമ്പനിയാണ് ആമസോണ്‍.
◾ ജുനൈസ് കാപ്പ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'ബോളാഗോളം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്. മലബാറിന്റെ മണ്ണില്‍ പന്ത് തട്ടുമ്പോള്‍ ഉയരുന്നത് കളി ആവേശം മാത്രമല്ല, മനുഷ്യരുടെ സ്വപ്നങ്ങളും വേദനകളും ബന്ധങ്ങളും കൂടിയാണ്. ആ സ്പന്ദനങ്ങളെയാണ് 'ബോളാഗോളം' എന്ന ചലച്ചിത്രം ഹൃദയസ്പര്‍ശിയായി പകര്‍ത്തുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ഐസ്ലന്‍ഡിനെക്കുറിച്ചുള്ള ബി.ബി.സി. ഡോക്യുമെന്ററിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, നാട്ടിലെ യഥാര്‍ത്ത സംഭവത്തെ ആസ്പദമാക്കി, മുത്തുവും തൊത്തുവും തമ്മിലുള്ള ആത്മബന്ധത്തിലൂടെ, കളി കാര്യമാകുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അഖില്‍ പ്രഭാകര്‍, കൈലാഷ്, ആലിയ, ഉണ്ണി നായര്‍, കാശിനാഥ്, ലത അനില്‍, ലാല മലപ്പുറം, ശിക്കു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
◾ തമിഴ് സിനിമയില്‍ പുതിയ ചരിത്രം കുറിച്ച് സൂര്യ- ആര്‍.ജെ. ബാലാജി ചിത്രം 'കറുപ്പ്'. ചിത്രം ആഗോളതലത്തില്‍ 300 കോടി കളക്ഷന്‍ പിന്നിട്ടു. നിര്‍മാതാക്കളായ ഡ്രീം വാരിയേഴ്സ് പിക്ചേഴ്സാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക പോസ്റ്ററും അവര്‍ പുറത്തിറക്കി. തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷനാണിത്. സൂര്യയുടെ 300 കോടി കളക്ഷന്‍ നേടിയ ആദ്യചിത്രം എന്ന ഖ്യാതിയും കറുപ്പ് സ്വന്തമാക്കി. ചിത്രം കേരളത്തിലും ഗംഭീര കളക്ഷനാണ് നേടുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പില്‍ എത്തുന്നത്. ആര്‍.ജെ. ബാലാജി എന്നിവരും ഇന്ദ്രന്‍സ്, നട്ടി സുബ്രഹ്‌മണ്യം, സ്വാസിക, ശിവദ, സുപ്രീത് റെഡ്ഡി എന്നിവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. യുവ സംഗീത സംവിധായകന്‍ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
◾ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പുതിയതും ശക്തവുമായ ബുള്ളറ്റ് 650 പുറത്തിറക്കി. പുതിയ ബുള്ളറ്റ് 650 നൊസ്റ്റാള്‍ജിയയുടെയും ശക്തമായ പ്രകടനത്തിന്റെയും മിശ്രിതം വാഗ്ദാനം ചെയ്യുന്നു. 648 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് ഇത് നല്‍കുന്നത്, ഇത് 47 ബിഎച്പി കരുത്തും 52.3 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്സും സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ചുമായി ജോടിയാക്കിയിരിക്കുന്നു. റൈഡര്‍ക്കും പിന്‍സീറ്റിനും വളരെ സ്വാഭാവികവും സുഖകരവുമായ യാത്ര പ്രദാനം ചെയ്യുന്ന സിംഗിള്‍-പീസ് സ്റ്റെപ്പ്ഡ് സീറ്റാണ് ഇതിന്റെ സവിശേഷത. നിങ്ങള്‍ കുനിഞ്ഞു പോകേണ്ടതില്ലാത്ത വിധത്തിലാണ് ഹാന്‍ഡില്‍ബാര്‍ പൊസിഷനും സജ്ജീകരിച്ചിരിക്കുന്നത്. വഴിതെറ്റിപ്പോകാതിരിക്കാന്‍ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനായി 'ട്രിപ്പര്‍ പോഡ്' ഉള്ള ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കില്‍ ഉണ്ട്. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള യുഎസ്ബി പോര്‍ട്ടും മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഡ്യുവല്‍-ചാനല്‍ എബിഎസും ഇതില്‍ ഉള്‍പ്പെടുന്നു.
◾ ദരിദ്രനും നിസ്സഹായനും തെരുവുപട്ടിയെ പോലെ വിലയില്ലാത്തവനുമാണെ ങ്കിലും ഒരു ദിവസമെങ്കിലും രാജാവായി ജീവിച്ചില്ലെങ്കില്‍ എന്തു ജീവിതം? സമ്പന്നനും പരിചാരക വൃന്ദത്താല്‍ ചുറ്റപ്പെട്ടവനും ദൈവത്തെ പോലെ സുഖിയുമാണെങ്കിലും ഒരു ദിവസമെങ്കിലും തെരുവുപട്ടിയായി ജീവിച്ചില്ലെ ങ്കില്‍ പിന്നെന്ത് ജീവിതം? എല്ലാ കാലവും ഒരൊറ്റ ജീവിതം നയിച്ചിട്ട് മനുഷ്യന് എന്തു കിട്ടാന്‍? കടലുപോലെ നിറഞ്ഞതെന്നു തോന്നിക്കുമ്പോഴും കുമിള പോലെ നിസ്സാരമെന്ന് ബോധ്യപ്പെടുത്തുന്ന ജീവിതത്തിന്റെ വഴികളെ ഈ കഥകള്‍ തുറന്നിടുന്നു. പ്രണയവും ഉദ്വേഗവും പകയുമെല്ലാം നിറഞ്ഞ ഏഴ് കഥകള്‍. 'പാതി ജീവന്‍ കൊടുത്തോളണെ'. ബിനീഷ് പുതുപ്പണം. ഒലീവ് പബ്ളിക്കേഷന്‍സ്. വില 190 രൂപ.
◾ സാധാരണയായി ഒരു ആഴ്ചയില്‍ 0.5 മുതല്‍ 1 കിലോ വരെ കുറയുന്നത് ആരോഗ്യകരമായ രീതിയായി കണക്കാക്കപ്പെടുന്നു. എന്നാല്‍ അതിലധികം വേഗത്തില്‍ ഭാരം കുറയുമ്പോള്‍ അത് റാപ്പിഡ് വേയ്റ്റ് ലോസ് ആയി മാറാം. ഭക്ഷണം വളരെ കുറവു കഴിച്ചുകൊണ്ടുള്ള ഡയറ്റുകള്‍, അമിതമായ വ്യായാമം, ഭക്ഷണം ഒഴിവാക്കുന്നത്, ഡീടോക്സ് ഡയറ്റ്, വണ്ണം കുറയ്ക്കാനുള്ള സപ്ലിമെന്റുകള്‍ എന്നിവ ഇത്തരത്തില്‍ അതിവേഗം വണ്ണം കുറയുന്നതിലേക്ക് നയിക്കാം. ഇത് അനാരോഗ്യകരമാണ്. അതിവേഗം ശരീരഭാരം കുറയുമ്പോള്‍ കൊഴുപ്പിനൊപ്പം പേശി നഷ്ടവും സംഭവിക്കാം. ഇത് ശരീരത്തിന് ബലക്കുറവ് ഉണ്ടാക്കാം. ക്ഷീണം, പടികള്‍ കയറുമ്പോള്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാം. ശരീരത്തിന് വേണ്ടത്ര ഭക്ഷണം ലഭിക്കാത്തപ്പോള്‍ ശരീരം ഊര്‍ജ്ജം അധികം ഉപയോഗിക്കുന്നത് കുറയ്ക്കും. അതോടെ മെറ്റബോളിസം കുറയുകയും പിന്നീട് സാധാരണ ഭക്ഷണം കഴിച്ചാലും ശരീരഭാരം പെട്ടെന്ന് കൂടുകയും ചെയ്യും. ക്രാഷ് ഡയറ്റ് പോലുള്ളത് പാലിക്കുമ്പോള്‍ സ്വാഭാവികമായും സംഭവിക്കാവുന്ന ഒന്നാണ് പോഷകക്കുറവ്. അയണിന്റെ കുറവു, വിറ്റാമിനുകളുടെ അഭാവം, കാല്‍സ്യം-പ്രോട്ടീന്‍ എന്നിവയുടെ കുറവ് എന്നിവ നേരിടാം. ഇത് മുടികൊഴിച്ചില്‍, ചര്‍മപ്രശ്നങ്ങള്‍, ശ്രദ്ധക്കുറവ് എന്നിവയിലേക്ക് നയിക്കാം. അമിതമായ ഡയറ്റിങ് മൂലം ഇലട്രോലൈറ്റ് അസന്തുലിതാവസ്ഥ ഉണ്ടാക്കാം. ഇത് ഹൃദയമിടിപ്പ് ക്രമരഹിതമാക്കാനും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാനും സാധ്യതയുണ്ട്. സ്ത്രീകളില്‍ ആര്‍ത്തവ ക്രമരഹിതമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യകരമായി ഭാരം കുറയ്ക്കാനായി ക്രാഷ് ഡയറ്റ് ഒഴിവാക്കാം. പ്രോട്ടീന്‍ അടങ്ങിയ ബാലന്‍സ്ഡ് ഡയറ്റ് പിന്തുടരുക.
*ശുഭദിനം*
*കവിത കണ്ണന്‍*
വീടിന് മുന്‍പിലെ തപാല്‍പെട്ടി അയാള്‍ എന്നും പരിശോധിക്കും. ചിലപ്പോള്‍ അതിനുള്ളില്‍ ഒരു ചെക്ക് ഉണ്ടാകും. അതുമെടുത്ത് അയാള്‍ വീട്ടില്‍ പോകും. ഒരു ദിവസം എഴുത്തുപെട്ടിക്കടുത്ത് നില്‍ക്കെ അയാളോട് അയല്‍ക്കാരി ചോദിച്ചു: മകള്‍ ഇപ്പോള്‍ വരാറില്ലേ.. അവള്‍ തിരക്കുള്ള ഡോക്ടറാണ്. സമയം കിട്ടാറില്ല എന്നതായിരുന്നു അയാളുടെ മറുപടി. അധികം താമസിയാതെ അയാള്‍ മരിച്ചു. വിവരമറിഞ്ഞെത്തിയ മകള്‍ സംസ്‌കാര ചടങ്ങുകളെല്ലാം ഭംഗിയായി നടത്തി. അതിന് ശേഷം അച്ഛന്റെ മുറിയിലെത്തിയ അവള്‍ അവിടെയിരുന്ന പെട്ടി തുറന്നു അതില്‍ അവള്‍ അയച്ച ചെക്കുകളായിരുന്നു. ഒന്നും മാറിയിരുന്നില്ല. കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. നിന്റെ പണമായിരുന്നില്ല എനിക്ക് വേണ്ടിയിരുന്നത്. സ്നേഹാന്വേഷണമുളള ഒരു കത്ത് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. മകളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വേണ്ട രീതിയില്‍ സ്നേഹിക്കാതെ വരുന്നിടത്താണ് സ്നേഹം പരാജയപ്പെടുന്നത്. ഉളളത് കൊടുക്കുന്നതല്ല, വേണ്ടതു കൊടുക്കുന്നതാണ് സ്നേഹം. ഓരോരുത്തര്‍ക്കും വേണ്ടത് ഓരോന്നാണ്. ചിലര്‍ക്ക് സാമിപ്യം,. ചിലര്‍ക്കു സംസാരം, കൃത്യമായ ഇടവേളകളിലെ സന്ദര്‍ശനവും സുഖാന്വേഷണവും ആഗ്രഹിക്കുന്നവരുമുണ്ട്. ആഗ്രഹിക്കുന്നത് നല്‍കുന്നവര്‍ക്ക് നാം അധികവില നല്‍കും. ആഗ്രഹമില്ലാത്തത് എത്ര നല്‍കിയാലും അത് എവിടെയെങ്കിലും അവഗണിക്കപ്പെട്ട് കിടക്കുകയേ ഉള്ളൂ.. സ്നേഹം നല്‍കുന്നവര്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ആദ്യമായി സ്നേഹിക്കുന്നവരെ അറിയണം. അവര്‍ക്കു വേണ്ടതെന്തെന്ന് അറിയണം. വേണ്ടാത്തതെല്ലാം വാരിവരിതറാതെ വേണ്ടത് കൊടുക്കാന്‍ ശ്രമിക്കാം - ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ