പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ..

2026  മെയ് 1, വെള്ളി
1201  മേടം 18, ചോതി
1447  ദുൽഖഅ്ദ 13

◾ ഇന്നു മെയ്ദിനം.  മെയ്ദിനാശംസകള്‍....

◾ അധ്യാപക യോഗ്യതാ പരീക്ഷയായ ടെറ്റ്, കെ-ടെറ്റ് സുപ്രീം കോടതി വിധിക്കെതിരേ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസിന്റെ അനുമതിക്കു വിധേയമായി മേയ് 13 ന് ഉച്ചയ്ക്കു രണ്ടിന് പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കും.

◾ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിഷേധിച്ച പോസ്റ്റല്‍ ബാലറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വോട്ടെണ്ണലിനു തൊട്ടുമുമ്പായി വോട്ടു ചെയ്യുന്നതു പ്രായോഗികമല്ലെന്നു ചുണ്ടിക്കാട്ടിയാണ് തള്ളിയത്. ഇരുപതിനായിരം പേര്‍ക്ക് തപാല്‍വോട്ട് നിഷേധിച്ചെന്നു ചൂണ്ടിക്കാട്ടി എന്‍ജിഒ യൂണിയന്‍ ഉള്‍പെടെയുള്ളവരാണു കോടതിയെ സമീപിച്ചിരുന്നത്.

◾  കുംഭമേള വൈറല്‍ താരം 'മണിപ്പൂര്‍ ഡയറി' എന്ന സിനിമയുടെ സംവിധായകന്‍ സനോജ് മിശ്ര മോശമായി പെരുമാറിയെന്നു കോടതിയില്‍ രഹസ്യ മൊഴി നല്‍കി. വി എച്ച് പി നേതാവ് അനില്‍ വിളയില്‍ തനിക്കെതിരെ നുണപ്രചാരണം നടത്തിയെന്നും മൊഴി നല്‍കി. ഇക്കാര്യങ്ങള്‍ ആരോപിച്ച് പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് എറണാകുളം സി ജെ എം കോടതിയിലെത്തി പെണ്‍കുട്ടി രഹസ്യമൊഴി നല്‍കിയത്.
◾  കേരളത്തില്‍ എഴുപത്തഞ്ചിലധികം സീറ്റുകള്‍ യുഡിഎഫിനു കിട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എക്സിറ്റ് പോളുകളുടെ ആരാധകനല്ലെന്നും സാമ്പിളുകള്‍ സ്വീകരിക്കുന്ന രീതി ശാസ്ത്രീയമല്ലെന്നും ശശി തരൂര്‍ പറഞ്ഞു.

◾  കാലടി സംസ്‌കൃത സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറും സീനിയര്‍ പബ്ലിക്കേഷന്‍സ് ഓഫീസറുമായിരുന്ന ഡോ. ലിസി മാത്യു വിരമിക്കുന്ന ദിവസം അഴിമതികള്‍ക്കെതിരേ കുറ്റപത്രവുമായി വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ്. ചട്ടമ്പി സ്വാമികളുടെ ജീവചരിത്ര ഗ്രന്ഥം അനുമതിയില്ലാതെ സ്വകാര്യ പ്രസില്‍ അച്ചടിപ്പിച്ചു, തോറ്റ വിദ്യാര്‍ത്ഥിയെ വിജയിപ്പിച്ചു എന്നീ വിഷയത്തിലാണു ലിസി മാത്യുവിന് വിസി കുറ്റപത്രം സമര്‍പ്പിച്ചത്. വിസി ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് സര്‍വകലാശാലയിലെ ഇടത് അധ്യാപക സംഘടന പ്രതിഷേധം സംഘടിപ്പിച്ചു.

◾  വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പില്‍ 19 വീടുകള്‍ കൂടി കൈമാറി. മൂന്നാംഘട്ട പരിശോധനയ്ക്ക് ശേഷമാണു താക്കോലുകള്‍ ഗുണഭോക്താക്കള്‍ക്കു നല്‍കിയത്. എന്നാല്‍, 178 വീടുകളും താമസ യോഗ്യമായ ശേഷം മാത്രമേ താമസം ആരംഭിക്കു.

◾  വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ ഉപരോധ കേസിലെ പ്രതികളായ ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ഉള്‍പ്പെടെയുള്ളവര്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരായില്ല. സംഘര്‍ഷത്തിനു കാരണക്കാരായ പൊലീസിനെതിരെ നിയമപടി സ്വീകരിക്കുന്നതിനാല്‍ ഹാജരാകുന്നില്ലെന്ന് പ്രതികളായ മൂന്നു കൗണ്‍സിലര്‍മാര്‍ രേഖാമൂലം പൊലീസിനു മറുപടി നല്‍കി.

◾  കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലെ സൈറണ്‍ മുഴക്കുന്നതു നിര്‍ത്തിയ ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി നോട്ടീസ്. 135 വര്‍ഷമായി നിലനില്‍ക്കുന്ന സൈറണ്‍ മുഴക്കല്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കണ്ണൂര്‍ കോര്‍പറേഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

◾  രണ്ടാം പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മെയ് 14 ലേക്കു മാറ്റി. രാഹുലിന്റെ സുഹൃത്ത് പരാതിക്കാരിയുടെ കാപട്യം തുറന്നു കാണിക്കുകയാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയല്‍ പ്രചരിപ്പിച്ച വിവരങ്ങള്‍ രാഹുലിന്റെ അറിവോടെയാണെന്നും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും ആരോപിച്ചാണ് പോലീസ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

◾  മെഡിക്കല്‍ കോളേജ് ഗ്രേഡ് എസ്‌ഐ അനില്‍ കുമാറിനെ ആക്രമിച്ചെന്ന കേസിനു ട്വിസ്റ്റ്. എസ്ഐ അനില്‍കുമാറിനെതിരേ സൈനിക ഉദ്യോഗസ്ഥന്‍ മക്കട കൊറ്റിങ്ങല്‍താഴം സ്വദേശി പി.കെ പ്രജിത്ത് ഡിജിപിക്കു പരാതി നല്‍കി. ഗതാഗത തടസ്സമുണ്ടാക്കിയ എസ്‌ഐയുടെ വാഹനം പിറകോട്ടെടുക്കാന്‍ ആവശ്യപ്പെട്ടതിനു പ്രതികാരമായി കള്ളക്കെസെടുത്തെന്നാണ് പരാതി. എസ്ഐയുടെ വാഹനം ആക്രമിച്ച് മകള്‍ ധരിച്ചിരുന്ന സ്വര്‍ണമാല മോഷ്ടിച്ചെന്നാണ് സൈനികനെതിരേ പോലീസ് കേസെടുത്തത്.  

◾  കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടല്‍ മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയില്‍ താമസിക്കുന്ന കോട്ടയം കിടങ്ങൂര്‍ കുരിക്കാട്ടില്‍ സ്വദേശികളായ ആന്‍ ഫിലിപ്പ് (35), ഇളയ സഹോദരി മീര ഫിലിപ്പ് (32) എന്നിവരാണ് മരിച്ചത്. ഏതാനും ദിവസം മുന്‍പു നാട്ടിലെത്തിയ ഇവര്‍ രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 26 ന് വൈകുന്നേരമാണ് കന്യാകുമാരിയിലെത്തിയത്.

◾  കേരളത്തില്‍ തൂക്കുസഭയ്ക്കു സാധ്യതയെന്ന് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ പ്രവചനം. യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് ടുഡെയ്‌സ് ചാണക്യ പറയുന്നത്.

◾  ബെംഗളൂരു ബിടിഎല്‍ നഴ്സിംഗ് കോളേജില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരാതിയുമായി കുടുംബം. രണ്ടാംവര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥി തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യന്റെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്.

◾  കേരളത്തില്‍ ഏപ്രില്‍ മാസത്തില്‍ 63 ശതമാനം മഴ കുറവ്. ഏപ്രില്‍ മാസത്തില്‍ സാധാരണ ലഭിക്കേണ്ടുന്നത് 106 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ ഇത്തവണ ലഭിച്ചത് 37 എംഎം മഴ മാത്രമാണ്. മാര്‍ച്ച് മാസത്തില്‍ 15 ശതമാനത്തില്‍ അധിക മഴ ലഭിച്ചെങ്കിലും കൂടുതല്‍ വേനല്‍ മഴ ലഭിക്കേണ്ട ഏപ്രില്‍ മാസത്തില്‍ 63 ശതമാനം കുറവ് ലഭിച്ചതാണ് മൊത്തത്തില്‍ മഴ കുറയാന്‍ കാരണം.

◾  അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ കുടുംബത്തിനു സിപിഎം നിര്‍മിച്ചു നല്‍കുന്ന  വീടിനു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തറക്കല്ലിട്ടു. രണ്ട് ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ രണ്ടു നില വീടാണ് പണിയുന്നത്.  

◾  പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ കെഎസ്ഇബി ജീവനക്കാരനെ പാര്‍ട്ടി ഓഫിസിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചെന്നു പരാതി. അത്തിക്കോട് നടുപാളയം സ്വദേശി വിദ്യാധരനാണ് മര്‍ദനമേറ്റത്. പണമിടപാടില്‍ മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. കൊഴിഞ്ഞാമ്പാറ ലോക്കല്‍ സെക്രട്ടറി എന്‍.എം.അരുണ്‍ പ്രസാദിനെതിരെ പൊലീസ് കേസെടുത്തു.

◾  മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ വ്യാപാരിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഓണ്‍ലൈന്‍ നിക്ഷേപ സാധ്യതകളെ കുറിച്ച് യുവാവിനെ പറഞ്ഞ് കബളിപ്പിച്ച പെണ്‍കുട്ടി കഴിഞ്ഞ മാസം 41 തവണകളായി ഇത്രയും തുക കൈക്കലാക്കിയെന്നു പരാതിയില്‍ പറയുന്നു.

◾  അട്ടപ്പാടിയില്‍ കനത്ത മഴയില്‍ ഓട്ടോറിക്ഷയിലേക്കു മരം വീണ് യുവതി മരിച്ചു. കല്‍ക്കണ്ടി സ്വദേശി സോണിയ(45) ആണ് മരിച്ചത്.

◾  കാസര്‍കോട് വെള്ളരിക്കുണ്ടില്‍ പൊലീസ് വാഹനവും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവര്‍ പുങ്ങംചാല്‍ സ്വദേശി രാജു മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

◾  പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ താല്‍ക്കാലിക അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കുറ്റ്യാടി മരുത്തോങ്കര മുപ്പറ്റ കുഴിയില്‍ വീട്ടില്‍ എം. ഫൈസലി(34)നെയാണ് തൊണ്ടര്‍നാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2026 ഏപ്രില്‍ മാസത്തിലാണ് സംഭവം.

◾  തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷിനെ ഡിസ്ചാര്‍ജ് ചെയ്തു. തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി അനോഷ് പറഞ്ഞു.

◾  ജീപ്പ് നിരങ്ങിനീങ്ങാതിരിക്കാന്‍ ടയറിനടിയില്‍ കല്ലു വെയ്ക്കുന്നതിനിടെ വാഹനം ദേഹത്തേക്കു മറിഞ്ഞ് വയോധികന്‍ മരിച്ചു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി സ്വദേശി പറമ്പാടന്‍ അലവിക്കുട്ടിയാണ് മരിച്ചത്.

◾  എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷനായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള നിയമിച്ചു. 2026 - 27 വര്‍ഷത്തേക്കാണ് നിയമനം. 15 ലോക്‌സഭാ എം പിമാരും ഏഴ് രാജ്യസഭാ എം പിമാരും അടക്കം 22 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.

◾  പശ്ചിമബംഗാളില്‍ സ്ട്രോങ് റൂമിനു മുന്നില്‍ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൊല്‍ക്കത്ത ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സ്ട്രോങ് റൂമിലുള്ള ബാലറ്റ് ബോക്സുകള്‍ അനധികൃതമായി തുറക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധിച്ചത്. സ്ട്രോംഗ് റൂമിനു പുറത്തെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു. ബി ജെ പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് അട്ടിമറിക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സംഭവമറിഞ്ഞ് മുഖ്യമന്ത്രി മമത ബാനര്‍ജിയും മന്ത്രിമാരും എത്തി.

◾  എക്സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നതു ബിജെപിയുടെ ഓഫീസില്‍നിന്നാണെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ 226 ലധികം സീറ്റുകള്‍ നേടി തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞു.

◾  തെലങ്കാനയില്‍ മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ കവിത പ്രഖ്യാപിച്ച പുതിയ പാര്‍ട്ടിക്ക് 'തെലങ്കാന രക്ഷണ സേന' (ടിആര്‍എസ്) എന്ന പേര് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയുമായി തെറ്റിപ്പിരിഞ്ഞ് ഇക്കഴിഞ്ഞ 25-ാം തീയതി പ്രഖ്യാപിച്ച പാര്‍ട്ടിയാണിത്.

◾  ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്ക് വന്ദേ ഭാരത് ട്രെയിന്‍. ആദ്യ സര്‍വീസ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ളാഗ് ഓഫ് ചെയ്തു. ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.

◾  തമിഴ്നാട്ടിലെ നങ്കനല്ലൂരിലും അണ്ണാനഗറിലും സില്‍ക്ക് സാരി കടകള്‍ നടത്തി കൊണ്ടിരിക്കുന്ന ഇന്‍സ്റ്റാഗ്രാമില്‍ മൂന്നു ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇന്‍ഫ്ളുവന്‍സറുമായ നാഗലക്ഷ്മി ചെന്നൈയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. ഭര്‍ത്താവിനെ മൃതദേഹത്തിനരികില്‍ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി.

◾  ബെംഗളൂരുവില്‍ കനത്ത മഴയില്‍ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ച് കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍. മെയ് അഞ്ചിന് മരിച്ചവരുടെ വീടുകളില്‍ നേരിട്ടെത്തി പണം കൈമാറുമെന്ന് മന്ത്രി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കും. പരിക്കേറ്റവരുടെ കേരളത്തിലെ ചെലവും വഹിക്കും. മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണ് സമീര്‍ അഹമ്മദ് ഖാന്റെ പ്രഖ്യാപനം.

◾  മധ്യപ്രദേശിലെ ധാര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. ധാറിലെ ചിക്ലിയ ക്രോസിംഗിന് സമീപം തൊഴിലാളികളുമായി സഞ്ചരിച്ച പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ആറുപേരുടെ നില അതീവ ഗുരുതരമാണ്.

◾  ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യക്കു മൂന്നു പാസ്പോര്‍ട്ടുണ്ടെന്ന ആരോപണത്തില്‍ എടുത്ത കേസില്‍ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ഉത്തരവ് പറയാന്‍ മാറ്റി. ഖേരയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പോലീസ് വാദത്തെ പവന്‍ ഖേരയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി എതിര്‍ത്തു. പവന്‍ ഖേരയെ മരണംവരെ ജയിലിലിടുമെന്ന് മാധ്യമങ്ങളോടു പറഞ്ഞതടക്കമുള്ള ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കി.

◾  പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അമേരിക്ക ദയനീയമായി പരാജയപ്പെട്ടെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ സന്ദേശം. ഹോര്‍മുസിലും പേര്‍ഷ്യന്‍ ഗള്‍ഫിലും ഇറാന്‍ പുതിയ അധ്യായം തുറക്കുന്നുവെന്നും മൊജ്തബ ഖമനെയി അവകാശപ്പെട്ടു. മേഖലയില്‍ അമേരിക്കന്‍ സാമ്രാജ്യത്വം ദയനീയമായി പരാജയപ്പെട്ടെന്നും അമേരിക്കയുടെ ചൂഷണം സമ്പൂര്‍ണമായി അവസാനിപ്പിക്കുമെന്നും മൊജ്തബ ഖമനെയി പറഞ്ഞു.

◾  മൂന്നു രാജ്യങ്ങളിലേക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎഇ. ഇറാന്‍, ലബനന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര പാടില്ലെന്ന് യുഎഇ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. ഈ രാജ്യങ്ങളിലുള്ള പൗരന്മാര്‍ ഉടന്‍ തന്നെ യുഎഇയിലേക്ക് തിരികെ മടങ്ങണമെന്നും യുഎഇ.

◾  ഹോര്‍മൂസ് കടലിടുക്കിലടക്കം അമേരിക്ക തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. നാവിക ഉപരോധം തുടരുന്നത് ക്ഷമിക്കാന്‍ ഇറാന് കഴിയില്ലെന്നും മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി.

◾  നേപ്പാളിലെ ജല്‍ജാലയില്‍ വൈശാഖ് പൂര്‍ണിമ ഉത്സവത്തിനു പോയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ 17 പേര്‍ മരിച്ചു. ജീപ്പ് 700 മീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

◾  അമേരിക്കന്‍ ബാങ്കിങ് സ്ഥാപനമായ ജെപി മോര്‍ഗന്‍ ചേസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയ്‌ക്കെതിരേ ജീവനക്കാരന്റെ ലൈംഗികാതിക്രമ പരാതി. ജെപി മോര്‍ഗന്‍ ചേസിലെ എക്‌സിക്യൂട്ടിവ് ഡയറക്ടറായ ലോര്‍ണ ഹജ്ദിനി(37)ക്കെതിരെയാണ് സഹപ്രവര്‍ത്തകന്‍ പരാതിയുമായി കോടതിയെ സമീപിച്ചത്.  

◾  ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ, ഗുജറാത്ത് ടൈറ്റന്‍സിന് നാലു വിക്കറ്റ് ജയം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 15.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 18 പന്തില്‍ 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ജോസ് ബട്‌ലര്‍ 19 പന്തില്‍ 39 റണ്‍സെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബെംഗളൂരു 19.2 ഓവറില്‍ 155 ന് എല്ലാവരും പുറത്താവുകയായിരുന്നു.

◾  ഐപിഎല്‍ മത്സരത്തിനിടെ ഡ്രസിംഗ് റൂമിലിരുന്ന് ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് ബിസിസിഐ കനത്ത പിഴ ചുമത്തി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി നല്‍കേണ്ടത്. 28 ന് മുള്ളന്‍പൂരില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിനിടെയാണ് സംഭവം.

◾  യുപിഐ ഇടപാടുകള്‍ക്കായി ബയോമെട്രിക് ഓതന്റിക്കേഷന്‍ സൗകര്യം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. തങ്ങളുടെ മൊബൈല്‍ ബാങ്കിങ് ആപ്പായ ഐമൊബൈലിലാണ് ബാങ്ക് പുതിയ സേവനം തുടങ്ങിയത്. ഇനി മുതല്‍ ഓരോ തവണയും യുപിഐ പിന്‍ നല്‍കുന്നതിന് പകരം വിരലടയാളം അല്ലെങ്കില്‍ ഫെയ്സ് റെക്കഗ്‌നിഷന്‍ എന്നിവ ഉപയോഗിച്ച് ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം. 5,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കാണ് ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുക. ഇതിന് മുകളിലുള്ള തുകയ്ക്ക് നിലവിലുള്ള യുപിഐ പിന്‍ തന്നെ നല്‍കേണ്ടി വരും. ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും പരിഷ്‌കരിച്ച ഐമൊബൈല്‍ ആപ്പില്‍ ഈ സേവനം ലഭ്യമാണ്. താല്‍പ്പര്യമുള്ളവര്‍ക്ക് പിന്‍ ഉപയോഗിച്ചോ ബയോമെട്രിക് രീതിയിലോ പണമടയ്ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.

◾  രാജ്യത്ത് പാന്‍ കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്തുള്ള വായ്പാ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുകയാണ്. ഇത് തിരിച്ചറിയാനായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് കൃത്യസമയത്ത് പരിശോധിക്കുക. ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ നിങ്ങള്‍ എടുക്കാത്ത വായ്പകള്‍ കാണുന്നുണ്ടോ, നിങ്ങളുടേതല്ലാത്ത വായ്പാ അന്വേഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. വായ്പാ തട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടാല്‍ ഉടന്‍തന്നെ വായ്പ നല്‍കിയ ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ ബന്ധപ്പെട്ട് പരാതി നല്‍കുക. വായ്പയുമായി ബന്ധപ്പെട്ട കെവൈസി അടക്കമുള്ള എല്ലാ രേഖകളും ആവശ്യപ്പെടുക. നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി നല്‍കുക. അല്ലെങ്കില്‍, പൊലീസിലോ സൈബര്‍ സെല്ലിലോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. സിബില്‍ പോലുള്ള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളെ വിവരം അറിയിക്കുകയും വായ്പ വ്യാജമാണെന്ന് രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുക. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ നിങ്ങളുടെ ബാങ്ക് പാസ്വേഡുകള്‍ മാറ്റുകയും സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുകയും ചെയ്യുക.

◾  ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം 'അതിരടി'യുടെ ലിറിക് വീഡിയോ റിലീസ് ചെയ്തു. ഫെജോയും പൂര്‍ണിമ കണ്ണനും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് സംഗീതം നല്‍കിയത് വിഷ്ണു വിജയ് ആണ്. സുഹൈല്‍ കോയയുടേതാണ് വരികള്‍. ചിത്രം മെയ് 14 ന് ആഗോള റിലീസായെത്തും. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോ. അനന്തു എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ഡോ. അനന്തു എസും, ബേസില്‍ ജോസഫ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ചേര്‍ന്നാണ്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍മാര്‍. സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

◾  സുരഭി ലക്ഷ്മി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'അവള്‍'. ജയരാജ് സംവിധാനം ചെയ്ത ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. മേയ് 1 മുതല്‍ മനോരമ മാക്സില്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. നിരഞ്ജന അനൂപ്, കെപിഎസി ലളിത, സബിത ജയരാജ്, നിതിന്‍ രണ്‍ജി പണിക്കര്‍, ഷൈനി സാറ, മനോജ് ഗോവിന്ദന്‍, ഷിബു നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. ഗോള്‍ഡന്‍ വിങ്സ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍, ഷിബു നായര്‍, ജയരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സച്ചു സജി നിര്‍വഹിക്കുന്നു. എഡിറ്റിംഗ്- ശ്രീജിത്ത് സി ആര്‍, ഗാനരചന- മുഹാദ് വെമ്പായം.

◾  2026 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ വില്‍പ്പന കൈവരിച്ച് മാരുതി സുസുക്കി. 2,422,713 യൂണിറ്റുകളുടെ റെക്കോര്‍ഡ് വില്‍പ്പന കൈവരിച്ചു, അതില്‍ ആഭ്യന്തര വില്‍പ്പന 1,974,939 യൂണിറ്റുകളും കയറ്റുമതി 447,774 യൂണിറ്റുകളുമായിരുന്നു. 1,743,695 ദശലക്ഷം രൂപയുടെ റെക്കോര്‍ഡ് അറ്റ വില്‍പ്പന രേഖപ്പെടുത്തി, 2024-25 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 20.2% വളര്‍ച്ച. അറ്റാദായം 144,454 ദശലക്ഷം രൂപയായി കൈവരിച്ചു, മുന്‍ വര്‍ഷത്തെ 142,976 ദശലക്ഷം രൂപ അറ്റാദായത്തില്‍ നിന്നാണ് ഈ വളര്‍ച്ച. 2024-25 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തെ അപേക്ഷിച്ച് 11.8% വര്‍ധനവോടെ 676,209 യൂണിറ്റുകളുടെ എക്കാലത്തെയും ഉയര്‍ന്ന പാദ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. ആഭ്യന്തര വില്‍പ്പന 538,994 യൂണിറ്റുകളും കയറ്റുമതി 137,215 യൂണിറ്റുകളുമാണ്. നാലാം പാദത്തിലെ പ്രവര്‍ത്തന ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തേക്കാള്‍ 30.4% വര്‍ദ്ധിച്ച്, എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 44,092 ദശലക്ഷത്തിലെത്തി.

◾  സങ്കീര്‍ണതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞുതൂവുന്ന മനുഷ്യജീവിതങ്ങളുടെ പച്ചയായ ആവിഷ്‌കാരമാണ് കോഹിനൂര്‍ മാലപൊട്ടിക്കല്‍. പ്രണയം, സൗഹൃദം, ചൂഷണം, പ്രതിരോധം, മരണം, പോരാട്ടം, അതിജീവനം തുടങ്ങി മനുഷ്യര്‍ പല സമയങ്ങളിലായി പല ഭാവങ്ങളില്‍ ആടിത്തീര്‍ക്കുന്ന ജീവിതപ്പകര്‍ച്ചകളെ അതിതീവ്രമായി പകര്‍ന്നുതന്ന് ഒരേ സമയം ഞെട്ടിക്കുകയും വിസ്മയപ്പെടുത്തുകയും ചെയ്യുന്ന പത്തു ചെറുകഥകള്‍ അടങ്ങിയ സമാഹാരം. അജിജേഷ് പച്ചാട്ടിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. 'കോഹിനൂര്‍ മാലപൊട്ടിക്കല്‍'. അജിജേഷ് പച്ചാട്ട്. ഡിസി ബുക്സ്. വില 170 രൂപ.

◾  വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തി അകമെ തണുപ്പ് കിട്ടാന്‍ നമ്മുടെ ഡയറ്റില്‍ ചില മാറ്റങ്ങള്‍ വരുത്തണം. വേനല്‍ക്കാലത്ത് ആരോഗ്യവും ഉന്മേഷവും നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം. ഏതാണ്ട് 95 ശതമാനവും ജലാംശം അടങ്ങിയ വെള്ളരിക്ക, കക്കരിക്ക പോലുള്ളവ വേനല്‍ക്കാലത്ത് ധാരാളം കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും. മാത്രമല്ല, ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കും. സലാഡിലോ സ്മൂത്തിയിലോ ജ്യൂസ് ആക്കിയോ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രകൃതിദത്തമായ ഇലക്ട്രോലൈറ്റുകളുടെ കലവറയാണ് കരിക്കിന്‍ വെള്ളം. കഠിനമായ ചൂടില്‍ ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ വീണ്ടെടുക്കാന്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ശരീരത്തില്‍ ക്ഷീണം അകറ്റി, ശരീരത്തിന് ഊര്‍ജ്ജം പകരാനും ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും. ഭക്ഷണത്തിന് രുചിയും മണവും നല്‍കാന്‍ മാത്രമല്ല, ശരീരത്തെ തണുപ്പിക്കാനും പുതിനയിലയ്ക്ക് പ്രത്യേക കഴിവുണ്ട്. പുതിനയില ചേര്‍ത്ത വെള്ളമോ ചായയോ കുടിക്കുന്നത് ഉന്മേഷം നല്‍കും. ഇതിലെ മെന്തോള്‍ ഘടകങ്ങള്‍ ശരീരത്തിലെ ചൂട് നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ്. വേനല്‍ക്കാല വിപണിയിലെ താരം തണ്ണിമത്തനാണ്. ഇതിലെ ഉയര്‍ന്ന ജലാംശവും ലൈക്കോപീന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകളും സൂര്യതാപം മൂലമുള്ള ചര്‍മ്മപ്രശ്നങ്ങളെ തടയാന്‍ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും തണ്ണിമത്തന്‍ മികച്ചതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
അവന്റെ വീട്ടുമുറ്റത്ത് ധാരാളം പഴങ്ങള്‍ ഉണ്ടാകുന്ന മരം ഉണ്ടായിരുന്നു.  അതിന്റെ മധുരമുളള പഴങ്ങള്‍ കൊതിതീരെ കഴിച്ചാണ് അവന്‍ വളര്‍ന്നത്.  അവനും മരവും വലുതായി.  മരത്തില്‍ പഴങ്ങള്‍ കായ്ക്കാതായി.  അയാള്‍ക്ക് ആ മരം ഒരു ബാധ്യതയായി മാറി. മഴുവെടുത്ത് അയാള്‍ അതിനെ വെട്ടാന്‍ തുടങ്ങി.  മരത്തിലെ അണ്ണാറക്കണ്ണന്‍മാര്‍ തങ്ങളെ ഉപദ്രവിക്കരുതേയെന്ന് നിലവിളിച്ചു.  തങ്ങളുടെ കൂടുകള്‍ നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞ് കിളികള്‍ കരഞ്ഞു.  പക്ഷേ, അയാളതൊന്നും ചെവിക്കൊണ്ടില്ല.  അയാള്‍ വെട്ടുതുടര്‍ന്നു.  അപ്പോള്‍ അതിലുണ്ടായിരുന്ന തേനീച്ചകൂട്ടില്‍ നിന്നും തേന്‍ താഴേക്കൊഴുകാന്‍ തുടങ്ങി.  അതു രുചിച്ചുനോക്കിയ അയാള്‍ക്ക് തന്റെ കുട്ടിക്കാലമോര്‍ന്നവന്നു.  മുകളിലേക്ക് നോക്കിയ അയാള്‍ അണ്ണാന്‍കുഞ്ഞുങ്ങളേയും കുരുവികളേയും കണ്ടു.  അയാള്‍ കോടാലി ഉപേക്ഷിച്ച് വീട്ടിലേക്ക് തിരികെ പോയി.  എല്ലാറ്റില്‍ നിന്നും എല്ലാകാലത്തും ഒരേ പ്രയോജനം ലഭിക്കണമെന്ന് വാശിപിടിക്കരുത്.  മരത്തില്‍ നിന്ന് ലഭിക്കുന്ന പഴങ്ങള്‍ മാത്രമാണ് പ്രയോജനമെന്ന ചിന്ത മരത്തെ മനസ്സിലാക്കാത്തവരുടേതാണ്.  തണല്‍മരത്തിന്റെ കീഴിലിരുന്ന് എത്രപേര്‍ ആശ്വാസം കണ്ടെത്തിയിരിക്കും.  എത്ര പേര്‍ കൂടുകൂട്ടിയിട്ടുണ്ടാകും.. ഈ തിരിച്ചറിവ് വന്നാല്‍ വാര്‍ദ്ധക്യത്തെ ആരും ഉപേക്ഷിക്കില്ല.  ബാധ്യതയെന്ന് കരുതി ഒഴിവാക്കുന്നവ, ഇല്ലാതായാല്‍ അറിയാം, അവ നല്‍കിയിരുന്ന ഊഷ്മളതയും ഉണര്‍വും.  നിസ്സഹായതയുടെയും ബലഹീനതയുടേയും നിമിഷങ്ങള്‍ എല്ലാവരുടേയും ജീവിതത്തിലുണ്ടാകും.  ഒരുനാള്‍ തണലേകിയിരുന്ന ഇലകള്‍ കൊഴിയുമ്പോള്‍ അവയ്ക്ക് വെള്ളമൊഴിക്കേണ്ട ബാധ്യത നമുക്കുണ്ട് - ശുഭദിനം.