100 ശതമാനം എഥനോള്‍ ഇന്ധനത്തിലേക്ക് അഥവാ ഇ100 ഫ്ലക്സ് ഫ്യുവലിലേക്ക് വേഗത്തില്‍ മാറാനൊരുങ്ങി നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനായി ഇ100 ഫ്ളെക്സ് ഇന്ധനത്തിന്റെ ലഭ്യത വേഗത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നു ഇക്കണോമിക് ടൈംസ് അടക്കം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധിയുടെ സാഹചര്യത്തില്‍ ആഗോള ഇന്ധന വിതരണത്തില്‍ തടസ്സങ്ങള്‍ നേരിടുന്നത് കണക്കിലെടുത്ത് കൂടിയാണ് ബദല്‍ നടപടിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വേഗത കൂട്ടുന്നത്.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഉടനീളം ഇ100 ഇന്ധനം ലഭിക്കുന്ന 5000 പമ്പുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയൊരുക്കിയിട്ടുണ്ടെന്നാണ് മുന്‍നിര ദേശീയ സാമ്പത്തിക മാധ്യമമായ ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ 5000 പമ്പുകളിലെ ആദ്യ ബാച്ചായി കണക്കാക്കുന്ന 150 പമ്പുകള്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ സ്ഥാപിക്കുമെന്നാണ് സൂചന. ഡല്‍ഹി, മുംബൈ, പുണെ, നാഗ്പുര്‍ എന്നിവിടങ്ങളിലായിരിക്കും ആദ്യ ഇ100 പമ്പുകള്‍. ആറ് മാസം മുതല്‍ ഒരു വര്‍ഷത്തിനിടെ ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലും ഇ100 ഇന്ധന ലഭ്യത ഉറപ്പാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സാധാരണ പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുന്നതിന് പകരം പെട്രോളിനൊപ്പം നിശ്ചിത അനുപാതത്തില്‍ എഥനോള്‍ അല്ലെങ്കില്‍ മെഥനോള്‍ ചേര്‍ത്തുണ്ടാക്കുന്ന ഇന്ധനമാണ് ഫ്ളെക്സ് ഫ്യുവല്‍ എന്നറിയപ്പെടുന്നത്. ഇ100 എന്നാല്‍ പെട്രോള്‍ വെറും 5 ശതമാനത്തില്‍ മാത്രം നില്ക്കുന്ന എത്തനോള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഫ്ലെക്സ്-ഇന്ധന വാഹനങ്ങള്‍, അല്ലെങ്കില്‍ FFV-കള്‍ സ്റ്റാന്‍ഡേര്‍ഡ് E20 പെട്രോള്‍ മുതല്‍ E100 വരെയുള്ള ഏത് മിശ്രിതത്തിലും പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത കാറുകളും ഇരുചക്ര വാഹനങ്ങളുമാണ്.
ഇന്ത്യയിലെ മുന്‍നിര കാര്‍, ഇരുചക്ര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്സ്, ടൊയോട്ട, മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്, ടിവിഎസ് തുടങ്ങിയ കമ്പനികളെല്ലാം ഫ്ളെക്സ് ഫ്യൂവല്‍ വാഹനങ്ങളുടെ പ്രോട്ടോടൈപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. ഫ്ളെക്സ് ഇന്ധനം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ റോഡ് മാപ്പ് ഇന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ക്കും ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്കും ഇതിനകം നല്‍കിയിട്ടുണ്ടെന്ന വിവരം വാഹനനിര്‍മ്മാതാക്കളുടെ തയ്യാറെടുപ്പില്‍ നിന്ന് തന്നെ വ്യക്തമാണ്.
ഫ്ളെക്സ് ഫ്യൂവല്‍ വാഹനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 10.9 ലക്ഷം കോടി രൂപയാണ് ഇന്ധന ഇറക്കുമതിക്കായി ചിലവഴിച്ചത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ