‘മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കിയത് ഭരണഘടന വിരുദ്ധം’: ബിജെപി നടപടിക്കെതിരെ സിപിഐഎം.



പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കിയ സുവേന്ദു സർക്കാർ ഉത്തരവിന് എതിരെ സിപിഐഎം. മതം പരിഗണിച്ച് സർക്കാർ എടുക്കുന്ന ഏതൊരു തീരുമാനത്തെയും പരാജയപ്പെടുത്തും. മദ്രസകളിലും സ്കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കിയത് ഭരണഘടന വിരുദ്ധമാണെന്നും സിപിഐഎം ആരോപിച്ചു.

കശാപ്പ് നിയന്ത്രിക്കാൻ കൊണ്ടുവന്ന ഉത്തരവിനെയും ചോദ്യം ചെയ്യുമെന്ന് സിപിഐഎം പറഞ്ഞു. 1950ൽ പാസാക്കിയ കശാപ്പ് നിയന്ത്രണ നിയമം മുനിപ്പാലിറ്റികൾക്ക് മാത്രമാണ് ബാധകം. നിലവിലെ നിയമത്തിന് എതിരെ ഹിന്ദു വിഭാഗത്തിൽപെട്ട കന്നുകാലി കച്ചവടക്കാർ പോലും ആശങ്കയിലാണ്. നടപടി ചോദ്യം ചെയ്ത് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു എന്ന് സിപിഐഎം മുൻ എംപി ബികാശ് രഞ്ജൻ ഭട്ടാചാര്യ പറഞ്ഞു.

സ്കൂൾ അസംബ്ലികളിൽ വന്ദേമാതരം നിർബന്ധമാക്കി ബിജെപി സർക്കാർ രം​ഗത്ത് വന്നിരുന്നു. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് സ്കൂളുകളിൽ ഉൾപ്പെടെ വന്ദേമാതരം നിർബന്ധമാക്കിയത്. മദ്രസകളിലും വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറക്കി.

എല്ലാ അംഗീകൃത മദ്രസകൾക്കും ബാധകമാകുന്ന ഉത്തരവാണ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത്. ന്യൂനപക്ഷ – മദ്രസാ വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള മദ്രസകളിൽ അസംബ്ലികളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണം എന്ന് ഡയറക്ട്രേറ്റ് ഓഫ് മദ്രസാസ് ഇറക്കിയ നിർദ്ദേശം എല്ലാ അംഗീകൃത മദ്രസകൾക്കും ബാധകമാണ് എന്ന് സർക്കാർ വ്യക്തമാക്കുന്നു.