സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നു; വയനാട്ടില്‍ ജിയോ നെറ്റ്‌‌‌വര്‍ക്കിനെതിരേ റീട്ടെയിലര്‍മാര്‍.



കല്‍പ്പറ്റ: ചെറിയ തുകകള്‍ക്കുള്ള റീ ചര്‍ജിംഗ് ചെയ്തുകൊടുക്കുന്ന റീടെയിലര്‍മാരുടെ സിം കാര്‍ഡ് ജിയോ നെറ്റ്‌‌‌വര്‍ക്ക് ബ്ലോക്ക് ചെയ്യുന്നു. ഇതിനെതിരേ വയനാട്ടില്‍ രംഗത്തുവന്ന റീടെയിലര്‍മാര്‍ സ്ഥാപനങ്ങളില്‍ ഇതര നെറ്റ്‌‌വര്‍ക്കുകളിലേക്ക് ഫ്രീ പോര്‍ട്ടിംഗ് വാഗ്ദാനം ചെയ്ത് നോട്ടീസ് പതിച്ചു.

ജിയോ ഞങ്ങളെ മുന്നില്‍ നിര്‍ത്തി നിങ്ങളെ ചൂഷണം ചെയ്യുന്നു. 299 രൂപയില്‍ കുറവുള്ള റീ ചാര്‍ജ് ഉപഭോക്താക്കള്‍ക്ക് ചെയ്തുകൊടുത്താല്‍ ജിയോ കമ്പനി ഞങ്ങളുടെ സിമ്മുകള്‍ ബ്ലോക്ക് ചെയ്യുന്നുവെന്നും നോട്ടീസില്‍ പറയുന്നു. 299 രൂപയില്‍ കുറവുള്ള റീ ചാര്‍ജ് ചെയ്തുകൊടുത്തതിന് കഴിഞ്ഞ തിങ്കാളാഴ്ച മാത്രം ജിയോ ജില്ലയില്‍ 37 റീട്ടെയിലര്‍മാരുടെ സിം കാര്‍ഡ് ബ്ലോക്ക് ചെയ്തതായി കല്‍പ്പറ്റയിലെ സ്ഥാപന ഉടമകളില്‍ ഒരാള്‍ പറഞ്ഞു.

28 ദിവസം കാലാവധിയും ദിവസം രണ്ട് ജിബി ഹൈസ്പീഡ് ഡാറ്റയും 100 എസ്എംഎസും പരിധിയില്ലാതെ വോയ്‌സ് കാളും നല്‍കുന്ന 349 രൂപയുടെ റീ ചാര്‍ജ് മാത്രമേ ചെയ്തുകൊടുക്കൂ എന്ന ഉറപ്പുനല്‍കുന്ന റീ ടെയിലര്‍മാരുടെ സിം കാര്‍ഡ് മാത്രമാണ് ജിയോ പുനഃസ്ഥാപിക്കുന്നത്. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് ജിയോയുടെ നടപടിയെന്ന് റീട്ടെയിലര്‍മാര്‍ ആരോപിച്ചു.

18 ദിവസം കാലാവധിയും പരിധിയില്ലാതെ വോയ്‌സ് കോളും ദിവസം ഒന്നര ജിബി ഡാറ്റയും 100 എസ്എംഎസും നല്‍കുന്ന 199 രൂപയുടെ ജിയോ റീ ചാര്‍ജില്‍ തത്പരര്‍ ജിയോ ഉപഭോക്താക്കളില്‍ നിരവധിയാണ്. കുറഞ്ഞ തുകകള്‍ക്കുള്ള റീ ചാര്‍ജ് റീട്ടെയിലര്‍മാരില്‍നിന്നു ലഭിക്കാത്ത സ്ഥിതിയാണിപ്പോള്‍. ഇത് ഉപഭോക്താക്കളും റീട്ടെയിലര്‍മാരുമായുള്ള തർക്കത്തിനു കാരണമാകുന്നുണ്ട്. ജിയോ വലിയ ഉപഭോക്തൃ ചൂഷണമാണ് നടത്തുന്നതെന്നും റീട്ടെയിലര്‍മാര്‍ പറയുന്നു.