മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ ഒരാൾ കൂടി മരിച്ചു. പട്ടാമ്പി സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനാലായി. സ്ഫോടനം നടക്കുമ്പോൾ ആകെ 36 പേരാണ് വെടിക്കെട്ടുപുരയില്‍ ഉണ്ടായിരുന്നതെന്നാണ് ജില്ലാ കളക്ടർ സ്ഥിരീകരിക്കുന്നത്. പതിമൂന്നുപേരാണ് ചികിത്സയിലുളളത്. ഇതില്‍ അഞ്ചുപേര്‍ ഗുരുതരാവസ്ഥയിലാണ്. രണ്ടുപേര്‍ വെന്റിലേറ്ററിലും. ഒരാള്‍ക്ക് ഇപ്പോള്‍ അടിയന്തര സര്‍ജറി കഴിഞ്ഞിട്ടുണ്ട്. 11 പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയത്. രണ്ടുപേര്‍ ജൂബിലി മിഷന്‍ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന നാലുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പത്തുപേര്‍ സുരക്ഷിതരായി വീട്ടിലെത്തി എന്നാണ് ജില്ലാ കളക്ടര്‍ നല്‍കുന്ന വിവരം.
വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) വിലയിരുത്തല്‍. ചൂടുമൂലം സ്‌ഫോടക വസ്തുക്കള്‍ പൊട്ടിതെറിക്കാന്‍ സാധ്യത കുറവാണെന്ന് പെസോയുടെ നിഗമനം. ഷോട്ട് സര്‍ക്യൂട്ട് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റ് പരിശോധന നടത്തുമെന്നും പെസോ വ്യക്തമാക്കി. സംഭവ സ്ഥലത്ത് പരിശോധന നടത്തിയ ശേഷമാണ് പെസോ ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിച്ചിരുന്ന പടക്കനിര്‍മ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിര്‍മ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പാലക്കാട് ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്‍ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
കോട്ടയം സ്വദേശി ബിനോയ് ജേക്കബിന്റെ ഉടമസ്ഥതയിലുള്ള പടക്കനിര്‍മ്മാണശാലയില്‍ നിന്ന് തൊഴിലാളികളെ മാറ്റി ചിറ്റൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലം സീല്‍ ചെയ്തു. പടക്കനിര്‍മ്മാണശാലയിലേക്കുള്ള പ്രവേശനവും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
ഇന്നലെ വൈകുന്നേരം (ഏപ്രിൽ 21) മൂന്നുമണിയോടെയാണ് തൃശൂർ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ