പശ്ചിമേഷ്യയില്‍ രൂക്ഷമാകുന്ന യുദ്ധത്തിന്റെ പ്രകമ്പനം ആഗോള ഊര്‍ജ വിപണികളില്‍ ഇതിനകം തന്നെ പ്രകടമായിക്കഴിഞ്ഞു.
ഇതിന്റെ ആഘാതം ഇന്ത്യയിലെ വ്യവസായ മേഖലകളെയും കുടുംബങ്ങളെയും ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.
യു.എസ്-ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാനുമായി സംഘര്‍ഷം ശക്തമായതോടെ എണ്ണ-വാതക വിതരണ ശൃംഖലയില്‍ വലിയ അനിശ്ചിതത്വം രൂപപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ എല്‍പിജി (LPG)യും എല്‍എന്‍ജി (LNG)യും പ്രധാനമായും പശ്ചിമേഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ അവിടെയുള്ള ഏത് തരത്തിലുള്ള തടസ്സവും പാചകവാതക ലഭ്യതയെയും വിലയെയും നേരിട്ട് ബാധിക്കാന്‍ സാധ്യതയുണ്ട്.
*ഹോര്‍മൂസ് കടലിടുക്കില്‍ ആശങ്ക*
ലോകത്തിലെ പ്രധാന എണ്ണ-വാതക ഗതാഗത പാതകളില്‍ ഒന്നാണ് ഹോര്‍മൂസ് കടലിടുക്ക്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള വലിയൊരു വിഹിതം എണ്ണയും ഗ്യാസും ഈ കടലിടുക്കിലൂടെ തന്നെയാണ് ലോക വിപണിയിലേക്ക് എത്തുന്നത്. സംഘര്‍ഷം രൂക്ഷമായതോടെ ഈ വഴിയിലൂടെ സഞ്ചരിക്കുന്ന ടാങ്കറുകളുടെ ഗതാഗതം കൂടുതല്‍ അപകടസാധ്യതയുള്ള ഒന്നായി. ഇന്‍ഷുറന്‍സ് ചെലവുകള്‍ ഉയരുകയും ചില കപ്പലുകള്‍ യാത്ര വൈകിക്കുകയുമാണ്. ഇതു ഇന്ത്യയിലേക്കുള്ള എല്‍പിജി കപ്പലുകളുടെ വരവിനെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ ഏകദേശം 90 ശതമാനവും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. അതില്‍ വലിയൊരു പങ്കും ഹോര്‍മൂസ് കടലിടുക്ക് കടന്നാണ് ഇന്ത്യയിലെത്തുന്നത്.
*എല്‍എന്‍ജി വിതരണത്തിലും ആഘാതം*
പശ്ചിമേഷ്യയിലെ സംഘര്‍ഷം ദ്രവീകൃത പ്രകൃതിവാതക (LNG) വിതരണത്തെയും ബാധിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഖത്തര്‍ പോലുള്ള പ്രധാന LNG കയറ്റുമതിക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ തടസങ്ങള്‍ ഇന്ത്യയിലെ ചില കമ്പനികളെ ഇതിനകം തന്നെ ആശങ്കപ്പെടുത്തുകയാണ്. ഇന്ത്യയിലെ സിറ്റി ഗ്യാസ് വിതരണ കമ്പനികള്‍ക്കും വ്യവസായങ്ങള്‍ക്കും ലഭിക്കുന്ന ഗ്യാസ് വിതരണത്തില്‍ കുറവ് വരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ വലിയ സിറ്റി ഗ്യാസ് വിതരണ കമ്പനിയായ ഗുജറാത്ത് ഗ്യാസ് ചില വ്യവസായ ഉപഭോക്താക്കള്‍ക്ക് 'ഫോഴ്സ് മജ്യൂര്‍' നോട്ടീസ് നല്‍കിയത് ഈ പ്രതിസന്ധിയുടെ ആദ്യ സൂചനയായി. പെട്രോനെറ്റ് എല്‍.എന്‍.ജിയും ഇതു തന്നെ ചെയ്തിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് LNG ലഭ്യതയില്‍ വലിയ കുറവുണ്ടായതിനെ തുടര്‍ന്ന് കരാറിലെ ഗ്യാസ് വിതരണ അളവ് കുറയ്ക്കേണ്ട സാഹചര്യം ഉണ്ടായതായി കമ്പനികള്അറിയിച്ചു. ഈ പ്രഖ്യാപനത്തെ തുടര്‍ന്ന് ഗുജറാത്ത് ഗ്യാസ്, പെട്രോ്െനറ്റ് എല്‍.എന്‍.ജി ഓഹരികള്‍ സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. വ്യവസായങ്ങള്‍ക്ക് ഗ്യാസ് വിതരണത്തില്‍ ഇതിനകം തന്നെ കുറവ് വരുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
*എല്‍പിജി കപ്പലുകള്‍ വൈകുന്നു*
സംഘര്‍ഷം രൂക്ഷമായതോടെ ചില എല്‍പിജി കപ്പലുകള്‍ ഹോര്‍മൂസ് കടലിടുക്കിന് പുറത്തു കാത്തുകിടക്കേണ്ടി വന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഇന്ത്യയിലേക്കുള്ള ചരക്ക് ഗതാഗതത്തില്‍ കാലതാമസമുണ്ടാക്കാം. ഇന്ത്യയില്‍ പ്രതിമാസം ഏകദേശം 30 ലക്ഷം ടണ്‍ എല്‍പിജിയാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഇറക്കുമതിയില്‍ ചെറിയ തടസ്സം പോലും ഉണ്ടെങ്കില്‍ വിപണിയില്‍ സമ്മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
*സര്‍ക്കാര്‍ നിരീക്ഷിക്കുന്നു*
ഇന്ത്യക്ക് ഇപ്പോള്‍ ആവശ്യമായ എണ്ണയും ഇന്ധനവും സ്റ്റോക്കുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള വിപണിയിലെ നീക്കങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.എന്നാല്‍ സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഇറക്കുമതി ആശ്രിത ഊര്‍ജ സംവിധാനം വലിയ സമ്മര്‍ദ്ദം നേരിടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഇപ്പോള്‍ യുദ്ധം ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയാണെങ്കിലും - അതിന്റെ ആഘാതം ഇന്ത്യന്‍ വീടുകളിലെ അടുക്കള സ്റ്റൗവില്‍ വരെ എത്താന്‍ തുടങ്ങുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഒരു മാസത്തേക്കുള്ള സ്റ്റോക്ക് ഉണ്ട് എന്നതിലാണ് തല്ക്കാലം ആശ്വാസം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ