ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു, ഹൃദയത്തിലും കുത്തേറ്റു; 19 കാരൻ കുത്തേറ്റ് മരിച്ച സംഭവം; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.


തൈക്കാട് വിദ്യാർത്ഥികൾ
തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

കാപ്പാ കേസിൽ ഉൾപ്പെട്ട ഒരാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

തമ്പാനൂർ തോപ്പിൽ വാടകയക്ക് താമസിക്കുന്ന അലൻ എന്ന യുവാവാണ് കുത്തേറ്റ് മരിച്ചത്. തൈക്കാട് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിൻറെ തുടർച്ചയാണ് കൊലപാതകം.

കുത്തേറ്റ അലനെ കൂടെയുണ്ടായിരുന്ന അനൂപും രാഹുലും ചേർന്ന് ബൈക്കിൽ ഇരുത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇരുവർക്കും ഇടയിൽ ഇരുത്തിയിരുന്ന അലന്റെ കാലുകൾ യാത്രയ്ക്കിടെ റോഡിലുരഞ്ഞ് മുറിവേറ്റ നിലയായിരുന്നു. അതിനാൽ ആശുപത്രിയിൽ എത്തും മുൻപ് ജീവൻ നഷ്ടമായെന്നാണ് പൊലീസിന്റെ നിഗമനം.

ഹെൽമെറ്റ് കൊണ്ട് ശക്തമായി അലൻറെ തലയിൽ ഇടിക്കുകയും കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും ചെയ്തെന്നാണ് സാക്ഷിമൊഴി. ഹൃദയത്തിനേറ്റ മുറിവ് കാരണമുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. അലൻറെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. അലൻ്റെ സഹോദരി ആൻഡ്രിയ ഒരു വർഷം മുൻപാണ് മരിച്ചത്.

അമ്മ മഞ്ജു വിട്ടുജോലി ചെയ്‌താണ് കുടുംബം പുലർത്തിയിരുന്നത്.