നിപ ബാധിച്ച സ്ത്രീ ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്കപട്ടികയില്‍ 49 പേര്‍; വീട്ടിൽ രണ്ടു പേർക്ക് രോഗ ലക്ഷണങ്ങൾ; കോഴികള്‍ കൂട്ടത്തോടെ ചത്തു; നിപ ബാധിച്ചത് വീട്ടില്‍നിന്നു പുറത്തിറങ്ങാത്ത 42കാരിക്ക്.

വളാഞ്ചേരിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മരുന്നുകള്‍ ഫലം കണ്ടു തുടങ്ങിയിട്ടില്ലെന്നും നില ഗുരുതരമായി തുടരുകയാണെന്നും ആശങ്ക ആരോഗ്യവകുപ്പ് അധികൃതര്‍.

42 കാരി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. നിപ രോഗബാധ സ്ഥിരീകരിച്ച സ്ത്രീ അടുത്തിടെ ഒരു പഴവും കഴിച്ചിട്ടില്ലെന്നും അണുബാധയുടെ പ്രധാന ഉറവിടമായ വവ്വാലുകളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.

ഇവരുടെ വീട്ടിലെ കോഴികള്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് ചത്തതായി കുടുംബം. പ്രദേശത്ത് ഒരു പൂച്ച ചത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ മൃഗസംരക്ഷണ വകുപ്പു മുഖേന സാമ്പിള്‍ ശേഖരിച്ച്‌ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. പുതിയ രോഗബാധയ്ക്ക് പിന്നില്‍ ഇതിനു ബന്ധമുണ്ടോയെന്ന് വിദഗ്ധര്‍ അന്വേഷിക്കുന്നുണ്ട്.

വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാത്ത സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അപൂര്‍വമായി മാത്രമേ ഇവര്‍ പുറത്ത് യാത്ര ചെയ്തിട്ടുള്ളൂ. രോഗം ബാധിച്ച സ്ത്രീയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഏഴു പേരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ഫലം നെഗറ്റീവാണ്.

അതേസമയം, നിപ സ്ഥിരീകരിച്ച സ്ത്രീയുടെ വീട്ടിലെ മറ്റ് രണ്ട് കുടുംബാംഗങ്ങളില്‍ സമാനമായ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. രോഗബാധയുടെ കൃത്യമായ ഉറവിടം അജ്ഞാതമായി തുടരുന്നതിനാല്‍ സമ്പര്‍ക്കം കണ്ടെത്തുന്നതിലും നിയന്ത്രിക്കുന്നതിലും സങ്കീര്‍ണ്ണത വര്‍ധിക്കുന്നു.

മലപ്പുറം ജില്ലയില്‍ മൂന്നാം തവണയാണ് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ തോണിക്കല്‍ (ഡിവിഷൻ 1), താണിയപ്പൻ കുന്ന് (ഡിവിഷൻ 2), കക്കാട്ടുപാറ (ഡിവിഷൻ 3), കാവുംപുറം (ഡിവിഷൻ 4), മാറാക്കര പഞ്ചായത്തിലെ മജീദ് കണ്ട് (വാർഡ് 9), മലയില്‍ (വാർഡ് 11), നീരടി (വാർഡ് 12), എടയൂർ പഞ്ചായത്തിലെ വലാർത്തപടി (വാർഡ് 17), ആതവനാട് ഗ്രാമപഞ്ചായത്തിലെ കരിപ്പോള്‍ (വാർഡ് 6) എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ടെയ്ൻമെന്റ് സോണുകളാക്കിയ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ കൂട്ടം കൂടാൻ പാടില്ല. ഈ പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്നും മദ്രസ്സകള്‍, അംഗനവാടികള്‍ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ലെന്നും ഉത്തരവില്‍ നിർദേശിച്ചിട്ടുണ്ട്. എന്നാല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടില്ല.