പ്രതികൂല കാലാവസ്ഥയെ തുടർന്ന് മിഷൻ ചക്കക്കൊമ്പൻ പാതിവഴിയിൽ ഉപേക്ഷിച്ചു. നാളെ ദൗത്യം തുടരും. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ചക്കക്കൊമ്പന് ഓമനക്കുടി ഭാഗത്തുവച്ച് മയക്കുവെടി വച്ചത്. പിന്നാലെ വിക്രം, ഭരത് എന്നീ കുങ്കിയാനകളെ സ്ഥലത്ത് എത്തിക്കുകയും ചെയ്തു. ആദ്യ ഡോസിൽ ആന പൂർണമായും മയങ്ങിയിരുന്നില്ല. ആനയെ നിരീക്ഷിച്ചു വരുന്നതിനിടയിൽ കാട്ടിലേക്കു ഓടിയെന്നും വനംവകുപ്പ് ദൗത്യ സംഘം അറിയിച്ചു.
ആനയെ പിടികൂടാൻ ഉടൻ സാധിക്കുമെന്നായിരുന്നു വനംവകുപ്പിന്റെ പ്രതീക്ഷ. വേഗത്തിൽ സഞ്ചരിക്കുന്ന ചക്കക്കൊമ്പന് മയക്കുവെടി വയ്ക്കാൻ ദൗത്യ സംഘം ഏറെ പണിപ്പെട്ടിരുന്നു. തുടക്കത്തിൽ ആന ചതുപ്പുനിലത്തിൽ നിലയുറപ്പിച്ചിരുന്നത് ദൗത്യസംഘത്തിന് വെല്ലുവിളിയായിരുന്നു. ചതുപ്പിൽ വെച്ച് മയക്കുവെടി വെക്കുന്നത് അപകടകരമായതിനാൽ, പടക്കം പൊട്ടിച്ച് ആനയെ തുരത്തി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതിനുശേഷമാണ് മയക്കുവെടി വച്ചത്. ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായി ഒരു മണിക്കൂറോളം സമയം വേണ്ടിവരുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ