വാഷിങ്ടണ്‍: അമേരിക്കയില്‍ താങ്ക്സ്ഗിവിങ് (Thanksgiving) ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ ശക്തമായ നോര്-ഈസ്റ്റര്‍ (Nor-easter) കൊടുങ്കാറ്റിലും കനത്ത മഴയിലും രാജ്യത്തിന്റെ കിഴക്കന്‍-മധ്യ മേഖലകളില്‍ വന്‍ നാശനഷ്ടം. മണിക്കൂറില്‍ 70 മൈല്‍ (112 കി.മീ) വരെ വേഗതയില്‍ വീശിയടിച്ച കാറ്റും മഞ്ഞുവീഴ്ചയും തീരദേശ വെള്ളപ്പൊക്കവും ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെയും അവധിക്കാല യാത്രകളെയും സാരമായി ബാധിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് കടപുഴകി വീണ മരങ്ങളും വൈദ്യുതി ലൈനുകളും തകര്‍ന്നതോടെ രാജ്യത്തുടനീളം വലിയ തോതില്‍ വിദ്യുച്ഛക്തി തടസ്സപ്പെട്ടു. 9,00,000-ലധികം ആളുകളെ ഇത് ബാധിച്ചിട്ടുണ്ട്. വെര്‍ജീനിയ (Virginia), മേരിലാന്‍ഡ് (Maryland), പെന്‍സില്‍വേനിയ (Pennsylvania), മിസോറി (Missouri), ന്യൂജേഴ്സി (New Jersey) എന്നീ സംസ്ഥാനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്ന അവധിക്കാല വേളയില്‍ വ്യോമ-റോഡ് ഗതാഗത സംവിധാനങ്ങള്‍ തടസ്സപ്പെട്ടു. ഫ്ളൈറ്റ് എവേര്‍ (FlightAware) കണക്കുകള്‍ പ്രകാരം 350 മുതല്‍ 417ല്‍ പരം വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും, 1,800 മുതല്‍ 2,000ത്തിലധികം വിമാന സര്‍വീസുകള്‍ വൈകുകയും ചെയ്തു.
വാഷിങ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് മേഖലകളിലെ പ്രധാന വിമാനത്താവളങ്ങളെയാണ് ഇത് കൂടുതല്‍ ബാധിച്ചത്. വാഷിങ്ടണ്‍, ഡാല്ലസ്, റീഗന് നാഷണല്‍, ബാള്‍ട്ടിമോര്‍ വിമാനത്താവളങ്ങളില്‍ വീശിയടിച്ച കാറ്റ് മൂലം തടസ്സങ്ങള്‍ തുടര്‍ന്നു. സാന്‍ ഫ്രാന്‍സിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ താഴ്ന്ന മേഘങ്ങള്‍ കാരണം വിമാനങ്ങള്‍ക്ക് ഏറെ നേരം വട്ടമിട്ടു പറക്കേണ്ടി വന്നു. ശക്തമായ കാറ്റില്‍ യാത്രാ പാതകള്‍ക്ക് മുകളിലുള്ള പ്ലാറ്റ്ഫോമുകള് തകര്‍ന്നതിനെ തുടര്‍ന്ന് പെന്സില്വേനിയയെയും ന്യൂജേഴ്സിയെയും ബന്ധിപ്പിക്കുന്ന പ്രധാന പാലമായ കോമഡോര്‍ ബാരി ബ്രിഡ്ജ് (Commodore Barry Bridge) സുരക്ഷ മുന്‍നിര്‍ത്തി അടച്ചുപൂട്ടി.
കനത്ത കൊടുങ്കാറ്റും വെള്ളപ്പൊക്കവും കണക്കിലെടുത്ത് ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂജേഴ്സി ഗവര്‍ണര്‍ മിക്കി ഷെറില്‍ ബുധനാഴ്ച തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
മേരിലാന്‍ഡിലെ മോണ്ട്ഗോമറി കൗണ്ടിയില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് മുകളില്‍ വീണതടക്കം 300ലധികം എമര്‍ജന്‍സി കോളുകള്‍ വ്യാഴാഴ്ച രാവിലെയോടെ ലഭിച്ചു. വൈദ്യുതി തടസ്സം ജലശുദ്ധീകരണ ശൃംഖലയെ ബാധിച്ചേക്കാമെന്ന ആശങ്കയില്‍ 20 ലക്ഷത്തോളം ഉപഭോക്താക്കളോട് കുടിവെള്ള ഉപഭോഗം കുറയ്ക്കാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ഹാര്‍ലെമില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ വെള്ളപ്പൊക്കത്തില്‍പ്പെട്ട കാറുകളില്‍ നിന്ന് രണ്ട് പേരെ രക്ഷപ്പെടുത്തിയതായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന് മംദാനി വ്യക്തമാക്കി. വെള്ളക്കെട്ടുകളിലൂടെ യാത്ര ചെയ്യരുതെന്നും സുരക്ഷിതമായി വീടുകള്‍ക്കുള്ളില്‍ കഴിയണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
ന്യൂയോര്‍ക്ക് നഗരത്തില്‍ വര്‍ഷം തോറും നടക്കുന്ന പ്രശസ്തമായ മേസീസ് താങ്ക്സ്ഗിവിങ് ഡേ പരേഡ് (Macy's Thanksgiving Day Parade) അതിന്റെ 100 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി മോശം കാലാവസ്ഥ കാരണം മാറ്റി വെച്ചു. നാളേയ്ക്കാണ് (ശനി) പരേഡ് മാറ്റിവെച്ചത്. മുന്‍പ് രണ്ടാം ലോകമഹായുദ്ധ സമയത്ത് മൂന്ന് വര്‍ഷം പരേഡ് നടക്കാതിരുന്നിട്ടുണ്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനം മൂലം ഒരു താങ്ക്സ്ഗിവിങ് ഡേയില്‍ നിന്ന് പരേഡ് മാറ്റിവെക്കുന്നത് ഇതാദ്യമാണ്. 1997ല്‍ ഉണ്ടായ ശക്തമായ കാറ്റില്‍ 18 അടി ഉയരമുള്ള ബലൂണ്‍ വിളക്കുകാലില്‍ ഇടിച്ചുവീണ് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാണികളുടെയും പങ്കാളികളുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് പരേഡിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വില്‍ കോസ് വ്യക്തമാക്കി.
കിഴക്കന്‍ മിസോറിയില്‍ ഒരടിയിലധികം (12 ഇഞ്ചിലധികം) കനത്ത മഞ്ഞുവീഴ്ച രേഖപ്പെടുത്തി. ലൂയിസ്വില് മുതല്‍ സിന്‍സിനാറ്റി വരെയുള്ള പ്രദേശങ്ങളില്‍ ഒന്ന് മുതല്‍ രണ്ട് ഇഞ്ച് വരെ മഴ പെയ്തു. വാഷിംങ്ടണിലും ഒറിഗോണിലും മഴ പെയ്തു. പോര്‍ട്ട്ലാന്റില്‍ ഒരു ഇഞ്ചോളം മഴ രേഖപ്പെടുത്തി. സിയാറ്റിലില്‍ മണിക്കൂറില്‍ 20-30 മൈല്‍ വേഗതയില്‍ കാറ്റടിച്ചു. ശക്തമായ കടല്‍ക്ഷോഭവും കൂറ്റന്‍ തിരമാലകളും കാരണം സാന്‍ഫ്രാന്‍സിസ്കോ അടക്കമുള്ള ചില തീരദേശ മേഖലകളില്‍ ആളുകളെ ഒഴിപ്പിച്ചു.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ