അമിതവേഗതയിലെത്തിയ പോലീസ് വാഹനമിടിച്ച് മൂന്ന് കൗമാരക്കാര്‍ക്ക് ദാരുണന്ത്യം; സ്ഥലത്ത് സംഘര്‍ഷം.

 



അമിത വേഗതയിലെത്തിയ പോലീസ് വാഹനം മോട്ടോര്‍സൈക്കിളില്‍ ഇടച്ചതിനെ തുടര്‍ന്ന് മൂന്ന് കൗമാരക്കാര്‍ മരിച്ചു. ബുധനാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലുള്‍പ്പെട്ട ഗംഗാസാരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗോണ്ടിയ-തിരോര റോഡില്‍ ദണ്ഡേഗാവ് ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു അപകടം. അമിതവേഗതയില്‍ വന്ന പോലീസ് വാഹനം മോട്ടോര്‍ സൈക്കിളില്‍ ഇടിച്ചതിനെത്തുടര്‍ന്ന് അതില്‍ സഞ്ചരിച്ചിരുന്ന മൂന്ന് കൗമാരക്കാര്‍ മരിച്ചു. അപകടസ്ഥലത്ത് നാട്ടുകാര്‍ ഗതാഗതം തടസ്സപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന കാര്‍ത്തിക് ബ്രിജ്ലാല്‍ ബിസെന്‍ (14), ശിവപ്രസാദ് കാംബ്ലെ, ജിതേന്ദ്ര ബവാങ്കര്‍ (ഇരുവരും 16 വയസ്സ്) എന്നീ മൂന്ന് പേരാണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെച്ചത്. അപകടത്തെ തുടര്‍ന്ന് രോഷാകുലരായ ജനം ഗതാഗതം തടസ്സപ്പെടുത്തി. പിന്നീട് സ്ഥലത്തേക്ക് കൂടുതല്‍ പോലീസിനെ എത്തിച്ചതാണ് രംഗം ശാന്തമാക്കിയത്.

ഇക്കോഡിയില്‍ നിന്ന് ഗംഗാഝരിയിലേക്ക് വരികയായിരുന്നു മരിച്ച മൂന്നുപേരും. ഒരു ടിപ്പര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗതയില്‍ എതിരെ വന്ന പോലീസ് 112 ഇ.ആര്‍.എസ്.എസ് (എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം) വാഹനം ഇരുചക്രവാഹനവുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. പോലീസ് അശ്രദ്ധമായി വാഹനം ഓടിച്ചെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം. സ്ഥലത്ത് സമാധാനന്തരീക്ഷം നിലനിര്‍ത്തുന്നതിനായി അഡീഷണല്‍ എസ്.പി. അഭയ് അപകടത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് പോലീസ് സൂപ്രണ്ട് ഗോരഖ് ഭാമരെ ഉറപ്പുനല്‍കി.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് പ്രാദേത്തെ എം.എല്‍.എ വിനോദ് അഗര്‍വാള്‍ വാഗ്ദാനം ചെയ്തു.

അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്ന അമിത് മഹൂലെക്കെതിരെ, അശ്രദ്ധമായി വാഹനം ഓടിച്ചതിനും അശ്രദ്ധമൂലം മരണം സംഭവിച്ചതിനും ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) യിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു..