കണ്ണൂര്‍: പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകനായിരുന്ന സി വി ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം. അഞ്ച് ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. മൂന്ന് പ്രതികളും ചേര്‍ന്ന് 15 ലക്ഷം രൂപ നല്‍കണമെന്നും ഈ തുക ധനരാജിന്റെ കുടുംബത്തിന് നല്‍കണമെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്.
ധനരാജിന്റെ കുടുംബത്തിന് ധനസഹായം നല്കാന് ലീഗല്‍ സെല്‍ അതോരിറ്റിയെ ചുമതലപ്പെടുത്തി. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ടി പി ബിജു, എം വൈശാഖ്, എം വിപിന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ നല്‍കിയിരിക്കുന്നത്. ഇതില്‍ വൈശാഖും വിപിനും സഹോദരങ്ങളാണ്. 20 പേരായിരുന്നു കേസില്‍ പ്രതികളായുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മറ്റ് 16 പ്രതികളേയും കഴിഞ്ഞ ദിവസം കോടതി സംശയത്തിന്റെ ആനുകൂല്യം നല്കി വെറുതെ വിട്ടിരുന്നു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന ചൂരക്കാട് ബിജു എന്നയാളാണ് രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടത്. തളിപ്പറമ്പ് അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ പ്രശാന്താണ് വിധി പറഞ്ഞത്.
2016 ജൂലൈ 11ന് രാത്രി ആയിരുന്നു അരുംകൊല. വഴിയരികില്‍ മറഞ്ഞിരുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍ സി.വി ധനരാജിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റയുടന്‍ ഓടി രക്ഷപ്പെടാന്‍ നോക്കി ധനരാജ്. എന്നാല്‍ ആക്രമികള്‍ വിട്ടില്ല. വീടിന്റെ പിന്നാമ്പുറത്ത് വെച്ച് വീണ്ടും വെട്ടി വീഴ്ത്തി. അമ്മയുടെയും ഭാര്യയുടെയും കണ്മുന്നില് വച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ