കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ രാജ്യവ്യാപക പരിശോധന; നീക്കവുമായി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി.


രാജ്യത്തെ എല്ലാ പാക്കേജ്ഡ് കുപ്പിവെള്ള കമ്പനികളുടെയും സാമ്പിളുകള്‍ പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI) ഒരുങ്ങുന്നു.

പാക്കേജ്ഡ് കുപ്പിവെള്ള വിപണിയിലെ പ്രമുഖ ബ്രാൻഡായ ബിസ്‌ലറിയുടെ (Bisleri) കുപ്പിവെള്ള സാമ്പിള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നീക്കമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസ്‌ലറി കൂടാതെ പെപ്സികോയുടെ അക്വാഫിന, കൊക്കകോളയുടെ കിൻലി തുടങ്ങിയ ബ്രാൻഡുകള്‍ മത്സരിക്കുന്ന ഇന്ത്യയിലെ കുപ്പിവെള്ള വിപണി 2025-ല്‍ ഏകദേശം 33,473 കോടി രൂപ മൂല്യമുള്ളതാണ്.

ഗുണനിലവാര വീഴ്ചയും പരിശോധന കണ്ടെത്തലുകളും

ബിസ്‌ലറിയുടെ ഗോവയിലെ കേന്ദ്രത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളില്‍ അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ ബ്രോമേറ്റും (Bromate), തുടർന്നുള്ള പരിശോധനയില്‍ അർബുദത്തിന് കാരണമാകുന്ന പോളിന്യൂക്ലിയർ അരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) കണ്ടെത്തിയതാണ് നടപടിക്ക് കാരണമായത്. ജലവിമുക്തീകരണ പ്രക്രിയകളുടെ ഉപോല്‍പ്പന്നമായ ബ്രോമേറ്റ്, നിർദ്ദിഷ്ട പരിധിയായ ലിറ്ററിന് 10 മൈക്രോ ഗ്രാം എന്നതിന് പകരം 12 മൈക്രോ ഗ്രാം ആണ് കണ്ടെത്തിയത്. ബ്രോമേറ്റിന്റെയും പി.എ.എച്ചിന്റെയും സാന്നിധ്യം വൃക്കസംബന്ധമായ രോഗങ്ങള്‍ക്കും കേള്‍വിശക്തി നഷ്ടപ്പെടുന്നതിനും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.

കമ്പനിയുടെ പ്രതികരണവും നടപടികളും

അപകടകരമായ സാമ്പിളുമായി ബന്ധപ്പെട്ട ബാച്ചുകള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചതായും പിന്നീട് നടത്തിയ പരിശോധനകളില്‍ വെള്ളത്തിന് ഗുണനിലവാര പ്രശ്നങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, കമ്പനി നടത്തിയ സ്വതന്ത്ര പരിശോധനകളില്‍ രാസവസ്തുക്കള്‍ അനുവദനീയമായ പരിധിയിലാണെന്ന് കണ്ടെത്തിയതായി വ്യക്തമാക്കി ബിസ്‌ലറി എഫ്.എസ്.എസ്.എ.ഐയുടെ കണ്ടെത്തലുകളെ ചോദ്യം ചെയ്തു. എങ്കിലും നിർദ്ദിഷ്ട ഗുണനിലവാര നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഏജൻസികളുമായി പൂർണമായി സഹകരിക്കുമെന്നും ബിസ്‌ലറി വ്യക്തമാക്കി.

ഈ വർഷം പ്രമുഖ ബ്രാൻഡുകള്‍ക്കെതിരെയുള്ള പരിശോധനകളും നിയമനടപടികളും എഫ്.എസ്.എസ്.എ.ഐ ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തി വരും ദിവസങ്ങളില്‍ മറ്റ് കമ്പനികളുടെ കുപ്പിവെള്ള സാമ്പിളുകളിലും എഫ്.എസ്.എസ്.എ.ഐ വിപുലമായ പരിശോധനകള്‍ നടത്തും.