2026 നവംബര്‍ 11 | ബുധന്‍
1202 തുലാം 25 | അനിഴം
1448 ജ : ആഖിർ 01
◾ പിതാവിന്റെ പൈതൃക സ്വത്തില്‍ മകന് അവകാശമില്ലെന്ന് സുപ്രീംകോടതി. 1956-ലെ ഹിന്ദു പിന്തുടര്ച്ചാവകാശ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം മുത്തശ്ശന്റെ സ്വത്ത് അവകാശികള്‍ക്ക് കൈമാറുകയും അത് ഭാഗംവെച്ചെടുക്കുകയും ചെയ്തു കഴിഞ്ഞാല്‍ പിതാവിന് ലഭിക്കുന്ന വിഹിതം അദ്ദേഹത്തിന്റെ വ്യക്തിഗത സ്വത്തായി മാറുമെന്നും അതില്‍ പേരക്കുട്ടിക്ക് ജനനം കൊണ്ട് യാതൊരു അവകാശവുമില്ലെന്നും സുപ്രീംകോടതി വിധിച്ചു. മുത്തച്ഛന്റെ മരണ ശേഷം പിതാവിന് ലഭിച്ച ഭൂമിയുടെ പകുതി ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശിയായ മകന് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് വിധി
◾ ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പോലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി. കൊച്ചിയിലെ ഹോട്ടലുകള്‍ക്ക് പൊലീസ് നല്കിയ നോട്ടീസുകള്‍ ഹൈക്കോടതി റദ്ദാക്കി. ലൈസന്‍സുള്ള ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനാവില്ലെന്നും ഡിജെ നിയന്ത്രണത്തിന് നിയമപരമായ മാനദണ്ഡം വേണമെന്നും ശബ്ദമലിനീകരണമുണ്ടെങ്കില് പൊലീസിന് ഇടപെടാമെന്നും ഹൈക്കോടതി. ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും പുലര്‍ച്ചെ മൂന്ന് മണിവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെന്നും ഈ അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ ഹോട്ടല്‍ ഉടമകള്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രവര്‍ത്തന സമയക്രമത്തില്‍ മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ പുതിയ നിയമമോ ചട്ടമോ കൊണ്ടുവരണമെന്നും അങ്ങനെ ചട്ടം നിലവില്‍വന്നാല്‍ മാത്രമേ പോലീസിന് കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.
◾ ജി എന്‍ എ വിവാദത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം വേണമെന്ന് സി പി എം. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പവര്‍കട്ട് ഭീതിയിലാഴ്ത്തി നടപ്പിലാക്കാന്‍ ശ്രമിച്ച വന്‍ കൊള്ളയാണ് ജിഎന്‍എ കരാര്‍ റദ്ദാക്കലിലൂടെ സ്ഥിരീകരിക്കപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പവര്‍ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയനും എം.വി ഗോവിന്ദനും പ്രതികരിച്ചു.
◾ സാമ്പത്തിക തിരിമറി കേസില്‍ ബി എല്‍ എം സ്ഥാപക ചെയര്മാന് ആര് പ്രേംകുമാറിനെ അറസ്റ്റ് ചെയ്യാന്‍ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി അനുമതി നല്കി. ക്രൈം ബ്രാഞ്ച് നല്കിയ അപേക്ഷയാണ് കോടതി അംഗീകരിച്ചത്. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ വീണ്ടും അറസ്റ്റ് ചെയ്യാന്‍ അനുമതി.
◾ അടൂര്‍ പൊലീസ് സ്റ്റേഷന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമെന്ന് സിപിഎം നേതാവ് പി. ജയരാജന് ആരോപിച്ചു. കോണ്‍ഗ്രസ് സംഘം കസ്റ്റഡിയിലുള്ളയാളെ ആക്രമിച്ചിട്ടും പൊലീസ് നോക്കിനിന്നുവെന്നും ഇതിന് പിന്നില്‍ മുന്‍ എംഎല്‍എയാണെന്നും അദ്ദേഹം പറഞ്ഞു.
◾ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളില്‍ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ എട്ടിന് തുടങ്ങി 17 ന് അവസാനിക്കും. എല്‍പി ക്ലാസുകളിലെ പരീക്ഷ ഡിസംബര്‍ 11 നാണ് ആരംഭിക്കുക. ഡിസംബര്‍ 18 ന് നടക്കുന്ന ക്രിസ്മസ് ആഘോഷത്തോടെ അടയ്ക്കുന്ന സ്കൂളുകള്‍ ഡിസംബര്‍ 28-നാണ് തുറക്കുക.
◾ പാസ്പോര്‍ട്ടും യാത്രാരേഖകളും നഷ്ടമായതിനെ തുടര്‍ന്ന് കൊല്ലം പ്രാക്കുളം സ്വദേശിയായ അക്ഷയ് ഹരീഷ് ഇറാനില്‍ കുടുങ്ങി. യുവാവിനെ നാട്ടിലെത്തിക്കാന്‍ മന്ത്രി ബിന്ദു കൃഷ്ണ സര്‍ക്കാരിന്റെയും എംബസിയുടെയും സഹായം തേടി.
◾ ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോടികള്‍ തട്ടിച്ച പ്രതികള്‍ പോലീസ് പിടിയില്‍. കേസിലെ മുഖ്യപ്രതികളായ അരുണ്‍ എസ്രാ, മേരി ലോപ്പസ് എന്നിവരെയാണ് ചണ്ഡീഗഡില്‍ എത്തി പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. തട്ടിപ്പിന് ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.
◾ ഇടുക്കി ശാന്തന്‍പാറയില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ ചേരിയാര്‍ സ്വദേശിനിയായ റാണി(55) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. തുടക്കത്തില്‍ ഏതെങ്കിലും വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടതാവാമെന്ന നിഗമനമുണ്ടായിരുന്നെങ്കിലും പോലീസ് സംഘം നടത്തിയ വിദഗ്ധ പരിശോധനയിലാണ് കൊലപാതകമെന്ന് സംശയിക്കാവുന്ന വിധത്തിലുള്ള സൂചനകള്‍ ലഭിച്ചത്.
◾ ആലുവയിലെ റിസോര്‍ട്ടില്‍ നടന്ന ഹാലോവിന് പാര്‍ട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തില്‍ ജീവനക്കാര്‍ വിശദീകരണവുമായി രംഗത്ത്. കേസില്‍ അറസ്റ്റിലായ അലക്സിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഒരുങ്ങുകയാണ്. പാര്‍ട്ടിയില്‍ ലഹരിമരുന്ന് ഉപയോഗം നടന്നോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
◾ ശ്രീകോവിലുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാക്കള്‍ പിടിയില്‍. കൂളിമുട്ടം കിള്ളിക്കുളങ്ങര ശ്രീധര്മ്മദൈവ നവഗ്രഹ ക്ഷേത്രത്തിലെ ശ്രീകോവിലുകള്‍ കുത്തിത്തുറന്നാണ് സ്വര്‍ണാഭരണങ്ങളും ഭണ്ഡാരപ്പണവും മോഷ്ടിച്ചത്. കേസില്‍ അസം സ്വദേശികളായ സുഹൈല്‍ അലിയേയും (19), അസല്‍ അലിയേയും (30) മതിലകം പോലീസ് അറസ്റ്റ് ചെയ്തതു.
◾ കസ്റ്റഡിയിലെടുത്ത പ്രതിവൈദ്യപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ചുമുറിച്ച് പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ അജിത് പോളിന്അക്രമാസക്തനായ പ്രതിയുടെ കടിയേറ്റത്. സംഭവത്തില്‍ കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇക്ബാലിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.
◾ ഷൊര്‍ണ്ണൂരില്‍നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ പാലക്കാട് മനിശ്ശേരിയില്‍ വെച്ച് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ പനമണ്ണ സ്വദേശി വൈശാഖും മറ്റൊരാളുമാണ് മരിച്ചതെന്നാണ് വിവരം. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ അര്ധരാത്രിയോടെടെയായിരുന്നു അപകടം.
◾ തിരുവനന്തപുരം പാങ്ങപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിരാം കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട അഭിരാം ഒന്നാംപ്രതിയായ പതിനേഴുകാരനൊപ്പം സംസാരിച്ചുകൊണ്ട് നടന്നുപോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരം 3.53-ഓടെയുള്ളതാണ് ഈ ദൃശ്യങ്ങള്‍.
◾ നാഷണല്‍ ഹെറാള്‍ഡ് കേസ് കെട്ടിച്ചമച്ചതാണെന്നും, ഒരു രൂപപോലും താനോ രാഹുല്‍ ഗാന്ധിയോ കൈപ്പറ്റിയിട്ടില്ലെന്നും സോണിയ ഗാന്ധിയുടെ തുറന്നെഴുത്ത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഗാന്ധി കുടുംബത്തിന് നല്‍കിയത് കൂട്ടായ തീരുമാനമായിരുന്നെന്നും, തന്റെ അര്‍ബുദവുമായുള്ള പോരാട്ടത്തേക്കുറിച്ചും ബിലോഗിംഗ് എ ജേര്‍ണി ഓഫ് ലവ് എന്ന ഓര്‍മ്മക്കുറിപ്പില്‍ സോണിയ ഗാന്ധി വെളിപ്പെടുത്തി.
◾ മന്മോഹന് സിംഗിനെ മാറ്റി പ്രധാനമന്ത്രിയാകണമെന്നുള്ള മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആഗ്രഹം തന്നില്‍ ഞെട്ടലുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. സോണിയാ ഗാന്ധിയുടെ 'ബിലോംഗിങ്: എ ജേര്‍ണി ഓഫ് ലൗ' എന്ന ഓര്‍മക്കുറിപ്പിലാണ് സോണിയ ഇക്കാര്യം പരാമര്‍ശിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ മറുപടിയുമായി എത്തിയിരിക്കുയാണ് പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ, ഭരണപരിചയവും കഠിനാധ്വാനവും ബുദ്ധിയുമുള്ള ഒരാള്‍ക്ക് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടാകുന്നതില്‍ ഞെട്ടേണ്ട കാര്യം എന്താണെന്നും അത് ഒരു കുറ്റമാണോ എന്നുംശര്മ്മിഷ്ഠ മുഖര്‍ജി ചോദിച്ചു. ഗാന്ധി-നെഹ്റു കുടുംബത്തിന് പുറത്തുള്ള ഒരാള്‍ ഇത്തരമൊരു ആഗ്രഹം വെച്ചുപുലര്‍ത്തുന്നതും അത് തുറന്നുപറഞ്ഞതും കൊണ്ടാണോ സോണിയാ ഗാന്ധിക്ക്ഞെട്ടലുണ്ടായതെന്നും അവര്‍ ചോദിച്ചു.
◾ കോണ്‍ഗ്രസ് നേതാവ് ഇമ്രാന് മസൂദ് വിവാദത്തില്‍. 'ദീപാവലിയും മലിനീകരണവും മനുഷ്യനിര്‍മിത രോഗങ്ങളാണെ'ന്ന് കോണ്‍ഗ്രസ് എം.പി. ഇമ്രാന് മസൂദ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം. ഇതിനു പിന്നാലെ ബി.ജെ.പി. നേതാക്കള്‍ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി.
◾ ദിമാഗി നക്സല്‍' പ്രയോഗത്തില്‍ ഭരണ-പ്രതിപക്ഷ വാക്പോര് ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ മറുപടിക്കും പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും രംഗത്തെത്തി.
◾ ദേശീയ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വായുമലിനീകരണത്തില്‍ രാജ്യം 'വിശ്വഗുരു' ആകുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച അദ്ദേഹം, മലിനീകരണ പ്രശ്നം പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പേരിനുമാത്രമുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചു.
◾ ബോളിവുഡ് താരങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി മുംബൈ പൊലീസ്. തിരക്കേറിയ സ്ഥലങ്ങളില്‍ അപ്രതീക്ഷിതമായി എത്തുന്നത് ഒഴിവാക്കണമെന്നും മുന്‍കൂട്ടി അറിയിക്കാതെയുളള ആരാധക കൂടിക്കാഴ്ചകള്‍ പാടില്ലെന്നുമാണ് നിര്‍ദേശം.
◾ ഉത്തര്‍പ്രദേശില്‍ എസ്ഐആറില്‍ 1 കോടി 27 ലക്ഷം ഹിന്ദുക്കളുടെ വോട്ട് ഒഴിവാക്കിയെന്ന യോഗി ആദിത്യനാഥിന്റെ ആരോപണത്തോട് ഈ മാസം 17ന് ശേഷം പ്രതികരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. എസ്ഐആറിന് ശേഷം 13 കോടി വോട്ടര്‍മാരെ ഒഴിവാക്കിയതിനെ ബിജെപി നേതാക്കള്‍ ന്യായീകരിച്ചിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഹിന്ദു വോട്ടര്‍മാരെ ഒഴിവാക്കി എന്ന ആരോപണം യോഗി ആവര്‍ത്തിക്കുകയാണ്.
◾ ജര്‍മനിയിലെ ഡോര്‍ട്ട്മുണ്ടില്‍ ഒരു യൂറോയ്ക്ക് കബാബ് നല്കിയ ഫാസ്റ്റ് ഫുഡ് കടയ്ക്ക് മുന്നില്‍ വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസും ഹെലികോപ്റ്ററും രംഗത്തെത്തി. അക്രമ സംഭവങ്ങളെ തുടര്‍ന്ന് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
◾ ചൈനീസ് ചാരവനിതയുമായുള്ള ബന്ധത്തില്‍ എന്‍വീഡിയ സിഇഒ ജെന്സന് ഹുവാങിനെതിരെ കമ്പനി അന്വേഷണം പ്രഖ്യാപിച്ചു. ചിപ് നിര്‍മാണ വിദ്യ ചോര്‍ത്താന്‍ ശ്രമം നടന്നെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലിനെ തുടര്‍ന്നാണിത്. വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
◾ നിയമാനുസൃതമായ സൈനിക നടപടികള്‍ നടപ്പാക്കിയതിന്റെപേരില്‍ തന്നെ ഇംപീച്ച് ചെയ്യാനാകില്ലെന്നും സ്വന്തം പോരാളികളെ അമേരിക്ക ശിക്ഷിക്കുന്നെന്ന സന്ദേശമാണ് ഇംപീച്ച്മെന്റ് നീക്കത്തിലൂടെ യുഎസിന്റെ ശത്രുക്കള്‍ക്ക് ലഭിക്കുകയെന്നുംയുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഇറാന് യുദ്ധം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹെഗ്സെത്തിനെതിരേ ഇംപീച്ച്മെന്റ് നീക്കം നടക്കുന്നത്.
◾ നവംബര്‍ 14 മുതല്‍ 26 വരെ പഞ്ചാബിലെ ന്യൂ ചണ്ഡിഗഡില്‍ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം സഞ്ജു വി. സാംസണാണ് ടീമിന്റെ ക്യാപ്റ്റന്‍.
◾ യുഎഇയെ 70 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അണ്ടര്‍-19 ഏഷ്യ കപ്പ് സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആര്യവീര്‍ സെവാഗിന്റെ സെഞ്ചുറിയുടെ കരുത്തില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇ പൊരുതി നോക്കിയെങ്കിലും 239 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് എ-യില്‍ നിന്ന് പാകിസ്താനൊപ്പം ഇന്ത്യയും സെമിഫൈനല്‍ യോഗ്യത ഉറപ്പിച്ചു.
◾ ധനലക്ഷ്മി ബാങ്കിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് നവംബര്‍ 14-ന് തുടക്കമാകും. വൈകീട്ട് ആറിന് തൃശ്ശൂര്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, വ്യവ സായ-സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍, ഇടപാടുകാര്‍, ജീവനക്കാര്‍, മുന്‍ ജീ വനക്കാര്‍ തുടങ്ങി സമസ്ത മേഖലയിലുമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍ ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും അധികം പാരമ്പര്യം അവകാശപ്പെടാവുന്ന ബാങ്ക് എന്ന നേട്ടം ധനലക്ഷ്മി ബാങ്കിന് സ്വന്തമാണ്. മൊത്തം ബിസിനസിലും ലാഭത്തിലും റെക്കോഡ് നേട്ടവുമായാണ് ബാങ്ക് ശതാബ്ദി വര്‍ഷത്തിലേക്ക് കടക്കുന്നത്. നിലവില്‍ 271 ശാഖകളാണ് ബാങ്കിനുള്ളത്. ഈ വര്‍ഷം 25 പുതിയ ശാഖകള്‍ കൂടി തുറക്കുന്നുണ്ട്. ശതാബ്ദി വര്‍ഷത്തോടനുബന്ധിച്ച് പ്രത്യേക നിക്ഷേപ പദ്ധതികളും, പ്രത്യേക വായ്പാ പദ്ധതികളും അവതരിപ്പിക്കാന്‍ ബാങ്ക് ഒരുങ്ങുകയാണ്.
◾ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. സ്വര്‍ണം ?ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. നവംബര്‍ 10 ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 13,210 രൂപയാണ് വില. പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയുമായി.18 കാരറ്റ് സ്വര്‍ണത്തിന് ചൊവ്വാഴ്ച ?ഗ്രാമിന് 40 രൂപ കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തിന് ?ഗ്രാമിന് 10,810 രൂപയും പവന് 86,480 രൂപയുമാണ് ചൊവ്വാഴ്ച രാവിലത്തെ വില. വെള്ളി വിലയില്‍ മാറ്റമില്ല. ?ഗ്രാമിന് 205 രൂപയും പത്ത് ?ഗ്രാമിന് 2050 രൂപയുമാണ് വെള്ളിയുടെ വില.
◾ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു. മധ്യപൂര്‍വേഷ്യന്‍ മേഖലയില്‍ നിന്നുള്ള എണ്ണ വിതരണത്തില്‍ നേരിട്ടേക്കാവുന്ന തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് അയവുവന്നതാണ് വില കുറയാന്‍ ഇടയാക്കിയത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 91.80 ഡോളര്‍ നിലവാരത്തിലെത്തി. ഓഗസ്റ്റ് 31-നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. മുന്‍ ഇടപാട് ദിനത്തിലും 5.85 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഡബ്ല്യു.ടി.ഐ. ക്രൂഡ് ബാരലിന് 86.50 ഡോളര്‍ നിലവാരത്തിലാണ്.
◾ എ.ഐ., സെമികണ്ടക്ടര്‍ മേഖലകളിലെ ഓഹരികളില്‍ സമീപകാലത്തുണ്ടായ കനത്ത വില്‍പ്പന സമ്മര്‍ദത്തിന് വിരാമമിട്ട് ദക്ഷിണകൊറിയന്‍ ഓഹരി വിപണി. കുറഞ്ഞ വിലയില്‍ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ കൂട്ടത്തോടെ എത്തിയതോടെ കോസ്പി തിരിച്ചുവരവ് നടത്തി. ചൊവ്വാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ വിപണി അഞ്ച് ശതമാനത്തിലധികം ഉയര്‍ന്നു. പ്രധാന സെമികണ്ടക്ടര്‍ ഭീമന്മാരായ സാംസങ് ഇലക്ട്രോണിക്സ്, എസ്.കെ. ഹൈനിക്സ് എന്നിവയുടെ ഓഹരിമൂല്യത്തിലും അഞ്ച് ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തി.
◾ ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ അഡ്വഞ്ചര്‍ ബൈക്കായ എഫ് 450 ജിഎസ് സ്പോര്‍ട് ഇന്ത്യയില്‍ അവതരിപ്പിച്ചു. 5.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. എഫ് 450 ജിഎസ് നിരയിലെ എക്സ്ക്ലൂസീവ്, ജിഎസ് ട്രോഫി വകഭേദങ്ങള്ക്കിടയിലാണ് പുതിയ സ്പോര്‍ട് മോഡലിന്റെ സ്ഥാനം. ഓഫ്റോഡ് യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനുള്ള നിരവധി ഫീച്ചറുകളും കമ്പനി ഈ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്പോര്‍ട്സ് സസ്പെന്ഷന്, ഗിയര്‍ ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ, റൈഡിംഗ് മോഡ്സ് പ്രോ എന്നിവയാണ് പ്രധാന സവിശേഷതകള്‍.
◾ ടെസ്ലയുടെ ശ്രദ്ധേയമായ ഇലക്ട്രിക് പിക്കപ്പ് ട്രക്കായ സൈബര്‍ട്രക്കിന്റെ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2027 പകുതിയോടെ അമേരിക്കയിലെ ടെക്സസിലുള്ള ഗിഗാഫാക്ടറിയില്‍ സൈബര്‍ട്രക്കിന്റെ നിര്‍മാണം നിര്‍ത്താനാണ് നീക്കമെന്നാണ് സൂചന. ടെസ്ല സി.ഇ.ഒ എലോണ്‍ മസ്ക് സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ഇതുസംബന്ധിച്ച വിവരം പങ്കുവെച്ചത്.
◾ നിതീഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ: റൈസ് ഓഫ് എ ലെജന്‍ഡ്' എന്ന ചിത്രത്തില്‍ സീതാദേവിയായി എത്തുന്ന സായ് പല്ലവിയുടെ ആക്ഷന്‍ രംഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നടന് മുകേഷ് ഖന്ന. ബോക്സ് ഓഫീസ് കളക്ഷനുവേണ്ടി പുരാണത്തില്‍ വെള്ളം ചേര്‍ത്തുവെന്ന് ആരോപിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. സീതാദേവി ഝാന്‍സി റാണിയെപ്പോലെയോ ഇന്നത്തെ നായികമാരെപ്പോലെ മാച്ചോ ആയോ യുദ്ധത്തിനിറങ്ങുന്നത് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ? ഞാന്‍ വാല്മീകിയുടെ രാമായണം വായിച്ചിട്ടുണ്ട്. അതിലൊരിടത്തും സീത യുദ്ധം ചെയ്തതായി എഴുതിയിട്ടില്ല.' മുകേഷ് ഖന്ന വ്യക്തമാക്കി.
◾ തെന്നിന്ത്യന്‍ താരം ആക്ഷന്‍ കിങ് അര്ജുന് സര്‍ജയെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രം 'പോളിമേര 3'-യുടെ ഫസ്റ്റ് ലുക്ക് ഗ്ലിംപ്സ് ദീപാവലി ദിനത്തില്‍ പുറത്തിറങ്ങി. ചിത്രത്തില്‍ അര്ജുന് സര്‍ജ അവതരിപ്പിക്കുന്ന 'വീരാവി' എന്ന കഥാപാത്രത്തെയാണ് ഗ്ലിംപ്സിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഡോ. അനില്‍ വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ വമ്പന്‍ റിലീസായി പ്രേക്ഷകരിലേക്കെത്തും..വംശി നന്ദിപതി എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ വംശി നന്ദിപതി, ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍.എല്‍.പി. (ഏഷ്യന്‍ ഗ്രൂപ്പ്)യുടെ ഭരത് നരംഗുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
◾ വണ്ണം കുറയ്ക്കാനായി ജിഎല്‍പി-1 മരുന്നുകളില്‍ ഉള്‍പ്പെടുന്ന ഒസെംപിക്, വെഗോവി, മൗന്‍ജാരോ തുടങ്ങിയ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ നിരവധിയുണ്ട്. ഇത്തരം മരുന്നുകളുടെ ഉപയോഗം മുടികൊഴിച്ചിലിനു കാരണമാകുന്നുവെന്നു വ്യക്തമാക്കുന്നൊരു പഠനം നേരത്തേ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇവ ചിലപ്പോള്‍ കാഴ്ചശക്തിയെയും ബാധിക്കാമെന്ന മുന്നറിയിപ്പു നല്‍കുകയാണ് യു.എസ്. എഫ്.ഡി.എ. ജിഎല്‍പി-1 മരുന്നുകളുടെ പാര്‍ശ്വഫലത്തില്‍ നോണ്‍-ആര്ട്ടെറിറ്റിക് ആന്റീരിയര്‍ ഇസ്കീമിക് ഒപ്റ്റിക് ന്യൂറോപ്പതി എന്നറിയപ്പെടുന്ന നേത്രരോഗത്തിനുള്ള സാധ്യത കൂടി മുന്നറിയിപ്പായി നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.
*ശുഭദിനം*
*കവിത കണ്ണന്*
ഗ്രീക്ക് പുരാണങ്ങളില്‍ ഇടിമിന്നലിന്റെ ദേവത ആയിരുന്നു സീയൂസ്. പുരാവൃത്തങ്ങള്ക്കിപ്പുറം ഭൂമിയിലും ഉണ്ടായിരുന്നു ഒരു 'തണ്ടര്‍ ഗോഡ് '. ശരിയായ പേര് റിക്ക് അലന്. അമേരിക്കന്‍ ഡ്രമ്മറായിരുന്നു അദ്ദേഹം. ആസ്വാദകരില്‍ താളവാദ്യവിസ്മയം തീര്‍ത്ത അത്ഭുതപ്രതിഭ. ഡ്രംസ്റ്റിക് കൊണ്ട് അമ്മാനമാടി ദ്രുതതാളം തീര്‍ത്ത റിക്ക് അലന് അമേരിക്കയില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകര്‍ ഉണ്ട്. എന്നാല്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞത് ഒരു യാത്രകൊണ്ടായിരുന്നു. 1948 ല്‍ റിക്ക് അലന്റെ കാര്‍ അപകടത്തില്‍ പെട്ടു, അപകടത്തില്‍ ആ മാന്ത്രിക കൈകളില്‍ ഒന്ന് നഷ്ടമായി. താളം പിറന്ന കൈകള്‍ ഇല്ലാതെ റിക്ക് അലനെ ചിന്തിക്കാനേ സാധിക്കുകയില്ലായിരുന്നു. എന്നാല്‍ റിക്ക് മറ്റൊരു മാന്ത്രികതയുമായി രംഗത്തെത്തി. കാലുകള്‍കൊണ്ട് അദ്ദേഹം ഡ്രംസ് വായന പരിശീലിച്ചു. തന്റെ പരിമിതികളെ തന്നെ ആ തണ്ടര്‍ ഗോഡ് കഴിവാക്കി മാറ്റി. പുതിയൊരു ബ്രാന്റ് ട്രൂപ്പ് ആരംഭിച്ചപ്പോള്‍ അതിനു നല്കിയ പേര് തന്നെ ലോകം ചര്‍ച്ച ചെയ്തു. ' വണ്‍ ഹാന്റ് ഡ്രം കമ്പനി '. അവിടം കൊണ്ടു തീര്‍ന്നില്ല. ' റേ വണ്‍ ഡ്രം ഫൗണ്ടേഷന് ' എന്ന സന്നദ്ധ സംഘടനയുടെ അമരക്കാരന് കൂടിയായി. തന്റെ പരിമിതികളില്‍ നിന്ന് സ്വയം നട്ടുനനച്ച് വളരാം. ആ വളര്‍ച്ചയുടെ തണലും കുളിരും നല്കുന്ന ആത്മബലം ചെറുതല്ല, പരിമിതികളെ ഇനി നമുക്കും മറക്കാം, റിക്ക് അലനെപോലെ. - ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ