സ്കൂള്‍ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍. വയനാട് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വിനോദയാത്രയ്ക്കിടെയാണ് സംഭവം. പ്രിന്‍സിപ്പല്‍ ഷിബി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ് ഹാജിസും മദ്യപിച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. പ്രിന്‍സിപ്പലായ ഷിബി കൃഷ്ണന് ഹയര്‍ സെക്കന്‍ഡറി മുന്‍ ജില്ലാ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്നു. സ്കൂളിന് മുമ്പിലേക്ക് പ്രതിഷേധവുമായി കുട്ടികളുടെ മാതാപിതാക്കള്‍ രംഗത്തെത്തി.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഹൈദരാബാദിലേക്ക് വിനോദയാത്രക്കായി പോയത്. മൂന്ന് ബസുകളിലായി 130 വിദ്യാര്‍ത്ഥികളാണ് യാത്ര പോയത്. ഈ സമയത്ത് സ്കൂള്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചുവെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചത്. എന്നാല്‍ പിടിഎ പ്രസിഡന്റ് മദ്യപിച്ചുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതെന്നും പരാതിയെ തുടര്‍ന്ന് ഇയാളെ ബസില്‍ നിന്ന് മാറ്റിയതായും പ്രിന്‍സിപ്പല്‍ പറഞ്ഞു. കുട്ടികളെ സംരക്ഷിക്കേണ്ടയാളുകള് തന്നെ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ