മൊബൈല്‍ റീചാര്‍ജ് മുടങ്ങിയാലും സിബില്‍ സ്കോറില്‍ പണി കിട്ടുമോ?.



ബാങ്ക് ലോണിന് വേണ്ടിയോ ക്രെഡിറ്റ് കാർഡിനായോ അപേക്ഷിക്കുമ്പോള്‍ സിബില്‍ സ്കോർ നിങ്ങളുടെ യോഗ്യത നിർണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ക്രെഡിറ്റ് കാർഡ് ഉപയോഗവും വായ്പാ തിരിച്ചടവും സിബില്‍ സ്കോറിനെ ബാധിക്കുമെന്ന് അറിയാമെങ്കിലും ഫോണ്‍ റീച്ചാർജ് മുടങ്ങുന്നത് സിബില്‍ സ്കോറില്‍ സമാനമായ സ്വാധീനമുണ്ടാക്കുമെന്ന് അറിയാമോ?.

കൃത്യസമയത്ത് മൊബൈല്‍ ബില്‍ അടയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കില്ല. എന്നാല്‍ അടവുകള്‍ മുടങ്ങുന്നത് സ്കോറിനെ പ്രതികൂലമായി ബാധിക്കും. ഒരു മൊബൈല്‍ സേവന ദാതാവ്, കുടിശ്ശികയുള്ള ബില്ലുകളെക്കുറിച്ച്‌, (പ്രത്യേകിച്ച്‌ പോസ്റ്റ് പെയ്ഡ് ബില്ലുകള്‍) കളക്ഷൻ ഏജൻസിയെ അറിയിക്കുകയാണെങ്കില്‍, ബാക്കി നില്‍ക്കുന്ന ഈ തുക നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടില്‍ കാണിക്കാനിടയുണ്ട്. ഇത് നിങ്ങളുടെ സ്കോറിനെ ദോഷകരമായി ബാധിക്കുകയും ഭാവിയില്‍ വായ്പകളോ, ക്രെഡിറ്റ് കാർഡുകളോ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടേണ്ടി വരികയും ചെയ്യും.

ബില്‍, കളക്ഷൻ ഏജൻസിക്ക് കൈമാറിക്കഴിഞ്ഞാല്‍, അത് ഏതാനും വർഷങ്ങളോളം നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടില്‍ തുടരുകയും, നിങ്ങള്‍ റിസ്ക് ഉള്ള ഒരു വായ്പക്കാരനാണെന്ന സൂചന നല്‍കുകയും ചെയ്യും. അതിനാല്‍, മൊബൈല്‍ ബില്‍ അടവുകളെ ക്രെഡിറ്റ് കാർഡ് അല്ലെങ്കില്‍ വായ്പാ തിരിച്ചടവുകള്‍ക്ക് നല്‍കുന്ന അതേ പ്രാധാന്യത്തോടെ കാണേണ്ടത് അനിവാര്യമാണ്.

ഇന്ത്യയില്‍, കൃത്യസമയത്ത് മൊബൈല്‍ ബില്‍ അടയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ വർധിപ്പിക്കുന്നില്ല. ക്രെഡിറ്റ് ഇൻഫർമേഷൻ ഏജൻസികള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വായ്പാ തിരിച്ചടവുകള്‍, ക്രെഡിറ്റ് കാർഡ് ബില്ലുകള്‍, ക്രെഡിറ്റ് ഉപയോഗ അനുപാതം തുടങ്ങിയ വായ്പാ അനുബന്ധ ഇടപാടുകളിലാണ്. മൊബൈല്‍ ഫോണ്‍ അടവുകള്‍, ഉള്‍പ്പെടെയുള്ള യൂട്ടിലിറ്റി ബില്ലുകള്‍ സാധാരണയായി ഈ കണക്കുകൂട്ടലുകളില്‍ ഉള്‍പ്പെടുത്താറില്ല.

ഒരു വ്യക്തിയുടെ സാമ്പത്തിക ശീലങ്ങളെക്കുറിച്ച്‌ വായ്പ നല്‍കുന്നവർക്ക് കൂടുതല്‍ വ്യക്തമായ ചിത്രം നല്‍കുന്നതിനായി പുതിയ ക്രെഡിറ്റ് സ്കോറിംഗ് രീതികള്‍ വികസിപ്പിച്ചു വരുന്നുണ്ട്. പരമ്പരാഗത വായ്പാ ചരിത്രമില്ലാത്ത വ്യക്തികള്‍ക്കായി, മൊബൈല്‍ ബില്ലുകള്‍ ഉള്‍പ്പെടെയുള്ള യൂട്ടിലിറ്റി ബില്‍ അടവുകള്‍ ക്രെഡിറ്റ് സ്കോർ കണക്കുകൂട്ടലുകളില്‍ ഉള്‍പ്പെടുത്താൻ ഇതിലൂടെ ലക്ഷ്യമിടുന്നു.

ചില രാജ്യങ്ങളില്‍ ഇത്തരം രീതികള്‍ നിലവില്‍ ഉപയോഗത്തിലുണ്ട്. ഇത് പരിമിതമായ ക്രെഡിറ്റ് ചരിത്രമുള്ള ആളുകളെ, ക്രമമായ ബില്‍ അടവുകളിലൂടെ ഒരു ക്രെഡിറ്റ് പ്രൊഫൈല്‍ നിർമ്മിക്കാൻ സഹായിക്കുന്നു. എങ്കിലും, ഇന്ത്യയില്‍ ഈ രീതികള്‍ വികസനത്തിന്റെ ഘട്ടങ്ങളിലാണ്. ധനകാര്യ സ്ഥാപനങ്ങള്‍ ഇവ ഇതുവരെ വ്യാപകമായി സ്വീകരിച്ചിട്ടില്ല.