ഒളിച്ചിരുന്നത് ജയിലിന് പുറകിലെ മലയിടുക്കിൽ; തേനി ജയിലിൽ നിന്ന് തടവു ചാടിയ എട്ട് പേരെക്കൂടി പിടികൂടി.



തേനി ജയിലിൽ നിന്ന് തടവുചാടിയ എട്ടു പേരെക്കൂടി പൊലീസ് പിടികൂടി. ആകെ പതിനേഴു പേരാണ് തടവുചാടിയത്. ഇതിൽ അഞ്ചു പേരെ നേരത്തെ പിടികൂടിയിരുന്നു. ബാക്കിയുള്ള 4 തടവുകാർക്കായി പ്രത്യേക പൊലീസ് സജീവമായി തെരച്ചിൽ നടത്തുകയാണ്. ജയിലിനു പിന്നിലെ മലകളിൽ ഒളിച്ചിരുന്ന എട്ടു തടവുകാരെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലൂടെയാണ് പൊലീസ് പിടികൂടിയത്.

ഇന്നലെ രാത്രിയാണ് തേനി സബ് ജയിലിൽ നിന്നും 17 തടവുകാർ രക്ഷപ്പെട്ടത്. ജീവനക്കാരെ ആക്രമിച്ചാണ് ഇവർ ജയിൽ ചാടിയത്. പതിനേഴു പേരും ഒരേ സെല്ലിൽ താമസിച്ചിരുന്നവരായിരുന്നു. ഒരാൾക്ക് സുഖമില്ലെന്ന് കാണിച്ച് ജയിൽ ജീവനക്കാരെ സെല്ലിന് അകത്തേക്ക് വിളിക്കുകയായിരുന്നു.

ശേഷം ഇവരെ അക്രമിച്ച് കീഴ്പ്പെടുത്തിയാണ് ഇവർ ജയിൽ ചാടിയത് എന്നാണ് വിവരം. ആക്രമണത്തിൽ തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ ഗ്രേഡ്-2 പൊലീസ് ഉദ്യോഗസ്ഥനായ തങ്കപാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മറ്റ് രണ്ട് പൊലീസുകാർക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. വലിയ വീഴ്ചയാണ് ജയിലിൽ ഉണ്ടായിരിക്കുന്നത്. അതേസമയം ബാക്കിയുള്ളവരെക്കൂടി എത്രയും പെട്ടെന്ന് പിടികൂടുമെന്ന് ഡി ജി പി പറഞ്ഞു.