പ്രതിപക്ഷ എം പിമാർ ജന്തർ മന്തറിലേയ്ക്ക്; ഗ്യാനേഷ് കുമാർ രാജിവെയ്ക്കും വരെ സമരമെന്ന് രാഹുൽ ഗാന്ധി.



ഡൽഹിയിൽ ഇന്നലെ അരങ്ങേറിയ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ ഇൻഡ്യ സഖ്യത്തിലെ എം പിമാർ ജന്തർ മന്തറിലേയ്ക്ക് തിരിച്ചു. ​ഗ്യാനേഷ് കുമാർ രാജിവെയ്ക്കും വരും സമരമെന്നാണ് രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ക്ഷണപ്രകാരമാണ് ജനപഥിലെ സാഗർ രത്ന റെസ്റ്റോറന്റിൽ പ്രതിപക്ഷ എംപിമാർ ഒത്തുകൂടിയിരുന്നു. ‘വോട്ട് ചോരി’ എന്ന ആരോപണം ജനങ്ങളിലേക്ക് എത്തിക്കാനും തുടർ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകാനുമായിരുന്നു യോഗം. ഇതിന് പിന്നാലെയാണ് മൂന്ന് ബസുകളിലായി പ്രതിപക്ഷ എം പിമാർ പ്രതിഷേധത്തിനായി ജന്തർ മന്തറിലേയ്ക്ക് പുറപ്പെട്ടത്. ഇതിനിടെ ജന്തർ മന്തറിലേയ്ക്ക് പ്രതിപക്ഷ നേതാക്കൾ കടക്കുന്നത് തടയുന്നതിനായി വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണമാണ് പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ഒരുക്കിയിരിക്കുന്നത്.

ജന്തർ മന്തറിലേക്കുള്ള എല്ലാ പ്രധാന റോഡുകളിലും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രതിപക്ഷ എംപിമാരുമായി പോയ ബസുകൾ പൊലീസ് വഴിയിൽ തടഞ്ഞു. എന്നാൽ പൊലീസ് ഉയർത്തിയ സുരക്ഷാ വലയങ്ങളെല്ലാം ഭേദിച്ചുകൊണ്ടാണ് പ്രതിപക്ഷ എം പിമാർ ജന്തർ മന്തർ ലക്ഷ്യമാക്കി യാത്ര തുടരുന്നത്. ജനാധിപത്യം തകർക്കപ്പെടുകയാണെന്ന് ആരോപിച്ച മല്ലികാർജുൻ ഖർഗെ, ‘വോട്ട് ചോരി’ വിഷയം ജനങ്ങളിലേക്ക് എത്തിക്കുമെന്ന് പറഞ്ഞു. ജന്തർ മന്തറിൽ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.