സൂപ്പര് മാര്ക്കറ്റ് ശൃംഖലകളിലെ സോഫ്റ്റ്വയറില് നുഴഞ്ഞുകയറി ഹാക്കര്മാരുടെ ക്രൂരത. ഫ്രാന്സിലെ സൂപ്പര് മാര്ക്കറ്റുകളിലാണ് റഫ്രിജറേറ്ററുകളുടെയും ഫ്രീസറുകളുടെയും താപനില ഹാക്കര്മാര് സോഫ്റ്റ്വയര് വഴി നുഴഞ്ഞുകയറി വര്ധിപ്പിച്ചത്. ഇതോടെ ഭക്ഷ്യവസ്തുക്കള് നശിപ്പിക്കപ്പെടുകയും കടകളില് തീപിടിത്തം ഉണ്ടാകുകയും ചെയ്തു.
ഒറ്റരാത്രികൊണ്ട് ഫ്രാന്സിലെ സൂപ്പര്മാര്ക്കറ്റ് ശൃംഖലകളില് സംഭവിച്ചത് കോടിക്കണക്കിന് യൂറോയുടെ നഷ്ടം. സൂപ്പര്മാര്ക്കറ്റുകളിലെ റഫ്രിജറേറ്ററുകളുടെയും ഫ്രീസറുകളുടെയും താപനില 50 ഡിഗ്രി സെല്ഷ്യസ് വരെ വര്ധിപ്പിച്ചായിരുന്നു ഹാക്കര്മാരുടെ വിളയാട്ടം. അറ്റകുറ്റപ്പണികള്ക്കും നിരീക്ഷണത്തിനുമായി ഫ്രീസറുകള് ഇന്റര്നെറ്റുമായി ബന്ധിപ്പിച്ചിരുന്നു. ഇതുവഴി നുഴഞ്ഞുകയറി ഹാക്കര്മാര് ഐസ് നീക്കം ചെയ്യുന്നതിനുള്ള ഡീഫ്രോസ്റ്റിങ് തുടര്ച്ചയായി ചെയ്ത് താപനില ഉയര്ത്തുകയായിരുന്നു. ഇതോടെ നൂറുകണക്കിന് സൂപ്പര്മാര്ക്കറ്റുകളിലാണ് ഭക്ഷണ സാധനങ്ങള് നശിക്കുകയും തീപിടുത്തം ഉണ്ടാകുകയും ചെയ്തത്.
മോണോപ്രിക്സ്, ഇന്റര്മാര്ഷെ, കാരിഫോര്, അഹോള്ഡ് തുടങ്ങിയ ഫ്രഞ്ച് സൂപ്പര്മാര്ക്കറ്റ് ശൃംഖലകള്ക്ക് നേരെയായിരുന്നു ഹാക്കര്മാരുടെ ആക്രമണം. സംഭവത്തില് ഫ്രാന്സിന്റെ നാഷണല് സൈബര് സെക്യൂരിറ്റി ഏജന്സി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹാക്കര്മാരുടെ ആക്രമണത്തിന് പിന്നാലെ സ്മാര്ട്ട് ആന്ഡ്രോയ്ഡ് ടിവികള്, അവനുകള് തുടങ്ങി ഇന്റര്നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളിലേക്കും എഐ മോഡലുകള് കടന്നുകയറാന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കുകയാണ് എഐ കമ്പനികള്. ഇത്തരം എഐ സംവിധാനങ്ങള് നിയന്ത്രിക്കുക പ്രയാസകരമാണെന്നും എഐ കമ്പനികള് പറയുന്നു.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ