കടമ്പാട്ടുകോണം–കഴക്കൂട്ടം ദേശീയപാതാ വികസനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ മുന്നോട്ടുപോകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി അടൂർ പ്രകാശ് എം പി. ഓഫീസിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് അടൂർ പ്രകാശ് പ്രതിഷേധം അറിയിച്ചത്. സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്നും നിർദേശം നൽകി. ഇനിയും വൈകിയാൽ സമരം തുടങ്ങുമെന്നും ക്ഷമ പരീക്ഷിക്കുന്ന രീതിയിൽ അനിശ്ചിതമായി നിർമാണം നീളാൻ അനുവദിക്കില്ലെന്നും അടൂർ പ്രകാശ് മുന്നറിയിപ്പ് നൽകി.
ദേശീയപാതാ നിർമ്മാണത്തിലെ കാലതാമസം മൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഗൗരവമായി കാണണമെന്നും പദ്ധതിയുടെ പുരോഗതി ഉറപ്പാക്കാൻ അടിയന്തര ഇടപെടലുകൾ നടത്തണമെന്നും എം.പി. ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്ക്, പൊടി, അപകടസാധ്യത, യാത്രാസമയത്തിലെ വർധന എന്നിവ കാരണം പ്രദേശവാസികളും ദിവസേന യാത്ര ചെയ്യുന്നവരും വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. നിർമ്മാണം നീണ്ടുപോകുന്നത് വ്യാപാരികൾക്കും വിദ്യാർത്ഥികൾക്കും രോഗികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ ആശങ്കകൾക്ക് അടിയന്തര പരിഹാരം കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
നിർമ്മാണ പ്രവർത്തനങ്ങളുടെ ഓരോ ഘട്ടത്തിനും വ്യക്തമായ സമയക്രമം തയ്യാറാക്കി നടപ്പാക്കണമെന്നും, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് മൂലം ഉണ്ടാകുന്ന തടസ്സങ്ങൾ ഉടൻ പരിഹരിക്കണമെന്നും അടൂർ പ്രകാശ് എം.പി. നിർദ്ദേശിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും യാത്രക്കാർക്ക് സുരക്ഷിതമായ വഴിയൊരുക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് കൃത്യമായ ഇടവേളകളിൽ റിപ്പോർട്ട് നൽകണമെന്നും, പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം സമയബന്ധിതമായ പൂർത്തീകരണത്തിനും ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ നൽകണമെന്നും എം.പി. പറഞ്ഞു. ജനപ്രതിനിധികളെയും തദ്ദേശസ്ഥാപനങ്ങളെയും ഉൾപ്പെടുത്തി നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ