പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ

2026  ഒക്ടോബര്‍ 11, ഞായര്‍ 
1202  കന്നി 25 | ചിത്തിര
1448  റ: ആഖിർ 29

◾  ജനരോഷത്തില്‍ വിറച്ച് ഡല്‍ഹി. അടച്ചുപൂട്ടിയും റോഡിലിറങ്ങിയവരെയെല്ലാം കസ്റ്റഡിയിലെടുത്തും പോലീസ്. തടസങ്ങളെയെല്ലാം മറികടന്ന് ജന്തര്‍ മന്തര്‍ പ്രദേശത്തു പ്രക്ഷോഭവുമായി ജനസാഗരം. വോട്ടുകൊള്ളയിലൂടെ ജനാധിപത്യത്തെ അട്ടിമറിച്ചെന്ന് ആരോപിതനായ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തില്‍ അക്രമങ്ങള്‍ ഒഴിവായത് പോലീസിന് ആശ്വാസം. പോലീസും സൈന്യവും അടക്കം അമ്പതിനായിരത്തോളം സുരക്ഷാസേനയെയാണ് ഡല്‍ഹിയില്‍ വിന്യസിപ്പിച്ചത്. നാലു മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കം മൂവായിരത്തിലേറെ പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, അരവിന്ദ് കെജ്രിവാള്‍, മമതാ ബാനര്‍ജി, മണിക് സര്‍ക്കാര്‍ എന്നിവരാണ് കസ്റ്റഡിയിലായ മുന്‍ മുഖ്യമന്ത്രിമാര്‍. എട്ടു മണിക്കൂറിനുശേഷം ഭക്ഷണവും മരുന്നും നല്‍കാതെയാണ് ഇവരെ വിട്ടയച്ചത്.

◾  ഡല്‍ഹിയില്‍ കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളെ മോചിപ്പിച്ചില്ല. ഇവരെ അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കാനുള്ള നീക്കത്തിലാണു കേന്ദ്ര സര്‍ക്കാര്‍. കസ്റ്റലിയിലെടുത്തു കരുതല്‍ തടങ്കലിലാക്കിയ ഭൂരിഭാഗം പേരെയും പൊലീസ് വിട്ടയച്ചു. ഇതേസമയം, ഗ്യാനേഷ്‌കുമാറിന്റെ രാജിവരെ സമരം തുടരുമെന്ന് സിജെപി ആവര്‍ത്തിച്ചു. ഇന്നു രാവിലെ പത്തിനാണു സമരം. പോലീസ് എവിടെ തടയുന്നുവോ അവിടെയാണു സമരമെന്ന് സിജെപി വക്താവ് അജിങ്ക്യ ഷിന്‍ഡെ അറിയിച്ചു. ഇതേസമയം, ഇന്ത്യാ സഖ്യം എംപിമാര്‍ നീതി തേടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സന്ദര്‍ശിക്കാനുള്ള നീക്കത്തിലാണ്.

◾  സര്‍ക്കാര്‍ ആശുപത്രികളില്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്‌സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ഇതിനായി ധനകാര്യ വകുപ്പിന് കത്തു നല്‍കിയെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യല്‍റ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേ മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ ആദ്യ കമ്മ്യൂണിറ്റി കിച്ചന്‍ 2027 ജനുവരി 1 ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനം സ്പോണ്‍സറാകുമെന്നും മന്ത്രി അറിയിച്ചു.



◾  നിയമസഭാസമ്മേളനം നാളെ ആരംഭിക്കും. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള രണ്ടാം സമ്മേളനം ഒന്‍പതുദിവസത്തേക്കു മാത്രമാണ്. നിയമനിര്‍മാണത്തിനായി ചേരുന്ന ആദ്യസമ്മേളനമാണിത്. ബജറ്റ് ഉപധനാഭ്യര്‍ഥന ചര്‍ച്ച ഈ സമ്മേളനത്തില്‍ പൂര്‍ത്തിയാക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിവാദ സ്പോണ്‍സര്‍ഷിപ്പ് യാത്രകള്‍, വൈദ്യുതി പ്രതിസന്ധി, മരുന്നുക്ഷാമം എന്നിവ പ്രതിപക്ഷം ആയുധമാക്കും. പിണറായിക്കെതിരായ കോടതി വിധിയാണ് യുഡിഎഫിന്റെ ആയുധം.

◾  തെരഞ്ഞെടുപ്പ് സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ചോദ്യം ചെയ്യുന്നവരെ അടിച്ചമര്‍ത്തി നിശ്ശബ്ദരാക്കാനാകില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുകയും മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുകയുമാണെന്ന് പിണറായി കുറ്റപ്പെടുത്തി.

◾  കേരള പോലീസിന്റെ ഓപ്പറേഷന്‍ തൂഫാനിലൂടെ സംസ്ഥാനത്ത് ഇതുവരെ 13309 പേര്‍ അറസ്റ്റിലായി. വന്‍തോതില്‍ എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുക്കുകയും ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.

◾  സര്‍ക്കാറിന്റെ നൂറു ദിന പദ്ധതിയില്‍ കുന്നത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

◾  സംസ്ഥാനത്തെ വിവിധ സിനിമ തിയറ്ററുകളില്‍ ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ സംയുക്തമായി മിന്നല്‍ പരിശോധന നടത്തി. അളവിലും തൂക്കത്തിലും കുറവ് വരുത്തിയതിനും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം വിറ്റതിനും 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.



◾  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി നാലായിരം രൂപ ശീട്ടാക്കി നെയ് വിളക്കും 2,800 രൂപ അടച്ച് 68 കിലോ പഞ്ചസാരകൊണ്ടു തുലാഭാരവും നടത്തി. പ്രത്യേക പരിഗണനകള്‍ ഒഴിവാക്കി ഗണ്‍മാന്‍ ഉള്‍പ്പെടെ നാലു പേരാണ് ദര്‍ശനം നടത്തിയത്. പാലഭിഷേക സമയത്തായിരുന്നു മുഖ്യമന്ത്രിയുടെ ദര്‍ശനം. കദളിക്കുലയും നെയ്യും സോപാനത്തില്‍ സമര്‍പ്പിച്ച് തൊഴുതു.

◾  ഇന്നു മുതല്‍ ജനശതാബ്ദി എക്സ്പ്രസ്സുകളില്‍ പുഷ്ബാക്ക് സീറ്റുകള്‍ ഉള്‍പ്പെടുത്തിയ പുതിയ എല്‍.എച്ച്.ബി നോണ്‍-എസി ചെയര്‍കാര്‍ കോച്ചുകള്‍ സര്‍വീസ് ആരംഭിക്കും. റെയില്‍വേയുടെ നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം.

◾  പൊതുമേഖല ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇ മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രവാസി മലയാളികള്‍ക്കും പ്രത്യേക സേവന കൗണ്ടറുകള്‍ ആരംഭിക്കുന്നു. ഈ കൗണ്ടറുകളിലൂടെ ശാഖയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.

◾  പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ മിച്ചംപിടിച്ച തുകകൊണ്ട് തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് അന്നം ഊട്ടിയ അധ്യാപികമാര്‍ക്ക് ഗതാഗത മന്ത്രി സി.പി ജോണിന്റെ ആദരം. പൊന്‍മുടി ഗവ. യു.പി സ്‌കൂളിലെ അധ്യാപികമാരായ നിമിഷ, ജയശ്രീ ദേവന്‍, ശാലു പൗലോസ് എന്നീ അധ്യാപകരെയും സ്‌കൂള്‍ കുട്ടികളെയും ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചുവരുത്തിയാണ് ആദരമേകിയത്.

◾  കളമശ്ശേരി പീഡനക്കേസിലെ അതിജീവിതയെ സന്ദര്‍ശിച്ച് മന്ത്രി ബിന്ദു കൃഷ്ണ. അതിജീവിത ആരോഗ്യനില വീണ്ടെടുക്കുകയാണെന്നും വലിയ ട്രോമയിലാണ് ഇപ്പോഴും ആ പെണ്‍കുട്ടിയെന്നും മന്ത്രി പറഞ്ഞു.

◾  ലോക കത്തെഴുത്ത് ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലയിലെ ഉദയഗിരിയിലുള്ള പ്രത്യാശ യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രി വി.ഡി. സതീശന് അയച്ച കത്തും അതിന് മുഖ്യമന്ത്രി നല്‍കിയ സ്നേഹനിര്‍ഭരമായ മറുപടിയും ശ്രദ്ധേയമായി. കുട്ടികള്‍ തങ്ങളുടെ സ്‌കൂളിലെ വിശേഷങ്ങളും ഓണാഘോഷ ഓര്‍മ്മകളുമാണ് മുഖ്യമന്ത്രിയോട് കത്തിലൂടെ പങ്കുവെച്ചത്.

◾  സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ റഗ്ബി ഉള്‍പ്പെടുത്താന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

◾  എസ്ഐആറിനെതിരെ സിപിഎം പരാതി നല്‍കിയില്ലെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ വാദം നുണയാണെന്ന് എംവി ജയരാജന്‍. വോട്ടര്‍ പട്ടികയില്‍ നിന്ന് ന്യൂനപക്ഷ, സ്ത്രീ, ദളിത് വോട്ടര്‍മാരെ ഒഴിവാക്കിയതില്‍ വ്യാപക ക്രമക്കേട് നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

◾  മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി കര്‍ണാടകയിലെ മണിപ്പാലില്‍ പിടിയിലായി. മംഗലാപുരം കനാച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എംഡി  സീറ്റ് വാഗ്ദാനം ചെയ്ത കണ്ണൂര്‍ സ്വദേശി ടോമി കുര്യന്‍ (49) ആണു പിടിയിലായത്. മുട്ടട സ്വദേശിയാണു പരാതിക്കാരന്‍.

◾  ജന്തര്‍ മന്തറില്‍ സമരം നയിക്കാന്‍ മുംബൈയില്‍ നിന്ന് വിമാനമാര്‍ഗ്ഗം ഡല്‍ഹിയിലെത്തിയ സി.ജെ.പി കണ്‍വീനര്‍ അഭിജീത് ദീപ്കെ, സഹപ്രവര്‍ത്തകരായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ വനിതാ പോലീസ് കസ്റ്റഡിയിലെടുത്തത് വിമാനത്തിനകത്തുനിന്ന് നാടകീയമായി. നേതാക്കളെ പോലീസ് അജ്ഞാത തടവറകളിലേക്ക് മാറ്റി. അനധികൃത കസ്റ്റഡിക്കെതിരെ കോടതിയെ സമീപിക്കാനാണ് സി.ജെ.പിയുടെ തീരുമാനം. സമരം നയിക്കാന്‍ അജിന്‍ക്യ ഷിന്‍ഡെയെ  സിജെപി ചുമതലപ്പെടുത്തി.

◾  കസ്റ്റഡിയിലെടുത്ത സിജെപി പ്രവര്‍ത്തകരെ വിട്ടയച്ചില്ലെങ്കില്‍ നിരാഹാര സമരമെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ് ചുക്ക്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്നും പ്രവര്‍ത്തകരെ വിട്ടയച്ചില്ലെങ്കില്‍ നിരാഹാര സമരമോ പദയാത്രയോ നടത്തുമെന്നും സോനം വാങ് ചുക്ക് പറഞ്ഞു. നേരത്തെ, മുന്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനെതിരെ സോനം വാങ് ചുക്ക് നിരാഹാര സമരം നടത്തിയിരുന്നു.

◾  അറസ്റ്റിനുള്ള മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് പോലീസ് അഭിജീത് ദീപ്കെ അടക്കമുള്ള സിജെപി നേതാക്കളെ തട്ടിക്കൊണ്ടുപോയെന്ന് സിജെപി.  അഭിജിത് ദീപ്കെയുടെ അമ്മൂമ്മ മരിച്ചെന്ന വിവരംപോലും അറിയിക്കാനായില്ല. സാവിത്രിഭായ് ശങ്കര്‍റാവു ദിപ്കെയാണ് മരിച്ചത്. 85 വയസ്സായിരുന്നു. ഒടുവില്‍ വിവരം അറിയിച്ചതോടെ മഹാരാഷ്ട്രയിലേക്ക് തിരികെ പോകാന്‍  പൊലീസ് ദീപ്കെയ്ക്ക് അനുമതി നല്‍കി.

◾  ഡല്‍ഹിയില്‍ പോലീസ് രാജ് തുടരും. സമരം തുടരുമെന്നു മുന്നറിയിപ്പുള്ളതിനാല്‍ പോലീസ്, സൈനിക സന്നാഹങ്ങളും ബാരിക്കേഡുകള്‍ സ്ഥാപിച്ചുള്ള റോഡ് തടയലുകളും തുടരും. വെള്ളിയാഴ്ച രാത്രിയോടെ അടച്ചിട്ട മെട്രോ, റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നലെ രാത്രി തുറന്നു.

◾  മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങിയ യുവാക്കളെ ഓര്‍ത്ത് അഭിമാനമെന്ന് രാഹുല്‍ ഗാന്ധി. സിജെപിയുടെ പേരെടുത്ത് പറയാതെയാണ് പ്രതികരണം. മോദിയും അമിത്ഷായും ഭീരുക്കളാണെന്നും പതിനായിരക്കണക്കിന് പൊലീസിനെ ഇറക്കിയാലും പിന്തിരിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

◾  രാഹുല്‍ ഗാന്ധി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ബി ജെ പി വക്താവ് രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് വിദേശ രാജ്യത്ത് പോകാതെ കഠിനാധ്വാനം ചെയ്തിരുന്നെങ്കില്‍ രാഹുലിനും കോണ്‍ഗ്രസിനും ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നുവെന്നും ബി ജെ പി പരിഹസിച്ചു.

◾  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ പ്രക്രിയയെയും പിന്തുണച്ച് 124 മുന്‍ ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ പൗരന്മാര്‍ക്കായി തുറന്ന കത്ത് പങ്കുവച്ചു.

◾  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലായ സുപ്രീം കോടതി അഭിഭാഷക രത്‌ന സിംഗിനെ പോലീസ് വിട്ടയച്ചു. സാകേത് കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിറകേയാണ് നടപടി. സുപ്രീം കോടതിക്ക് സമീപത്തുനിന്ന് മറ്റ് നിരവധി അഭിഭാഷകരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

◾  പൗരന്മാരേയും വോട്ടര്‍മാരേയും പുറത്താക്കുന്ന ഭരണകൂടം വൈകാതെ പുറത്താകുമെന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ചെന്നൈയില്‍ നടന്ന വിദ്യാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെയും കൂട്ടരുടെയും നാളുകള്‍ എണ്ണപ്പെട്ടു. നീതിക്കായി പോരാടുന്നവരെ അടിച്ചമര്‍ത്താനാണ് മോദി ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി.

◾  സിജെപി പ്രഖ്യാപിച്ച സമരത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം റെയില്‍വേ റദ്ദാക്കിയത് 245 ട്രെയിനുകള്‍. 75 മെയില്‍ എക്സ്പ്രസ് ട്രെയിനുകളും 170 പാസഞ്ചര്‍ ട്രെയിനുമാണ് റദ്ദാക്കിയത്. ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് കൂടുതല്‍ റദ്ദാക്കപ്പെട്ടത്.

◾  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും നേരെ മര്‍ദനമെന്ന് പരാതി. നടുറോഡില്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറാനും ആക്രമിക്കാനും ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തടയാന്‍ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടിക്കും മര്‍ദനമേറ്റു.

◾  കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. നിങ്ങള്‍ എവിടെയാണെങ്കിലും ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് ചെയ്യുക. പൊലീസ് തടയുന്നിടത്ത് ജന്തര്‍മന്തര്‍ ഉണ്ടാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

◾  ഡല്‍ഹിയില്‍ പൊലീസ് നടപടിയില്‍ ആശങ്കയറിയിച്ച് യുഎന്‍ മനുഷ്യാവകശാ സംഘടന. പ്രതിഷേധക്കാരെയും, നേതാക്കളെയും, മാധ്യമപ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ എടുക്കുന്നതിലാണ് ആശങ്ക അറിയിച്ചത്. തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും യുഎന്‍ മനുഷ്യാവകശാ സംഘടന നിര്‍ദേശിച്ചു. എന്നാല്‍ ആഭ്യന്തര കാര്യത്തില്‍ അനാവശ്യ ഇടപെടല്‍ വേണ്ടെന്ന് ഇന്ത്യ പ്രതികരിച്ചു.

◾  ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തില്‍ കേസെടുത്ത് എന്‍ഐഎ. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും.

◾  ഹൂത്തി വിമതര്‍ ദമാമിലെ കിങ് ഫഹദ് എയര്‍പോര്‍ട്ടിന് നേരെയും ആക്രമണം നടത്തി. വിമാനത്താവളത്തിന് സമീപം മിസൈല്‍ അവശിഷ്ടം വീണ് 12 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നേരത്തെ റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയിരുന്നു.

◾  അറേബ്യന്‍ ഉള്‍ക്കടലില്‍ ഗള്‍ഫ് തീരത്തോട് ചേര്‍ന്ന് എണ്ണക്കപ്പലിന് തീപിടിച്ചു. കപ്പലിലെ 22 ജീവനക്കാരെയും യുഎഇ നാഷണല്‍ ഗാര്‍ഡ് രക്ഷപ്പെടുത്തി.

◾  യു എസിലെ പെന്‍സില്‍വാനിയ സംസ്ഥാനത്തുള്ള ഇറി നഗരത്തില്‍ നടന്ന കൂട്ടവെടിവെപ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. കൊലയാളിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി പൊലീസ് അറിയിച്ചു.

◾  ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് വിപണിയിലേക്കുള്ള സ്റ്റാര്‍ലിങ്കിന്റെ പ്രവേശനത്തെ ചൊല്ലി ഇലോണ്‍ മസ്‌കും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും തമ്മിലുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. സ്പെക്ട്രം ലേലത്തിലൂടെ അനുവദിക്കണമെന്നാണ് ജിയോയുടെ നിലപാട്. എന്നാല്‍ ലേലം ഒഴിവാക്കി ഭരണപരമായ നടപടിയിലൂടെ അനുവദിക്കണമെന്നാണ് സ്റ്റാര്‍ലിങ്കിന്റെ ആവശ്യം. 'ഇന്ത്യയുടെ യഥാര്‍ഥ ബോസ് അംബാനിയാണോ?' എന്നാണ് മസ്‌ക് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മസ്‌കിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയമായി മാറി. സ്റ്റാര്‍ലിങ്ക്, യൂട്ടെല്‍സാറ്റ് വണ്‍വെബ്, ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് എന്നീ മൂന്ന് കമ്പനികളും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് അനുമതിക്കായി രംഗത്തുണ്ട്. യുഎസില്‍ വീടുകള്‍ക്കുള്ള സ്റ്റാര്‍ലിങ്ക് പ്ലാനുകള്‍ പ്രതിമാസം 55 ഡോളര്‍ മുതലാണ് ആരംഭിക്കുന്നത്. ഇതേ നിരക്കാണ് ഇന്ത്യയിലെങ്കില്‍ 5,000 രൂപയ്ക്ക് മുകളില്‍ വരും.

◾  മുന്‍കാല ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമായ ഓര്‍ക്കൂട്ട് തിരിച്ചെത്തിയേക്കും. പ്ലാറ്റ്ഫോം പുനരുജ്ജീവിപ്പിക്കാനുള്ള തന്റെ പദ്ധതിക്ക് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ പിന്തുണ നല്‍കണമെന്ന് സ്ഥാപകന്‍ ഓര്‍ക്കൂട്ട് ബ്യൂക്കോക്ടന്‍ എക്സ് പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു. എന്നാല്‍ ലോഞ്ച് ചെയ്യുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ഗൂഗിള്‍ എന്‍ജിനീയറായ ഓര്‍ക്കൂട്ട് ബ്യൂക്കോക്ടന്‍ നിര്‍മ്മിച്ച് ഗൂഗിള്‍ നടത്തിവന്നിരുന്ന ആദ്യകാല സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സേവനമായിരുന്നു ഓര്‍ക്കൂട്ട്. 2004 ജനുവരിയില്‍ ആരംഭിച്ച ഇത് ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ വളരെ ജനപ്രിയമായി മാറി. പ്രൊഫൈലുകള്‍, കമ്മ്യൂണിറ്റികള്‍, ടെസ്റ്റിമോണിയലുകള്‍, സുഹൃത്ത് ശൃംഖലകള്‍ എന്നിവയിലൂടെ ഉപയോക്താക്കള്‍ക്ക് പരസ്പരം ബന്ധപ്പെടാനുള്ള അവസരം അത് നല്‍കിയിരുന്നു. എന്നാല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമുകള്‍ ജനപ്രീതി നേടിയതോടെ 2014 സെപ്റ്റംബറില്‍ ഗൂഗിള്‍ ഓര്‍ക്കൂട്ട് പൂട്ടി.

◾  ടിനു പാപ്പച്ചന്‍ ചിത്രം 'കൊല്ലം കോട്ട കമ്പനി'യിലെ ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. 'കമ്പനി..' എന്ന ഈ പാട്ടിന് ഈണം പകര്‍ന്നിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്. ഒരു റെട്രോ വിന്റേജ് ബോളിവുഡ് ബാര്‍ സോങ്ങിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ്. 'മുന്നി ബദ്നാമ് ഹുയി' 'ഫെവികോള്‍ സേ' എന്നീ ഓള്‍ ടൈം ഹിറ്റ് പാട്ടുകള്‍ പാടിയ ബോളിവുഡ് ഗായിക മമത ശര്‍മ്മയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണീ ഗാനം. ധുരന്ധര്‍ എന്ന പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ സിനിമയിലെ ടൈറ്റില്‍ ട്രാക്ക് പാടിയ സുധീര്‍ യദുവംശിക്കൊപ്പമാണ് അവര്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിലെ ഹിന്ദി പോര്‍ഷനോടൊപ്പം വരുന്ന തമിഴ് ഫ്രീ സ്റ്റൈല്‍ റാപ്പര്‍ 'വെങ്കായോ'യുടെ തമിഴ് റാപ്പ് പോര്‍ഷനും പാട്ടിന്റെ പ്രധാന ഹൈലൈറ്റാണ്. നാല് പുതുമുഖ താരങ്ങള്‍ ലീഡ് റോളിലെത്തുന്ന ചിത്രത്തില്‍ സജിന്‍ ഗോപുവാണ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്.

◾  ദിലീപിനെ നായകനാക്കി ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ത്രില്ലര്‍ സ്വഭാവമുള്ള ദൃശ്യങ്ങളും മികച്ച പശ്ചാത്തല സംഗീതവും മേക്കിങ്ങിലെ മികവുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ദിലീപിന്റെ പതിവ് കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ വേഷപ്പകര്‍ച്ചയാണ് ടീസറില്‍ കാണാനാകുന്നത്. ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായാണ് താരം എത്തുന്നതെന്ന സൂചനയും ടീസര്‍ നല്‍കുന്നു. ജഗന്‍ ഷാജി കൈലാസിന്റെ സംവിധാന അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. പൂര്‍ണമായും ഇമോഷണല്‍ ഡ്രാമ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ വിബിന്‍ ബാലചന്ദ്രന്റേതാണ്. അശോകന്‍, ബിനു പപ്പു, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, വീണ നന്ദകുമാര്‍, ബിലാസ് ചന്ദ്രഹാസന്‍, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

◾  ഒക്ടോബര്‍ 17ന് നടക്കാനിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് ബുക്കിങ് ആരംഭിച്ചു. ഈ വര്‍ഷം ആദ്യം രണ്ടു ടര്‍ബോ പെട്രോള്‍ വേരിയന്റുകള്‍ അവതരിപ്പിച്ച് വീണ്ടും വിപണിയില്‍ എത്തിയ ഡസ്റ്ററിന്റെ മൂന്നാമത്തെ പവര്‍ട്രെയിന്‍ ഓപ്ഷനാണിത്. ഹൈബ്രിഡ് ഇ-ടെക് 160 എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന് കരുത്തേകുന്ത് 1.8 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. ഈ എന്‍ജിനെ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുന്നിലെ വീലുകളിലേക്ക് 158 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. 1.4 കിലോവാട്ട്അവര്‍ ബാറ്ററിയും ഫിക്‌സഡ് ഗിയര്‍ റേഷ്യോകളുള്ള 8 സ്പീഡ് ഡെഡിക്കേറ്റഡ് ഹൈബ്രിഡ് ഗിയര്‍ബോക്‌സുമാണ് ഈ സംവിധാനത്തിലുള്ളത്. ഡ്രൈവിങ് സാഹചര്യങ്ങള്‍ക്കനുസരിച്ച് പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുകളും തമ്മില്‍ സ്വയം മാറാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം.

◾  എം.ടി. വാസുദേവന്‍ നായര്‍ സ്വന്തം വായനാനുഭവങ്ങളെക്കുറിച്ച് പറയുമ്പോഴെല്ലാം 'ഒരു രചന നമ്മെ വായിപ്പിക്കണം' എന്ന് ആവര്‍ത്തിക്കാറുണ്ട്. ഹെമിങ്വേയില്‍ അദ്ദേഹം പെട്ടുപോയത് അങ്ങനെയത്രേ. എസ്.ആര്‍. ലാല്‍ വായിപ്പിക്കുന്ന എഴുത്തുകാരനാണ്. 'ഗൂഢസംഘം' എന്ന പുതിയ നോവലില്‍ ഏറ്റവും ഏകാന്തവും ഗൂഢവുമായ ഒരനുഭൂതിയെ, വായനാനുഭൂതിയെ ചുറ്റിപ്പറ്റി കഥ നെയ്യുകയാണ് ലാല്‍. രസകരവും ഒപ്പം ഒരല്‍പ്പം ഉദ്വേഗജനകവുമാണ് കഥാപരിസരം. സന്തോഷമാണ് ഇതില്‍നിന്നും പൊട്ടിമുളയ്ക്കുന്ന വികാരം. 'ഗൂഢസംഘം'. ആര്‍.എസ് ലാല്‍. മാതൃഭൂമി. വില 238 രൂപ.

◾  കുളികഴിഞ്ഞ് മുടി സ്വാഭാവികമായി ഉണങ്ങുന്നതാണ് ആരോഗ്യകരം, എന്ന് കരുതി മണിക്കൂറുകളോളം മുടി നനഞ്ഞ നിലയില്‍ തുടരുന്ന ശീലമുണ്ടോ? എന്നാല്‍ ഈ ശീലം മുടി കൊഴിച്ചിലിന് കാരണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു. മുടികൊഴിച്ചിലിന് പിന്നില്‍ പാരമ്പര്യം തൊട്ട് ഭക്ഷണം വരെ നിരവധി ഘടകങ്ങള്‍ ഉണ്ടെങ്കിലും നനഞ്ഞിരിക്കുമ്പോള്‍ മുടി ദുര്‍ബലമായിരിക്കും. മുടി നനയുമ്പോള്‍ അതിന്റെ ഘടനയില്‍ മാറ്റമുണ്ടാകുകയും മുടി കൂടുതല്‍ ഇലാസ്റ്റിക്കാവുകയും ചെയ്യുന്നു. ഈ സമയത്ത് ശക്തമായി വലിക്കുകയോ ചീകുകയോ ചെയ്താല്‍ മുടി പൊട്ടി പോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ കുളിച്ചിറങ്ങിയ ഉടന്‍ മുടി ടവല്‍ ഉപയോഗിച്ച് ശക്തമായി ഉരയ്ക്കുന്നതും നനഞ്ഞ മുടി വലിച്ചുകെട്ടുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. മാത്രമല്ല, സ്‌കാല്‍പ്പില്‍ ദീര്‍ഘനേരം ഈര്‍പ്പം നീണ്ടുനില്‍ക്കുന്നത് ചിലരില്‍ അസ്വസ്ഥതയും ചൊറിച്ചിലും ഉണ്ടാക്കാം. താരന്‍ പോലുള്ള പ്രശ്നങ്ങളുള്ളവര്‍ക്ക് തലയോട്ടിയിലെ ഈര്‍പ്പം അവസ്ഥ കൂടുതല്‍ അസ്വസ്ഥമാക്കാനും സാധ്യതയുണ്ട്. നനഞ്ഞ മുടിയുമായി ഉറങ്ങുന്നതും നല്ല ശീലമല്ല. തലയിണയുമായുള്ള തുടര്‍ച്ചയായ ഉരയുമ്പോള്‍ നനഞ്ഞ മുടി പൊട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കും. കൂടാതെ മുടി ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ സ്‌കാല്‍പ്പില്‍ ഈര്‍പ്പം ദീര്‍ഘനേരം നിലനില്‍ക്കും. ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നെങ്കില്‍ വളരെ ഉയര്‍ന്ന ചൂട് ഒഴിവാക്കുക.

*ശുഭദിനം*
*കവിത കണ്ണന്‍*
അമേരിക്കയിലെ പ്രശസ്തമായ Standard Oil കമ്പനിയുടെ ഉടമയായിരുന്ന ജോണ്‍ ഡി. റോക്ഫെല്ലര്‍ ഒരു സമ്പന്ന കുടുംബത്തിലല്ല ജനിച്ചത്. ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് ജീവിതം ആരംഭിച്ച അദ്ദേഹം, വെറും പതിനാറാം വയസ്സില്‍ ഒരു അസിസ്റ്റന്റ് ബുക്ക്കീപ്പറായി ജോലി ചെയ്തു. അവിടെ നിന്ന് തുടങ്ങി പിന്നീട് പല ജോലികളും ചെയ്തു. ഇരുപതാം വയസ്സില്‍ ഓയില്‍ ബിസിനസ്സില്‍ ഒരു പങ്കാളിയായി. അവിടുന്നങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഒടുവില്‍ അമേരിക്കയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ വ്യക്തികളില്‍ ഒരാളായി റോക്ഫെല്ലര്‍ മാറി. ഒരിക്കല്‍ ഒരു പത്രപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് ചോദിച്ചു:''താങ്കള്‍ ഇത്രയും ദാരിദ്ര്യത്തില്‍ നിന്ന് ഇത്ര വലിയ ഉയരത്തിലെത്തിയത് ഭാഗ്യം കൊണ്ടല്ലേ?''റോക്ഫെല്ലര്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ''അതെ... ഭാഗ്യത്തിനും അതില്‍ ഒരു പങ്കുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും എല്ലാവരുടെയും തലയ്ക്കു മുകളിലൂടെ ഭാഗ്യദേവത പറന്നുപോകും. അത് പറന്നുപോകുന്ന സമയത്ത് ചാടിപ്പിടിച്ചാല്‍, ഭാഗ്യം നമ്മളെ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. ഞാന്‍ അങ്ങനെ ചാടിപ്പിടിച്ചു... അങ്ങനെ ഞാന്‍ ഉയരങ്ങളിലെത്തി. ''പത്രപ്രവര്‍ത്തകന്‍ വീണ്ടും ചോദിച്ചു: ''പക്ഷേ, താങ്കളുടെയും എന്റെയും തലയ്ക്കു മുകളിലൂടെ ഭാഗ്യദേവത ഒരിക്കല്‍ മാത്രമേ പറന്നുപോകുന്നുള്ളൂ എങ്കില്‍... അത് പറന്നുപോകുന്ന കൃത്യസമയത്ത് ചാടിപ്പിടിക്കാന്‍ തന്നെ ഒരു ഭാഗ്യം വേണ്ടേ? ''റോക്ഫെല്ലര്‍ ചിരിച്ചു. എന്നിട്ട് പറഞ്ഞു:''ചെറുപ്പക്കാരാ... ഭാഗ്യദേവത ഒരിക്കല്‍ മാത്രമേ പറന്നുപോകൂ എന്നത് ശരിയാണ്. പക്ഷേ, അത് എപ്പോള്‍ പറന്നുപോകുമെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് ഞാന്‍ എപ്പോഴും ചാടിക്കൊണ്ടേയിരിക്കും!''   നമ്മുടെ ജീവിതത്തിലും അവസരങ്ങള്‍ വരും. പക്ഷേ, അവ എപ്പോള്‍ വരുമെന്ന് നമുക്ക് അറിയില്ല. അവസരം വരുമ്പോള്‍ മാത്രം ശ്രമിക്കുന്നവരാകരുത്. അവസരം വരുന്നതുവരെ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാകണം. ആയിരം തവണ ശ്രമിച്ചാല്‍ ഒരിക്കല്‍ വിജയിച്ചേക്കാം. ആ ഒരു വിജയം ലഭിക്കാനായി, ആയിരം തവണ ശ്രമിക്കാനുള്ള മനസ്സാണ് നമ്മള്‍ സ്വന്തമാക്കേണ്ടത്. കാരണം ''ഭാഗ്യം'' എന്ന വാക്ക് ഒറ്റയ്ക്ക് പൂര്‍ണ്ണമാകില്ല. അതിനൊപ്പം ചേര്‍ന്നുനില്‍ക്കേണ്ട മറ്റൊരു വാക്കുണ്ട് - Effort. ഭാഗ്യം വാതില്‍ തുറന്നേക്കാം... പക്ഷേ, ആ വാതിലിലൂടെ അകത്തേക്ക് നടക്കേണ്ടത് നമ്മളാണ്. അതുകൊണ്ട് ഭാഗ്യത്തെ  കാത്തിരിക്കേണ്ട.  ശ്രമിച്ചുകൊണ്ടിരിക്കുക. പഠിച്ചുകൊണ്ടിരിക്കുക.  വീണാല്‍ എഴുന്നേല്‍ക്കുക. അവസരം വരുമ്പോള്‍ പിടിച്ചെടുക്കാന്‍ തയ്യാറായിരിക്കുക. ഒരുപക്ഷേ അടുത്ത ശ്രമം തന്നെയായിരിക്കും നിങ്ങളുടെ ജീവിതത്തിലെ ആ വലിയ അവസരം.  - ശുഭദിനം.