പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ

2026  ഒക്ടോബര്‍ 9, വെള്ളി 
1202  കന്നി 23 | ഉത്രം
1448  റ: ആഖിർ 27

◾  സമരത്തീയില്‍ വെന്ത് ഡല്‍ഹി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം എംപിമാര്‍ മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി. നേതാക്കള്‍ എത്തിയ ബസുകള്‍ പോലീസ് തടഞ്ഞു. വൈകുന്നേരം അഞ്ചരയോടെയാണ് പോലീസ് പ്രവേശനം അനുവദിച്ചത്. ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തി. സന്ദര്‍ശന സമയം അവസാനിക്കുന്ന ആറു മണിയോടെ എല്ലാവരും പുറത്തിറങ്ങിയതു പോലീസിന് ആശ്വാസമായി. എംപിമാര്‍ നയിച്ച സമരത്തിനു പിന്തുണയുമായി ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് രാജ്ഘട്ടിലെത്തിയത്.  

◾  അറസ്റ്റ് ചെയ്യാനുള്ള അധികാരവും നിയമത്തിലെ കുറഞ്ഞ ശിക്ഷയും ഒഴിവാക്കി  ജിഎസ്ടി കൗണ്‍സില്‍ യോഗം.  പ്രോസിക്യൂഷന്‍ പരിധി ഒരു കോടി രൂപയില്‍ നിന്ന് അഞ്ച് കോടി രൂപയായി ഉയര്‍ത്തി. ഇതോടൊപ്പം പിഴയും, തടവു ശിക്ഷയും രണ്ടും അനുഭവിക്കേണ്ട കേസുകള്‍ കോടതി വിവേചനാധികാരത്തിന് വിട്ടു. പൊതുപിഴ 25,000 രൂപയില്‍ നിന്ന് 10,000 രൂപയായി കുറച്ചു. ജിഎസ്ടി വൈകി ഫയല്‍ ചെയ്യുക, തെറ്റുകള്‍ വരുത്തുക, പണമടക്കാന്‍ വൈകുക എന്നിവക്ക് ഇനി പലിശയും ആനുപാതിക പിഴയും മാത്രം മതി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനടക്കം സംസ്ഥാന ധനമന്ത്രിമാര്‍ പങ്കെടുത്തു.

◾  മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയുക. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രാഥമിക അന്വേഷണം വേണമെന്ന നിലപാട് സര്‍ക്കാരും സ്വീകരിച്ചിരുന്നു. പൊതുപ്രവര്‍ത്തകനായ കെ എം ഷാജഹാനാണ് ഹര്‍ജി നല്‍കിയത്.



◾  കാന്‍സറിനുള്ള മരുന്നുകള്‍ക്കു വില കുറയ്ക്കുന്നു. നാഷണല്‍ എസന്‍ഷ്യല്‍ മെഡിസിന്‍ ലിസ്റ്റില്‍ പെടാത്ത എല്ലാ കാന്‍സര്‍ മരുന്നുകളുടെയും ട്രേഡ് മാര്‍ജിന്‍ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിര്‍മ്മാതാക്കള്‍ വിതരണക്കാര്‍ക്കും റീട്ടെയിലര്‍മാര്‍ക്കും നല്‍കുന്ന വിലയും മരുന്നുകള്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്ന പരമാവധി വിലയും തമ്മിലുള്ള വ്യത്യാസം കുറയ്ക്കാനാണ് ഈ നടപടി.

◾  വിമാനയാത്രാ നിരക്കു വര്‍ധിപ്പിച്ചു. ഇന്‍ഡിഗോക്കു പിറകേ പ്രമുഖ വിമാനക്കമ്പനികളെല്ലാം ഇന്ധന സര്‍ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. വിമാന ഇന്ധന നിരക്കില്‍ വര്‍ദ്ധന ഉണ്ടായതാണ് കാരണമെന്ന് കമ്പനി അറിയിച്ചു. നിരക്കു വര്‍ദ്ധന ഇന്നു  പ്രാബല്യത്തിലാകും.

◾  റിയാദിലേക്കുള്ള സര്‍വീസുകള്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ താല്‍ക്കാലികമായി റദ്ദാക്കി. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്നാണു റദ്ദാക്കല്‍. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികളാണ് നാളെ വരെയുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.

◾  സഹകരണ സംഘങ്ങളിലും ബാങ്കുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തിയ പരിശോധനയില്‍ 550 കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തി. 17 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 27 കേസുകളിലാണ് അന്വേഷണം. എറണാകുളം അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലെ 1.82 കോടി രൂപയുടെ രണ്ട് സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു. 33.82 കോടി രൂപ വരുന്ന 159 വായ്പകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി. തെന്നല സഹകരണ ബാങ്കിലെ 24.50 ലക്ഷം ബാലന്‍സുള്ള 20 സ്ഥിര നിക്ഷേപങ്ങള്‍ മരവിപ്പിച്ചു.

◾  ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം 16 ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. 15 ന് പന്തം കൊളുത്തി പ്രകടനം നടത്തും. ഏലമലക്കാടുകളെ റിസര്‍വ് വനമാക്കാനുള്ള ശ്രമം തടയുമെന്നും മനുഷ്യ മൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ യുഡിഎഫ് പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നില്ലെന്നും സിപിഎം ആരോപിച്ചു.


◾  കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച അഞ്ചു വിദ്യാര്‍ഥികളെ രണ്ടാഴ്ചത്തേക്കു സസ്പെന്‍ഡു ചെയ്തു. .സയിദ് അലി (എസ് എഫ് ഐ), ആവേദ് (എസ് എഫ് ഐ), മുഹമ്മദ് യാസീന്‍ (കെ എസ് യു), താജുദ്ദീന്‍ (എം എസ് എഫ്), മുഹമ്മദ് ഷബീര്‍ (എം എസ് എഫ്) എന്നിവര്‍ക്കെതിരെയാണ് നടപടി. പരിപാടിയുടെ പ്രധാന സംഘാടകനും പ്രോക്ടറുമായ കെ ശ്രീകുമാറാണു നടപടിയെടുത്തത്.

◾  വേനല്‍ക്കാലത്ത് ജനുവരി മുതല്‍ മേയ് വരെ കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി ടെന്‍ഡര്‍ വിളിച്ചു. ജനുവരിയില്‍ 2400 മെഗാവാട്ടിനാണ് ടെന്‍ഡര്‍. ഫെബ്രുവരിയില്‍ 2700 മെഗാവാട്ടും മാര്‍ച്ചില്‍ 3000 മെഗാവാട്ടും വാങ്ങാനാണ് ശ്രമം. ഏപ്രില്‍, മേയ് മാസങ്ങളില്‍ 3900 മെഗാവാട്ട് വീതം വാങ്ങാനാണ് ടെന്‍ഡര്‍ വിളിച്ചത്.

◾  കാരുണ്യ ആരോഗ്യ പദ്ധതിക്ക്  സംസ്ഥാന സര്‍ക്കാര്‍ 600 കോടി രൂപ അനുവദിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കടം തീര്‍ക്കാനാണ് പണം അനുവദിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ ക്ലെയിമുകള്‍ക്ക് 307.10 കോടി രൂപയും കാരുണ്യ ബെനവലന്റ് പദ്ധതിക്ക് 293.62 കോടി രൂപയും അനുവദിച്ചു. ബജറ്റില്‍ കാരുണ്യക്കായി 592 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.

◾  സര്‍ക്കാര്‍ സര്‍വീസിലെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയുടെ അടിസ്ഥാനയോഗ്യത എസ്.എസ്.എല്‍.സി.യില്‍നിന്ന് പ്ലസ്ടുവാക്കാന്‍ നടപടി തുടങ്ങി. പി.എസ്.സി.യുടെ അടുത്ത വിജ്ഞാപനംമുതല്‍ പുതിയ യോഗ്യത നടപ്പാക്കും. യോഗ്യത പ്ലസ്ടുവാക്കി 2011-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

◾  സംസ്ഥാനത്തു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും നിലവിലുള്ള വിവരങ്ങള്‍ തിരുത്താനുമായി ഒക്ടോബര്‍ 15 മുതല്‍ 31 വരെ പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. സജിത്ത് ബാബു അറിയിച്ചു. ഈ ദിവസങ്ങളില്‍ എല്ലാ വില്ലേജ് ഓഫീസുകളിലും പ്രത്യേക ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കും.

◾  ഡിഗ്രിക്ക് മാത്രം ഇന്ന് ഒരു വിലയുമില്ലെന്നും, നൂതന ആശയങ്ങളുള്ള കേരളത്തിലെ വിദ്യാര്‍ഥികളെ മികച്ച സ്‌കില്‍ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാല്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന 'സ്‌കില്‍ കേരളം- എമര്‍ജിങ് ടെക്നോളജി സ്‌കില്ലിങ് പ്രോഗ്രാമി'ന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.


◾  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയായി പി എം മനോജിനെ നിയമിച്ചു. മനോഹരന്‍ മൊറായിയെ മാറ്റിയാണു നിയമനം. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയായിരുന്നു മനോജ്.

◾  എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്ക് ടാന്‍സാനിയയില്‍ വീണു പരിക്കേറ്റു. ഐപിയു സമ്മേളനത്തിനു പോയ അദ്ദേഹം  കാല്‍വഴുതി വീണ് ഇടതുകൈക്കുഴയ്ക്ക് പൊട്ടലുണ്ടായി. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.

◾  കൊങ്കണ്‍പാതയില്‍ 21 മുതല്‍ ട്രെയിന്‍ സമയം മാറും. മംഗള, നേത്രാവതി അടക്കമുള്ളവ മണിക്കൂറുകള്‍ 'വൈകി' ഓടും.

◾  തെറ്റുതിരുത്തലിനായി ചേര്‍ന്ന വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമാകുന്നു. തര്‍ക്കം മുറുകിയതോടെ ജില്ലാ സെക്രട്ടറിയേറ്റിലെ ഏക ഒഴിവ് നികത്താന്‍ കഴിയാതെയാണ് ഇന്നലെ യോഗം സമാപിച്ചത്.

◾  സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണവും അങ്കണവാടികളിലെ പോഷകാഹാര വിതരണവും കടുത്ത പ്രതിസന്ധിയിലാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫണ്ട് ലഭിക്കാത്തതിനാല്‍ അധ്യാപകര്‍ സ്വന്തം കയ്യില്‍ നിന്ന് പണം കണ്ടെത്തിയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. സ്‌കൂള്‍ ഒളിമ്പിക്സ് നടത്തിപ്പിലും സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് അദ്ദേഹം വിമര്‍ശിച്ചു.

◾  കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. കുഞ്ഞിന് നേത്ര എന്ന് പേര് നല്‍കി. കോഴിക്കോട് അമ്മത്തൊട്ടിലില്‍ എത്തുന്ന പന്ത്രണ്ടാമത്തെ കുഞ്ഞാണ് നേത്ര. കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയെന്ന് അധികൃതര്‍ അറിയിച്ചു.

◾  ബെംഗളുരുവില്‍ വാഹനാപകടത്തില്‍പ്പെട്ട് മലയാളി നഴ്സ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കീശ്ശേരി സ്വദേശി കണിയാരുതൊടി വീട്ടില്‍ രഞ്ജിത്ത് സി ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു വന്നു.

◾  കണ്ണൂര്‍ പെരിങ്ങത്തൂരിലെ ശിവസൂര്യയുടെ തിരോധനത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. ശിവസൂര്യയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. അച്ഛന്‍ ജിഗീഷിന്റെയും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടേയും മൊഴിയെടുത്തു.

◾  ആലപ്പുഴ കൃഷ്ണപുരത്ത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ നടുറോഡിലിട്ട് തല്ലിയ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍.  സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുത്തര്‍ക്കമാണ് കയ്യാങ്കളിയിലും കേസിലും കലാശിച്ചത്.

◾  ഇന്ത്യയെ ഹൈജാക്ക് ചെയ്യാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗ്യാനേഷ്‌കുമാറിന്റെ രാജിവരെ സമരം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മമത ബാനര്‍ജി, ഉദ്ധവ് താക്കറെ, തേജസ്വി യാദവ് എന്നിവരേയും ഇന്നത്തെ സമരത്തിലേക്കു രാഹുല്‍ഗാന്ധി ക്ഷണിച്ചിട്ടുണ്ട്. ജനങ്ങളുടെ വോട്ടവകാശം കവര്‍ന്നെടുത്ത ഗ്യനേഷ്‌കുമാറിനു തുടരാന്‍ അവകാശമില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു.

◾  നാളെ ഡല്‍ഹിയില്‍ നടത്താനിരിക്കുന്ന കോക്ക്റോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനത്തിന് മുന്നോടിയായി സുരക്ഷയും നിരീക്ഷണവും ശക്തമാക്കി ഡല്‍ഹി പോലീസ്.  4,000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും പ്രതിഷേധ സ്ഥലത്തിന് ചുറ്റുമുള്ള പ്രധാന പാതകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രകടനത്തിന് പോലീസ് അനുമതി നല്‍കിയിട്ടില്ല.

◾  ഡല്‍ഹിയില്‍ രണ്ടു ദിവസം മദ്യശാലകള്‍ അടച്ചിടുമെന്നു സര്‍ക്കാര്‍. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കടുക്കുന്നതിനിടെ ആണ് സര്‍ക്കാരിന്റെ തീരുമാനം.

◾  തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ബുധനാഴ്ച വിധി പ്രസ്താവിക്കും. വിജയ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 30 കോടി രൂപ മൂല്യമുള്ള  സ്വത്തു വിവരങ്ങള്‍ മറച്ചുവച്ചെന്ന് ആരോപിച്ച് എസ് ദിനേശ് നല്‍കിയ ഹര്‍ജിയിലാണ് വിധി പ്രസ്താവിക്കുക.

◾  കൊല്‍ക്കത്തയില്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ രാജ്യസഭാംഗവുമായ ബികാസ് രഞ്ജന്‍ ഭട്ടാചാര്യയുടെ വീടിന് നേരെ ആക്രമണം. അക്രമികള്‍ വീടിന് നേരെ മദ്യക്കുപ്പികള്‍ എറിഞ്ഞുവെന്നും സിസിടിവി ക്യാമറകള്‍ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

◾  ഗുജറാത്തില്‍ ആട്ടിന്‍കൂട്ടത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി അപകടം. നിരവധി മിണ്ടാപ്രാണികള്‍ക്ക് ജീവന്‍ നഷ്ടമായി. കച്ച് ദേശീയപാതയിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

◾  ഭരണഘടനാ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ജനവിശ്വാസം തകര്‍ക്കാനുമുള്ള പ്രചാരണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി 42 മുന്‍ ജഡ്ജിമാര്‍ ഒപ്പിട്ട തുറന്ന കത്ത്. 'ഇത്തരം സന്ദര്‍ഭങ്ങളില്‍ മൗനം പുലര്‍ത്തുന്നത് നിഷ്പക്ഷമല്ല. ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനങ്ങള്‍ നിരന്തരമായ ആക്രമണത്തിലാണ്, ഞങ്ങളുടെ ആശങ്ക ക.ടുത്തതാണ്. സുപ്രീം കോടതിയില്‍നിന്നു വിരമിച്ചവരടക്കമുള്ളവരാണ് ഒപ്പുവച്ചിട്ടുള്ളത്.

◾  വോട്ടര്‍മാരെ ഒഴിവാക്കുന്ന നടപടിക്ക് പിന്നില്‍ ഗൂഢാലോചന നടന്നതായി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ. കേരളത്തില്‍ പിണറായി വിജയനും തമിഴ്നാട്ടില്‍ സ്റ്റാലിനും ഭരണം നഷ്ടമായത് യാദൃശ്ചികമായി സംഭവിച്ചതെന്ന് കരുതാനാകില്ല, വോട്ടര്‍മാര്‍ ഒഴിവാക്കപ്പെടുന്നതു കൊണ്ട് ഗുണം ബിജെപിക്കാണ്. അഭിജീത് ദീപ്കെ പറഞ്ഞു.

◾  ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനത്തിനുള്ള ലൈസന്‍സ് വൈകുന്നതില്‍ ഇലോണ്‍ മസ്‌ക് കടുത്ത അതൃപ്തി രേഖപ്പെടുത്തി. മുകേഷ് അംബാനിയാണോ ഇന്ത്യയിലെ യഥാര്‍ത്ഥ ബോസ് എന്ന് ചോദിച്ച മസ്‌ക്, പ്രാദേശിക ടെലികോം ഭീമന്മാരാണ് തങ്ങളുടെ വരവ് തടയുന്നതെന്നും ആരോപിച്ചു

◾  സാഹിത്യ നൊബേല്‍ പുരസ്‌കാരം കനേഡിയന്‍ കവയിത്രിയും ഉപന്യാസകാരിയും വിവര്‍ത്തകയുമായ ആനി കാര്‍സണിന് ലഭിച്ചു. സമകാലിക സാഹിത്യത്തിന് പുതിയ രൂപം സൃഷ്ടിച്ച കവിയെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി. സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം. പുരാതന ഗ്രീക്ക് സാഹിത്യം ആനി കാഴ്സണ്‍ വിവര്‍ത്തനം ചെയ്തിരുന്നു. 30 വര്‍ഷത്തിലേറെയായി ക്ലാസിക്കല്‍ പഠനവിഭാഗം പ്രൊഫസര്‍, കവിത, ഫിക്ഷന്‍ മേഖലകളില്‍ സജീവമാണ് 76 കാരിയായ ആനി.

◾  ഖത്തറിന്റെ വടക്കന്‍ തീരത്തു സഞ്ചരിക്കുകയായിരുന്ന ഓയില്‍ ടാങ്കറിന് നേരെ ആക്രമണം. ഒന്നിലധികം പ്രൊജക്റ്റൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. അപകടത്തില്‍ കപ്പലിലുണ്ടായിരുന്ന നിരവധിയാളുകള്‍ക്ക് പരിക്കേറ്റതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു.

◾  യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനു മുമ്പ് ഇറാനെതിരെ സൈനിക ആക്രമണം ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.

◾  ഐഎഫ്എ ഷീല്‍ഡ് ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് കിരീടം സ്വന്തമാക്കി. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ സമീര്‍ സെല്‍കോവിച്ച് നേടിയ ഒറ്റ ഗോളാണ് മോഹന്‍ ബഗാന് വിജയം സമ്മാനിച്ചത്.

◾  മുത്തൂറ്റ് മൈക്രോഫിന്‍ രണ്ടാം പാദത്തില്‍ മികച്ച വളര്‍ച്ച കൈവരിച്ചു. 2026 സെപ്റ്റംബറിലെ കണക്കനുസരിച്ച് കമ്പനി കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തി 15,323 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 22 ശതമാനത്തിന്റെ വളര്‍ച്ച. വാര്‍ഷികാടിസ്ഥാനത്തില്‍ 23.9 ശതമാനം വര്‍ധന. 2,900 കോടി രൂപയുടെ പുതിയ വായ്പകളാണ് രണ്ടാം പാദത്തില്‍ വിതരണം ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 28 ശതമാനവും, തൊട്ടു മുന്‍പത്തെ ഒന്നാം പാദത്തേക്കാള്‍ 10 ശതമാനവും വര്‍ധന. 453 കോടി രൂപയുടെ സ്വര്‍ണവായ്പകളും ഇക്കാലയളവില്‍ വിതരണം ചെയ്തു. സ്‌മോള്‍ ആന്‍ഡ് മൈക്രോ എന്റര്‍പ്രൈസ് ഇന്‍ഡിവിജ്വല്‍ ലോണ്‍ പോര്‍ട്ട്‌ഫോളിയോ 4,164 കോടി രൂപയായി ഉയര്‍ന്നു. ഡിജിറ്റല്‍ വഴിയുള്ള കളക്ഷന്‍ രണ്ടാം പാദത്തിലെ 25 ശതമാനത്തില്‍ നിന്നും ഒന്നാം പാദത്തിലെ 40 ശതമാനത്തില്‍ നിന്നും ഉയര്‍ന്ന് 47 ശതമാനത്തിലെത്തി.

◾  ഗെയിമിംഗ്, സിനിമാ മേഖലകളില്‍ ക്രിയേറ്റീവായി ഉപയോഗിക്കാവുന്ന തങ്ങളുടെ എഐ പ്ലാറ്റ്‌ഫോമുകള്‍ വിപുലീകരിച്ച് ഗൂഗിള്‍. സിംപിള്‍ പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് വിഡിയോ ഗെയിമുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന 'പ്ലേഗ്രൗണ്ട്' എന്ന എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോം ഗെയിമിംഗ് കമ്പനിയായ യൂണിറ്റിയുമായി  ചേര്‍ന്ന് ഗൂഗിള്‍ അവതരിപ്പിച്ചു. ഇതിനുപുറമെ, ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി ഗൂഗിളിന്റെ 'ഫ്ലോ' സിനിമാ നിര്‍മ്മാണ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള പുതിയ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഗെയിമിംഗ് വിപണിയില്‍ എഐ യുടെ സാധ്യതകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഗൂഗിളിന്റെ നീക്കം. ഈ വര്‍ഷം അവസാനത്തോടെ 'യൂണിറ്റി സ്പാര്‍ക്ക്' സാങ്കേതികവിദ്യ കൂടി ഇതില്‍ ഉള്‍പ്പെടുത്തും. അഞ്ച് എഐ സഹായത്തോടെയുള്ള സിനിമകള്‍ 2026-ലെ ഐ.എഫ്.എഫ്.ഐ ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.

◾  അനൂപ് മേനോനും ഐശ്വര്യ മിഥുന്‍ കോറോത്തും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം 'ചിരം' ഒക്ടോബര്‍ 9ന് റിലീസിന്. 90' കളിലെ പ്രണയ കാവ്യമായ 'ചിര'ത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ പ്രശസ്തമായ ഹൗറ ബ്രിഡ്ജും, ഹൂഗ്ലി നദിയും വിശ്വഭാരതി സര്‍വ്വകലാശാലയും കൊല്‍ക്കത്ത ജീവിതവും കാണാം. 'ബാവുള്‍- സംഗീതവും ജീവിതവും' എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നതിനായി കൊല്‍ക്കത്തയിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ എത്തുന്ന സീത എന്ന മലയാളി പെണ്‍കുട്ടി അവിടെവെച്ച് തന്റെ പ്രൊഫസറുടെ സുഹൃത്തായ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ സാമുമായി പ്രണയത്തിലാകുന്നു. ഇവരുടെ പ്രണയവും വിരഹവും ജീവിതവും ചിത്രത്തിന്റെ പ്രമേയമാകുന്നു. ശ്രീകാന്ത് മുരളി,ഷെല്ലി കിഷോര്‍, ഗീതി സംഗീത, അമ്പിളി, തേജസ്വിനി ഭക്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

◾  പ്രദര്‍ശനം തുടരുന്നതിനിടെ സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ 'ആരം' ചിത്രത്തിന്റെ സക്സസ് ടീസര്‍ പുറത്തുവിട്ടു. ഒരു മരണത്തെ ചുറ്റിപ്പറ്റി നടക്കുന്ന അന്വേഷണമാണ് 'ആര'ത്തിന്റെ പ്രമേയം. അന്വേഷണം മുന്നോട്ട് പോകുന്നതിനനുസരിച്ച് ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും ട്വിസ്റ്റുകളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന സൈജു കുറുപ്പിന്റെ പ്രകടനത്തിനും മികച്ച പ്രതികരണമാണ്. അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, മനോജ് കെ.യു., ഷഹീന്‍ സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. വിഷ്ണു രാമചന്ദ്രന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും എഡിറ്റിംഗ് വി. സാജനും സംഗീതം രോഹിത് ഗോപാലകൃഷ്ണനുമാണ്. ചിത്രം സോണി ലിവിലൂടെയാണ് ഒടിടിയില്‍ സ്ട്രീമിംഗിനെത്തുക.

◾  എംജി മോട്ടോര്‍ ഇന്ത്യയുടെ ഹെക്ടര്‍ ബ്ലാക്ക്‌സ്റ്റോം, സ്‌നോസ്റ്റോം സ്‌പെഷല്‍ എഡിഷന്‍ എസ്യുവികള്‍ ഇന്ത്യന്‍ വിപണിയിലെത്തി. 20 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം)വില ആരംഭിക്കുന്നത്. പുതിയ എക്സ്റ്റീരിയര്‍ കളര്‍ ഷേഡുകള്‍, ഡാര്‍ക്ക് തീം ഇന്റീരിയര്‍, പ്രത്യേക ആക്‌സസറികള്‍ എന്നിവയാണ് ഈ ലിമിറ്റഡ് എഡിഷന്‍ മോഡലുകളുടെ പ്രധാന ആകര്‍ഷണം. 5 സീറ്റര്‍ ഓപ്ഷനിലും 1.5 ലീറ്റര്‍ പെട്രോള്‍ സിവിടി എന്‍ജിനിലും മാത്രമാണ് ഈ രണ്ട് എഡിഷനുകളും ലഭ്യമാകുക. ടോപ്പ് വേരിയന്റായ സാവി പ്രോ സിവിടിയേക്കാള്‍ 35,000 രൂപ അധികമാണ് ബ്ലാക്ക്‌സ്റ്റോം, സ്‌നോസ്റ്റോം പതിപ്പുകള്‍ക്ക്. 1.5 ലീറ്റര്‍, ഫോര്‍-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനൊപ്പം സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാണ് ബ്ലാക്ക്‌സ്റ്റോം, സ്‌നോസ്റ്റോം പതിപ്പുകള്‍ ലഭ്യമാകുക. മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭ്യമല്ല. 143 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് ഈ എന്‍ജിന്‍.

◾  മനുഷ്യനാകാന്‍ താന്‍ അയോഗ്യനാണെന്ന് വിശ്വസിക്കുന്ന, സ്വയം നശിപ്പിക്കുന്ന ഒരു യുവാവിന്റെ ചിത്രം അവതരിപ്പിക്കുന്ന നോവല്‍. ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും വേദനാഭരിതവും ആത്മാവിനെ വിറപ്പിക്കുന്നതുമായ കൃതികളിലൊന്നാണിത്. എഴുത്തുകാരന്റെ സ്വന്തം ജീവിതാനുഭവങ്ങളുടെയും ആത്മീയസംഘര്‍ഷങ്ങളുടെയും പ്രതിഫലനമായും ഈ കൃതി വായിച്ചെടുക്കപ്പെടുന്നുണ്ട്. ലോകപ്രസിദ്ധനായ ജാപ്പനീസ് എഴുത്തുകാരന്‍ ഒസാമു ദസായിയുടെ ആധുനിക ക്ലാസിക് എന്നു കരുതപ്പെടുന്ന കൃതി. 'ഇനിമേല്‍ മനുഷ്യനല്ല'. ഒസാമു ദസായി. പരിഭാഷ - എം.കെ ശ്രീകുമാര്‍. മാതൃഭൂമി. വില 187 രൂപ.

◾  വല്ലപ്പോഴുമുള്ള ശ്രദ്ധക്കുറവോ മറവിയോ സാധാരണമായിരിക്കാം. എന്നാല്‍ ഓര്‍മക്കുറവ്, ശ്രദ്ധക്കുറവ്, അമിതമായ ക്ഷീണം എന്നിവ തുടര്‍ച്ചയായി അനുഭവപ്പെടുകയോ ദൈനംദിന ജീവിതത്തെയും ജോലിയെയും ബാധിക്കുകയോ ചെയ്താല്‍ ശ്രദ്ധിക്കണം. ബ്രെയിന്‍ ഫോഗ് എന്ന് പൊതുവെ വിശേഷിപ്പിക്കുന്ന അവസ്ഥയില്‍ ചിന്തയിലെ വ്യക്തതയും ശ്രദ്ധയും ഓര്‍മയും താല്‍ക്കാലികമായി കുറയുന്നതായി തോന്നാം. ബ്രെയിന്‍ ഫോഗ് ഒരു പ്രത്യേക രോഗത്തിന്റെ പേരല്ല. ഉറക്കക്കുറവ്, അമിതസമ്മര്‍ദം, ജീവിതശൈലി, ഭക്ഷണരീതി തുടങ്ങിയ പല ഘടകങ്ങളും ഇതിന് പിന്നിലുണ്ടാകാം. ചില ദൈനംദിന ശീലങ്ങളും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാം. രാത്രി വൈകി ഉറങ്ങുകയും രാവിലെ നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്ന ശീലം തലച്ചോറിനും ശരീരത്തിനും ആവശ്യമായ വിശ്രമം കിട്ടാതെ വരാന്‍ കാരണമാകും. ഉറക്കക്കുറവ് ശ്രദ്ധ, ഓര്‍മ, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെ ബാധിക്കാം. മള്‍ട്ടിടാസ്‌കിങ് സമയം ലാഭിക്കുന്നതായി തോന്നിയാലും തുടര്‍ച്ചയായി ഒരു ജോലിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് മാനസിക ക്ഷീണം വര്‍ധിപ്പിക്കാം. ഒരു സമയത്ത് ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നത് കൂടുതല്‍ ഫലപ്രദമായേക്കാം. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുമ്പോള്‍ ക്ഷീണം, തലവേദന, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ദിവസവും കുറച്ച് സമയം നടക്കുന്നത് പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ പോലും സജീവമായ ജീവിതശൈലിയുടെ ഭാഗമാക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
അന്ന് അസ്തമിക്കാറായപ്പോള്‍ സൂര്യന് വലിയ വിഷമമായി. ''ഞാന്‍ അസ്തമിച്ചാല്‍ ഈ ലോകം ഇരുട്ടിലാകുമല്ലോ... എന്റെ അഭാവത്തില്‍ ആര്‍ക്കെങ്കിലും ഈ ലോകത്തിന് അല്‍പമെങ്കിലും പ്രകാശം നല്‍കാന്‍ കഴിയുമോ?''സൂര്യന്‍ ചോദിച്ചു. നക്ഷത്രങ്ങള്‍ പറഞ്ഞു: ''ഞങ്ങളുണ്ട്... ഞങ്ങള്‍ പ്രകാശിക്കാം. ''പക്ഷേ, അധികം വൈകാതെ കറുത്ത മേഘങ്ങള്‍ വന്ന് നക്ഷത്രങ്ങളെ മറച്ചുകളഞ്ഞു. നക്ഷത്രങ്ങള്‍ നിസ്സഹായരായി ചോദിച്ചു: ''ഇനി ആര്‍ക്കെങ്കിലും പ്രകാശം നല്‍കാന്‍ കഴിയുമോ?''അപ്പോള്‍ ചന്ദ്രന്‍ മുന്നോട്ട് വന്നു. ''ഞാന്‍ ശ്രമിക്കാം... 'ചന്ദ്രന്‍ തന്റെ നിലാവുകൊണ്ട് ഭൂമിയെ പ്രകാശിപ്പിക്കാന്‍ തുടങ്ങി. പക്ഷേ, കുറച്ചുകഴിഞ്ഞപ്പോള്‍ മേഘങ്ങള്‍ ചന്ദ്രനെയും മറച്ചുകളഞ്ഞു. ചന്ദ്രനും നിസ്സഹായനായി ചോദിച്ചു: ''ഇനി ആര്‍ക്കെങ്കിലും ഈ ഇരുട്ടില്‍ ഒരു ചെറിയ വെളിച്ചമാകാന്‍ കഴിയുമോ? ''അപ്പോള്‍ ഇരുട്ടിന്റെ ഒരു കോണില്‍ നിന്ന് ഒരു ചെറിയ മിന്നാമിനുങ്ങ് പറഞ്ഞു:''എന്റെ വെളിച്ചം വളരെ ചെറുതാണ്... എങ്കിലും എനിക്ക് കഴിയുന്നത് ഞാന്‍ ചെയ്യും.''അങ്ങനെ ആ ചെറിയ മിന്നാമിനുങ്ങ് തെളിഞ്ഞു. അവളുടെ വെളിച്ചം കണ്ടപ്പോള്‍ മറ്റൊരു മിന്നാമിനുങ്ങ് കൂടി എത്തി. പിന്നെ മറ്റൊന്ന്... പിന്നെ മറ്റൊന്ന്... അങ്ങനെ ആയിരക്കണക്കിന് മിന്നാമിനുങ്ങുകള്‍ ഒരുമിച്ച് തെളിഞ്ഞു. ഇരുട്ടിനെ പൂര്‍ണ്ണമായി മാറ്റാന്‍ ഒരു സൂര്യന്‍ തന്നെ വേണമെന്നില്ലെന്ന് അവര്‍ തെളിയിച്ചു. ഒരു ചെറിയ വെളിച്ചം മതി... മറ്റൊരു വെളിച്ചത്തിന് വഴികാട്ടാന്‍. നന്മയും അങ്ങനെ തന്നെയാണ്. നമ്മള്‍ ചെയ്യുന്ന ഒരു ചെറിയ നന്മ ഒരുപക്ഷേ ലോകത്തെ മുഴുവന്‍ മാറ്റിയേക്കില്ല. പക്ഷേ, അത് മറ്റൊരാളുടെ മനസ്സില്‍ ഒരു നന്മയ്ക്ക് ജന്മം നല്‍കും. നമ്മള്‍ ഇന്ന് അനുഭവിക്കുന്ന പല സൗഭാഗ്യങ്ങള്‍ക്കും പിന്നില്‍,നമുക്ക് ഒരിക്കലും അറിയാത്ത ആരുടെയോ നിസ്വാര്‍ത്ഥമായ ഒരു നന്മ ഉണ്ടായിരിക്കാം. അതുപോലെ, നാം പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്യുന്ന ഒരു ചെറിയ സത്കര്‍മ്മം,നമ്മളറിയാതെ മറ്റൊരാളുടെ ജീവിതത്തില്‍ ഒരു വലിയ മാറ്റമായി മാറിയേക്കാം. അതുകൊണ്ട് ആരിലും പൂര്‍ണ്ണത തേടേണ്ടതില്ല. എല്ലാം തികഞ്ഞവരായി ആരുമില്ല. ഒന്നിനും ഉപകരിക്കാത്തവരായും ആരുമില്ല. നമുക്ക് കഴിയുന്നിടത്ത് ഒരു നല്ല വാക്ക് പറയാം. കഴിയുന്നിടത്ത് ഒരു കൈത്താങ്ങാകാം. കഴിയുന്നിടത്ത് ഒരാളുടെ കണ്ണീരൊപ്പാം. കഴിയുന്നിടത്ത് ഒരു ചെറിയ നന്മ ചെയ്യാം. കാരണം...ഒരു നന്മ ജനിക്കുമ്പോള്‍,എവിടെയോ ഒരു തിന്മ മരിക്കുന്നുണ്ട്. -  ശുഭദിനം.
➖➖➖➖➖➖➖➖