2026 ഒക്ടോബര്‍ 2, വെള്ളി
1202 കന്നി 16 | മകീര്യം
1448 റ:ആഖിർ 20
◾ കരിങ്കൊടി പ്രകടനങ്ങളും മന്ത്രിമാരെ വഴിതടയലും അതിക്രമങ്ങളുമായി സംസ്ഥാനത്തുടനീളം സംഘര്‍ഷാവസ്ഥ. മന്ത്രിമാരെ വഴിതടഞ്ഞ് ആക്രമിക്കുന്ന സംഭവങ്ങള്‍ക്കും യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിനു സമീപം ഡിവൈഎഫ്ഐ അതിക്രമങ്ങള്‍ക്കും പിറകില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നാടിന്റെ സമാധാനം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ കര്‍ശനമായി നേരിടുമെന്ന് രമേശ് ചെന്നിത്തല.
◾ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം തടഞ്ഞ് അക്രമം നടത്തിയ ആറു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പിലും പയ്യന്നൂരിലും കാസര്‍കോട്ടും മന്ത്രിയുടെ വാഹനം തടഞ്ഞു. തളിപ്പറമ്പിലുണ്ടായ ആക്രമണത്തില്‍ 14 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പയ്യന്നൂരിലെ ആക്രമണത്തിനു പത്തു പേര്‍ക്കെതിരേയും കേസെടുത്തു.
◾ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍നിന്ന് ഉണ്ടായ അതിക്രമങ്ങളെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ അന്വേഷണം പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനുനേരെ ഹോസ്റ്റലില്‍നിന്ന് കുപ്പികളും കല്ലുകളും എറിഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അരുള്‍ ആര്‍.ബി കൃഷ്ണ പറഞ്ഞു.
◾ ഇന്ന് ഗാന്ധി ജയന്തി. 1869 ഒക്ടോബര്‍ 2-ന് കരംചന്ദ് ഗാന്ധിയുടെയും പുത്ലിഭായിയുടെയും മകനായി ജനിച്ച് ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ 156-ാമത് ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.
◾ യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ മുന്നണിയിലെ കാര്യങ്ങളൊന്നും താന്‍ അറിയുന്നില്ലെന്ന് അടൂര്‍ പ്രകാശ് എംപി. മുഖ്യമന്ത്രി വി.ഡി സതീശനോടും മുന്നണി നേതാക്കളോടും ഈ വികാരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എസ്എഫ്ഐ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
◾ തന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ നടത്തിയ ആക്രമണം പ്രതിഷേധമല്ല, അക്രമമാണെന്നും കലാപാഹ്വാനം നടത്തിയത് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ ആണെന്നും മന്ത്രി ഒ.ജെ ജനീഷ്. ഡിവൈഎഫ്ഐ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമം. ഒരു പൊതു പരിപാടിയും പ്രതിഷേധത്തെ ഭയന്ന് റദ്ദാക്കില്ല, ഡിവൈഫ്ഐക്കാരെ നേരിടാന്‍ യൂത്ത് കോണ്‍ഗ്രസ് തെരുവിലിറങ്ങരുതെന്നും ജനീഷ് പറഞ്ഞു.
◾ മന്ത്രി ഒജെ ജെനീഷിനെ കാസര്‍കോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. തൃക്കരിപ്പൂരിലെ നടക്കാവില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കാണ് മന്ത്രി എത്തിയത്. മന്ത്രിയെ സ്വീകരിക്കാന്‍ സന്ദീപ് വാര്യരുടെ നേതൃത്വത്തിലുള്ള സംഘവും എത്തി. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു.
◾ മന്ത്രിയുടെ വാഹനം അക്രമിച്ചെന്നത് തെറ്റായ പ്രചാരണമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍. എന്നാല്‍ പ്രതിഷേധം തുടരുമെന്നും വിജിന്‍.
◾ ചെക്ക് കേസില്‍ മൂന്നര വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ ഉടന്‍ നിയമപരമായ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. കേസിലെ പരാതിക്കാരന്‍ ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്. സ്പീക്കര്‍ അല്ല തീരുമാനമെടുക്കേണ്ടതെങ്കില്‍ പരാതി ഗവര്‍ണര്‍ക്ക് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
◾ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാചെലവ് നിയന്ത്രിക്കാനും നിലവാരം മെച്ചപ്പെടുത്താനും നിയമസഭയില്‍ ബില്‍ കൊണ്ടുവരും. മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് നാലു മുതല്‍ ആറ് ലക്ഷം രൂപ വരെയും ബൈപ്പാസ് ശസ്ത്രക്രിയക്ക് നാലു മുതല്‍ ലക്ഷം രൂപയുമാണു വിവിധ ആശുപത്രികളിലെ നിരക്ക്. രണ്ടു പേര്‍ കിടക്കുന്ന മുറിക്കു അയ്യായിരത്തിലധികം ദിവസ വാടക ഈടാക്കുന്നുണ്ട്. ആശുപത്രികളുടെ നിലവാരത്തിനനുസരിച്ചു നിരക്കുകള്‍ ഏകീകരിക്കാനാണു പുതിയ നിയമം ആരോഗ്യവകുപ്പു കൊണ്ടുവരുന്നത്. ചര്‍ച്ചയില്ലാതെ നിയന്ത്രണം നടപ്പാക്കാനികില്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ പ്രതികരണം.
◾ മുഖ്യന്ത്രി വി.ഡി. സതീശനെതിരേ വ്യാജരേഖ ചമച്ച് അധിക്ഷേപിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടി വി ഉടമ ആന്റോ അഗസ്റ്റിനെ പോലീസ് ചോദ്യം ചെയ്തു. കളമശേരി പൊലീസിന് മുന്നിലാണ് ആന്റോ ചോദ്യം ചെയ്യലിന് ഹാജരായത്. പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ടെന്ന് ആന്റോ പ്രതികരിച്ചു.
◾ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം പത്രങ്ങളിലൂടെ അറിഞ്ഞുവെന്നും കാബിനറ്റ് ബ്രീഫിങ് വന്നിട്ടില്ലെന്നും എം കെ മുനീര്‍. മുഖ്യമന്ത്രി ഔദ്യോഗികമായി പറഞ്ഞാല്‍ മാത്രമേ തനിക്ക് അതേക്കുറിച്ച് പറയാനാകൂവെന്നും മുനീര്‍ വിശദമാക്കി.
◾ ഭാര്യ ഏര്‍പ്പെടുത്തിയ കൊട്ടേഷന്‍ സംഘം ഭര്‍ത്താവിനെയും കാമുകിയെയും തൃശൂരിലെ ഹോട്ടല്‍ മുറിയില്‍നിന്ന് തട്ടിക്കൊണ്ടുപോയി യുവതിയെ കോയമ്പത്തൂരില്‍ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി ദേവി, കോയമ്പത്തൂര്‍ സ്വദേശികളായ തോമസ്, പാല്‍രാജ്, ശങ്കര്‍, പഴനി സ്വദേശി രഘുപതി എന്നിവരെ തൃശൂര് പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് സ്വദേശിയും ടാക്‌സി ഡ്രൈവറുമായ ഗുണശേഖരന്‍ നിലമ്പൂര്‍ സ്വദേശിനിയായ 38-കാരിയുമൊത്തു തൃശൂരിലെ ലോഡ്ജില്‍ കഴിയുകയായിരുന്നു. പണം തീര്‍ന്നപ്പോള്‍ സുഹൃത്തായ പല്‍രാജിനോട് ഹോട്ടലിലേക്കു പണമയക്കാന്‍ ഗുണശേഖരന്‍ ആവശ്യപ്പെട്ടു. പല്‍രാജ് ഗുണശേഖരന്റെ ഭാര്യയെ വിവരമറിയിച്ചതോടെയാണ് ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട് തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തത്.
◾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി പ്രഖ്യാപിച്ച പ്രതിഷേധം ഗാന്ധിജയന്തിദിനമായ ഇന്ന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ആരംഭിക്കുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. ഗ്യാനേഷ് കുമാര്‍ രാജിവെക്കുമ്പോഴെ പ്രതിഷേധം അവസാനിപ്പിക്കൂവെന്നും അദ്ദേഹം ഈ രാജ്യത്തോട് വഞ്ചന കാണിച്ചുവെന്നും അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് പുറത്താക്കുമെന്ന് നമ്മള്‍ ഉറപ്പുവരുത്തുമെന്നും സിജെപിയുടെ മുഖ്യവക്താവ് സൗരവ് ദാസ് പറഞ്ഞു.
◾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ച് എസ്എഫ്ഐയും ഡിവൈഎഫ്ഐയും.. ഡല്‍ഹി പൊലീസിന്റെ വിലക്ക് ലംഘിച്ചാണ് സമരം. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി നൂറുകണക്കിന് യുവാക്കള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
◾ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയില്‍ ചേരാന്‍ തയ്യാറാണെന്നും മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെ സഖ്യത്തില്‍നിന്ന് ഒഴിവാക്കണമെന്നും റിതാബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ചീഫ് വിപ്പ് എം.ഡി. അഖ്റുസ്സമാനാണ് ഇക്കാര്യം അറിയിച്ചത്.
◾ നീറ്റ് പിജി ഫലത്തില്‍ പിഴവുണ്ടെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍. ഡെമോക്രാറ്റിക് മെഡിക്കല്‍ അസോസിയേഷനും നീറ്റ് പിജി ഉദ്യോഗാര്‍ഥികളുമാണ് ഹര്‍ജിക്കാര്‍.
◾ ഉത്സവ സീസണ്‍ പ്രമാണിച്ച് പഞ്ചസാരയുടെ പൂഴ്ത്തിവെപ്പും വിലക്കയറ്റവും തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. വ്യാപാരികള്‍ക്ക് പഞ്ചസാര സ്റ്റോക്ക് സൂക്ഷിക്കാനുള്ള സമയപരിധി 15 ദിവസമായും അളവ് 1000 ക്വിന്റലായും കുറച്ചു. വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കാനാണ് ഈ നടപടികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
◾ ബിജെപി നേതാവും മഹിളാ മോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മീഷന്‍ അംഗമായി ചുമതലയേറ്റു. ഡല്‍ഹിയിലെ ദേശീയ വനിത കമ്മീഷന്‍ ദേശീയ ആസ്ഥാനത്ത് വച്ചായിരുന്നു ചടങ്ങ്. ചുമതലയേല്‍ക്കുന്നതിന് മുന്‍പ് കമ്മീഷന്‍ അധ്യക്ഷ വിജയ രഹത്കറുമായി കൂടിക്കാഴ്ച നടത്തി.
◾ കര്‍ണാടകത്തിലെ എസ്ഐആര്‍ ക്രമക്കേടില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബിഎല്‍ഒമാരെ മറികടന്ന് ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കാന്‍ ഫോം 7 സമര്‍പ്പിച്ചതിന്റെ തെളിവുകളും ഡികെ ശിവകുമാര്‍ കൈമാറിയിരുന്നു. ചീഫ് ഇലക്ട്രല്‍ ഓഫീസില്‍ മുഖ്യമന്ത്രി ഡികെ ശിവകുമാറും കര്‍ണാടക പിസിസി അധ്യക്ഷന്‍ ബികെ ഹരിപ്രസാദും മന്ത്രിമാരും കുത്തിയിരിപ്പു സമരം നടത്തിയിരുന്നു.
◾ അവിഭക്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി മമത ബാനര്‍ജി വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പശ്ചിമ ബംഗാള്‍ പോലീസിന്റെ സൈബര്‍ സെല്‍ ഇന്ത്യന്‍ ബാങ്കിലെ നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ അടിയന്തരമായി ഇടപെടാന്‍ സുപ്രീം കോടതി തയ്യാറായില്ല.
◾ ധര്‍മ്മസ്ഥലയില്‍ നിരവധി ദുരൂഹമരണങ്ങള്‍ നടന്നതായി ആരോപിക്കപ്പെടുന്ന കേസില്‍ എസ്ഐടി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പോലീസ് സ്റ്റേഷന്‍ റെക്കോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള അസ്വാഭാവിക മരണങ്ങളുടെ എണ്ണവും മറ്റ് ഔദ്യോഗിക രേഖകളില്‍ കാണിച്ചിട്ടുള്ള എണ്ണവും തമ്മില്‍ വൈരുദ്ധ്യങ്ങളുള്ളതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
◾ യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ നിര്‍ദ്ദേശത്തില്‍ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം ലഭിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാന്‍, ഉപരോധം പിന്‍വലിച്ചാല്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്നാണ് പ്രധാനമായും നിര്‍ദ്ദേശിച്ചിരിക്കുന്നത്.
◾ ദുബായില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടെ ഫ്ളൈദുബായ് വിമാനത്തില്‍ 30,000 അടി ഉയരത്തില്‍വെച്ച് കോക്ക്പിറ്റിനുള്ളില്‍ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ വിമാനത്തില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തായത്.
◾ ഫ്‌ളൈ ദുബായ് വിമാനത്തില്‍ വൈസ് ക്യാപ്റ്റന്‍ നടത്തിയത് ഭീകരാക്രമണ ശ്രമമാണെന്നും അതിനു പിന്നില്‍ ഇറാന് പങ്കുണ്ടെങ്കില്‍ രാജ്യം അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
◾ ഇന്ത്യയുടെ യു.പി.ഐ സ്വീകരിക്കുന്ന കരീബിയന്‍ മേഖലയിലെ ആദ്യ രാജ്യമാകാന്‍ ഒരുങ്ങി ട്രിനിഡാഡ് ആന്റ് ടൊബാഗോ. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സാങ്കേതികവിദ്യയുടെ ആഗോള വികാസത്തിലെ പ്രധാന നാഴികക്കല്ലാണിത്. എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്സ് ലിമിറ്റഡും ട്രിനിഡാഡ് ആന്റ് ടൊബാഗോയുടെ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ മന്ത്രാലയവും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. ഇന്ത്യയും ട്രിനിഡാഡ് ആന്റ് ടൊബാഗോയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങള്‍ക്കിടയിലാണ് യു.പി.ഐ പദ്ധതി നടപ്പിലാക്കുന്നത്. ഭൂട്ടാന്‍, നേപ്പാള്‍, സിംഗപ്പൂര്‍, യു.എ.ഇ, ഫ്രാന്‍സ്, മൗറീഷ്യസ്, ശ്രീലങ്ക, ഖത്തര്‍, കംബോഡിയ, ഗ്രീസ്, മാലദ്വീപ് എന്നിവയാണ് ഇന്ത്യയുടെ യു.പി.ഐ ഉപയോഗിക്കുന്ന രാജ്യങ്ങള്‍.
◾ വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂടൂബിന്റെ ക്രിയേറ്റീവ് ഇക്കോസിസ്റ്റം 2025ല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് 18,000 കോടിയിലധികം രൂപ സംഭാവന ചെയ്തുവെന്ന് ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് റിപ്പോര്‍ട്ട്. രാജ്യത്ത് 960,000ത്തിലധികം മുഴുവന്‍ സമയ തൊഴിലവസരങ്ങള്‍ സംഭാവന ചെയ്തതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ഇന്ത്യയുടെ ഡിജിറ്റല്‍ ക്രിയേറ്റര്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിന്റെ സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. സ്വതന്ത്ര കണ്ടന്റ് ക്രിയേറ്റര്‍മാര്‍ പൂര്‍ണ വളര്‍ച്ച പ്രാപിച്ച മീഡിയ സംരംഭങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലും തൊഴിലവസരങ്ങളും പ്രാദേശിക സാമ്പത്തിക പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കുന്നുണ്ട്. യൂടൂബ് ചാനലുകളുടെ എണ്ണത്തില്‍ വര്‍ഷം തോറും 30 ശതമാനത്തിലധികം വര്‍ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ അമല്‍ നീരദിന്റെ സംവിധാനത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ബാച്ച്‌ലര്‍ പാര്‍ട്ടി ഡുഎക്സ്'ന്റെ ആദ്യഗാനം വാഴ്വേ മായം.. റിലീസ് ചെയ്തു. സംഗീതം: ക്രിസ്റ്റോ സേവ്യര്‍. രചന: വിനായക് ശശികുമാര്‍. ആലാപനം: ശ്രീനാഥ് ഭാസി, മമ്ത മോഹന്‍ദാസ്. നവംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ എത്തും. 2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ സ്റ്റൈലിഷ് ആക്ഷന്‍ ചിത്രം 'ബാച്ച്‌ലര്‍ പാര്‍ട്ടി'യുടെ രണ്ടാം ഭാഗമാണ് എത്തുന്നത് എന്നാണ് സൂചന. ഡുഎക്സ് എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. നസ്ലന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയന്‍, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.
◾ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും നായകനും നായികയുമായി ജഗദീഷും ഉര്‍വശിയും ഒന്നിക്കുന്നു. 'റൂം നമ്പര്‍ 9' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ജയ് മോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'റൂം നമ്പര്‍ 9'-ന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ഉര്‍വശിയുടെ കഥാപാത്രം ചവിട്ടുപടികള്‍ ഇറങ്ങി വരുമ്പോള്‍ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രം ചവിട്ടുപടികള്‍ കയറുന്നതാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ഇരുവരുടേയും മുഖത്ത് ദുരൂഹത നിഴലിക്കുന്നുണ്ട്. ഇരു ചവിട്ടുപടികളിലും പരക്കുന്ന വെളിച്ചവും വ്യത്യസ്തമാണ്. സിനിമാറ്റിക് ഡ്രീംസിന്റെ ബാനറില്‍ വിലാസ് കുമാറാണ് സിനിമയുടെ നിര്‍മ്മാണം. ഛായാഗ്രഹണം: ഫൈസല്‍ അലി, സംഗീതം: കൈലാസ് മേനോന്‍, ശങ്കര്‍ ശര്‍മ്മ, ഗാനരചന: ബി. കെ. ഹരിനാരായണന്‍, പശ്ചാത്തല സംഗീതം: ശങ്കര്‍ ശര്‍മ്മ.
◾ ബജാജിന്റെ പള്‍സര്‍ ശ്രേണിയില്‍ വരുന്ന എന്‍എസ്400ഇസഡിന്റെ പുതിയ വേരിയന്റ് വിപണിയില്‍. ഇന്‍സ്ട്രുമെന്റ് കണ്‍സോളും മറ്റു ഫീച്ചറുകളും ഉള്‍പ്പെടുന്ന പുതിയ അപ്‌ഡേറ്റ് ആണ് വിപണിയില്‍ അവതരിപ്പിച്ചത്. 1,90,015 രൂപയാണ് വില. ഗൂഗിള്‍ മാപ്പ്‌സ് മിററിങ് സൗകര്യമുള്ള പുതിയ അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഇതിന്റെ ഹൈലൈറ്റ്. ഇതിന് പുറമേ യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടും പാനിക് ബ്രേക്ക് അലര്‍ട്ടുമാണ് മറ്റു പ്രധാനപ്പെട്ട ഫീച്ചറുകള്‍. മ്യൂസിക് കണ്‍ട്രോളുകള്‍, ഡോക്യുമെന്റ് സ്റ്റോറേജ്, ലാപ് ടൈമര്‍ എന്നി സൗകര്യങ്ങളും ഉണ്ട്. കൂടാതെ നാല് റൈഡിങ് മോഡുകളാണ് മറ്റൊരു പ്രത്യേകത. ട്രാക്ഷന്‍ കണ്‍ട്രോള്‍ നിയന്ത്രിക്കാനും റൈഡര്‍ക്ക് പുതിയ ഇന്റര്‍ഫേസ് വഴി സാധിക്കും. മെക്കാനിക്കല്‍പരമായി ഈ അപ്‌ഡേറ്റില്‍ മറ്റു മാറ്റങ്ങളൊന്നുമില്ല.
◾ 1926ലെ കര്‍ക്കടകപ്പേമാരിയില്‍ കൂലംകുത്തിയൊഴുകുന്ന മീനച്ചിലാറിനു മുകളില്‍ കോട്ടയം നാഗമ്പടം പാലത്തിന്റെ തൂണില്‍ ചാരിയിരിക്കുന്ന രീതിയില്‍ ഒരു മൃതദേഹം കാണപ്പെട്ടു. അന്വേഷണത്തില്‍ അതൊരു കൊലപാതകമെന്നു തെളിഞ്ഞു. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ കുരുവിള കൂട്ടുകാരന്‍ ചന്ത്രന്റെ സഹായത്തോടെ നടത്തുന്ന അന്വേഷണത്തില്‍ കണ്ടെത്തുന്നത് കൊലപാതകത്തിന്റെ രഹസ്യം മാത്രമല്ല കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളുടെ ബലാബലം കൂടിയാണ്. നവോത്ഥാനപ്രസ്ഥാനം പകര്‍ന്ന ഊര്‍ജ്ജം വളരുന്നതും തളരുന്നതും വഴിതെറ്റുന്നതും എങ്ങനെയെന്നുകൂടി ഈ കുറ്റാന്വേഷണനോവല്‍ പരിശോധിക്കുന്നുണ്ട്. '1926 ക്രൈം @ കോട്ടയം'. രണ്ടാം പതിപ്പ്. അനുജിത് ശശിധരന്‍. ഡിസി ബു്ക്സ്. വില 361 രൂപ.
◾ രാത്രി വൈകി കഴിക്കുന്നതിനേക്കാള്‍ രാവിലെയോ, ഉച്ചഭക്ഷണത്തിനൊപ്പമോ തൈര് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ തൈര് വെറും വയറ്റില്‍ കഴിക്കുന്നതിനേക്കാള്‍ ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിക്കുമ്പോള്‍ ആമാശയം ക്രമേണ ദഹനരസം പുറത്തുവിടുന്നു. ഇത് തൈരിലെ ഗുണകരമായ ബാക്ടീരിയകളെ കുടലിലേക്ക് എത്തിക്കുന്നു. ഒഴിഞ്ഞ വയറ്റില്‍ ആസിഡിന്റെ അളവ് കൂടുതലായിരിക്കാം, ഇത് പ്രോബയോട്ടിക് അതിജീവനം കുറയ്ക്കുകയും ചില ആളുകളില്‍ നേരിയ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ചോറ് അല്ലെങ്കില്‍ ധാന്യങ്ങള്‍, പയറും പച്ചക്കറികളും, ജീരകം, ഇഞ്ചി, കുരുമുളക് തുടങ്ങിയവയ്ക്കൊപ്പം തൈര് കഴിക്കാം. കട്ടിയുള്ള തൈരിനേക്കാള്‍ നേര്‍പ്പിച്ച തൈര് പലപ്പോഴും ദഹിക്കാന്‍ എളുപ്പമാണ്. വെള്ളം ചേര്‍ത്ത് മോരിന്റെ രൂപത്തില്‍ കഴിക്കുമ്പോള്‍ വയറിന് വളരെ നല്ലതാണ്. ലാക്ടോസ് അസഹിഷ്ണുതയുള്ള ആളുകള്‍ക്ക്, നന്നായി പുളിപ്പിച്ച വീട്ടില്‍ ഉണ്ടാക്കുന്ന തൈര് എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കുന്നു. പ്രോട്ടീന്‍ കൂടുതലുള്ള ഗ്രീക്ക് തൈര്, ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തും. തൈര് സ്ത്രീകളിലെ കുടലിന്റെ ആരോഗ്യം, ഹോര്‍മോണ്‍ സന്തുലിതാവസ്ഥ എന്നിവ മെച്ചപ്പെടുത്തുന്നു. ഈസ്ട്രജന്‍ ഉത്പാദനം ശരിയായ രീതിയിലാക്കാനും സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
എഴുതിക്കൊണ്ടിരുന്ന പെന്‍സില്‍ മുനയൊടിഞ്ഞപ്പോള്‍ കുട്ടി ചവറ്റുകുട്ടിയിലേക്ക് വലിച്ചെറിഞ്ഞു. ബാഗിലുണ്ടായിരുന്ന മറ്റൊരു പെന്‍സിലെടുത്ത് എഴുതാന്‍ തുടങ്ങി. അതു കണ്ട ടീച്ചര്‍ ചവറ്റുകുട്ടയില്‍ നിന്ന് പെന്‍സിലെടുത്ത് മൂര്‍ച്ചകൂട്ടി മുനയുണ്ടാക്കി. ഉടനടി കുട്ടി ആ പെന്‍സില്‍ വാങ്ങാനെത്തി. ടീച്ചര്‍ കുട്ടിയോട് പറഞ്ഞു. ചെറുതായൊന്നു പൊട്ടിലായും പെന്‍സിലിന്റെ ഉപയോഗം ഇല്ലാതാകുന്നില്ല. മുനയൊടിഞ്ഞു എന്നതിന്റെ അര്‍ത്ഥം മുഴവനും നശിച്ചു എന്നതല്ല. ഉപയോഗത്തിലുളളവയ്ക്കെല്ലാം ഒരിക്കല്‍ തേയ്മാനം സംഭവിക്കും. യഥാസമയത്ത് അവയ്്ക്ക് അറ്റകുറ്റ പണി നടത്തുക എന്നതാണ് പരിഹാരം. ചെറിയൊരു പിഴവുവന്നാല്‍ അപ്പോള്‍ തന്നെ വിധിവാചകമെഴുതി അകറ്റി നിര്‍ത്തേണമോ? ആളുകള്‍ക്കു മാറാനും നവീകരിക്കാനും കഴിയും. ഒരിക്കല്‍ തളര്‍ന്നു എന്നത് കൊണ്ട് പിന്നീടൊരിക്കലും തിരിച്ചുവരാന്‍ കഴിയില്ല എന്നര്‍ത്ഥമില്ല. ഏത് പോരായ്മകളും തിരുത്തപ്പെടാവുന്നതേയുളളൂ. പിന്തുണ വേണ്ട സമയത്ത് ശിക്ഷ നല്‍കരുത്. അത് ആത്മവിശ്വാസം ഇല്ലാതാക്കുകയേ ഉളളൂ. തകര്‍ന്നവര്‍ക്കെല്ലാം തിരിച്ചുവരവിന്റെ വഴിയറിയണമെന്നില്ല. ആരെങ്കിലും ഒപ്പം നിന്നാലേ അവര്‍ക്ക് ആ വഴി തിരിച്ചറിയാന്‍ സാധിക്കൂ.. അസാധാരണ മികവിലേക്ക് പിന്നീടുയര്‍ന്നവര്‍ക്കൊക്കെ, ഒരിക്കല്‍ സ്വയം നഷ്ടപ്പെട്ട നിമിഷങ്ങളുണ്ടായിട്ടുണ്ട്. ആരൊക്കെയോ നല്‍കിയ രണ്ടാം ജന്മത്തിലൂടെയാണ് അവരെല്ലാം അവരായിത്തീര്‍ന്നത് എന്ന് നമുക്കോര്‍ക്കാം - ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ